നമസ്‌കാരം!
ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പാട്ടീല്‍, ശ്രീമദ് രാജചന്ദ്രാജിയുടെ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് അക്ഷീണം പരിശ്രിക്കുന്ന ശ്രീ രാകേഷ് ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ സിആര്‍ പട്ടീല്‍ ജി, ഗുജറാത്ത് മന്ത്രിസഭാംഗങ്ങളെ, വിവിധ പരിപാടികളില്‍ സംബന്ധിക്കുന്ന വിശിഷ്ഠാതിഥികളെ, മഹ തികളെ , മഹാന്മാരെ,
വേദങ്ങളില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു,
സഹജീവതി ഗുണായസ്യ ധര്‍മ യസ്യ ജീവതി!
ഏതൊരാള്‍ സദ്ഗുണങ്ങളും ചുമതലകളും പരിപാലിക്കുന്നുവോ, അയാള്‍ ജീവിക്കുകയും അമരനായി തീരുകയും ചെയ്യുന്നു. ഏതൊരാളുടെ പ്രവൃത്തികള്‍ ശാസ്വതമാണോ അയാളുടെ ഊര്‍ജ്ജവും പ്രചോദനവും തുടര്‍ച്ചയായി തലമുറകളോളം സമൂഹത്തെ സേവിക്കുന്നു.
ഇന്ന് ധരംപൂരിലെ ശ്രീമദ് രജചന്ദ്ര മിഷന്റെ ഈ പരിപാടി ഈ സനാതന ചൈതന്യത്തിന്റെ പ്രതീകമാകുന്നു. ഇന്ന് മള്‍ട്ടിസ്‌പെഷാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നു, മുഗാശുപത്രിക്കു ശിലാസ്ഥാപനം നിര്‍വഹിക്കപ്പെട്ടിരിക്കുന്നു. കൂടാതെ സ്ത്രീകള്‍ക്കായുള്ള മികവിന്റെ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇന്നു തുടങ്ങുകയാണ്. ഇത് ഗ്രാമീണര്‍ക്കും പാവങ്ങള്‍ക്കും ഗുജറാത്തിലെ ഗോത്ര സമൂഹങ്ങള്‍ക്കും പ്രത്യേകിച്ച് ദക്ഷിണ ഗുജറാത്തിലെ നമ്മുടെ സ്‌നേഹിതര്‍ക്കും അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും വളരെ പ്രയോജനപ്പെടും. ഈ മുഴുവന്‍ ദൗത്യത്തിന്റെയും ആധുനിക സൗകര്യങ്ങളുടെയും പേരില്‍ ഞാന്‍ രാകേഷ് ജിക്കും എല്ലാ ഭക്തര്‍ക്കും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു.
ഇന്ന് ധരംപൂരില്‍ വളരെയധികം ആളുകളെ ഞാന്‍ കാണുന്നു. ഞാന്‍ മനസില്‍ കരുതിയത് രാകേഷ് ജി സംസാരിക്കും അതു കേള്ഡക്കാന്‍ എനിക്ക് അവസരം ലഭിക്കും എന്നാണ്. പക്ഷെ അദ്ദേഹം പ്രസംഗം ചുരുക്കിക്കളഞ്ഞു. അദ്ദേഹം റണ്‍ചോദാസ് മോദിജിയെ അനുസ്മരിച്ചു. എനിക്ക് ഈ സ്ഥലം സുപരിചിതമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് നിങ്ങള്‍ക്കിടയില്‍ ജീവിച്ചവനാണ് ഞാന്‍. പലപ്പോഴും ധരംപൂരിലും സിദ്ദപ്പൂരിലും. നിങ്ങള്‍ക്കിടയില്‍ ജീവിച്ചു. ഇന്ന് എന്തുമാത്രം വികസനമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ജനങ്ങള്‍ക്ക് എന്ത് ഉത്സാഹമാണ്. മുംബൈയില്‍ നിന്നു പോലും ആളുകള്‍ സേവനത്തിനായി ഇവിടെയ്ക്കു വരുന്നു എന്നറിയുന്നതില്‍ എനിക്ക് ആഹ്ളാദമുണ്ട്. ഗുജറാത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെ വരുന്നു. വിദേശത്തു നിന്നും ആളുകള്‍ വരുന്നു. ഒരു നിശബ്ദ സേവകനായി ശ്രീമദ് രാജ് ചന്ദ്രാജി സാമൂഹ്യ ഭക്തിയുടെ വിത്തുകള്‍ ഇവിടെ വിതച്ചു. അവ ഇന്ന് വളര്‍ന്ന് വലിയ വടവൃക്ഷമായിരിക്കുന്നു. നമുക്ക് ഇത് അനുഭവിക്കാന്‍ സാധിക്കും.
