മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ, ശ്രീ താവര്‍ചന്ദ് ഗെലോട്ട് ജി,
ശ്രീ വിജയ് സംപ്ലാജി,
ശ്രീ രാംദാസ് അഠ്‌വാലേജി,
ശ്രീ കിഷന്‍ പാല്‍ ജി,
ശ്രീ വിജയ് ഗോയല്‍ ജി,
സാമൂഹിക നീതി, ശാക്തീകരണ സെക്രട്ടറി, ലതാ കൃഷ്ണറാവു ജി,
ഇവിടെ സന്നിഹിതരായിരിക്കുന്ന മുഴുവന്‍ വിശ്ഷ്ട വ്യക്തികളേ;
സഹോദരീ സഹോദരന്മാരേ,
ഡോ. അംബേദ്കര്‍ അന്താരാഷ്ട്ര കേന്ദ്രം ( ഡിഎഐസി) രാഷ്ട്രത്തിനു സമര്‍പ്പിക്കുന്നതില്‍ യഥാര്‍ത്ഥമായും ഞാന്‍ ഭാഗ്യവാനായാണ്. ഏപ്രില്‍ 2015ല്‍ ഈ അന്താരാഷ്ട്ര കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നടത്തിയത് ഞാനായിരുന്നു എന്നതുകൊണ്ട് എന്റെ സന്തോഷം ഇരട്ടിക്കുന്നു. ഈ ഗംഭീര അന്താരാഷ്ട്ര കേന്ദ്രം വളരെക്കുറച്ചു സമയത്തിനുള്ളില്‍ തയ്യാറായി എന്നു മാത്രമല്ല നിശ്ചിത സമയത്തിന് മുമ്പേ പൂര്‍ത്തിയായി. ഈ കേന്ദ്രത്തിന്റെ നിര്‍മാണവുമായി സഹകരിച്ച എല്ലാ വകുപ്പുകളെയും ഞാന്‍ അഭിനന്ദിക്കുന്നു.
ബാബാ സാഹബിന്റെ അധ്യാപനങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഈ കേന്ദ്രം മഹത്തായ ഒരു പ്രചോദനമായി മാറുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു.
സാമൂഹിക, സാമ്പത്തിക പരിവര്‍ത്തനത്തിനുള്ള ഡോ അംബേദ്കര്‍ അന്താരാഷ്ട്ര കേന്ദ്രം ഡോ. അംബേദ്കര്‍ അന്താരാഷ്ട്ര കേന്ദ്രത്തിന്റെ ഭാഗമാണ്. സാമൂഹിക, സാമ്പത്തിക വിഷയങ്ങളിലെ ഗവേഷണത്തില്‍ ഈ കേന്ദ്രം ഒരു സുപ്രധാന പങ്കാളിത്തം വഹിക്കും.
‘എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള വളര്‍ച്ച’ എന്നും അറിയപ്പെടുന്ന ‘ എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം’ എന്ന മന്ത്രം എങ്ങനെ സാമ്പത്തിക, സാമൂഹിക വിഷയങ്ങളില്‍ ഇണക്കിച്ചേര്‍ക്കാം എന്നുള്ള ചര്‍ച്ചകള്‍ക്കും ഈ കേന്ദ്രം ഒരു വേദിയായിരിക്കും. അതിനുള്ള ഒരു ചിന്താ കേന്ദ്രമായിരിക്കും ഈ കേന്ദ്രം.
സുഹൃത്തുക്കളേ,
ബാബാ സാഹബിന്റെ ദര്‍ശനം മനസ്സിലാക്കാന്‍ ഇവിടെ വരുന്ന പുതിയ തലമുറയ്ക്ക് ഒരു അനുഗ്രഹമായി ഈ കേന്ദ്രം മാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
സുഹൃത്തുക്കളേ, നിരവധി മഹാത്മാക്കള്‍ കാലാകാലങ്ങളില്‍ നമ്മുടെ രാജ്യത്ത് ജനിച്ചിട്ടുണ്ട്, അവരൊക്കെ സാമൂഹിക പരിവര്‍ത്തനത്തിന്റെ മുഖങ്ങള്‍ മാത്രമായിരുന്നില്ല, രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിലും രാജ്യത്തിന്റെ ചിന്താപ്രക്രിയയെ രൂപപ്പെടുത്തുന്നതിലും സുപ്രധാന പങ്ക് വഹിക്കുക കൂടിചെയ്തു. ഡോ അംബേദ്കറുടെ ആശയങ്ങള്‍ അമര്‍ച്ച ചെയ്യാനും രാഷ്ട്രനിര്‍മാണ പ്രക്രിയയിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ നിഷേധിക്കാനും വര്‍ഷങ്ങളായി ശ്രമങ്ങളുണ്ടായിട്ടും ആര്‍ക്കും ആ ആശയങ്ങള്‍ ഇന്ത്യക്കാരുടെ മനസ്സുകളില്‍ നിന്നു തുടച്ചുനീക്കാനായില്ല എന്നതാണ് അദ്ദേഹത്തിന്റെ കരുത്തിനു തെളിവായി തുടിച്ചു നില്‍ക്കുന്നത്.
