ഇവിടെ തടിച്ചുകൂടിയിരിക്കുന്ന എന്റെ സഹോദരീ, സഹോദരന്മാര്‍ക്ക് അഭിവാദ്യങ്ങള്‍!
രണ്ടുദിവസം മൂമ്പ് ഇന്ത്യയുടെ എല്ലാ ഭാഗത്തും മകരസംക്രാന്തി ആഘോഷിച്ചു. പരിണാമത്തിന്റെ സത്തയുമായി മകരസംക്രാന്തി ബന്ധപ്പെട്ടിരിക്കുന്നു. വികസനം മകരസംക്രാന്തിയില്‍ അന്തര്‍ലീനമാണ്. മകരസംക്രാന്തിക്ക് ശേഷം ഇന്ന് ഈ രാജസ്ഥാന്റെ മണ്ണില്‍ നിന്ന് ഇന്ത്യയ്ക്കാകമാനം ഇന്ധനം വിതരണംചെയ്യുന്നതിനുള്ള ഒരു പ്രധാനപ്പെട്ട പരിശ്രമം, ഒരുദ്യമം ആരംഭിക്കുകയാണ്. പ്രവൃത്തി ആരംഭിക്കുന്നതിന്റെ ഭാഗമായി ഈ പരിപാടി സംഘടിപ്പിച്ചതിന് വസുന്ധരാ ജിയേയും ധര്‍മ്മേന്ദ്ര പ്രധാന്‍ജിയേയും ഞാന്‍ അഭിനന്ദിക്കുകയാണ്. ഒരു പദ്ധതിക്കായി ഏതെങ്കിലുമൊരു ഗവണ്‍മെന്റോ, രാഷ്ട്രീയപ്രവര്‍ത്തകനോ തറക്കല്ലിടുമ്പോള്‍, എന്നാണ് ഇതുമായി ബന്ധപ്പെട്ട യഥാര്‍ത്ഥപണി തുടങ്ങുകയെന്നാണ് ജനങ്ങള്‍ സാധാരണയായി ചോദിക്കാറുള്ളത്. അതുകൊണ്ടുതന്നെ ഈ പരിപാടിക്ക് ശേഷം ഒരു തറക്കല്ലിട്ടുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന സന്ദേശം രാജ്യത്താകമാനം പടരും. യഥാര്‍ത്ഥത്തില്‍ ഒരു പദ്ധതി എപ്പോഴാണോ ആരംഭിക്കുന്നത് സാധാരണക്കാര്‍ അത് വിശ്വസിക്കുന്നു.
ഈ പദ്ധതി ഉദ്ഘാടനംചെയ്തുകൊണ്ട് വികസനത്തിന്റെ ഈ യാത്രയുടെ ഭാഗമാകാന്‍ എനിക്ക് അവസരം ലഭിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്. ഈ പദ്ധതിയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ എന്നോട് വിശദീകരിച്ചശേഷം, പദ്ധതിയുടെ ഓരോ വശത്തെക്കുറിച്ചും അറിയിച്ചശേഷം, ഞാന്‍ അവരോട് ചോദിച്ചത് ഉദ്ഘാടനത്തിന്റെ തീയതിയാണ്. തീയതിയെക്കുറിച്ച് ഞാന്‍ സ്ഥിരീകരിച്ചു. 2022ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. തങ്ങളുടെ യുവത്വം ഇരുമ്പഴിക്കുള്ളില്‍ ചെലവഴിക്കുകയും ജീവിതം ബലിയര്‍പ്പിക്കുകയും വന്ദേമാതരം എന്ന മുദ്രാവാക്യം ഉയര്‍ത്തുകയും ചെയ്ത ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനികളായ ധീര നായകര്‍ സ്വതന്ത്രവും, മഹത്തരവും, ദിവ്യവുമായ ഒരു ഇന്ത്യയെയാണ് സ്വപ്‌നം കണ്ടത്. രാജ്യം സ്വതന്ത്രമായി. 2022ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്യും. നമ്മുടെ മഹാന്മാരയ സ്വാതന്ത്ര്യസമര സേനാനികള്‍ വിവക്ഷിച്ചതുപോലെയുള്ള ഒരു ഇന്ത്യ നിര്‍മ്മിച്ച് അവര്‍ക്ക് സമര്‍പ്പിക്കുകയെന്നത് നമ്മുടെയെല്ലാവരുടെയും, ഓരോ ഇന്ത്യക്കാരന്റെയും 125 കോടി പൗരന്മാരുടെയും ഉത്തരവാദിത്തമാണ്. അവരുടെ ദൃഢനിശ്ചയത്തെ പൂര്‍ത്തീകരിക്കാനുള്ള സമയമാണിത്. ഇന്ന് ഈ റിഫൈനറിയുടെ പണി 2022ല്‍ പൂര്‍ത്തിയാക്കുമെന്ന പ്രതിജ്ഞ നിങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഈ പ്രതിജ്ഞ നിങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ഇവിടെനിന്നും രാജ്യത്തിന് പുതിയ ഊര്‍ജ്ജം ലഭിച്ചുതുടങ്ങുമെന്നും എനിക്ക് വിശ്വാസമുണ്ട്. അതുകൊണ്ട് രാജസ്ഥാന്‍ ഗവണ്‍മെന്റിനും ഇന്ത്യാ ഗവണ്‍മെന്റിന്റെ പരിശ്രമങ്ങള്‍ക്കും ധര്‍മ്മേന്ദ്രജിയുടെ വകുപ്പിനും രാജസ്ഥാനിലുള്ള എന്റെ സഹോദരീ, സഹോദരന്മാര്‍ക്കും ഞാന്‍ അഭിനന്ദനം രേഖപ്പെടുത്തുകയാണ്.
റവാല്‍ മല്ലിനാഥ്, സന്യാസി തുള്‍സിറാം, ഭതിയാനി മാത, നാഗനേച്ചി മാത, സന്യാസി ഈശ്വര്‍ദാസ്, സന്യാസി ദാരുജി മേഘ് തുടങ്ങി നിരവധി സന്യാസിമാരുടെ ആശിര്‍വാദം ലഭിച്ചിട്ടുള്ള ഭൂമിയാണ് ബാര്‍മര്‍. ഇന്ന് ഈ ഭൂമിയെ ഞാന്‍ വന്ദിക്കുന്നു.
