
ശ്രീ. മാമ്മന്‍ മാത്യു, ശ്രീ. ജേക്കബ് മാത്യു, ശ്രീ. ജയന്ത് ജേക്കബ് മാത്യു, ശ്രീ പ്രകാശ് ജാവ്‌ദേകര്‍, ഡോ. ശശി തരൂര്‍, പ്രിയപ്പെട്ട അതിഥികളെ, നമസ്‌ക്കാരം,
മലയാള മനോരമ ന്യൂസ് കോണ്‍ക്ലേവ് 2019 നെ അഭിസംബോധന ചെയ്യുന്നതില്‍ ഞാന്‍ ഏറെ ആഹ്‌ളാദവാനാണ്. പരിപാവനമായ കേരളത്തിന്റെ മണ്ണിനെയും അതിന്റെ സവിശേഷമായ സംസ്‌ക്കാരത്തെയും ഞാന്‍ വന്ദിക്കുന്നു. ആദി ശങ്കരന്‍, മഹാത്മാ അയ്യന്‍കാളി, ശ്രീ നാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍, പണ്ഡിറ്റ് കറുപ്പന്‍, വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ, വിശുദ്ധ അല്‍ഫോണ്‍സാ തുടങ്ങി നിരവധി മഹാത്മാക്കളെ ഇന്ത്യയ്ക്ക് സംഭാവനചെയ്ത ആത്മീയ സാമൂഹിക ജ്ഞാനോദയത്തിന്റെ ഭൂമിയാണിത്. വ്യക്തിപരമായും എനിക്ക് വളരെ സവിശേഷമായ സ്ഥലം കൂടിയാണ് കേരളം. കേരളം സന്ദര്‍ശിക്കാന്‍ എനിക്ക് നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നില്‍ ജനങ്ങള്‍ വീണ്ടും ഭാരിച്ച ഉത്തരവാദിത്തം ഏല്‍പ്പിച്ചുകൊണ്ട് അനുഗ്രഹിച്ചപ്പോള്‍ ഞാന്‍ ആദ്യം ചെയ്ത കാര്യം ഗുരുവായൂര്‍ ശ്രീ കൃഷ്ണക്ഷേത്രം സന്ദര്‍ശിക്കുകയായിരുന്നു.
സുഹൃത്തുക്കളെ,
മലയാള മനോരമ ന്യൂസ് കോണ്‍ക്ലേവിനെ ഞാന്‍ അഭിസംബോധനചെയ്യുന്നത് വലിയ ആകാംക്ഷയുണ്ടാക്കിയിട്ടുണ്ട്. ലോകവീക്ഷണത്തില്‍ തന്റെ ചിന്താധാരയുമായി യോജിച്ചുനില്‍ക്കുന്ന വേദികള്‍ക്കാണ് പൊതുവ്യക്തിത്വങ്ങള്‍ സാധരണ മുന്‍ഗണന നല്‍കാറുള്ളതെന്ന ഒരു ചിന്തപൊതുവിലുണ്ട്. എന്തെന്നാല്‍ അത്തരത്തിലുള്ള ജനങ്ങള്‍ക്കിടയിലാകുമ്പോള്‍ അത് വളരെയധികം സുഖം നല്‍കുന്നതാണ്. എനിക്കും അത്തരം ചുറ്റുപാടുകള്‍ വളരെ വിലപ്പെട്ടതാണ്, എന്നാല്‍ ഒരാളുടെ ചിന്താപ്രക്രിയയ്ക്ക് അതീതമായി വ്യക്തികളും സംഘടനകളുമായി നിരന്തരവും സ്ഥായിയായതുമായ ആശയവിനിമയം ഉണ്ടാകണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
നമ്മള്‍ എല്ലാ കാര്യത്തിലും യോജിക്കണമെന്നില്ല, എന്നാല്‍ വിവിധ ധാരകള്‍ക്കും മറ്റൊരാളിന്റെ വീക്ഷണം ഉള്‍ക്കൊള്ളുന്നതിനുമുണള്ള മര്യാദയുണ്ടാകണം. ഇവിടെ എന്റെ ചിന്താഗതിയുമായി യോജിക്കത്തക്ക അധികം ആളുകളില്ലാത്ത ഒരു വേദിയിലാണ് ഞാനുള്ളത്. എന്നാല്‍ ഇവിടെ, ചിന്തിക്കുന്ന ആളുകള്‍ ആവശ്യത്തിനുണ്ട്., അവരുടെ സൃഷ്ടിപരമായ വിമര്‍ശനത്തെയാണ് ഞാന്‍ ഏറെ ഉറ്റുനോക്കുന്നത്.