ആ ഗൂഢാലോചനയ്ക്കു പിന്നിലെ കുടുംബത്തിന്റേതിനേക്കാള്‍ ബാബാ സാഹബിന്റെ ആശയങ്ങളിലാണ് ജനങ്ങള്‍ ഇന്ന് കൂടുതല്‍ സ്വാധീനിക്കപ്പെടുന്നത് എന്ന് പറയുന്നതില്‍ എനിക്ക് തെറ്റുപറ്റില്ല. രാഷ്ട്രം കെട്ടിപ്പടുക്കുന്നതില്‍ ബാബാ സാഹബിന്റ സംഭാവനകളോട് നാം കടപ്പെട്ടിരിക്കുന്നു. കൂടുതല്‍ കൂടുതല്‍ ആളുകളിലേക്ക്, പ്രത്യേകിച്ചും അദ്ദേഹത്തെ പഠിക്കേണ്ട യുവതലമുറയിലേക്ക് ബാബാ സാഹബിന്റെ ആശയങ്ങള്‍ എത്തിക്കാന്‍ നമ്മുടെ ഗവണ്‍മെന്റ് ശ്രമങ്ങള്‍ നടത്തുകയാണ്.
ബാബാ സാഹബിന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളായി വികസിപ്പിക്കാനാണ് ഈ ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ഡല്‍ഹിയിലെ ആലിപ്പൂരില്‍ ബാബാ സാഹെബ് അന്തരിച്ച ഭവനം നിലനിന്ന സ്ഥലത്ത് ഡോ അംബേദ്കര്‍ ദേശീയ സ്മാരകം നിര്‍മിക്കും. അതുപോലെതന്നെ, ബാബാ സാഹബ് ജനിച്ച മധ്യപ്രദേശിലെ മൗവും തീര്‍ത്ഥാടന കേന്ദ്രമായി വികസിപ്പിക്കും. ബാബാ സാഹബിന്റെ ലണ്ടനിലെ വസതി മഹാരാഷ്ട്രയിലെ ബിജെപി ഗവണ്‍മെന്റ് വാങ്ങുകയും സ്മാരകമാക്കി മാറ്റുകയും ചെയ്തു. മുംബൈയിലെ ഇന്ദു മില്ലിന്റെ സ്ഥലത്ത് അംബേദ്കര്‍ സ്മാരകവും നിര്‍മിച്ചു. നാഗ്പൂരിലെ ദീക്ഷാഭൂമിയും വികസിപ്പിച്ചു. ബാബാ സാഹബിനു ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നതിന് ഇന്നത്തെ തലമുറയ്ക്കു വേണ്ടി ‘പഞ്ചതീര്‍ത്ഥം’ അഥവാ അഞ്ച് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചു വരികയാണ്.
അതിനിടെ, കഴിഞ്ഞ വര്‍ഷം വിര്‍ച്വല്‍ ലോകത്ത് ആറാം തീര്‍ത്ഥാടന കേന്ദ്രം വികസിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഈ തീര്‍ത്ഥാടന കേന്ദ്രം രാജ്യത്തെ ശാക്തീകരിക്കുകയും ഡിജിറ്റലായി അതിനു ഉത്തേജനം നല്‍കുകയും ചെയ്യുന്നു. ഈ ഗവണ്‍മെന്റ് കഴിഞ്ഞ വര്‍ഷം ഭാരത് ഇന്റര്‍ഫേസ് മണി അഥവാ ഭീം ആപ്പ് പുറത്തിറക്കിയത് ബാബാ സാഹബിന്റെ സാമ്പത്തിക വീക്ഷണത്തിനുള്ള ശ്രദ്ധാഞ്ജലിയാണ്. പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും ചൂഷിത ജനതയ്ക്കും ഭീം ഒരു അനുഗ്രഹമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.
സഹോദരീ സഹോദരന്മാരേ,
ബാബാ സാഹബ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ അഭിമുഖീകരിച്ച സംഘര്‍ഷങ്ങളെക്കുറിച്ച് നാമെല്ലാം വളരെ ധാരണയുള്ളവരാണ്, എങ്കിലും ആ സംഘര്‍ഷങ്ങള്‍ക്കപ്പുറം അദ്ദേഹത്തിന്റെ ജീവിതം പൂര്‍ണ്ണമായും പ്രചോദനാത്മകമാണ്. എല്ലാ അനീതികളില്‍ നിന്നും മുക്തമായതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു ഇന്ത്യയെ അദ്ദേഹം തീരെ നിരാശയില്ലാതെ സ്വപ്‌നം കണ്ടു. 1946 ഡിസംബര്‍ 17ന്, ഭരണഘടനാ നിര്‍മ്മാണ സഭയുടെ ആദ്യ സമ്മേളനത്തിനു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം പറഞ്ഞു:
” ഈ മഹത്തായ രാജ്യത്തിന്റെ ഭാവി പരിവര്‍ത്തനത്തെയും സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഘടനയുടെ ആത്യന്തിക രൂപത്തെയുംകുറിച്ച് എന്റെ മനസ്സിലുള്ളത് അന്തസ്സാരശൂന്യമായ സംശയമല്ല. നാം ഇന്ന് രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും വിഭജിക്കപ്പെട്ടിരിക്കുകയാണ് എന്നെനിക്കറിയാം. എന്നാല്‍ കാലവും ലോകസ്ഥിതിയും ഈ രാജ്യം ഐക്യപ്പെടുന്നതില്‍ നിന്ന് തടയാന്‍ പ്രാപ്തമാകില്ല എന്ന വ്യക്തമായ ബോധ്യം എനിക്കുണ്ട്. എല്ലാ ജാതി, മത വ്യത്യാസങ്ങളോടെയും നാമൊരു ഏകീകൃത ജനതയായിരിക്കും എന്നതില്‍ എനിക്കൊരു സംശയവുമില്ല. എല്ലാ ഘടകങ്ങളോടെയും ഒന്നിച്ചു മുന്നേറാനുള്ള പ്രാപ്തി നമുക്കുണ്ട്. ”
ഇതെല്ലാം ബാബാ സാഹബ് അംബേദ്കറില്‍ നിന്നുള്ളതാണ്. എന്തൊരു ആത്മവിശ്വാസം! നിരാശയുടെ ഒരു ആയാസവുമില്ല! രാജ്യത്തെ സാമൂഹിക തിന്മകള്‍ക്ക് ഇരയായ വ്യക്തിക്ക് സമ്പൂര്‍ണ്ണ പ്രതീക്ഷകള്‍.