സുഹൃത്തുക്കളെ.
ശ്രീമദ് രാജ്തന്ദ്ര മിഷനുമായി എനിക്ക് ദീര്‍ഘകാല ബന്ധമുണ്ട്. വളരെ അടുത്തു നിന്ന് ഞാന്‍ നിങ്ങളുടെ സാമൂഹിക സേവനങ്ങള്‍ കണ്ടിട്ടുണ്ട്. നിങ്ങളോടുള്ള ബഹുമാനം കൊണ്ട് എന്റെ മനസ് നിറഞ്ഞിട്ടുമുണ്ട്. ഇന്ന് രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം അമൃത് മഹോത്സവം ആഘോഷിക്കുമ്പോള്‍ നമുക്ക് ഈ ഉത്തരവാദിത്വ ബോധം കൂടുതലായി ആവശ്യമുണ്ട്. ഈ പുണ്യഭൂമിയില്‍ നിന്ന് നമുക്ക് ലഭിച്ചതിന്റെ ഒരു അംശമെങ്കിലും തിരികെ നല്‍കാന്‍ നാം ശ്രമിച്ചാല്‍ സമൂഹം അതിവേഗത്തില്‍ മാറും. ഗുജറാത്തിലെ ഗ്രാമീണ ആരോഗ്യ മേഖലയില്‍ ബഹുമാന്യനായ ഗുരുദേവന്റെ നേതൃത്വത്തില്‍ അഭിനന്ദനാര്‍ഹമായ സേവനമാണ് ശ്രീമദ് രാജചന്ദ്ര മിഷന്‍ നടത്തിവരുന്നത് എന്നതില്‍ എനിക്ക് ആഹ്ളാദമുണ്ട്. പാവങ്ങളെ സേവിക്കാനുള്ള ഈ പ്രതിബദ്ധത പുതിയ ആശുപത്രിയുടെ പ്രവര്‍ത്തനത്തോടെ കൂടുതല്‍ ശക്തമാകും. ഈ ആശുപത്രിയും ഗവേഷണ കേന്ദ്രവും ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ പോകുന്നത് ഗ്രാമീണ മേഖലയ്ക്കാണ്. എല്ലാവര്‍ക്കും ഇവിടെ മികച്ച ചികിത്സ ലഭ്യമാകും. സ്വാതന്ത്ര്യത്തിന്റെ ഈ അമൃതകാലത്ത് ആരോഗ്യ ഇന്ത്യ എന്ന രാജ്യത്തിന്റെ ദര്‍ശനം ഈ ആശുപത്രി സാക്ഷാത്ക്കരിക്കും. ആരോഗ്യ മേഖലയില്‍ എല്ലാവരുടെയും അധ്വാനം എന്ന ചൈതന്യം ഇതു ശക്തിപ്പെടുത്തും.
സുഹൃത്തുക്കളെ,
ആസാദി കാ അമൃത മഹോത്സവ കാലത്ത് അടിമത്വത്തില്‍ നിന്നു രാജ്യത്തിന്റെ മോചനത്തിനായി ശ്രമിച്ച എല്ലാ മക്കളെയും ഇന്ത്യ ഓര്‍ക്കുന്നു. ശ്രീമദ് രാജ് ചന്ദ്ര അത്തരത്തിലുള്ള ഒരു പുണ്യപുരുഷനായിരുന്നു, ക്രാന്തദര്‍ശിയായ പണ്ഡിതന്‍. അദ്ദേഹത്തിന്റെ സംഭാവനകള്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ശരിയായ ശക്തി രാജ്യത്തിനും ലോകത്തിനും പരിയചപ്പെടുത്തിയ ഈ അതികായനെ നിര്‍ഭാഗ്യവശാല്‍ നമുക്ക് നേരത്തെ നഷ്ടമായി.