മഹാത്മാഗാന്ധിയുടെ സത്യാഗ്രഹത്തിന് വളരെ മുമ്പ് തന്നെ ഉപ്പുസത്യാഗ്രഹം നടത്തിയ ഗുലാബ്ചന്ദ് സലേചാജിയെപ്പോലുള്ള സ്വാതന്ത്ര്യസമരസേനാനികളെ നല്‍കിയ ഭൂമിയാണ് പാച്ച്പദ്ര. കുടിവെള്ളം, റെയില്‍വേ ബന്ധം എന്നിവ കൊണ്ടുവന്നതിന് നടത്തിയ പരിശ്രമത്തിന്റെയും ഈ പ്രദേശത്തെ ആദ്യത്തെ കോളജ് ആരംഭിച്ചതിന്റെയും പേരില്‍ ഓര്‍ക്കപ്പെടുന്ന വ്യക്തിയാണ് ഗുലാബ്ചന്ദ്ജി. പാച്ച്പദ്രയുടെ ഈ പുത്രനേയും ഞാന്‍ വന്ദിക്കുന്നു.
സഹോദരീ, സഹോദരന്മാരെ,
ഇന്ന് ഈ മണ്ണില്‍വച്ച് ബൈരോണ്‍സിംഗ് ശെഖാവത്ത്ജിയെ ഓര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. രാജസ്ഥാനെ ആധുനികവല്‍ക്കരിക്കുന്നതിനും, പ്രശ്‌നരഹിത രാജസ്ഥാന്‍ രൂപീകരിക്കാനും ബാര്‍മെറില്‍ ഈ റിഫൈനറി വിഭാവനചെയ്യുകയും ചെയ്ത ശ്രീ ബൈരോണ്‍സിംഗ് ശെഖാവത്ത് നല്‍കിയ എല്ലാ മഹത്തായ സംഭാവനകളെക്കുറിച്ചും പരാമര്‍ള്‍ശിക്കാന്‍ ഇന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. ഇന്ന് ബാര്‍മറിന്റെ ഈ ഭൂമിയില്‍ വച്ച് എല്ലാ ജനങ്ങളോടും എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്, ഈ മണ്ണിന്റെ മകനായ ജസ്‌വന്ത് സിംഗ്ജി എത്രയും വേഗം അസുഖങ്ങളില്‍ നിന്നും സുഖം പ്രാപിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാനാണ്. അങ്ങനെയായാല്‍ അദ്ദേഹത്തിന്റെ പരിചയ സമ്പത്തിന്റെ പ്രയോജനം രാജ്യത്തിന് ഒരിക്കല്‍ കൂടി ലഭ്യമാകും. ദൈവം നമ്മുടെ പ്രാര്‍ത്ഥന ശ്രവിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
സഹോദരീ, സഹോദരന്മാരെ
നിര്‍ഭാഗ്യവശാല്‍ ചരിത്രത്തെ മറക്കുകയെന്ന ഒരു പ്രവണത നമ്മുടെ രാജ്യത്തുണ്ട്. സ്വാതന്ത്ര്യസമര സേനാനികള്‍ നടത്തിയ ഓരോ ത്യാഗവും ഓര്‍ക്കുന്നത് പുതിയ ചരിത്രങ്ങള്‍ സൃഷ്ടിക്കുന്നതിന് നമ്മുടെ എല്ലാ തലമുറകള്‍ക്കും പ്രചോദനമാകും. അത്തരം പ്രചോദനങ്ങള്‍ നമ്മള്‍ ആഗ്രഹിച്ചുകൊണ്ടേയിരിക്കണം. ഇസ്രായേലിന്റെ പ്രധാനമന്ത്രി ഇന്ത്യയില്‍ സന്ദര്‍ശനത്തിന് വന്നത് നിങ്ങള്‍ കണ്ടിരിക്കും. പതിനാലുവര്‍ഷത്തിന് ശേഷമാണ് അദ്ദേഹം ഇവിടം സന്ദര്‍ശിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ഇസ്രായേല്‍ സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി ഞാനായിരുന്നു. എന്റെ നാട്ടുകാരേ, രാജസ്ഥാനിലെ എന്റെ വീര പുരഷന്‍മാരേ, സമയത്തിന്റെ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും ഇസ്രായേലില്‍ ഞാന്‍ ഹൈഫ സന്ദര്‍ശിക്കുകയും 100 വര്‍ഷങ്ങള്‍ക്ക്മുമ്പ് ഒന്നാം ലോകമഹായുദ്ധത്തില്‍ ജീവിതം ഹോമിച്ച സൈനീകര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയുംചെയ്തുവെന്ന് അറിയുന്നത് നിങ്ങള്‍ക്ക് അഭിമാനമുണ്ടാക്കും. മേജര്‍ ദളപത് സിംഗ് ജി എന്ന ഇന്ത്യയുടെ മഹാനായ പുത്രനാണ് ഈ യുദ്ധം നയിച്ചത്. 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് സൈന്യത്തെ മുന്നില്‍ നിന്ന് നയിച്ച് മേജര്‍ ദളപത് സിംഗ് ഷെഖാവത്താണ് ഹൈഫയെ മോചിപ്പിച്ചത്.
ഡല്‍ഹിയില്‍ തീന്‍മൂര്‍ത്തി ചൗക്ക് എന്നൊരു സ്ഥലമുണ്ട്. മൂന്ന് മഹാന്മാരായ ധീരയോദ്ധാക്കളുടെ പ്രതിമയുണ്ട് അവിടെ. ഇസ്രായേല്‍ പ്രധാനമന്ത്രി ഇന്ത്യയില്‍ വന്നിറങ്ങിയുടന്‍ തന്നെ ഞങ്ങള്‍ രണ്ടുപേരും തീന്‍മൂര്‍ത്തി ചൗക്ക് സന്ദര്‍ശിച്ചു. മേജര്‍ ദളപത് സിംഗിന്റെ ത്യാഗത്തിന്റെ ഓര്‍മ്മയ്ക്കായാണ് തീന്‍മൂര്‍ത്തി ചൗക്ക് നിര്‍മ്മിച്ചത്. അദ്ദേഹത്തിന് പ്രണാമമര്‍പ്പിക്കാനാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ആ സ്ഥലം സന്ദര്‍ശിച്ചത്. ഞങ്ങള്‍ ആ സ്ഥലം സന്ദര്‍ശിക്കുകയും അതിന് ശേഷം തീന്‍മൂര്‍ത്തി ചൗക്കിനെ തീന്‍മൂര്‍ത്തി ഹൈഫ ചൗക്ക് എന്ന് പുനര്‍നാമകരണംചെയ്യുകയും ചെയ്തു. മേജര്‍ ദളപത് സിംഗ്ജിയെയും രാജസ്ഥാന്റെ പാരമ്പര്യവും ചരിത്രം ഒരിക്കലും മറക്കാതിരിക്കാനും എപ്പോഴും ഓര്‍മ്മിക്കുന്നതിനും ഇത് സഹായകരമാകും. രണ്ടുദിവസം മുമ്പാണ് ഇത് ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചത്.