സഹോദരീ സഹോദരന്മാരേ,
സ്വാതന്ത്ര്യത്തിനു നിരവധി വര്‍ഷങ്ങള്‍ക്കു ശേഷവും ഭരണഘടനാ രൂപീകരണം മുതല്‍ക്ക് ഇതുവരെ ബാബാ സാഹബിന്റെ ആ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നാം പ്രാപ്തരായില്ല എന്നത് സമ്മതിച്ചേ തീരൂ. ചിലയാളുകള്‍ അവര്‍ ജനിച്ച ജാതിക്കാണ് ജന്മം നല്‍കിയ ഭൂമിയേക്കാള്‍ പ്രാധാന്യം നല്‍കുന്നത്. ഈ സാമൂഹിക തിന്മകള്‍ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ഇന്നത്തെ പുതിയ തലമുറ പ്രാപ്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കഴിഞ്ഞ 15-20 വര്‍ഷക്കാലമുണ്ടായ മാറ്റങ്ങള്‍ പ്രധാനമായും പുതിയ തലമുറയുടെ പ്രയത്‌നംകൊണ്ടു മാത്രമാണ്. രാജ്യം വിഭജിക്കപ്പെടുന്നത് ജാതിയുടെ പേരിലാണെന്നും ഈ വിഭജനങ്ങള്‍ മൂലം രാജ്യത്തിനു പ്രതീക്ഷിക്കുന്ന വിധം പുരോഗതി പ്രാപിക്കാനാകില്ലെന്നും അവര്‍ക്ക് മനസ്സിലായിട്ടുണ്ട്. ജാതി സമ്പ്രദായത്തിന്റെ തടവില്‍ നിന്ന് ‘പുതിയ ഇന്ത്യ’യെ സ്വതന്ത്രമാക്കണമെന്ന് ഞാന്‍ എപ്പോഴൊക്കെ പറയുമ്പോഴും എനിക്ക് യുവജനങ്ങളില്‍ അചഞ്ചലമായ വിശ്വാസമുണ്ട്. ബാബാ സാഹബിന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള കരുത്ത് ഇന്നത്തെ യുവജനങ്ങള്‍ക്കുണ്ട്.
സുഹൃത്തുക്കളേ,
1950ല്‍ ഇന്ത്യ പരമാധികാര രാഷ്ട്രമായപ്പോള്‍ ബാബാ സാഹബ് പറഞ്ഞു-
” രാഷ്ട്രീയ ജനാധിപത്യംകൊണ്ടു മാത്രം നാം തൃപ്തരായിക്കൂടാ. നാം നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തെ ഒരു സാമൂഹിക ജനാധിപത്യമായിക്കൂടി മാറ്റണം. സാമൂഹിക ജനാധിപത്യത്തിന്റെ അടിത്തറയില്ലാതെ രാഷ്ട്രീയ ജനാധിപത്യത്തിന് അതിജീവിക്കാനാകില്ല.”
സാമൂഹിക ജനാധിപത്യം എന്നത് എല്ലാ ഇന്ത്യക്കാരുടെയും സ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും മന്ത്രമാണ്. ഈ തുല്യത അവകാശങ്ങളുടെ മാത്രം പേരിലല്ല, ജീവിത വഴികളുടേത് കൂടിയാണ്. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ നിരവധി വര്‍ഷങ്ങള്‍ക്കു ശേഷവും ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തില്‍ തുല്യതയില്ല. വൈദ്യുതി കണക്ഷന്‍, ജല ലഭ്യത, ഒരു കൊച്ചുവീട്, ജീവിത പരിരക്ഷ എന്നിവ പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും കൈയെത്താ ദൂരെയാണ്.