ആദരണീയനായ മഹാത്മ ഗാന്ധി പറഞ്ഞു, നമുക്കൊക്കെ പല ജന്മങ്ങള്‍ ജനിക്കേണ്ടി വരും, എന്നാല്‍ ശ്രമദ് ജിയ്ക്ക് ഒരു ജന്മം തന്നെ ധാരാളം എന്ന്. ലോകത്തിനു തന്നെ ഇന്നു മാര്‍ഗദീപമായിരിക്കുന്ന മഹാത്മ ഗാന്ധിജിയെ ശ്രീമദ്ജിയുടെ ചിന്തകള്‍ എത്രത്തോളം സ്വാധീനിച്ചു എന്ന് ഈ വാക്കുകളില്‍ നിന്ന് നിങ്ങള്‍ക്ക് ഊഹിക്കാനാവും. തന്റെ ആത്മീയ പ്രബുദ്ധതയ്ക്ക് ആദരണീയനായ ബാപ്പു ശ്രീമദ് ജിയില്‍ നിന്ന് പതിവായി പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു. ശ്രീമദ്ജിയുടെ അറിവിന്റെ പ്രവാഹം തുടരുന്നതിന് രാജ്യം രാകേഷ് ജിയോടെ വളരെ കടപ്പെട്ടിരിക്കുന്നു എന്ന് എനിക്കു തോന്നുന്നു. ഇന്ന് രാകേഷ് ജിയ്ക്ക് ഇങ്ങനെ ഓരാശുപത്രി നിര്‍മ്മിക്കുന്നതിനുള്ള വിശുദ്ധമായ കാഴ്ച്ചപ്പാട് ഉണ്ടായി, അത് അദ്ദേഹം രണ്‍ചോദാസ് മോദിയ്ക്കായി സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. അതാണ് രാകേഷ് ജിയുടെ മാന്യത. തങ്ങളുടെ ജീവിതം ഈ രാജ്യത്തെ പാവപ്പെട്ടവര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടവരുമായ ഗോത്ര സമൂഹങ്ങള്‍ക്കായി സമര്‍പ്പിച്ച ഇത്തരം വ്യക്തിത്വങ്ങളാണ് ഈ രാജ്യത്തിന്റെ മനസാക്ഷിയെ ഉണര്‍ത്തുന്നവര്‍.
സുഹൃത്തുക്കളെ,
സ്ത്രീകള്‍ക്കായി, ഇവിടെ നിര്‍മാണം പൂര്‍ത്തിയായി വരുന്ന മികവിന്റെ കേന്ദ്രം ഗോത്രസമൂഹത്തിലെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനും അവരുടെ ജീവിതങ്ങള്‍ കൂടുതല്‍ അഭിവൃദ്ധവുമാക്കുന്നതിനുള്ള മറ്റൊരു സുപ്രധാന കാല്‍വയ്പ്പാണ്. വിദ്യാഭ്യാസത്തിലൂടെയും നൈപുണ്യത്തിലൂടെയുമുള്ള പെണ്‍കുട്ടികളുടെ ശാക്തീകരണത്തില്‍ ശ്രീമദ് രാജ്ചന്ദ്ര ജിവളരെ താല്‍പരനായിരുന്നു. സ്ത്രീശാക്തീകരണത്തെ സംബന്ധിച്ച് വളരെ ചെറുപ്രായത്തില്‍ തന്നെ അദ്ദേഹം ഗൗരവത്തോടെ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒരു കവിതയില്‍ ഇപ്രാകാരം എഴുതിയിരിക്കുന്നു
उधारे करेलू बहु, हुमलो हिम्मत धरी
वधारे-वधारे जोर, दर्शाव्यू खरे
सुधारना नी सामे जेणे
कमर सींचे हंसी,
नित्य नित्य कुंसंबजे, लाववा ध्यान धरे
तेने काढ़वा ने तमे नार केड़वणी आपो
उचालों नठारा काढ़ों, बीजाजे बहु नड़े।
അര്‍ത്ഥം ഇതാണ് - സമൂഹത്തിന്റെ വേഗത്തിലുള്ള പുരോഗതിക്ക് പെണ്‍മക്കളെ പഠിപ്പിക്കണം. അപ്പോള്‍ സമൂഹത്തിലെ തിന്മകളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് നമുക്കു സാധിക്കും. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുന്നതിന് അദ്ദേഹം സ്ത്രീകളെ പ്രോത്സാഹിപ്പിച്ചിരുന്നു. ഗാന്ധിജിയുടെ സത്യഗ്രഹങ്ങളിലും സ്ത്രീകളുടെ വലിയ പങ്കാളിത്തം കാണാം. അതിനാല്‍ സ്വാതന്ത്ര്യത്തിന്റെ ഈ അമൃത കാലത്ത് സ്ത്രീകളുടെ ശക്തിയെ രാഷ്ട്ര ശക്തിയുടെ രൂപത്തില്‍ മുന്നിലേയ്ക്കു കൊണ്ടുവരുന്നതിനുള്ള ഉത്തരവാദിത്വം നമുക്ക് എല്ലാവര്‍ക്കും ഉണ്ട്. ഇന്ന് നമ്മുടെ സഹോദരിമാരും പെണ്‍മക്കളും മുന്നോട്ടു പോകുന്നതില്‍ നേരിടുന്ന എല്ലാ പ്രതിസന്ധികളും നീക്കം ചെയ്യുന്നതിനു കേന്ദ്ര ഗവണ്‍മെന്റ് പരിശ്രമിച്ചുവരികയാണ്. സമൂഹവും നിങ്ങളെ പോലുള്ള വ്യക്തികളും ഈ പരിശ്രമത്തില്‍ പങ്കാളകളാകുമ്പോള്‍, മാറ്റം അതിവേഗത്തില്‍ സംഭവിക്കും. രാജ്യം അത് ഈ ദിവസങ്ങളില്‍ അനുഭവിക്കുകയാണ്.
സുഹൃത്തുക്കളെ,
നമുക്കു ചുറ്റുമുള്ള എല്ലാ ജീവജാലങ്ങള്‍ക്കു ചുറ്റിലുമായാണ് ഇന്ത്യയുടെ ആരോഗ്യ നയം കറങ്ങുന്നത്. ഇന്ത്യയില്‍ ഇന്നു മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും രാജ്യ വ്യാപകമായി പ്രതിരോധ കുത്തിവയ്പ്പുകളുണ്ട്. ഏകദേശം 120 മില്യണ്‍ കുത്തിവയ്പുകളാണ് കുളമ്പുരോഗത്തിനെതിരെ രാജ്യത്തെ കന്നുകാലികള്‍ക്ക്് നല്‍കിയിരിക്കുന്നത്. ഗുജറാത്തില്‍ മാത്രം ഇതില്‍ 90 ലക്ഷം കുത്തിവയ്പുകള്‍ നല്‍കി. ആധുനിക ചികിത്സാ സൗകര്യങ്ങള്‍, രോഗപ്രതിരോധം പോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ് . ഈ പരിശ്രമങ്ങളെയും ശ്രീമദ് രാജ്ചന്ദ്ര മിഷന്‍ ശാക്തീകരിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
സുഹൃത്തുക്കളെ,
ആധ്യാത്മികതയും സാമൂഹ്യ പ്രതിബദ്ധതയും പരസ്പര പൂരകങ്ങളാണ് എന്നതിന് ശ്രീമദ് രാജ്ചന്ദ്ര ജിയുടെ ജീവിതം തെളിവാണ്. ആധ്യാത്മികതയുടെയും സാമൂഹ്യ സേവനത്തിന്റെയും ചൈതന്യത്തെ അദ്ദേഹം സമന്വയിപ്പിച്ചു. ആ ചൈതന്യത്തെ അദ്ദേഹം ശാക്തീകരിച്ചു. അതിനാല്‍ ആധ്യാത്മികസാമൂഹ്യ മണ്ഡലങ്ങളില്‍ അദ്ദേഹത്തിന്റെ സ്വാധീനം ശക്തവും അഗാധവുമായിരുന്നു. ഇന്നത്തെ കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ക്കു കൂടുതല്‍ പ്രസക്തി. ഈ 21-ാം നൂറ്റാണ്ടില്‍ പുതിയ തലമുറ ശോഭനമായ ഭാവി വാഗ്ദാനം ചെയ്യുന്നു. അനേകം അവസരങ്ങള്‍, വെല്ലുവിളികള്‍, ഉത്തരവാദിത്വങ്ങള്‍, ഈ തലമുറയുടെ മുന്നിലുണ്ട്. നവീകരണത്തിനുള്ള ഇഛാശക്തി ഈ യുവ തലമുറയ്ക്കുണ്ട്. നിങ്ങളെ പോലുള്ള സ്ഥാപനങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശം ഉത്തരവാദിത്വത്തിന്റെ പാതയില്‍ ചരിക്കാന്‍ അവരെ സഹായിക്കും. ദേശീയ ചിന്തയുടെയും സേവനത്തിന്റെയും പ്രചാരണ പരിപാടിയെ ശ്രീമദ് രാജ്ചന്ദ്ര മിഷന്‍ തുടര്‍ന്നും പോഷിപ്പിച്ചുകൊണ്ടിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.