സുഹൃത്തുക്കളെ,
ഒരു നൂറ്റാണ്ടായി മലയാളികളുടെ മനസിന്റെ ഒരു ഭാഗമാണ് മലയാള മനോരമ എന്ന് എനിക്ക് ബോദ്ധ്യമുണ്ട്. അതിന്റെ റിപ്പോര്‍ട്ടുകളിലൂടെ കേരള പൗന്‍മാരരെ അത് കൂടുതല്‍ ബോധമുള്ളവരാക്കിയിട്ടുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നതിലും ഇത് ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. നിരവധി യുവാക്കള്‍, പ്രത്യേകിച്ച് മത്സരപരീക്ഷകള്‍ക്ക് പങ്കെടുക്കുന്നവര്‍ നിങ്ങളുടെ ഇയര്‍ബുക്കുകള്‍ വായിച്ചിരിക്കം! അങ്ങനെ തലമുറകള്‍ക്ക് നിങ്ങള്‍ സുപരിചിതരാണ്. ഈ മഹത്തായ യാത്രയുടെ ഭാഗമായ എല്ലാ എഡിറ്റര്‍മാരെയും റിപ്പോര്‍ട്ടര്‍മാരെയും മറ്റ് സ്റ്റാഫുകളേയും ഞാന്‍ വന്ദിക്കുന്നു.
സുഹൃത്തുക്കളെ,
ഈ കോണ്‍ക്ലേവിന്റെ സംഘാടകര്‍ -നവ ഇന്ത്യ എന്ന വളരെ താല്‍പര്യമുള്ള ഒരു വിഷയമാണ് എടുത്തിരിക്കുന്നത്. വിമര്‍ശകള്‍ നിങ്ങളോട് ചോദിക്കാം-നിങ്ങളും ഇപ്പോള്‍ മോദിജിയുടെ ഭാഷയാണോ സംസാരിക്കുന്നത്? അതിന് നിങ്ങള്‍ക്ക് നിങ്ങളുടേതായ മറുപടിയുണ്ടാകാം! എന്നാല്‍ എന്റെ ഹൃദയത്തിനോട് വളരെ അടുത്ത് നില്‍ക്കുന്ന ഒരു വിഷയം നിങ്ങള്‍ തെരഞ്ഞെടുത്ത സാഹചര്യത്തില്‍ നവ ഇന്ത്യയുടെ ചൈതന്യത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നത് എന്താണെന്ന് നിങ്ങളുമായി പങ്കുവയ്ക്കാം.
സുഹൃത്തുക്കളെ,
നമ്മള്‍ ചലിച്ചാലും ഇല്ലെങ്കിലും, നമ്മള്‍ മാറ്റങ്ങളോട് തുറന്ന സമീപനം സ്വീകരിച്ചാലും ഇല്ലെങ്കിലും ഇന്ത്യ അതിവേഗത്തില്‍ മാറുകയാണ്, ഈ മാറ്റം നല്ലതിന് വേണ്ടിയാണ് സംഭവിക്കുന്നതെന്നും ഞാന്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്. നവ ഇന്ത്യയുടെ സ്വഭാവത്തിന്റെ കാതല്‍ വ്യക്തികളുടെ അഭിലാഷവും, കൂട്ടായ കഠിനാദ്ധ്വാനവുമാണ്. നവ ഇന്ത്യ എന്നത് പങ്കാളിത്ത ജനാധിപത്യവും പൗരകേന്ദ്രീകരണ ഗവണ്‍മെന്റും ക്രിയാത്മകമായ പൗരാവലിയുമാണ്. പ്രതികരിക്കുന്ന ജനങ്ങളുടെയും പ്രതികരിക്കുന്ന ഗവണ്‍മെന്റിന്റേയും കാലമാണ് നവ ഇന്ത്യ.