സഹോദരീ, സഹോദരന്മാരെ,
ഇത് ധീരന്മാരുടെ നാടാണ്. ഇത് രക്തസാക്ഷികളുടെ നാടാണ്. ഈ ഭൂമിയിലെ ധീരന്മാര്‍ അവരുടെ രക്തംചിന്താത്ത ഒരു സംഭവവും ത്യാഗത്തിന്റെ ചരിത്രത്തിലില്ല. അത്തരം എല്ലാ ധീരന്മാരെയും ഇന്ന് ഞാന്‍ വന്ദിക്കുന്നു.
സഹോദരീ, സഹോദരന്മാരെ
ഞാന്‍ നിരവധിപ്രാവശ്യം രാജസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ചില സമയങ്ങളില്‍ എന്റെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഞാന്‍ ഇവിടെ വന്നിരുന്നത്. മറ്റുചിലപ്പോള്‍ അയല്‍സംസ്ഥാനമായ ഗുജറാത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിലും. ഈ പ്രദേശത്ത് ഞാന്‍ പല പ്രാവശ്യം വന്നിട്ടുണ്ട്. അപ്പോഴൊക്കെ സാധാരണക്കാരില്‍ നിന്നും എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞിരുന്നത് കോണ്‍ഗ്രസും ക്ഷാമവും ഇരട്ട സഹോദരങ്ങളാണെന്നാണ്. എവിടെയൊക്കെ കോണ്‍ഗ്രസ് പോകുന്നുവോ, ക്ഷാമം അതിനെ പിന്തുടരും. വസുന്ധരാജിക്ക് രാജസ്ഥാനിലെ ജനങ്ങളെ സേവിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അവരുടെ കീഴില്‍ ഈ തരിശ്ഭൂമിക്ക് ആവശ്യത്തിന് വെള്ളം ലഭിക്കാന്‍ തുടങ്ങി.
സഹോദരീ, സഹോദരന്മാരെ,
എന്നാല്‍ നമുക്ക് ഇതിനെക്കാളും മുന്നോട്ടുചലിക്കേണ്ടതുണ്ട്. നമുക്ക് രാജസ്ഥാനെ മുന്നോട്ടുകൊണ്ടുപോകണം. രാജസ്ഥാന്റെ വികസനയാത്ര രാജ്യത്തിന്റെ വികസനത്തിന് ഒരു നവ ഊര്‍ജ്ജം പ്രദാനം ചെയ്യും.
സഹോദരീ, സഹോദരന്മാരെ,
ധര്‍മ്മേന്ദ്രജിയും വസുന്ധരാജിയും പരാതിപ്പെടുകയാണ്, അവരുടെ പരാതികള്‍ ന്യായവുമാണ്. അത് ബാര്‍മറിലെ റിഫൈനറിയെക്കുറിച്ച് മാത്രമാണോ? ഇത്തരത്തില്‍ റിഫൈനറികള്‍ക്ക് തറക്കല്ലിടുകയും ഫോട്ടോയെടുക്കുകയും ചെയ്യുന്നതിനെക്കുറിച്ചാണോ? അത് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമം മാത്രമല്ലേ? ഇതൊക്കെ ശീലമാക്കിയ അത്തരത്തിലുള്ള എല്ലാ ആളുകളേയും കോണ്‍ഗ്രസ് ഗവണ്‍മെന്റുകളുടെ പ്രവര്‍ത്തനസംസ്‌ക്കാരം-വലിയ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലായിരുന്നോയെന്ന് ചെറിയൊരു ഗവേഷണം നടത്താനായി ഞാന്‍ ക്ഷണിക്കുകയാണ? ബാര്‍മറിലെ റിഫൈനറിയില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ പ്രശ്‌നം. ഇത് അവരുടെ സ്വഭാവത്തിന്റെയും പ്രവര്‍ത്തന സംസ്‌ക്കാരത്തിന്റെയും ഭാഗമാണ്.
പ്രധാനമന്ത്രിയായശേഷം ഞാന്‍ റെയില്‍വേ ബജറ്റുകള്‍ ശ്രദ്ധിച്ചു. എന്റെ സ്വഭാവമനുസരിച്ച്, റെയില്‍വേ ബജറ്റില്‍ ഇത്രയുമധികം പ്രഖ്യാപനങ്ങള്‍ നടത്തി, അതിനൊക്കെ അതിന് ശേഷം എന്തുസംഭവിച്ചുവെന്ന് പറയാനാകുമോയെന്ന് ഞാന്‍ ചോദിച്ചു. സഹോദരീ, സഹോദരന്മാരെ, ജനാധിപത്യത്തിന്റെ ശ്രീകോവിലായി കരുതപ്പെടുന്ന പാര്‍ലമെന്റില്‍പോലും രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നറിയുമ്പോള്‍ നിങ്ങള്‍ സ്തബ്ധരായിപോകും. മുമ്പ് നിരവധി ഗവണ്‍മെന്റുകള്‍ ഉണ്ടാകുകയും 1500ല്‍ പരം പദ്ധതികള്‍ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അവയൊന്നും യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നില്ല, എല്ലാം പേപ്പറുകളില്‍ മാത്രം ഒതുങ്ങിയവയാണ്.