ഈ പരിപാടിയില്‍ രണ്ടു കാര്യങ്ങള്‍ കൂടി ഉറപ്പിച്ചു പറയട്ടെ. ഒന്ന് കൊറോണയ്ക്ക് എതിരെയുള്ള ഒരു പ്രചാരണ പരിപാടിയിലാണ് നാം ഇപ്പോള്‍. രണ്ടു കുത്തിവയ്പുകള്‍ ലഭിച്ച എല്ലാവര്‍ക്കും 75 ദിവസത്തിനുള്ളില്‍ സൗജന്യമായി മൂന്നാനത്തെ കുത്തിവയ്പ് രാജ്യമെമ്പാടും ലഭിക്കും. സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാര്‍ഷികം പ്രമാണിച്ചാണ് ഇത്. ഇവിടെ സന്നിഹിതരായിരിക്കുന്ന എല്ലാ മുതിര്‍ന്നവരും എല്ലാ ഗോത്ര സമൂഹങ്ങളിലെ എന്റെ സഹോദരന്മാരും സഹോദരിമാരും ഉടന്‍ തന്നെ ഈ പ്രതിരോധ കുത്തി വയ്പ് സ്വീകരിക്കണം. ഈ കുത്തിവയ്പ് സൗജന്യമായി നല്‍കുന്നതിന് 75 ദിവസത്തെ ഒരു പ്രചാരണ പരിപാടി ഗവണ്‍മെന്റ് നടത്തി വരികയാണ്. നിങ്ങള്‍ ഈ അവസരം പ്രയോജനപ്പെടുത്തണം. ഈ പരിപാടി മുന്നോട്ടു കൊണ്ടുപോകണം. നമുക്ക് സ്വയം കരുതല്‍ എടുക്കാം. ഒപ്പം നമ്മുടെ കുടുംബാംഗങ്ങള്‍, നമ്മുടെ ഗ്രാമങ്ങള്‍, നമ്മുടെ മേഖലകള്‍ എല്ലാത്തിനെയും സുരക്ഷിതമാക്കാം ധാരാംപൂര്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചതില്‍ എനിക്ക് വ്യക്തിപരമായി അത്യധികം സന്തോഷമുണ്ട്. കാരണം ഇവിടെ നിരവധി കുടുംബങ്ങളുമായി എനിക്ക് വ്യക്തിപരമായ ബന്ധമുണ്ട്. പക്ഷെ ജോലി തിരക്കു മൂലം അവിടെ നേരിട്ട് എത്താന്‍ സാധിച്ചില്ല. അതിനാല്‍ വിഡിയോ കോണ്‍ഫറണ്‍സിംങ്ങിലൂടെയാണ് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്. ഈ സംവിധാനം ക്രമീകരിച്ചതില്‍ രാകേഷ് ജിയോട് എനിക്കു പ്രത്യേകം നന്ദിയുണ്ട്. എപ്പോഴെങ്കിലും സമയം ലഭിച്ചാല്‍ തീര്‍ച്ചായായും അവിടെ പോയി ഈ ആശുപത്രി ഞാന്‍ സന്ദര്‍ശിക്കുന്നതാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ അവിടെ വന്നിട്ടുണ്ട്. എന്നാല്‍ ഇനി വരുമ്പോള്‍ ഞാന്‍ നിങ്ങളെ എല്ലാവരെയും നേരില്‍ കാണും തീര്‍ച്ച. എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു. ഉയര്‍ന്നു വരുന്ന മികവിന്റെ കേന്ദ്രം പരത്തുന്ന സുഗന്ധം ഓരോ ദിവസവും രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തട്ടെ.