മരുഭൂമിവല്‍ക്കരണം ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട്ര കണ്‍വെന്‍ഷന്റെ ഭാഗമായുള്ള പതിനാലാമത് കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസിന് വേണ്ടി, നിങ്ങളെയെല്ലാം ഞാന്‍ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു. ഈ കണ്‍വെന്‍ഷന്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നതിന് എക്‌സിക്യൂട്ടീവ് സെക്രട്ടറി ശ്രീ. ഇബ്രാഹിം ജിയോയ്ക്ക് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. ഭൂമിയുടെ നശീകരണം ചെറുക്കുന്നതിനുള്ള ആഗോള പ്രതിബദ്ധതയാണ് ഈ കണ്‍വെന്‍ഷന്റെ റെക്കാര്‍ഡ് രജിസ്‌ട്രേഷനില്‍ പ്രതിഫലിക്കുന്നത്.
രണ്ടുവര്‍ഷത്തേയ്ക്ക് സഹപ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതോടൊപ്പം കാര്യക്ഷമമായ സംഭാവനകള്‍ നല്‍കുന്നതിനാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.
സുഹൃത്തുക്കളെ, കാലങ്ങളായി വലിയ പ്രാധാന്യമാണ് ഭൂമിയ്ക്ക് നാം എന്നും ഇന്ത്യയില്‍ നല്‍കിയിരുന്നത്. ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ ഭൂമി എന്നത് പുണ്യമാണ്. അതിനെ മാതാവായാണ് കരുതുന്നത്.
രാവിലെ നമ്മള്‍ ഉണര്‍ന്നിട്ട് നമ്മുടെ പാദങ്ങള്‍ കൊണ്ട് ഭൂമിയെ സ്പര്‍ശിക്കുമ്പോള്‍-
സമുദ്ര-വാസനേ ദേവി പര്‍വത-സ്ഥാന-മണ്ഡലേ
വിഷ്ണു-പത്‌നിം നമസ്-തുഭ്യം പാദ- സ്പര്‍ശം ക്ഷമാസ്‌വമേ. എന്നുപറഞ്ഞുകൊണ്ട് ഭൂമാതാവിനോട് ക്ഷമചോദിക്കുകയാണ് ആദ്യം നമ്മള്‍ ചെയ്യുന്നത്.
സുഹൃത്തുക്കളെ, കാലാവസ്ഥയും പരിസ്ഥിതിയും ജൈവവൈവിദ്ധ്യത്തിലും ഭൂമിയിലും സ്വാധീനം ചെലുത്തുന്നു. ലോകമാകെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല പ്രത്യാഘാതം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നുവെന്നത് വ്യാപകമായി അംഗീകരിക്കപ്പെട്ടതാണ്. ഇത് ഭൂമിയുടെയും സസ്യ-ജന്തു വര്‍ഗ്ഗങ്ങളുടെയും നാശത്തിനും, അവ വംശനാശനാശ ഭീഷണി അഭിമുഖീകരിക്കുന്നതിനും കാരണമാകുന്നു. കാലാവസ്ഥാ വ്യതിയാനം വിവിധതരത്തില്‍ ഭൂമിയുടെ നശീകരണത്തിന് വഴിവയ്ക്കുകയാണ്. താപനിലയിലെ വര്‍ദ്ധിക്കുന്ന ചൂട്, സമുദ്ര നിരപ്പ് ഉയരാനും, ഉയര്‍ന്ന തിരമാലകള്‍ക്കും, ക്രമരഹിതമായ കൊടുങ്കാറ്റോടു കൂടിയ പേമാരിക്കും മണല്‍കാറ്റിനും കാരണമാകുന്നു.
മഹാന്മാരെ, മഹതികളെ,
കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസിലൂടെ മൂന്ന് കണ്‍വെന്‍ഷനുകളുടെയും ആഗോള ഒന്നിച്ചുചേരലിന് ഇന്ത്യ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. റിയോ കണ്‍വെന്‍ഷനിലെ മൂന്ന് പ്രധാനപ്പെട്ട ആശങ്കകളെ അഭിസംബോധനചെയ്യുന്നതിലുള്ള നമ്മുടെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യം, ഭൂനശീകരണം എന്നീ പ്രശ്‌നങ്ങളെ അഭിസംബോധനചെയ്യുന്നതിന് വര്‍ദ്ധിച്ച ദക്ഷിണ-ദക്ഷിണ സഹകരണത്തിനുള്ള മുന്‍കൈയ്ക്ക് നിര്‍ദ്ദേശിച്ചുകൊണ്ട് മുന്നോട്ടുപോകുന്നതില്‍ ഇന്ത്യയ്ക്ക് വളരെയധികം സന്തോഷമുണ്ട്.