കഴിഞ്ഞ മൂന്ന് മൂന്നര വര്‍ഷമായി നമ്മുടെ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തന പാതയും പ്രവര്‍ത്തന സംസ്‌കാരവും അടുത്തുനിന്നു നിങ്ങള്‍ നോക്കിയാല്‍, സാമൂഹിക ജനാധിപത്യത്തെക്കുറിച്ചുള്ള ബാബാ സാഹബിന്റെ സ്വപ്‌നം പൂര്‍ത്തീകരിക്കാനാണ് നാം ശ്രമിക്കുന്നതെന്ന് നിങ്ങള്‍ക്കു മനസിലാക്കാനാകും. സാമൂഹിക ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനാണ് ഈ ഗവണ്‍മെന്റിന്റെ പദ്ധതികളും നയങ്ങളും ഊന്നല്‍ നല്‍കുന്നത്. രാജ്യത്തെ ദശലക്ഷക്കണക്കിനു പാവപ്പെട്ടവര്‍ക്ക് ബാങ്കിങ് സംവിധാനവുമായി ബന്ധപ്പെടാനുള്ള അവകാശം ലഭ്യമാക്കുകയാണെന്ന് നാം ജന്‍ധന്‍ യോജന ശ്രദ്ധിച്ചാല്‍ കാണാനാകും. ബാങ്ക് അക്കൗണ്ടുകളും ഡെബിറ്റ് കാര്‍ഡുകളുമുള്ളവരുടെ നിരയിലേക്ക് അവരും ഉയര്‍ത്തപ്പെടുകയാണ്.
ആ പദ്ധതിക്കു കീഴില്‍ 30 കോടിയിലധികം പാവപ്പെട്ടവരെ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ ഗവണ്‍മെന്റ് സഹായിച്ചു. 23 കോടിയിലധികം ആളുകള്‍ക്ക് റുപെ ഡെബിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കി. റൂപെ കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് വരി നില്‍ക്കുന്നതിലെങ്കിലും ഇപ്പോള്‍ പാവപ്പെട്ടവര്‍ക്ക് തുല്യത നേടാനായി. ഈ വരിയില്‍ നില്‍ക്കുന്നതിനേക്കുറിച്ച് നേരത്തേ അവര്‍ക്കു ചിന്തിക്കാന്‍ പോലുമാകില്ലായിരുന്നു, എടിഎമ്മിനു പുറത്ത് വരി നില്‍ക്കുന്നതിനേക്കുറിച്ച് ഒരിക്കലും ചിന്തിക്കാനും കഴിയില്ലായിരുന്നു.
നാലോ അഞ്ചോ മാസങ്ങള്‍ക്കു ശേഷം നിങ്ങളുടെ ഗ്രാമം സന്ദര്‍ശിക്കാന്‍ നിങ്ങളില്‍ എത്ര പേര്‍ക്ക് അവസരം ലഭിക്കുന്നുണ്ട്? ദീര്‍ഘകാലമായി തങ്ങളുടെ ഗ്രാമത്തില്‍ പോകാത്തവര്‍ ഇപ്പോള്‍ പോയി കാണണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അവിടെ പോയി ആരോടെങ്കിലും ഉജ്ജ്വല പദ്ധതിയേക്കുറിച്ചു ചോദിക്കൂ. കുടുംബങ്ങള്‍ക്കിടയിലെ വ്യത്യാസം എങ്ങനെയാണ് ഉജ്ജ്വല പദ്ധതി ഇല്ലാതാക്കിയത് എന്ന് നിങ്ങള്‍ക്കു കാണാം. ചില വീടുകളില്‍ അത് പാചക വാതക കണക്ഷന്‍ നല്‍കുകയും വീടുകളിലെ വിറക് മാറ്റിവയ്ക്കുകയും ചെയ്തു. സാമൂഹിക വിവേചനം എങ്ങനെയാണ് ഗവണ്‍മെന്റ് ഇല്ലാതാക്കുന്നത് എന്നതിന് ഇതൊരു പ്രധാന ഉദാഹരണമാണ്. പാവപ്പെട്ടവര്‍ പോലും അവരുടെ ഭക്ഷണം ഇപ്പോള്‍ ഗ്യാസ് ഓവനിലാണ് പാചകം ചെയ്യുന്നത്. പാവപ്പെട്ട സ്ത്രീകള്‍ക്ക് ഇപ്പോള്‍ തങ്ങളുടെ ജീവിതം വിറകിന്റെ പുകയില്‍ ചെലവഴിക്കേണ്ടതില്ല.
സ്വന്തം ഗ്രാമങ്ങളുമായി കൂടുതല്‍ ബന്ധമുള്ളവര്‍ക്ക് വേഗം മനസ്സിലാക്കാന്‍ കഴിയുന്ന ഒരു വ്യത്യാസമാണിത്. നിങ്ങള്‍ നിങ്ങളുടെ ഗ്രാമത്തില്‍ പോകുമ്പോള്‍ മറ്റൊരു പദ്ധതിയുടെ സ്വാധീനവും മനസ്സിലാകും. ശുചിത്വ ഭാരത ദൗത്യം ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്കിടയില്‍ തുല്യത സൃഷ്ടിച്ചിരിക്കുന്നു. ചില വീടുകളില്‍ കക്കൂസുള്ളതും മറ്റു ചിലയിടത്ത് അതില്ലാത്തതും ഒരുതരം വിഭജനം ഉണ്ടാക്കിയിരുന്നു. ഇത് ആരോഗ്യത്തിനും ഗ്രാമങ്ങളിലെ സ്ത്രീകളുടെ സുരക്ഷയ്ക്കും ഒരേപോലെ ഭീഷണി സൃഷ്ടിച്ചു. ഗ്രാമങ്ങളിലെ പൊതുശുചിത്വ നില നേരത്തേയുണ്ടായിരുന്ന 40 ശതമാനത്തില്‍ നിന്ന് 70 ശതമാനമായി ഉയര്‍ന്നിരിക്കുന്നു.