ബഹുമാന്യരായ അതിഥികളെ, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി, അഭിലാഷം എന്ന വാക്കിനെ മോശമാക്കിയ ഒരു സംസ്‌ക്കാരം നിലനിന്നിരുന്നു. നിങ്ങളുടെ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ വാതിലുകള്‍ തുറക്കും. നിങ്ങള്‍ സ്വാധീനശക്തിയുള്ള സംഘത്തിലെ അംഗമാണോ എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു വിജയം. വലിയ നഗരങ്ങള്‍ വലിയ സ്ഥാപനങ്ങളേയും വലിയ കുടുംബങ്ങളെയും തെരഞ്ഞെടുക്കുമായിരുന്നു-ഇതൊക്കയായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത്. ലൈസന്‍സ് രാജ്, പെര്‍മിറ്റ് രാജ് എന്നിവയുടെ സാമ്പത്തിക സംസ്‌ക്കാരം വ്യക്തിപരമായ അഭിലാഷങ്ങളുടെ ഹൃദയത്തിലാണ് പ്രഹരിച്ചത്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ നല്ലതിനുവേണ്ടി മാറിക്കൊണ്ടിരിക്കുകയാണ്. വളരെ ഊര്‍ജ്ജസ്വലമായ സ്റ്റാര്‍ട്ട് അപ്പ് സംവിധാനത്തില്‍ നമുക്ക് നവ ഇന്ത്യയുടെ ഉന്മേഷം കാണാനാകും. പ്രതിഭയുള്ള ആയിരക്കണക്കിന് യുവാക്കള്‍ ഒന്നാന്തരമായ വേദികള്‍ സൃഷ്ടിക്കുകയാണ്, അവരുടെ സംരംഭകത്വത്തിനുള്ള ഉന്മേഷം പ്രദര്‍ശിപ്പിക്കുകയാണ്. കായികമേഖലയിലും നമുക്ക് ഈ ഉന്മേഷം കാണാനാകും.
മുമ്പ് നമ്മളുടെ സാന്നിദ്ധ്യം ഒട്ടുമില്ലായിരുന്ന പല മേഖലകളിലും ഇന്ത്യ ഇന്ന് മികവ് പ്രകടിപ്പിക്കുകയാണ്. അത് സ്റ്റാര്‍ട്ട് അപ്പുകളോ, കായികവേദിയോ ആയിക്കോട്ടെ, ആരാണ് ഈ ഊര്‍ജ്ജസ്വലത ശക്തിപ്പെടുത്തുന്നത്? ഇതുവരെ ഭൂരിഭാഗം ജനങ്ങളും കേട്ടിട്ടുപോലുമില്ലാത്ത ചെറിയ ഗ്രാമങ്ങളിലില്‍ നിന്നും നഗരങ്ങളില്‍ നിന്നുമുള്ള ധൈര്യശാലികളായ യുവാക്കളാണ്. അവര്‍ ഒരു അംഗീകരിക്കപ്പെട്ട കുടുംബത്തില്‍പ്പെട്ടവരോ, വലിയ ബാങ്ക് ബാലന്‍സുകളോ ഉള്ളവരല്ല. ആത്മസമര്‍പ്പണവും അഭിലാഷവുമാണ് അവര്‍ക്ക് ധാരാളമായുള്ളത്. ഈ അഭിലാഷങ്ങളെ അവര്‍ മികവാക്കി പരിവര്‍ത്തനപ്പെടുത്തി, ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തുകയാണ്. ഇതാണ് എന്നെ സംബന്ധിച്ചിടത്തോളം നവ ഇന്ത്യയുടെ ഊര്‍ജ്ജം. യുവാക്കളുടെ കുടുംബപേര് കാര്യമാകാത്ത ഇന്ത്യയാണിത്. സ്വന്തമായൊരു പേര് ഉണ്ടാക്കാനുള്ള അവരുടെ കഴിവ് മാത്രമാണ് ഇവിടെ വേണ്ടത്. ആരായാലും അഴിമതി ഒരിക്കലും തെരഞ്ഞെടുക്കാന്‍ കഴിയാത്ത ഒരു ഇന്ത്യയാണിത്. കാര്യക്ഷമതമാത്രമാണ് മാനദണ്ഡം.