പാര്‍ലമെന്റില്‍ ചില ആളുകളുണ്ട്, റെയില്‍വേ ബജറ്റില്‍ അവരുടെ പ്രദേശത്തേക്ക് ചില പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ കൈയടിക്കാനായി. അതു കേള്‍ക്കുമ്പോള്‍ റെയില്‍വേ മന്ത്രി സംതൃപ്തനാകുകയും ചെയ്യും. അതിന്‌ശേഷം അവയെ മുന്നോട്ടുകൊണ്ടുപോകാന്‍ ആരുമുണ്ടാവില്ല. ഞങ്ങള്‍ അധികാരത്തില്‍ വന്നശേഷം റെയില്‍വേ ബജറ്റ് ഉപയോഗിച്ചുള്ള ഈ പ്രീതിപ്പെടുത്തല്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. നടപ്പാക്കാന്‍ കഴിയുന്നത്ര പദ്ധതികള്‍ മാത്രമേ ഞങ്ങള്‍ രൂപീകരിക്കുകയുള്ളു. തുടക്കത്തില്‍ ഞങ്ങള്‍ വിമര്‍ശിക്കപ്പെട്ടേക്കാം. എന്നാല്‍ സാവകാശം ശരിയായ കാര്യങ്ങള്‍ ചെയ്യാനുള്ള കരുത്ത് രാജ്യം ആര്‍ജ്ജിക്കുകയും ശരിയായവ സ്വീകരിക്കുകയും ചെയ്യും. ഞങ്ങള്‍ ആ ദിശയിലേക്ക് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്.
എല്ലാത്തിനുമുപരി, ഞങ്ങള്‍ ഒരു റാങ്ക്, ഒരു പെന്‍ഷന്‍ എന്നു പറയുമ്പോള്‍; ഇവിടെയിരിക്കുന്ന എന്റെ സൈനികര്‍ നിങ്ങളോട് പറഞ്ഞുതരും. കഴിഞ്ഞ 40 വര്‍ഷമായി ഒരു റാങ്ക്, ഒരു പെന്‍ഷന്‍ എന്ന ആവശ്യം ഉയര്‍ന്നിരുന്നില്ലേ? എല്ലാക്കാലത്തും സൈനികര്‍ക്ക് ഈ വാഗ്ദാനം നല്‍കിയിരുന്നില്ലേ? ഓരോ തെരഞ്ഞെടുപ്പിന് മുമ്പും ഇക്കാര്യത്തില്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. ഇത് അവരുടെ സ്വഭാവമാണ്. 2014 ലും അവര്‍ ഒരു റാങ്ക് ഒരു പെന്‍ഷനെക്കുറിച്ച് എങ്ങനെയാണ് സംസാരിച്ചതെന്നും വിരമിച്ച സൈനീകരുമൊത്തുള്ള ഫോട്ടോകള്‍ വിതരണംചെയ്തതും നിങ്ങള്‍ കണ്ടിരിക്കും.
പിന്നീട് 2013 സെപ്റ്റംബറില്‍ റേവാറിയില്‍വച്ച് ഞങ്ങളുടെ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നാല്‍ സൈന്യത്തില്‍ നിന്നും വിരമിച്ചവര്‍ക്കായി ഒരു റാങ്ക് ഒരു പെന്‍ഷന്‍ നടപ്പാക്കുമെന്ന് ഞാന്‍ പ്രഖ്യാപിച്ചപ്പോള്‍ അവര്‍ തിരക്കിട്ട് ഇടക്കാല ബജറ്റില്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിക്ക് വേണ്ടി 500 കോടി രൂപ ഉള്‍പ്പെടുത്തി. ഈ റിഫൈനറിക്ക് തറക്കല്ലിട്ടതുപോലെ.
തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു അധരവ്യായാമം മാത്രമായ ഇത് ഒരുതരം ചതിയാണ്. ഞങ്ങളുടെ ബജറ്റില്‍ ഞങ്ങള്‍ ഒരു റാങ്ക് ഒരുപെന്‍ഷന്‍ പദ്ധതിക്കായി പണം നീക്കിവച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനം ചെയ്തിരുന്നതുപോലെ ഒരു റാങ്ക് ഒരു പെന്‍ഷന്‍ നടപ്പാക്കുന്നത് ഞങ്ങള്‍ ഉറപ്പാക്കി. ഏതെങ്കിലും കാര്യത്തില്‍ കാലതാമസം ഉണ്ടായാല്‍ ഞങ്ങള്‍ അതിനെ പിന്തുടര്‍ന്നു. അവരുടെ ബജറ്റില്‍ 500 കോടി രൂപയെക്കുറിച്ച് സൂചിപ്പിച്ചിരുന്നെങ്കിലും ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി യഥാര്‍ത്ഥത്തില്‍ നടപ്പാക്കാനുള്ളതൊന്നും അതിലുണ്ടായിരുന്നില്ലെന്ന് അറിയുന്നത് നിങ്ങളെ ആശ്ചര്യപ്പെടുത്തുമായിരിക്കും. ഒരു റാങ്ക് ഒരു പെന്‍ഷന് വേണ്ട യോഗ്യതയെന്ത്? എന്തായിരിക്കും ഇതിന്റെ സാമ്പത്തിക ബാദ്ധ്യത? ഈ റിഫൈനറി കടലാസുകളില്‍ മാത്രമായിരുന്നെങ്കില്‍, ഒരു റാങ്ക് ഒരു പെന്‍ഷന്‍ കടലാസില്‍പ്പോലുമുണ്ടായിരുന്നില്ലെന്ന് അറിയുന്നത് നിങ്ങളെ അത്ഭുതപരതന്ത്രരാക്കും. തെരഞ്ഞെടുപ്പ് വാഗ്ദാനമല്ലാതെ ഒരു പദ്ധതിയോ, പട്ടികയോ ഉണ്ടായിരുന്നില്ല.