സാമൂഹിക ജനാധിപത്യം ശക്തിപ്പെടുത്തുന്നതിന് പരിരക്ഷാ പദ്ധതികളും ഗവണ്‍മെന്റ് കൊണ്ടുവന്നു. ഇതുവരെ രാജ്യത്തെ പതിനെട്ട് കോടി പാവപ്പെട്ടവര്‍ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയിലും ജീവന്‍ ജ്യോതി ബീമാ യോജനയിലും ചേര്‍ന്നു. ഈ പദ്ധതികളിലൂടെ പ്രതിമാസം വെറും ഒരു രൂപ മാത്രമാണ് അപകട പരിരക്ഷാ പദ്ധതിക്ക് നല്‍കേണ്ട പ്രീമിയം. ലൈഫ് ഇന്‍ഷുറന്‍സിന് പ്രീമിയം പ്രതിദിനം 90 പൈസയും.
ഈ പദ്ധതികള്‍ക്കു കീഴില്‍ 1800 കോടി രൂപയോളം പാവപ്പെട്ടവര്‍ക്ക് നല്‍കി എന്ന് അറിയുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടും. ഇന്ന് ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ സ്വസ്ഥമായി ജീവിക്കുന്നതൊന്ന് സങ്കല്‍പ്പിച്ചു നോക്കൂ.
സഹോദരീ സഹോദരന്മാരേ, ബാബാ സാഹബിന്റെ ആശയങ്ങളുടെ അന്തസ്സത്ത പല രൂപങ്ങളില്‍ പടര്‍ന്നു കിടക്കുന്നു:
ആദരവിലെ തുല്യത,
നിയമത്തിലെ തുല്യത,
അവകാശങ്ങളിലെ തുല്യത,
മാനവിക അന്തസ്സിലെ തുല്യത,
അവസരങ്ങളിലെ തുല്യത.
ബാബാ സാഹബ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ചില വിഷയങ്ങള്‍ ഉയര്‍ത്തിയിരുന്നു. വിവിധ ജാതികള്‍ക്കിടയില്‍ വിവേചനമില്ലാതെ ഇന്ത്യയിലെ ഗവണ്‍മെന്റ് ഭരണഘടന പിന്തുടരും എന്ന പ്രതീക്ഷ അദ്ദേഹം എല്ലായ്‌പോഴും പുലര്‍ത്തി. എല്ലാവര്‍ക്കും വിവേചനമില്ലാതെ തുല്യ അവകാശങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങളുടെ മിന്നൊളി ഗവണ്‍മെന്റിന്റെ എല്ലാ പദ്ധതികളിലും ഇന്ന് നിങ്ങള്‍ക്കു കാണാനാകും.
അടുത്തയിടെ ഗവണ്‍മെന്റ് മറ്റൊരു പദ്ധതി നടപ്പാക്കി- ‘പ്രധാനമന്ത്രി സഹജ് ഘര്‍ബിജിലി യോജനയും സൗഭാഗ്യ പദ്ധതിയും’. സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷങ്ങള്‍ക്കു ശേഷവും പതിനെട്ടാം നൂറ്റാണ്ടിലെപ്പോലെ ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്ന ആളുകള്‍ക്ക് വൈദ്യുതി വെളിച്ചമെത്തിക്കാന്‍ നാല് കോടി വീടുകളില്‍ സൗജന്യ വൈദ്യുതി കണക്ഷന്‍ ഈ പദ്ധതിക്ക് കീഴില്‍ നല്‍കും.
അസമത്വം ഇല്ലാതാക്കാനുള്ള മറ്റൊരു പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. ഇപ്പോഴും സ്വന്തമായി വീടില്ലാത്ത ദശലക്ഷണക്കിന് ആളുകള്‍ രാജ്യത്തുണ്ട്. ചെറുതായാലും വലുതായാലും ഒരു വീട് ആദ്യമുണ്ടാവുക എന്നത് പ്രധാനമാണ്. 2022 ആകുമ്പോഴേയ്ക്കും ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും പാവപ്പെട്ടവര്‍ക്കെല്ലാം സ്വന്തമായി വീടുണ്ടായിരിക്കുക എന്നതാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യം. ഇതിന് ഗവണ്‍മെന്റ് സാമ്പത്തിക സഹായം നല്‍കുന്നു. കുറഞ്ഞ വരുമാനക്കാര്‍ക്കും മധ്യതല വരുമാനക്കാര്‍ക്കും വായ്പകള്‍ക്ക് പലിശ സബ്‌സിഡി ലഭിക്കുന്നു. വീടിന്റെ കാര്യത്തിലും തുല്യത ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് ഒരാള്‍ക്കും വീടില്ലാതെ വരില്ല. സഹോദരീ സഹോദരന്മാരേ, ഈ പദ്ധതി നിര്‍ണിത വേഗത്തില്‍ മുന്നോട്ടു പോവുകയും നിശ്ചയിച്ച സമയത്തിനുള്ളില്‍ത്തന്നെ പൂര്‍ത്തീകരിക്കുകയും ചെയ്യും.