സുഹൃത്തുക്കളെ,
തെരഞ്ഞെടുക്കപ്പെട്ട ചിലരുടെ ശബ്ദമല്ല നവ ഇന്ത്യ. അത് 130 കോടി ഇന്ത്യാക്കാരില്‍ ഓരോരുത്തതുടെയും ശബ്ദമാണ്. മാധ്യമവേദികള്‍ ഈ ജനങ്ങളുടെ ശബ്ദം ശ്രവിക്കേണ്ടത് അനിവാര്യവുമാണ്. ഇന്ന് ഓരോ പൗരനും രാജ്യത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ആഗ്രഹിക്കുകയാണ്. ഓരോ പൗരന്മാരും രാജ്യത്തിന് വേണ്ടി ഒന്നുകില്‍ സംഭാവനചെയ്യാനോ ത്യാഗം ചെയ്യാനോ ആഗ്രഹിക്കുകയാണ്. ഒറ്റപ്രാവശ്യം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനുള്ള അടുത്തകാലത്തെ നടപടി ഉദാഹരണമായെടുക്കാം. ഇത് നരേന്ദ്രമോദിയുടെ ആശയമോ പ്രയത്‌നമോ അല്ല. ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികവേളയില്‍ ഒറ്റപ്രാവശ്യം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള ദൗത്യം ഇന്ത്യയിലെ ജനങ്ങള്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു. ഇതെല്ലാം അനിതരസാധാരണ സമയമാണ്, അതുകൊണ്ടുതന്നെ നമ്മുടെ രാജ്യത്തെ പരിവര്‍ത്തനപ്പെടുത്താനുള്ള ഒരു അവസരവും നഷ്ടപ്പെടുത്താന്‍ പാടില്ല.
സുഹൃത്തുക്കളെ,
ഒരു ഗവണ്‍മെന്റ് എന്ന നിലയില്‍ ഇന്ത്യയെ മെച്ചപ്പെടുത്തുന്നതിനായി വ്യക്തികളുടെ അഭിലാഷങ്ങളും കൂട്ടായ പ്രയത്‌നവും പ്രോഷിപ്പിക്കുന്നതിന് നമ്മളെകൊണ്ട് സാദ്ധ്യമായ എല്ലാം ചെയ്തു. വിലകള്‍ നിയന്ത്രണത്തിലാക്കിയും, അഞ്ചുവര്‍ഷം കൊണ്ട് 1.25 കോടി പാര്‍പ്പിടങ്ങള്‍ നിര്‍മ്മിച്ചും, എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചു, എല്ലാ കൂടുംബങ്ങള്‍ക്കും വെള്ളം ലഭ്യമാക്കിയും, നമ്മുടെ യുവാക്കള്‍ക്ക് ശരിയായ സഹായകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് ലക്ഷ്യം വച്ചും ആരോഗ്യ-വിദ്യാഭ്യാസ പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ടും ജീവിതം സുഗമമാക്കുന്നത് മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ നടപടികളും കൈക്കൊണ്ടു. ഈ ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചതിന്റെ വേഗതയും വ്യാപ്തിയൂം ആശ്ചര്യമുണ്ടാക്കുന്നതാണ്. നമ്മള്‍ ഏറ്റവും അവസാന മൈല്‍പോലും അത്ഭുകരമായ വേഗതയിലും അളവിലുമാണ് എത്തിച്ചേര്‍ന്നത്. 36 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു, ചെറുകിട സംരംഭങ്ങള്‍ക്ക് 20 കോടി വായ്പകള്‍ നല്‍കി, പുകരഹിത അടുക്കളയ്ക്കായി 8 കോടിയിലേറെ പാചകവാത കണക്ഷനുകള്‍ ഉറപ്പാക്കി, റോഡ് നിര്‍മ്മാണത്തിന്റെ വേഗത ഇരട്ടിയാക്കി.
ഇതെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രമാണ്. എന്നാല്‍ എന്നെ സന്തോഷവാനാക്കുന്നതും എന്നെ സംബന്ധിച്ചിടത്തോളം നവ ഇന്ത്യയുടെ സത്തയെന്നതും, ഇന്ത്യയിലെ ജനങ്ങള്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക് മുകളില്‍ ഉയര്‍ന്നുകൊണ്ട് സാമൂഹികതാല്‍പര്യത്തെ നോക്കി കാണുന്നതാണ്. പിന്നെന്തിനാണ് പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ ജന്‍ധന്‍ അക്കൗണ്ടുകളില്‍ ഇവ പൂജ്യം ബാലന്‍സ് അക്കൗണ്ടുകളായിട്ടുകൂടി ഒരു ലക്ഷം കോടി നിക്ഷേപിക്കണം? പിന്നെന്തിനാണ് നമ്മുടെ ഇടത്തരക്കാര്‍ അവരുടെ സ്വന്തം പാചകവാതക സബ്‌സിഡി വേണ്ടെന്ന് വയ്ക്കുന്നത്? ഒരു അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ നമ്മുടെ മുതിര്‍ന്നവര്‍ എന്തുകൊണ്ട് അവരുടെ റെയില്‍വേ ഇളവുകള്‍ വേണ്ടെന്ന് വച്ചു?
ഒരു നൂറ്റാണ്ടിന് മുമ്പ് ഗാന്ധിജി പറഞ്ഞതിന്റെ ആവിഷ്‌ക്കാരമായിരിക്കാം ഇത്. ഇന്ത്യയുടെ പരിവര്‍ത്തനത്തില്‍ വെറുമൊരു കാഴ്ചക്കാരനായിരിക്കാനല്ല, അതില്‍ തങ്ങളുടെ പങ്ക് നിര്‍വഹിക്കാനുള്ള ആത്മാര്‍ത്ഥമായ ഒരു ആഗ്രഹം ഇന്നുണ്ട്. നികുതിദായകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതില്‍ ഒരു അതിശയവുമില്ല. ഇന്ത്യയെ മുന്നോട്ടു നയിക്കണമെന്ന് ജനങ്ങള്‍ തീരുമാനിച്ചു!
സുഹൃത്തുക്കളെ,
മുമ്പ് സമ്പൂര്‍ണ്ണമായി അസാദ്ധ്യമെന്ന് കരുതിയിരുന്ന മാറ്റങ്ങളാണ് ഇന്ന് നിങ്ങള്‍ കാണുന്നത്. ഹരിയാനപോലൊരു സംസ്ഥാനത്ത് ഗവണ്‍മെന്റ് ജോലിയിലേക്കുള്ള നിയമനങ്ങള്‍ക്കുള്ള തെരഞ്ഞെടുപ്പ് സുതാര്യമായി നടത്താന്‍ കഴിയുമെന്നത് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. ഹരിയാനയിലെ ഗ്രാമങ്ങളിലേക്ക് പോകൂ, വളരെ സുതാര്യമായി നിയമനങ്ങള്‍ക്ക് വേണ്ടി തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ചാണ് അവിടെ ജനങ്ങള്‍ സംസാരിക്കുന്നത്. റെയില്‍വേ സ്‌റ്റേഷനുകളില്‍ വൈ-ഫൈ സൗകര്യം ജനങ്ങള്‍ ഉപയോഗിക്കുന്നത് ഇപ്പോള്‍ സാധാരണയായിട്ടുണ്ട്.
ഇതൊക്കെ യാഥാര്‍ത്ഥ്യമാകുമെന്ന് ആര് ചിന്തിച്ചു. മുമ്പ് പ്ലാറ്റഫോമുകള്‍ ചരക്കുകളും യാത്രക്കാരുമായി ബന്ധപ്പെട്ടത് മാത്രമായിരുന്നു. ഇന്ന് ടയര്‍-2, ടയര്‍-3 നഗരങ്ങളില്‍ സ്‌കൂളുകള്‍ക്കോ കോളജുകള്‍ക്കോ ശേഷം വിദ്യാര്‍ത്ഥികള്‍ സ്‌റ്റേഷനുകളിലേക്ക് പോയി സൗജന്യ വൈ-ഫൈയും എക്‌സെല്ലും ഉപയോഗിക്കുന്നു. സംവിധാനങ്ങള്‍ അതുതന്നെയാണ്, ജനങ്ങളും അതുതന്നെയാണ്, എന്നിട്ടും താഴേത്തട്ടില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു.