സഹോദരീ, സഹോദരന്മാരെ,
ആ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ ഞാന്‍ ബാദ്ധ്യസ്ഥനായിരുന്നു. എന്നാല്‍ ഇതിന് വേണ്ട എല്ലാം കടലാസില്‍ ശേഖരിക്കുന്നതിന് എനിക്ക് ഒന്നരവര്‍ഷം വേണ്ടിവന്നു. എല്ലാം താറുമാറായി കിടക്കുകയായിരുന്നു. വിരമിച്ച സൈനീകരുടെ മേല്‍വിലാസം കണ്ടെത്താന്‍ കഴിഞ്ഞില്ല. ശരിയായ കണക്കുകള്‍ ലഭ്യമായിരുന്നില്ല. രാജ്യത്തിന് വേണ്ടി സ്വന്തം ജീവന്‍ എപ്പോള്‍ വേണമെങ്കിലും ത്യാഗം ചെയ്യാന്‍ തയാറായിരുന്ന രാജ്യത്തിന്റെ സൈനികരുടെ വിവരങ്ങളാണ് ഇങ്ങനെ താറുമാറായി കിടക്കുന്നതെന്നറിഞ്ഞപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഞാന്‍ എല്ലാവിവരങ്ങളും ശേഖരിക്കാന്‍ ആരംഭിച്ചു, അതിനുശേഷം എല്ലാ കണക്കുകളും കൂട്ടിക്കഴിഞ്ഞപ്പോള്‍, സഹോദരീ, സഹോദരന്മാരേ ആദ്യം ഞാന്‍ കണക്കുകൂട്ടിയിരുന്ന 500 കോടിയോ, 1000 കോടിയോ, 2000 കോടിയോ മതിയാകുമായിരുന്നില്ല, എല്ലാം കൂടി കുട്ടിവന്നപ്പോള്‍ 12,000 കോടിയിലധികം രൂപ വേണ്ടിവന്നു! വെറും 500 കോടി രൂപകൊണ്ട് ഈ പദ്ധതി നടപ്പാക്കാനാണ് കോണ്‍ഗ്രസ് പാര്‍ട്ടി ശ്രമിച്ചത്. അതൊരു സത്യസന്ധമായ നടപടിയായിരുന്നോ? യഥാര്‍ത്ഥത്തില്‍ അവര്‍ സൈനികര്‍ക്ക് എന്തെങ്കിലൂം നല്‍കാന്‍ ആഗ്രഹിച്ചിരുന്നോ? വിരമിച്ച സൈനികരോട് അവര്‍ സത്യസന്ധതപുലര്‍ത്തിയിരുന്നോ? ആ കാലത്തെ ധനമന്ത്രി അത്ര ദുര്‍ബലനായിരുന്നുവെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ ഈ റിഫൈനറിയുടെ തറക്കല്ലിന് വേണ്ടി 500 കോടി ബജറ്റില്‍ അടയാളപ്പെടുത്തി കാര്യങ്ങള്‍ അവിടെക്കൊണ്ട് അവസാനിപ്പിച്ചു.
സഹോദരീ, സഹോദരന്മാരെ,
ഞാന്‍ പറഞ്ഞതുപോലെ വേണ്ടിവന്ന തുക 12,000 കോടിയിലധികമായി. അതുകൊണ്ട് ഞാന്‍ സൈനികരുടെ പ്രതിനിധികളെ വിളിച്ചു. ‘വാഗ്ദാനം ചെയ്ത പണം നിങ്ങള്‍ക്ക് തരണമെന്നാണ് എന്റെ ആഗ്രഹം, എന്നാല്‍ ഗവണ്‍മെന്റിന്റെ ഖജനാവില്‍ ആവശ്യത്തിന് പണമില്ല. അതുകൊണ്ടുതന്നെ 12,000 കോടി രൂപ വരുന്ന മുഴൂവന്‍ പണവും ഒരുമിച്ച് നല്‍കാന്‍ ബുദ്ധിമുട്ടാണ്. അവര്‍ 500 കോടിയുടെ കാര്യമാണ് പറയുന്നത്, എന്നാല്‍ മൊത്തം തുക 12,000 കോടിയോളം രുപവരും. സത്യസന്ധമായ രീതിയില്‍ ഈ പണം നിങ്ങള്‍ക്ക് തരണമെന്നാണ് എനിക്ക് ആഗ്രഹം. അതുകൊണ്ട് നിങ്ങളുടെ സഹായം എനിക്ക് വേണം” എന്ന് ഞാന്‍ അവരോട് പറഞ്ഞു.
അപ്പോള്‍ സൈനികര്‍ എന്നോടു പറഞ്ഞു, ” സര്‍ പ്രധാനമന്ത്രി, ദയവുചെയ്ത് ഞങ്ങളെ വിഷമിപ്പിക്കരുത്. എങ്ങനെ ഞങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയുമെന്ന് താങ്കള്‍ക്ക് തുറന്നുപറയാം” ഞാന്‍ പറഞ്ഞു-” നല്ലത്, എനിക്ക് ഒന്നും വേണ്ട. രാജ്യത്തിന് വേണ്ടി നിങ്ങള്‍ ഇതിനകം തന്നെ നിരവധി സംഭാവനകള്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍ ദയവുചെയ്ത് എന്നെ ഇതില്‍ നിന്നും രക്ഷിക്കുക. ഒരുമിച്ച് മുഴുവന്‍ തുകയായ 12,000 കോടിരൂപയും കൈമാറാന്‍ എനിക്ക് കഴിയില്ല. ഞാന്‍ അങ്ങനെ ചെയ്താല്‍ പാവപ്പെട്ടവര്‍ക്കുള്ള ചില ക്ഷേമപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തേണ്ടിവരും. ഇത് അവരോടുള്ള കടുത്ത അനീതിയാകും. അതുകൊണ്ട് ഒറ്റ അഭ്യര്‍ത്ഥനമാത്രം, നാലു തവണകളായി ഈ പണം ഞാന്‍ നല്‍കുന്നതിനോട് നിങ്ങള്‍ക്ക് സമ്മതമാണോ?” 40 വര്‍ഷമായി ഒരു റാങ്ക് ഒരു പെന്‍ഷന് വേണ്ടി പോരാടുന്ന ധീരരായ സൈനികര്‍. ഇപ്പോള്‍ അവര്‍ക്ക് ഉത്തരവാദിത്തമുള്ള ഒരു പ്രധാനമന്ത്രിയുണ്ട്. അവര്‍ക്ക് വേണമെങ്കില്‍ ” മോദിജി, മുന്‍ ഗവണ്‍മെന്റ് ഞങ്ങളെ ചതിച്ചു. അതുകൊണ്ട് ഞങ്ങള്‍ കൂടുതല്‍ കാത്തിരിക്കാന്‍ ്വആഗ്രഹിക്കുന്നില്ല. കഴിയുമെങ്കില്‍ ഞങ്ങള്‍ക്ക് പണം തരിക, അല്ലെങ്കില്‍ ഞങ്ങള്‍ ഞങ്ങളുടെ വഴിക്ക് പോകാം?” എന്ന് പറയാമായിരുന്നു. എന്നാല്‍ അവര്‍ അത് ചെയ്തില്ല.