ഈ ഗവണ്‍മെന്റിന്റെ പദ്ധതികള്‍ ഇടയ്ക്കു വച്ച് മുടങ്ങിപ്പോകില്ല എന്നതിന് ജീവിക്കുന്ന ഉദാഹരണമാണ് ഡോ. അംബേദ്കര്‍ അന്താരാഷ്ട്ര കേന്ദ്രം. ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് ഈ ഗവണ്‍മെന്റ് അതിന്റെ പൂര്‍ണ്ണ ശക്തി വിനിയോഗിക്കുന്നു. ഇതാണ് നമ്മുടെ പ്രവൃത്തി സംസ്‌കാരം.
നാം നമ്മുടെ ലക്ഷ്യങ്ങളെ പദ്ധതികളുമായി ചേര്‍ക്കുക മാത്രമല്ല അവ സമയത്ത് പൂര്‍ത്തിയാക്കുക കൂടിയാണ് ചെയ്യുന്നത്. ഇതിപ്പോള്‍ മുതലുള്ള കാര്യമല്ല മറിച്ച്, നമ്മുടെ ഭരണം തുടങ്ങി ആദ്യത്തെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഈ ദിശ നിശ്ചയിച്ചിരുന്നു.
നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകണം, ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ മുഴുവന്‍ ഗവണ്‍മെന്റ് സ്‌കൂളുകളിലും നമ്മുടെ പെണ്‍മക്കള്‍ക്കു വേണ്ടി പ്രത്യേക മൂത്രപ്പുര ഉണ്ടാക്കുമെന്ന് 2014ല്‍ ചുവപ്പ് കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ ഞാന്‍ പറഞ്ഞിരുന്നു. ഒരു വര്‍ഷത്തിനകം നാല് ലക്ഷത്തിലധികം മൂത്രപ്പുരകള്‍ നാം നിര്‍മിച്ചു. സ്‌കൂളുകളില്‍ മൂത്രപ്പുര ഇല്ലാത്തതുകൊണ്ട് പെണ്‍കുട്ടികള്‍ പഠനം അവസാനിപ്പിക്കുന്നുണ്ട്. ഇത് അവരുടെ ജീവിതങ്ങളില്‍ വരുത്തുന്ന വലിയ മറ്റം നിങ്ങള്‍ക്ക് വളരെ നന്നായി മനസ്സിലാകും.
സുഹൃത്തുക്കളേ,
സ്വാതന്ത്ര്യം ലഭിച്ച് നിരവധി വര്‍ഷങ്ങളായിട്ടും വൈദ്യുതി ലഭിക്കാത്ത രാജ്യത്തെ 18000 ഗ്രാമങ്ങളില്‍ ആയിരം ദിവസംകൊണ്ട് വൈദ്യുതി എത്തിക്കുമെന്ന് 2015ല്‍ ചുവപ്പ് കോട്ടയില്‍ ഞാന്‍ പ്രഖ്യാപിച്ചിരുന്നു. ആയിരം ദിവസമെത്താന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെ അത് പൂര്‍ത്തിയാകാന്‍ പോവുകയാണ്. ഇനി വെറും 2000 ഗ്രാമങ്ങള്‍ മാത്രമാണ് വൈദ്യുതീകരിക്കാനുള്ളത്.
മറ്റൊരു പദ്ധതിയേക്കുറിച്ച് പറയാം. കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍’ നല്‍കുന്നതിനുള്ള പദ്ധഥി 2015 ഫെബ്രുവരിയില്‍ തുടങ്ങി. 2018 ആകുമ്പോഴേയ്ക്ക് രാജ്യത്തെ 14 കോടി കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ ലഭ്യമാക്കാനാണ് നാം ലക്ഷ്യമിടുന്നത്. ഇതുവരെ പത്ത് കോടിയിലധികം കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കിക്കഴിഞ്ഞു എന്നതിന്റെ അര്‍ത്ഥം നാം ലക്ഷ്യത്തില്‍ നിന്ന് ഏറെ ദൂരെയല്ല എന്നാണ്.
2016 ഏപ്രിലില്‍ ദേശീയ കാര്‍ഷിക വിപണി പദ്ധതി ( ഇ -നാം) തുടങ്ങി. അതുവഴി കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാനും ഉല്‍പ്പന്നങ്ങള്‍ വേഗം വിറ്റഴിക്കാനും സഹായിക്കുന്നു. ഈ പദ്ധതിക്കു കീഴില്‍ രാജ്യത്തെ 580 ചന്തകള്‍ ഓണ്‍ലൈനില്‍ ബന്ധിപ്പിക്കാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നു. ഇതിനകം തന്നെ 470 കാര്‍ഷിക വിപണികള്‍ ഓണ്‍ലൈനിലായി.