സുഹൃത്തുക്കളെ,
ഇന്ത്യയുടെ ഉന്മേഷം എങ്ങനെ മാറിയെന്നത് രണ്ടു വാക്കുകള്‍ ഉപയോഗിച്ച് എങ്ങനെ സംഗ്രഹിക്കാന്‍ കഴിയും. അഞ്ചുവര്‍ഷത്തിന് മുമ്പ് ജനങ്ങള്‍ ചോദിച്ചിരുന്നു-ഞങ്ങള്‍ക്കാകുമോ? അഴുക്കില്‍ നിന്ന് എപ്പോഴെങ്കിലും നമുക്ക് മോചനമുണ്ടാകുമോ? നയസ്തംഭനത്തെ എന്നെങ്കിലും നമുക്ക് മാറ്റാനാകുമോ? നമുക്ക് എന്നെങ്കിലും അഴിമതിയില്ലാതാക്കാനാകുമോ? ഇന്ന് ജനങ്ങള്‍ പറയുന്നു നമുക്കാകും! നമ്മള്‍ ഒരു സ്വച്ച് ഭാരത് ആകും. നമ്മള്‍ അഴിമതിരഹിത രാജ്യമാകും. സദ്ഭരണം നമ്മള്‍ ഒരു പൊതുജന പ്രസ്ഥാനമാക്കും. 'ഇച്ഛാശക്തി' എന്ന വാക്ക് മുമ്പ് നമുക്ക് അശുഭ ചോദ്യമായിരുന്നെങ്കില്‍ ഇന്ന് അത് യുവത്വരാജ്യത്തിന്റെ ശുഭോന്മേഷത്തിന്റെ പ്രതിഫലനമാണ്.
സുഹൃത്തുക്കളെ,
നവ ഇന്ത്യ സൃഷ്ടിക്കുന്നതിന് ഗവണ്‍മെന്റ് എങ്ങനെ സമഗ്രമായി പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ ഒരു ഉദാഹരണം നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. നമ്മുടെ ഗവണ്‍മെന്റ് പാവപ്പെട്ടവര്‍ക്കായി 1.5 കോടി ഭവനങ്ങള്‍ അതിവേഗത്തില്‍ നിര്‍മ്മിച്ചുവെന്നത് നിങ്ങള്‍ക്കൊക്കെ അറിവുള്ളതാണ്. മുന്‍ ഗവണ്‍മെന്റിനെ അപേക്ഷിച്ച് ഇത് വലിയ മെച്ചപ്പെടലാണ്. പദ്ധതികളും ഫണ്ടുകളും മുമ്പുമുണ്ടായിരുന്നു, നിങ്ങള്‍ എന്താണ് വ്യത്യസ്തമായി ചെയ്തതെന്ന് നിരവധിപേര്‍ എന്നോട് ചോദിക്കുന്നുണ്ട്. അവര്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവകാശമുണ്ട്.
ആദ്യമായി, നാം കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയല്ല, വീടുകള്‍ കെട്ടിപ്പടുക്കുകയാണെന്ന ബോധം നമുക്കുണ്ട്. അപ്പോള്‍ വെറും നാലുചുവരുകള്‍ കെട്ടുകയെന്ന ആശയത്തില്‍ നിന്നും നമ്മള്‍ വ്യതിചലിക്കേണ്ടിയിരുന്നു. കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുക, കൂടുതല്‍ മൂല്യങ്ങള്‍ നല്‍കണം, കുറഞ്ഞ സമയത്ത് അധിക ചെലവില്ലാതെ നല്‍കുകയെന്നതാണ് നമ്മുടെ സമീപനം.