എന്റെ രാജ്യത്തെ സൈനികര്‍ യൂണിഫോമില്ലെങ്കിലും ഹൃദയത്തിലും ആത്മാവിലും അവര്‍ ഇപ്പോഴും സൈനികര്‍ തന്നെയാണ്. അവസാനശ്വാസം വരെ അവര്‍ രാജ്യത്തിന്റെ ക്ഷേമത്തിനെക്കുറിച്ച് ചിന്തിക്കും. പൊടുന്നനെതന്നെ അവര്‍ പറഞ്ഞു-” സര്‍ പ്രധാനമന്ത്രി, ഞങ്ങള്‍ക്ക് നിങ്ങളുടെ വാക്കുകളില്‍ വിശ്വാസമുണ്ട്. നിങ്ങള്‍ നാലോ, ആറോ തവണകളായി നല്‍കിക്കൊള്ളു, എന്നാല്‍ ദയവുചെയ്ത് ഈ കാര്യത്തില്‍ ഒരു തീരുമാനം കൈക്കൊള്ളു. നിങ്ങള്‍ എന്ത് തീരുമാനിച്ചാലും ഞങ്ങള്‍ അത് അംഗീകരിക്കാം.”
സഹോദരീ, സഹോരന്മാരെ,
ഇതാണ് നമ്മുടെ സൈനികരുടെ ശക്തി. എനിക്ക് ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയുകയും ഈ ദിവസത്തിനുള്ളില്‍ ഞാന്‍ അവര്‍ക്ക് നാലു ഗഢുക്കള്‍ നല്‍കുകയും ചെയ്തു. 10,000, 700 കോടികള്‍ അവരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചുകഴിഞ്ഞു. ബാക്കിയുള്ള ഗഢുക്കളും വളരെവേഗത്തില്‍ തന്നെ അവരുടെ അക്കൗണ്ടുകളില്‍ എത്തിച്ചേരും. അതുകൊണ്ട് തറക്കല്ലിടുകയും ഗവണ്‍മെന്റ് സംവിധാനം ആ വഴിയെ കൊണ്ടുപോകുകയെന്നതും അവരുടെ സ്വഭാവമാണ്,
നിങ്ങള്‍ പറയു, കഴിഞ്ഞ നാലു പതിറ്റാണ്ടായി നമ്മള്‍ ഗരീബിഹട്ടാവോ(ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യൂ) എന്ന മുദ്രാവാക്യം കേള്‍ക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് പാവങ്ങളെക്കൂടി വലിച്ചിഴക്കപ്പെടുന്ന ഈ കളി കാണാന്‍ കഴിയും. എന്നാല്‍ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി നിങ്ങള്‍ ഇതുവരെ എന്തെങ്കിലും ഒരു പദ്ധതി കണ്ടിട്ടുണ്ടോ? നിങ്ങള്‍ക്ക് ഒന്നും കണ്ടെത്താന്‍ കഴിയില്ല. സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷങ്ങള്‍ക്ക് ശേഷവും അവര്‍ പറയും-എവിടെയെങ്കലും പോയി കുഴിച്ച് ദിവസം അവസാനിക്കുമ്പോള്‍ തിന്നാന്‍ എന്തെങ്കിലും എടുത്തുകൊള്ളുവെന്ന്. അവരെക്കുറിച്ച് യഥാര്‍ത്ഥത്തില്‍ എന്തെങ്കിലും ആശങ്കയുണ്ടായിരുന്നെങ്കില്‍, എന്റെ് രാജ്യത്തെ പാവപ്പെട്ടവര്‍ ദാരിദ്ര്യത്തെ പരാജയപ്പെടുത്താന്‍ അവരുടെ ശക്തി ഉപയോഗിച്ചേനേ.
പാവപ്പെട്ടവരെ ശാക്തീകരിക്കണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം. ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചുവെങ്കിലും അത് പാവപ്പെട്ടവര്‍ക്ക് പ്രാപ്യമായിരുന്നില്ല. സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഗവണ്‍മെന്റ് രൂപീകരിച്ചപ്പോള്‍ രാജ്യത്തിന്റെ വികസനയാത്രയ്ക്കായി പാവപ്പെട്ടവരെക്കൂടി മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ഒരു തീരുമാനം എടുത്തു. അങ്ങനെ പ്രധാനമന്ത്രി ജന്‍ ധന്‍ യോജന കൊണ്ടുവന്നു. ഇന്ന് ഈ പദ്ധതിയുടെ കീഴില്‍ 32 കോടിയോളം പേര്‍ക്ക് ബാങ്ക് അക്കൗണ്ടുകളുണ്ട്. സഹോദരീ, സഹോദരന്മാരെ, പാവപ്പെട്ടവര്‍ക്ക് സീറോ ബാലന്‍സ് അക്കൗണ്ട് തുറക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകുമെന്ന് ഞാന്‍ അന്ന് പറഞ്ഞിരുന്നു. രാജ്യത്തിലെ പാവങ്ങള്‍, സാമ്പത്തികമായി പാവപ്പെട്ടവരായിരിക്കും, എന്നാല്‍ മാനസികമായി അവര്‍ സമ്പന്നരാണ്. വളരെ മോശം മനോനിലയുള്ള ചില സമ്പന്നരായ മനുഷ്യരെ ഞാന്‍ കണ്ടിട്ടുണ്ട്, നമ്മള്‍ അവര്‍ക്ക് സീറോ ബാക്കി അക്കൗണ്ടിനുള്ള വ്യവസ്ഥ നല്‍കി. എന്നാല്‍ അതില്‍ കുറച്ച് പണമെങ്കിലും നിക്ഷേപിക്കണമെന്നാണ് പാവപ്പെട്ടവര്‍ക്കുണ്ടായ തോന്നല്‍. എന്റെ പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരേ, സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങിയവരുടെ ജന്‍ധന്‍ അക്കൗണ്ടുകളിലെല്ലാം കൂടി ഇന്ന് 72000 കോടിരൂപയുണ്ടെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. വിരോധാഭാസമെന്ന് പറയട്ടെ, സമ്പന്നര്‍ പണം തങ്ങളുടെ അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാന്‍ ആഗ്രഹിക്കുമ്പോള്‍, പാവപ്പെട്ടവര്‍ ബാങ്കുകളില്‍ പണം സത്യസന്ധമായി നിക്ഷേപിക്കുകയാണ്. ഇങ്ങനെയാണ് ദാരിദ്ര്യത്തോട് പോരാടേണ്ടത്.