സുഹൃത്തുക്കളെ, ലോകത്തെ മൂന്നില്‍ രണ്ട് രാജ്യങ്ങളെ മരുഭൂമിവല്‍ക്കരണം ബാധിച്ചിട്ടുണ്ടെന്ന് അറിയുമ്പോള്‍ നിങ്ങള്‍ക്ക് ഞെട്ടലുണ്ടായേക്കാം. ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ജലപ്രശ്‌നത്തോടൊപ്പം, ഭൂമിക്ക് മുന്‍ഗണന നല്‍കിയുള്ള സംയുക്ത കര്‍മ്മ പദ്ധതിക്കും ഇത് നിര്‍ബന്ധിതമാക്കുന്ന വിഷയമായി മാറുകയാണ്. എന്തെന്നാല്‍ എപ്പോഴാണോ നമ്മള്‍ ഭൂ നശീകരണത്തെ അഭിസംബോധനചെയ്യുന്നത് അപ്പോള്‍ നാം ജലക്ഷാമത്തെയും അഭിസംബോധനചെയ്യുന്നു.
ജലവിതരണം വര്‍ദ്ധിപ്പിക്കുക, ജല റീച്ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക, വെള്ളത്തിന്റെ ഒഴുകിപ്പോക്ക് മന്ദഗതിയിലാക്കുക, മണ്ണില്‍ ജലാംശം നിലനിര്‍ത്തുക എന്നിവയാണ് സമഗ്ര ഭൂമി ജല തന്ത്രത്തിന്റെ ഭാഗങ്ങള്‍. ഭൂമി നശീകരണം ഇല്ലാതാക്കാനുള്ള തന്ത്രങ്ങളില്‍ കേന്ദ്രീകരിച്ചുകൊണ്ട് ഒരു ആഗോള ജല അജണ്ട സൃഷ്ടിക്കാന്‍ ഞാന്‍ മരൂഭുമിവല്‍ക്കരണത്തിനെതിരെ പോരാടുന്നതിനുള്ള യു.എന്‍ കണ്‍വെന്‍ഷന്റെ (യു.എന്‍.സി.സി.ഡി) നേതാക്കളോട് ആഹ്വാനം ചെയ്യുന്നു.
സുഹൃത്തുക്കളെ, ഭൂമിയുടെ ആരോഗ്യം പുനസ്ഥാപിക്കുകയെന്നത് സുസ്ഥിര വികസനത്തിന് വളരെയധികം നിര്‍ണ്ണായകമാണ്. യുണൈറ്റഡ് നേഷണ്‍സ് ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചെയിഞ്ചിന്റെ പാരില്‍ നടന്ന കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസില്‍ ഇന്ത്യയുടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കുകയാണ്.
ഭൂമി, വെള്ളം, വായു, മരങ്ങള്‍ തുടങ്ങി എല്ലാ ജീവജാലങ്ങളും തമ്മിലുള്ള ആരോഗ്യകരമായ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനുള്ള ഇന്ത്യയുടെ വളരെ ആഴത്തിലുള്ള സാംസ്‌ക്കാരിക വേരുകള്‍ ഇതില്‍ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. വൃക്ഷാവരണം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്നറിയുന്നത് സുഹൃത്തുക്കളെ നിങ്ങളെ ആനന്ദഭരിതരാക്കും. 2015നും 2017നും ഇടയ്ക്ക് ഇന്ത്യയുടെ വൃക്ഷ-വനാവരണത്തില്‍ 0.8 മില്യണ്‍ ഹെക്ടറിന്റെ വര്‍ദ്ധനവുണ്ടായി.
ഇന്ത്യയില്‍ വികസനാവശ്യത്തിനായി വനഭൂമിയെ തരം മാറ്റേണ്ടിവന്നാല്‍ അതിന് നഷ്ടപരിഹാരമായി, തുല്യ അളവിലുള്ള ഭൂമിയില്‍ വനവല്‍ക്കരണം നടത്തണം. ആ വനഭൂമിയിലെ മരങ്ങളില്‍ നിന്ന് ലഭിക്കാമായിരുന്ന വിറ്റുവരവിന്റെ മൂല്യത്തിന് തുല്യമായ പണവും നല്‍കേണ്ടതുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് വനഭൂമികള്‍ ഇത്തരത്തില്‍ വികസനത്തിനായി തരംമാറ്റുന്നതിന് പകരമായി ഏകദേശം 6 ബില്യണ്‍ യു.എസ്. ഡോളര്‍, അതായത് 40,മുതല്‍ 50,000 കോടി രൂപ വരെ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് നല്‍കിയത്.