ഞാന്‍ നേരത്തേ പറഞ്ഞ പ്രധാനമന്ത്രി ഉജ്ജ്വല യോജന കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നിനാണ് തുടങ്ങിയത്. 2019 ആകുമ്പോഴേയ്ക്കും അഞ്ച് കോടി പാവപ്പെട്ട സ്ത്രീകള്‍ക്ക് പാചക വാതക കണക്ഷന്‍ ലഭ്യമാക്കാനാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. വെറും 19 മാസംകൊണ്ട് മൂന്നു കോടി പന്ത്രണ്ട് ലക്ഷം സ്ത്രീകള്‍ക്ക് സൗജന്യ പാചക വാതക കണക്ഷന്‍ നല്‍കിക്കഴിഞ്ഞു.
സഹോദരീ സഹോദരന്മാരേ, ഇതാണ് നമ്മുടെ പ്രവൃത്തി പഥം. പാവപ്പെട്ടവര്‍ക്ക് തുല്യ അവകാശങ്ങള്‍ ലഭ്യമാക്കുന്നതിന് ബാബാ സാഹബ് മുന്നോട്ടുവച്ച അതേ കാഴ്ചപ്പാടനുസരിച്ചാണ് ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്. പദ്ധതികളില്‍ ഉണ്ടാകുന്ന കാലതാമസം കുറ്റകരമായ അനാസ്ഥയായി ഗവണ്‍മെന്റ് കണക്കാക്കും.
നാം ഇപ്പോള്‍ ഈ കേന്ദ്രംതന്നെ എടുക്കുകയാണെങ്കില്‍, ഇത് ഉണ്ടാക്കാനുള്ള തീരുമാനമെടുത്തത് 1992ല്‍ ആണ്. എന്നാല്‍ 23 വര്‍ഷക്കാലം ഒന്നും സംഭവിച്ചില്ല. ഈ ഗവണ്‍മെന്റ് അധികാരത്തിലെത്തിയപ്പോള്‍ ഈ കേന്ദ്രത്തിന് ശിലാ സ്ഥാപനം നടത്തുകയും ഈ ഗവണ്‍മെന്റ് തന്നെ അതിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചിരിക്കുന്നു. ബാബാ സാഹബിന്റെ പേരില്‍ വോട്ടു ചോദിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതിനേക്കുറിച്ച് അവബോധമുണ്ടാകാന്‍ പോലും സാധ്യതയില്ല.
ഏതായാലും ബാബാ ഭോലെ എന്നതിനു പകരം ബാബാ സാഹബ് എന്നെങ്കിലും ചിന്തിക്കുന്നുണ്ടല്ലോ. അതു മതി.
സുഹൃത്തുക്കളേ,
ഈ കേന്ദ്രം സമയത്തിന് മുമ്പ് പൂര്‍ത്തിയാക്കുന്നതിനിടെ മറ്റു നിരവധി പദ്ധതികള്‍ തീര്‍ക്കേണ്ട സമയവും വെട്ടിച്ചുരുക്കി. ഈ പദ്ധതികള്‍ പ്രവൃത്തി പഥത്തിലാവുകയും ആസൂത്രണങ്ങള്‍ക്ക് ഗതിവേഗം ഉണ്ടാവുകയും ചെയ്യുന്നതിന് പൂര്‍ത്തിയാക്കേണ്ട സമയം വെട്ടിച്ചുരുക്കി കഴിയുന്നത്ര വേഗം പൂര്‍ത്തിയാക്കുകയാണ് വേണ്ടത്.
‘ഇന്ദ്രധനുഷ് ദൗത്യം’ പൂര്‍ത്തീകരിക്കേണ്ട കാലപരിധി സമീപകാലത്ത് നാം രണ്ടു വര്‍ഷം വെട്ടിക്കുറച്ചു. നിലവിലെ വാക്‌സിന്‍ നല്‍കല്‍ പ്രചാരണ പരിപാടിയുടെ കീഴില്‍ വരാത്ത പ്രദേശങ്ങളെ വാക്‌സിന്‍ നല്‍കല്‍ പ്രചാരണ പരിപാടിയിലേക്ക് കൊണ്ടുവരാനാണ് ഇന്ദ്രധനുഷ് ദൗത്യം. ലക്ഷക്കണക്കിന് കുട്ടികളും ഗര്‍ഭിണികളുമാണ് വാക്‌സിനേഷന് പുറത്തുള്ളത്. എന്നാല്‍ ഈ പദ്ധതിക്കു കീഴില്‍ രണ്ടര കോടിയിലധികം കുട്ടികള്‍ക്കും 70 ലക്ഷത്തിലധികം ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കും.
2020 ആകുമ്പോഴേയ്ക്കും സമ്പൂര്‍ണ്ണ രോഗപ്രതിരോധ നേട്ടമുണ്ടാക്കാനാണ് നേരത്തെ ഗവണ്‍മെന്റ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇപ്പോള്‍ അത് 2018 ആക്കി വെട്ടിച്ചുരുക്കി. ഈ ലക്ഷ്യം നേടുന്നതിന് ‘ഇന്ദ്രധനുഷ് ദൗത്യ’ത്തിനൊപ്പം ‘തീവ്ര ഇന്ദ്രധനുഷ് ദൗത്യം’ കൂടി തുടങ്ങി.