സഹോദരീ ,സഹോദരന്മാരെ.
മുമ്പൊക്കെ ഒരു പാചകവാതക കണക്ഷന് വേണ്ടി ഒരാള്‍ക്ക് എം.പിമാരുടെ പിന്നാലെ ആറേ-ഏഴോ മാസം നടക്കേണ്ടിയിരുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കും. ഓരോ എം.പിമാര്‍ക്കും 25 കുടുംബങ്ങള്‍ക്ക് പാചകവാതകകണക്ഷന്‍ ലഭ്യമാക്കുന്നതിനായി പ്രതിവര്‍ഷം 25 കൂപ്പണുകള്‍ വീതം നല്‍കുമായിരുന്നു. ചിലപ്പോള്‍ ഈ കൂപ്പണുകള്‍ എം.പിമാര്‍ കരിഞ്ചന്തയില്‍ വിറ്റുവെന്നും നമുക്ക് കേള്‍ക്കേണ്ടിവന്നിട്ടുണ്ട്.
സഹോദരീ, സഹോദരന്മാരേ,
ഇന്നും വികറുകള്‍ കത്തിച്ച് എന്റെ അമ്മമാരും സഹോദരിമാരും പുകയ്ക്കിടയില്‍ തന്നെ ജീവിക്കേണ്ടതുണ്ടോ? ഇങ്ങനെയാണോ നാം പാവങ്ങള്‍ക്ക് ക്ഷേമം നടപ്പാക്കുന്നത്? പാചകത്തിനിടയില്‍ അമ്മമാരും സഹോദരിമാരും ആ പുക ശ്വസിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. 400 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണ് ആ പുക. അത്തരം കുടുംബങ്ങളിലെ കുട്ടികളെയും ഇത് ഗുരുതരമായി ബാധിച്ചിരുന്നു.
സഹോദരീ, സഹോദരന്മാരെ,
ഞങ്ങള്‍ ആ ഉത്തരവാദിത്വം ഏറ്റെടുത്തു. മുദ്രാവാക്യം ഉയര്‍ത്തുന്നതുകൊണ്ടുമാത്രം പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പാക്കാനാവില്ല. നമ്മള്‍ അവരുടെ ജീവിതം മാറ്റിമറിക്കേണ്ടതുണ്ട്. ഞങ്ങള്‍ ഉജ്ജ്വല യോജനയുമായി വന്നു. ഇതിന് കീഴില്‍ ഞങ്ങള്‍ ഏകദേശം മൂന്നു കോടി മുപ്പത് ലക്ഷം കൂടുംബങ്ങള്‍ക്ക് പാചകവാതക കണക്ഷന്‍ നല്‍കി. കോടിക്കണക്കിന് അമ്മമാരെ ഞങ്ങള്‍ വിറകില്‍ നിന്നും പുകയില്‍ നിന്നും മോചിപ്പിച്ചു. ഇപ്പോള്‍ പറയൂ, ഇത്തരത്തിലുള്ള ഓരോ അമ്മമാരും പാചകം ചെയ്യുമ്പോള്‍ നരേന്ദ്രമോദിയെ ആശിര്‍വദിക്കില്ലേ? അവര്‍ ഞങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞയെടുക്കും. എന്തെന്നാല്‍ ഇതാണ് ദാരിദ്ര്യത്തിനെതിരെ പോരാടുന്നതിനുള്ള ശരിയായ രീതിയെന്ന് അവര്‍ക്കറിയാം.
സഹോദരീ, സഹോദരന്മാരെ,
സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷം കഴിഞ്ഞിട്ടും വൈദ്യുതി എത്താത്ത 18,000 ഗ്രാമങ്ങളുണ്ടായിരുന്നു. ഈ 21-ാം നൂറ്റാണ്ടിലും ആളുകള്‍ പതിനെട്ടാം നൂറ്റാണ്ടിലെ സാഹചര്യത്തില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. ”നമ്മള്‍ ഇന്നും സ്വതന്ത്രരാഷ്ട്രമാണോ? ഇതാണ് ജനാധിപത്യം എന്ന് പറയുന്നത്? ഞാന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യുന്നുണ്ട്. എന്നാലും സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷമായിട്ടും നമ്മുടെ ഗ്രാമങ്ങളില്‍ വൈദ്യുതി ലഭ്യമാക്കാന്‍ കഴിയാത്ത എന്ത് തരത്തിലുള്ള ഗവണ്‍മെന്റുകളാണിത്?” എന്നൊക്കെ ആ ആളുകള്‍ ചിന്തിക്കുന്നുണ്ടായിരുന്നു. സഹോദരീ, സഹോദരന്മാരെ, ഈ 18,000 ഗ്രാമങ്ങളിലും വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുത്തു. ഏകദേശം 2000 ഗ്രാമങ്ങള്‍ മാത്രമാണ് വൈദ്യുതീകരിക്കാനുള്ളത്. ആ ജോലി വളരെ വേഗത്തില്‍ മുന്നോട്ടുപോയ്‌ക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അവര്‍ക്ക് 21-ാം നൂറ്റാണ്ടിന് അനുസരിച്ചുള്ള സാഹചര്യത്തില്‍ ജീവിക്കാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്.
സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷത്തിന് ശേഷവും വൈദ്യുതിയുമായി ഒരു ബന്ധവുമില്ലാത്ത 4 കോടി കുടുംബങ്ങളാണുണ്ടായിരുന്നത്. മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തോടെ ഈ 4 കോടികുടുംബങ്ങള്‍ക്കും സൗജന്യവൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുത്തു, ആ കുടുംബത്തിലെ കുട്ടികള്‍ക്ക് അതിന് ശേഷം പഠിക്കാന്‍ കഴിയും. നമുക്ക് ദാരിദ്ര്യത്തിനെതിരെ പോരാടണമെങ്കില്‍ നാം പാവപ്പെട്ടവരെ ശാക്തീകരിക്കണം. ഇത്തരം എല്ലാ വെല്ലുവിളികളുമായി നമുക്ക് മുന്നോട്ടുപോകണം.