വിവിധ മാര്‍ഗങ്ങളിലൂടെ വിളകളുടെ വിറ്റുവരവ് വര്‍ദ്ധിപ്പിച്ചുകൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിന് എന്റെ ഗവണ്‍മെന്റ് ഒരു പരിപാടി ആരംഭിച്ചിട്ടുണ്ട്. ഭൂമിയുടെ പുനഃസ്ഥാപനവും സൂക്ഷ്മ നനയും ഇതില്‍ ഉള്‍പ്പെടും. ഓരോ തുള്ളിക്കും കൂടുതല്‍ വിളകള്‍ എന്ന മുദ്രാവാക്യവുമായാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം ഞങ്ങള്‍ സീറോ ബജറ്റ് പ്രകൃതി കൃഷിയിലും ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. ഓരോ കൃഷിയിടങ്ങളിലേയും മണ്ണിന്റെ ഗുണനിലവാരം കണ്ടെത്തുന്നതിന് കര്‍ഷകര്‍ക്ക് മണ്ണ് ആരോഗ്യ കാര്‍ഡ് (സോയില്‍ ഹെല്‍ത്ത്കാര്‍ഡ്) നല്‍കുന്നതിനുള്ള പദ്ധതിയും നമ്മള്‍ നടപ്പാക്കുന്നുണ്ട്. ഇത് അവര്‍ക്ക് ശരിയായ തരത്തിലുള്ള വിള കൃഷിചെയ്യുന്നതിനും വളവും വെള്ളവും ശരിയായ അളവില്‍ ഉപയോഗിക്കുന്നതിനും സഹായിക്കും. ഇതിനകം ഏകദേശം 217 ദശലക്ഷം സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. ഞങ്ങള്‍ ജൈവവളങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയും കീടനാശിനികളുടെയും രാസവളങ്ങളുടെയും ഉപയോഗം കുറയ്ക്കുകയും ചെയ്യുകയാണ്.
ജലം കൈകാര്യം ചെയ്യലാണ് മറ്റൊരു പ്രധാന വിഷയം. വെള്ളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സമ്പൂര്‍ണ്ണമായി തന്നെ അഭിസംബോധനചെയ്യുന്നതിന് ഞങ്ങള്‍ ജലശക്തി മന്ത്രാലയവും സൃഷ്ടിച്ചിട്ടുണ്ട്. എല്ലാ രൂപത്തിലുമുള്ള വെള്ളത്തിന്റെ മൂല്യം മനസിലാക്കിക്കൊണ്ട്, നിരവധി വ്യവസായ പ്രക്രിയകളില്‍ 'സീറോ ലിക്വിഡ് ഡിസ്ചാര്‍ജ്ജ്' ഞങ്ങള്‍ നടപ്പാക്കുകയാണ്. മലിനജലത്തെ ഒരു പ്രത്യേകതലത്തില്‍ ട്രീറ്റ്‌ചെയ്ത്, ജലത്തിലെ ജീവന് ദോഷമുണ്ടാക്കാത്ത തരത്തില്‍ നദികളിലേക്ക് ഒഴുക്കിവിടുന്നതിന് നിയമാധിഷ്ഠിത ഭരണസംവിധാനം ഒരുക്കിയിട്ടുണ്ട്.
സുഹൃത്തുക്കളെ, ഞാന്‍ മറ്റൊരു തരത്തിലുള്ള ഭൂമിയുടെ നാശത്തിലേയ്ക്ക് നിങ്ങളുടെ ശ്രദ്ധ ഞാന്‍ ആകര്‍ഷിക്കുകയാണ്, തടഞ്ഞിട്ടില്ലെങ്കില്‍ അതിനെ മടക്കികൊണ്ടുവരിക അസാദ്ധ്യമാകും. അത് പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ ഭീഷണിയാണ്. ആരോഗ്യത്തിന് ഹാനികരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതിന് പുറമെ, ഇത് ഭൂമിയെ ഉല്‍പ്പാദനക്ഷമമല്ലാത്തതും കൃഷിക്ക് അനുയോജ്യമല്ലാത്തതുമാക്കി മാറ്റും.