സമാനമായി, എല്ലാ ഗ്രാമങ്ങളിലും 2022 ആകുമ്പോഴേയ്ക്കും റോഡുകളുണ്ടായിരിക്കുക എന്ന ലക്ഷ്യവും ഗവണ്‍മെന്റിനുണ്ട്. എന്നാല്‍ കഴിയുന്നത്ര നേരത്തേ ഇത് ലക്ഷ്യത്തിലെത്തിക്കാന്‍ ദ്രുതഗതിയില്‍ പണികള്‍ പുരോഗമിക്കുകയാണ്. 2022നു പകരം 2019ല്‍ തന്നെ അത് പൂര്‍ത്തീകരിക്കാനാണ് നാം ഉദ്ദേശിക്കുന്നത്.
സുഹൃത്തുക്കളേ,
അടല്‍ജി ആണ് പ്രധാനമന്ത്രി ഗ്രാമീണ്‍ സടക് യോജന തുടങ്ങിയത്. എന്നാല്‍ നിരവധി വര്‍ഷങ്ങള്‍ക്കു ശേഷവും രാജ്യത്തെ എല്ലാ ഗ്രാമങ്ങളും റോഡുകളാല്‍ ബന്ധപ്പെടുത്തിയിട്ടില്ല. 2014 സെപ്റ്റംബര്‍ വരെ ഇതായിരുന്നു സ്ഥിതി. നാം അധികാരത്തില്‍ എത്തിയപ്പോഴത്തെ സ്ഥിതിയേക്കുറിച്ച് പറയാം. 2014 മെയ് മാസത്തില്‍ ഞാന്‍ അവലോകനം നടത്തിയപ്പോള്‍ 57 ശതമാനം ഗ്രാമങ്ങളില്‍ മാത്രമാണ് റോഡ് ബന്ധം ഉണ്ടായിരുന്നത്. മൂന്ന് വര്‍ഷത്തെ നിരന്തര ശ്രമംകൊണ്ട് ഇന്നിപ്പോള്‍ 80 ശതമാനത്തിലധികം ഗ്രാമങ്ങള്‍ക്ക് റോഡ് ബന്ധമുണ്ടായിരിക്കുന്നു. നൂറ് ശതമാനം ഗ്രാമങ്ങളെയും റോഡ് ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിന് അതിവേഗത്തില്‍ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുകയാണ്.
വിദൂര പ്രദേശങ്ങളില്‍ ജീവിക്കുന്ന ദളിത്, പിന്നാക്ക സഹോദരീ സഹോദരന്മാരെ സ്വയം തൊഴിലിന് പ്രോല്‍സാഹിപ്പിക്കുന്നതിലാണ് ഗവണ്‍മെന്റിന്റെ ഊന്നല്‍. അതുകൊണ്ട് നാം സ്റ്റാന്റപ്പ് പദ്ധതി തുടങ്ങിയപ്പോള്‍ അതിനു കീഴില്‍ എല്ലാ ബാങ്ക് ശാഖകളും ഏറ്റവും കുറഞ്ഞത് ഒരു പട്ടിക ജാതിക്കാരനോ പട്ടിക വര്‍ഗക്കാരനോ എങ്കിലും വായ്പ നല്‍കിയിരിക്കണം എന്ന് തീരുമാനിച്ചു.
സഹോദരീ സഹോദരന്മാരേ,
തൊഴിലിന്റെ അര്‍ത്ഥം മാറ്റിയ മുദ്ര യോജനയുടെ 60 ശതമാനം ഗുണഭോക്താക്കള്‍ ദളിത്, പിന്നാക്ക, ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് എന്ന് അറിയുമ്പോള്‍ നിങ്ങള്‍ക്ക് അത്ഭുതം തോന്നും. ഈ പദ്ധതിക്ക് കീഴില്‍ 9.75 കോടി രൂപയോളം ഇതുവരെ അനുവദിക്കുകയും നാല് ലക്ഷം കോടിയിലധികം രൂപയുടെ വായ്പ ബാങ്ക് ഗാരന്റിയില്ലാതെ നല്‍കുകയും ചെയ്തു.
സുഹൃത്തുക്കളേ,
സാമൂഹിക അവകാശങ്ങള്‍ എന്നത് വെറും വാചകമടിയല്ല ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയാണ്. ഞാന്‍ സംസാരിക്കുന്ന പുതിയ ഇന്ത്യ ബാബാ സാഹബിന്റെ കൂടി സ്വപ്‌നമായിരുന്നു- തുല്യ അവസരങ്ങളും തുല്യ അവകാശങ്ങളുമുള്ള, ജാതി സമ്പ്രദായത്തിന്റെ തടവുകളില്ലാത്ത, സാങ്കേതികവിദ്യയുടെ കരുത്തില്‍ പുരോഗതി പ്രാപിക്കുന്ന, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം – എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും പുരോഗതി എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുന്ന ഇന്ത്യ.
വരൂ; ബാബാ സാഹബിന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നമുക്കൊരു പ്രതിജ്ഞയെടുക്കാം. 2022 ആകുമ്പോഴേയ്ക്കും ഈ ദൃഢനിശ്ചയം പൂര്‍ത്തീകരിക്കാനുള്ള കരുത്ത് ബാബാ സാഹബ് നമുക്ക് തന്നേക്കും. ആ ആഗ്രഹത്തോടെ ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.
നിങ്ങള്‍ക്കെല്ലാം വളരെ നന്ദി!!
ജയ് ഭീം!!
ജയ് ഭീം!!
ജയ് ഭീം!!