സഹോദരീ, സഹോദരന്മാരെ,
ഈ റിഫൈനറി ഈ മേഖലയുടെ മുഖച്ഛായയും വിധിയും മാറ്റിമറിയ്ക്കും. ഈ വലിയ വ്യവസായം ഇത്തരത്തിലുള്ള ഒരു മരുഭൂമിയില്‍ വരുന്നത് പ്രദേശവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് സഹായിക്കും. വ്യവസായത്തിനുള്ളില്‍ മാത്രമല്ല, പുറത്ത് സൃഷ്ടിക്കുന്ന ശൃംഖലകളിലൂടെയും ഇത് തൊഴില്‍ സൃഷ്ടിക്കും. ഇതിലൂടെ ചെറുകിട വ്യവസായങ്ങള്‍ ഉണ്ടാകും, അതോടൊപ്പം വലിയ വ്യവസായങ്ങള്‍ക്ക് വെള്ളം, വൈദ്യുതി, ഗ്യാസ് കണക്ഷന്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല എന്നിവയുള്ള സമ്പൂര്‍ണ്ണ പശ്ചാത്തലസൗകര്യങ്ങളും വേണ്ടിവരും. മറ്റൊരു രീതിയില്‍ പറയുകയാണെങ്കില്‍ ഈ പ്രദേശത്തിന്റെ സമ്പദ്ഘടനയില്‍ പൂര്‍ണ്ണമായ മാറ്റമുണ്ടാകും.
ഉദ്യോഗസ്ഥരും മറ്റ് ബ്യൂറോക്രാറ്റുകളും ഇവിടെ വരുന്നതോടെ പുതിയ വിദ്യാഭ്യാസസ്ഥാപനങ്ങളും ഉയര്‍ന്നുവരും. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും രാജസ്ഥാനിലെ തന്നെ ഉദയ്പൂര്‍, ബന്‍സ്വര, ഭരത്പൂര്‍, കോട്ട, ആല്‍വാര്‍, അജ്മീര്‍ എന്നിവിടങ്ങളില്‍ ഇന്നും വലിയതോതില്‍ തൊഴിലാളികള്‍ ഇവിടെ ജോലിചെയ്യാനായി വരുന്നതോടെ ആരോഗ്യസുരക്ഷ സംവിധാനങ്ങളും വികസിക്കും.
അതുകൊണ്ട് സഹോദരീ, സഹോദരന്മാരെ,
അഞ്ചുവര്‍ഷത്തിനുള്ളില്‍ ഈ മേഖലയില്‍ അടിമുടി മാറ്റമുണ്ടാകും; നിങ്ങള്‍ക്ക് അത് വളരെ സുഗമമായി തന്നെ അത് ദൃശ്യവല്‍ക്കരിക്കാനാകും. ഇന്ന് ഞാന്‍ ഇവിടെ ഉദ്ഘാടനം ചെയ്യുന്ന ഈ പദ്ധതി എനിക്കും ഇന്ത്യാ ഗവണ്‍മെന്റിനും നഷ്ടമാണ്. മുന്‍ ഗവണ്‍മെന്റ് എന്തെങ്കിലും കുറച്ച് പണിയെങ്കിലും നടത്തിയിരുന്നെങ്കില്‍ ഈ ഗവണ്‍മെന്റിന് 40,000 കോടി രൂപ ലാഭിക്കാമായിരുന്നു.
എന്നാല്‍ വസുന്ധരാ ജിക്ക് രാജകുടുംബത്തിന്റെയും മാര്‍വാഡികളുടെയും ചില മൂല്യങ്ങളുണ്ട്. അവര്‍ കഴിയുന്നത്ര കേന്ദ്രഗവണ്‍മെന്റില്‍ നിന്നും പിഴിഞ്ഞെടുക്കാന്‍ ശ്രമിച്ചു. ഭാരതീയ ജനതാപാര്‍ട്ടിയില്‍ മാത്രമേ ഇത് സാദ്ധ്യമാകുകയുള്ളു. കേന്ദ്രത്തിലൂം അതേ ഗവണ്‍മെന്റാണുള്ളതെങ്കില്‍പ്പോലും അവരുടെ സംസ്ഥാനത്തിന്റെ ക്ഷേമത്തിന് വേണ്ടവയായി അവര്‍ ആഗ്രഹിക്കുന്നത് പൂര്‍ണ്ണമായി ലഭിക്കുന്നതുവരെ മുഖ്യമന്ത്രി കടുംപിടുത്തം കാട്ടും. രാജസ്ഥാനന്റെ പണം സംരക്ഷിക്കുന്നതിനും ഇന്ത്യാ ഗവണ്‍മെന്റിനോട് ശരിയായ പദ്ധതികള്‍ രൂപവല്‍ക്കരിക്കാന്‍ നിര്‍ദ്ദേശിക്കുന്നതിനും സ്വീകരിക്കുന്ന പരിശ്രമത്തിന് ഞാന്‍ വസുന്ധരാ ജിയെ അഭിനന്ദിക്കുകയാണ്. അതോടൊപ്പം വസുന്ധരാ ജിയും ധര്‍മേന്ദ്രജിയും നിന്നുപോയ ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. ഞാന്‍ നിങ്ങളെ രണ്ടുപേരെയും അഭിനന്ദിക്കുകയും നിങ്ങള്‍ക്കെല്ലാവര്‍ക്കും എല്ലാ ഭാവുകങ്ങളും നേരുകയും ചെയ്യുന്നു. ”ഭാരതമാതാവിന് വിജയമുണ്ടാകട്ടെ!!”യെന്ന് എന്നോടൊപ്പം ചേര്‍ന്ന് പറയൂ.
ബാര്‍മറിന്റെ ഭൂമിയില്‍ നിന്ന് രാജ്യത്തിന് ഇന്ധനം ലഭിക്കും. ഈ റിഫൈനറി രാജ്യത്തിന്റെ മൊത്തം ഊര്‍ജ്ജത്തെയാണ് പ്രതിനിധാനംചെയ്യാന്‍ പോകുന്നത്. ഈ ഊര്‍ജ്ജം ഇവിടെ നിന്ന് ആരംഭിച്ച് രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും എത്തുമെന്ന് ഞാന്‍ ആശിക്കുന്നു. ഈ വാക്കുകളോടെ-ഖമാഗാനി!! (മാര്‍വാഡി ഭാഷയില്‍ ഭാവുകങ്ങള്‍)