വരും വര്‍ഷങ്ങളില്‍ ഇന്ത്യ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അവസാനം കുറിയ്ക്കുമെന്ന് എന്റെ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്കിന് പരിസ്ഥിതി സൗഹൃദ ബദലും കാര്യക്ഷമമായ പ്ലാസ്റ്റിക്ക് ശേഖരണ-നീക്കം ചെയ്യല്‍ രീതിയും വികസിപ്പിക്കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനോട് ലോകം തന്നെ വിടപറയേണ്ട കാലമായെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
സുഹൃത്തുക്കളെ, മാനവിക ശാക്തീകരണം പരിസ്ഥിതിയുടെ നിലയുമായി വളരെയടുത്ത് ബന്ധപ്പെട്ടതാണ്, അത് ജല സ്രോതസുകളുടെ ഉപയോഗപ്പെടുത്തലാകട്ടെ, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കുറയ്ക്കലാകട്ടെ, മുമ്പോട്ടുള്ളവഴിയെന്നത് സ്വഭാവത്തിലെ മാറ്റമാണ്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളും എന്തെങ്കിലും നേടണമെന്ന് തീരുമാനിച്ചാല്‍ മാത്രമേ നമുക്ക് ആഗ്രഹിക്കുന്ന ഫലം കാണാന്‍ കഴിയുകയുള്ളു.
നമുക്ക് ചട്ടക്കൂടുകള്‍ എത്ര എണ്ണം വേണമെങ്കിലും അവതരിപ്പിക്കാം, എന്നാല്‍ യഥാര്‍ത്ഥ മാറ്റം ഉണ്ടാക്കുന്നത് താഴേത്തട്ടില്‍ നടക്കുന്ന കൂട്ടായ പ്രവര്‍ത്തനങ്ങളാണ്. സ്വച്ഛ് ഭാരത് മിഷനില്‍ ഇന്ത്യ ഇത് കണ്ടതാണ്. ശുചിത്വാവരണം ഉറപ്പാക്കാന്‍ എല്ലാ മേഖലയിലെ ജനങ്ങളും പങ്കെടുത്തു, അതിലൂടെ 2014ലെ 38% ല്‍ നിന്നും ഇത് ഇന്ന് 99 ശതമാനത്തില്‍ എത്തിക്കാനായി.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് അറുതിവരുത്തുന്നത് ഉറപ്പാക്കുന്നതിലും ഇതേ ഉത്സാഹം ഞാന്‍ കാണുന്നു. പ്രത്യേകിച്ച് യുവജനങ്ങള്‍ കുടുതല്‍ സഹായകരമായ പങ്കുവഹിക്കുകയും ഗുണപരമായ മാറ്റങ്ങള്‍ക്കായി നേതൃത്വം ഏറ്റെടുക്കുകയുമാണ്. മാധ്യമങ്ങളും വളരെ വിലപ്പെട്ട പങ്കുവഹിക്കുന്നുണ്ട്.
സുഹൃത്തുക്കളെ, ആഗോള ഭൂമി അജണ്ടയോട് (ഗ്ലോബല്‍ ലാന്‍ഡ് അജണ്ട) ഞാന്‍ കൂടുതല്‍ പ്രതിജ്ഞാബദ്ധത ആഗ്രഹിക്കുകയാണ്. ഇന്ത്യയില്‍ വിജയിച്ച ലാന്‍ഡ് ഡീഗ്രഡേഷന്‍ ന്യൂട്രാലിറ്റി (എല്‍.ഡി.എന്‍)തന്ത്രത്തിലെ ചിലതിനെക്കുറിച്ച് മനസിലാക്കാനും അത് സ്വീകരിക്കാനും താല്‍പര്യമുള്ള രാജ്യങ്ങളെ ഇന്ത്യ പിന്തുണയ്ക്കും. ഇന്നും 2030നും ഇടയ്ക്ക് നശീകരിക്കപ്പെട്ട ഇന്ത്യയുടെ ഭൂമിയെ വീണ്ടെടുക്കുന്നതിനുള്ള അഭിലാഷം മൊത്തം വിസ്തീര്‍ണ്ണം 21 മില്യണ്‍ ഹെ്കടറില്‍ നിന്നും 26 മില്യണ്‍ ഹെക്ടറായി ഉയര്‍ത്തുമെന്ന് ഞാന്‍ ഈ വേദിയില്‍ നിന്നും പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
2.5 ബില്യണ്‍ മെട്രിക് ടണ്ണിനും 3 ബില്യണ്‍ മെട്രിക് ടണ്ണിനും ഇടയ്ക്കുള്ള കൂടുതല്‍ കാര്‍ബണുകള്‍ വൃക്ഷാവരണത്തിലൂടെ നേടാന്‍ കഴിയുന്നതിനുള്ള ഇന്ത്യയുടെ വലിയ പ്രതിബദ്ധതയെ ഇത് സഹായിക്കും.
ഭൂമിയുടെ പുനസ്ഥാപനം ഉള്‍പ്പെടെ ബഹുതല പ്രയോഗങ്ങള്‍ക്കായി വിദൂര സംവേദനത്തേയും ബഹിരാകാശ സാങ്കേതിക വിദ്യയേയും നമ്മള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതില്‍ അഭിമാനംകൊള്ളുന്നു. വളരെ ചെലവു കുറഞ്ഞ ഉപഗ്രഹ, ബഹിരാകാശ സാങ്കേതികവിദ്യയിലൂടെ ഭൂമിയുടെ പുനസ്ഥാപന തന്ത്രങ്ങള്‍ വികസിപ്പിക്കുന്നതിന് മറ്റ് സുഹൃദ് രാജ്യങ്ങളെ സഹായിക്കുന്നതില്‍ ഇന്ത്യയ്ക്ക് വളരെയധികം സന്തോഷമുണ്ട്.
ഭൂ നശീകരണ പ്രശ്‌നങ്ങളില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് സൗകര്യപ്പെടുത്തുന്നതിനും കൂടുതല്‍ ശാസ്ത്രീയ സമീപനം വികസിപ്പിക്കുന്നതിനുമായി ഇന്ത്യയില്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഫോറസ്റ്റ് റിസര്‍ച്ച് ആന്റ് എഡ്യൂക്കേഷനില്‍ ഒരു മികവിന്റെ കേന്ദ്രം ആരംഭിക്കാന്‍ നാം തീരുമാനിച്ചിട്ടുണ്ട്. ഇത് ദക്ഷിണ-ദക്ഷിണ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ഭൂ നശീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളെ അഭിസംബോധനചെയ്യുന്നതിന് അറിവും, സാങ്കേതികവിദ്യയും, മനുഷ്യശക്തിയുടെ പരിശീലനവും ആവശ്യപ്പെടുന്നവര്‍ക്ക് അത് ലഭ്യമാക്കുന്നതിനും സജീവമായി പ്രവര്‍ത്തിക്കും.
സുഹൃത്തുക്കളെ, വളരെ ഉല്‍കര്‍ഷേച്ഛ നിറഞ്ഞ ഒരു ന്യൂഡല്‍ഹി പ്രഖ്യാപണം പരിഗണിക്കുന്നുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ 2030 ഓടെ കൈവരിക്കണമെന്നത് നമ്മള്‍ക്കൊക്കെ അറിയാവുന്നതാണ്. ഭൂ നശീകരണ നിഷ്പക്ഷത (എല്‍.ഡി.എന്‍) അതില്‍ ഒരു ഭാഗമാണെന്നും നമുക്കറിയാം. ഭൂ നശീകരണ നിഷ്പക്ഷതയ്ക്കുള്ള ഒരു ആഗോള തന്ത്രത്തിലേക്ക് വേണ്ടിയാകട്ടെ നിങ്ങളുടെ ചര്‍ച്ചകള്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
ഞങ്ങളുടെ ഒരു പഴയ വേദഗ്രന്ഥത്തില്‍ നിന്നും വളരെ ജനപ്രിയമായ ഒരു സൂക്തം പറഞ്ഞുകൊണ്ട് ഞാന്‍ അവസാനിപ്പിക്കാം.
ओम् द्यौः शान्तिः, अन्तरिक्षं शान्तिः
ശാന്തിഎന്ന പദം സമാധാനത്തിനേയൂം അതിക്രമങ്ങള്‍ക്കുള്ള മറുമരുന്നിനും മാത്രമല്ല, സൂചിപ്പിക്കുന്നത്. ഇവിടെ അത് അഭിവൃദ്ധിയെയാണ് സൂചിപ്പിക്കുന്നത്. എല്ലാത്തിനും നിലനില്‍പ്പിന്റെ ഒരു നിയമമുണ്ട്, ഒരു ഉദ്ദേശമുണ്ട്, എല്ലാവരും ആ ഉദ്ദേശം സാക്ഷാത്കരിക്കണം.
ആ ഉദ്ദേശം സാക്ഷാത്കരിക്കുന്നതാണ് അഭിവൃദ്ധി.
ओम् द्यौः शान्तिः, अन्तरिक्षं शान्तिः
അതുകൊണ്ട് ഇത് പറയുന്നു-ആകാശവും, സ്വര്‍ഗ്ഗവും
ബഹിരാകാശവും അഭിവൃദ്ധി പ്രാപിക്കട്ടെ
पृथिवी शान्तिः,
आपः शान्तिः,
ओषधयः शान्तिः, वनस्पतयः शान्तिः, विश्वेदेवाः शान्तिः,
ब्रह्म शान्तिः
ഭൂമാതാവ് അഭിവൃദ്ധിപ്പെടട്ടെ,
നമ്മള്‍ ഈ ഗ്രഹം പങ്കുവയ്ക്കുന്ന സസ്യ ജന്തു ജീവജാലങ്ങളും ഇതില്‍ ഉള്‍പ്പെടും
അവയും അഭിവൃദ്ധി പ്രാപിക്കട്ടെ,
ഓരോ തുള്ളി വെള്ളവും അഭിവൃദ്ധി പ്രാപിക്കട്ടെ,
ദിവ്യദേവന്മാര്‍ അഭിവൃദ്ധിപ്പെടട്ടെ,
सर्वं शान्तिः,
शान्तिरेव शान्तिः,
सा मे शान्तिरेधि।।
എല്ലാവരും അഭിവൃദ്ധിപ്പെടട്ടെ.
ഞാനും അഭിവൃദ്ധികൊണ്ട് അനുഗ്രഹിക്കപ്പെടട്ടെ
ओम् शान्तिः शान्तिः शान्तिः।।
ഓം അഭിവൃദ്ധി, അഭിവൃദ്ധി
അഭിവൃദ്ധി
നമ്മുടെ പൂര്‍വ്വ പിതാക്കന്മാരുടെ ചിന്തകളും തത്വശാസ്ത്രങ്ങളും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും മഹത്തായ ചിന്തകള്‍ നിറഞ്ഞതുമാണ്. ഞാനും നമ്മളും തമ്മിലുള്ള യഥാര്‍ത്ഥ ബന്ധം അവര്‍ തിരിച്ചറിഞ്ഞിരുന്നു. നമ്മുടെ അഭിവൃദ്ധിയിലൂടെ മാത്രമേ എന്റെ അഭിവൃദ്ധിയുണ്ടാകുള്ളുവെന്ന് അവര്‍ക്ക് അറിയാമായിരുന്നു.
അവരുടെ കുടുംബത്തെക്കുറിച്ചോ, അല്ലെങ്കില്‍ സമൂഹത്തെയോ, അല്ലെങ്കില്‍ വെറും മനുഷ്യരാശിയെക്കുറിച്ചോ അല്ല അവര്‍ ചിന്തിച്ചതെന്ന് നമ്മുടെ പുര്‍വ്വപിതാക്കന്മാര്‍ പറയുന്നന്നു. ആകാശം, വെള്ളം, സസ്യങ്ങള്‍, മരങ്ങള്‍, എല്ലാം അതില്‍ ഉള്‍പ്പെടും.
അവര്‍ ശാന്തിക്കും അഭിവൃദ്ധിക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്ന ക്രമവും അറിയേണ്ടത് പ്രധാനമാണ്.
നമ്മെ നിലനിര്‍ത്തുന്ന വസ്തുക്കളായ ആകാശത്തിന്, ഭൂമിയ്ക്ക്, സസ്യങ്ങള്‍ എന്നിവയ്ക്ക് വേണ്ടി അവര്‍ പ്രാര്‍ത്ഥിക്കുന്നു, ഇതിനെയാണ് നമ്മള്‍ പരിസ്ഥിതിയെന്ന് വിളിക്കുന്നത്. അവയൊക്കെ അഭിവൃദ്ധിപ്പെട്ടാല്‍ ഞാനും അഭിവൃദ്ധിപ്പെടും-ഇതായിരുന്നു അവരുടെ മന്ത്രം. ഇന്നും ഇത് വളരെ പ്രസക്തമായ ചിന്തയാണ്.
ഈ ഉന്മേഷത്തോടെ ഒരിക്കല്‍ കൂടി ഈ ഉച്ചകോടിയില്‍ പങ്കെടുത്തതിന് നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു.
നിങ്ങള്‍ക്ക് നന്ദി.
നിങ്ങള്‍ക്ക് വളരെയധികം നന്ദി!