നമ്മുടെ ഗവണ്‍മെന്റ് നിര്‍മ്മിക്കുന്ന പാര്‍പ്പിടങ്ങള്‍ക്ക് വളരെ കടുത്ത വാസ്തുശില്‍പ്പ സമീപനം എടുക്കാറില്ല. പ്രാദേശിക ആവശ്യങ്ങള്‍ക്കും ജനങ്ങളുടെ താല്‍പര്യത്തിനും അടിസ്ഥാനത്തിലാണ് നമ്മള്‍ വീടുകള്‍ നിര്‍മ്മിക്കുന്നത്. എല്ലാ അടിസ്ഥാനപരമായ സൗകര്യങ്ങളും നല്‍കുന്നതിനായി നമ്മള്‍ വിവിധ ഗവണ്‍മെന്റ് പദ്ധതികളെ സംയോജിപ്പിച്ചു. അതുകൊണ്ട് വീടുകള്‍ക്ക് വൈദ്യുതി, പാചകവാതക കണക്ഷന്‍, ശൗചാലയം തുടങ്ങി അത്തരം എല്ലാ സൗകര്യങ്ങളുമുണ്ടാകും.
കൂടുതല്‍ മൂല്യങ്ങള്‍ നല്‍കുന്നതിനായി നാം ജനങ്ങളുടെ ആവശ്യം കേള്‍ക്കുകയും വിസ്തീര്‍ണ്ണം മാത്രമല്ല, നിര്‍മ്മാണ തുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്തു. വനിതകളുള്‍പ്പെടെ പ്രാദേശിക കൈത്തൊഴിലാളികളേയും മറ്റു തൊഴിലാളികളേയുമാണ് നമ്മള്‍ ഉള്‍ക്കൊള്ളിച്ചത്. കുറഞ്ഞ സമയത്ത് അധികചെലവില്ലാതെ ഇവ നല്‍കുന്നതിനായി ഈ പ്രക്രിയയില്‍ നാം സാങ്കേതികവിദ്യയെ പ്രധാനപ്പെട്ട ഘടകമാക്കി. ഭരണസംവിധാനത്തിന് വ്യക്തമായ ഒരു ചിത്രം ലഭിക്കുന്നതിനായി നിര്‍മ്മാണത്തിന്റെ ഓരോഘട്ടത്തിലേയൂം ഫോട്ടോകള്‍ ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്തു. നേരിട്ടുള്ള പണംകൈമാറ്റം ചോര്‍ച്ചയില്ലാതാക്കുകയും സമ്പൂര്‍ണ്ണ തൃപ്തി നല്‍കുകയും ചെയ്തു. ഇപ്പോള്‍ നിങ്ങള്‍ തിരിഞ്ഞുനോക്കിയാല്‍ ഈ ഓരോ ഇടപെടലുകളും ഇല്ലാതെ ഇത് വിജയകരമാവില്ലായിരുന്നുവെന്ന് അറിയാനാകും. സാങ്കേതികവിദ്യയ്ക്ക് മാത്രമായോ, പദ്ധതികള്‍ സംയോജിപ്പിച്ചതുകൊണ്ടു മാത്രമോ ഈ പ്രശ്‌നങ്ങള്‍ പഹരിക്കാനാവില്ലായിരുന്നു. സമഗ്രമായ ഫലം നല്‍കുന്നതിന് വേണ്ടി എല്ലാ ഇടപെടലുകളും ഒന്നിച്ചുവരുമ്പോഴാണ് വലിയതോതിലുള്ള പരിഹാരം സാദ്ധ്യമാകുന്നത്. ഇതാണ് ഈ ഗവണ്‍മെന്റിന്റെ മുഖമുദ്ര.
സുഹൃത്തുക്കളെ,
നമ്മുടെ നവ ഇന്ത്യയെക്കുറിച്ചു്‌ളള വീക്ഷണം രാജ്യത്തിനുള്ളില്‍ താമസിക്കുന്നവരെ സംരക്ഷിക്കുക മാത്രമല്ല, പുറത്തുള്ളവരെക്കൂടി സംരക്ഷിക്കുകയാണ്. വിദേശത്തുള്ള ഇന്ത്യന്‍ വംശജര്‍ നമ്മുടെ അഭിമാനമാണ്, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അവര്‍ സംഭാവനചെയ്യുന്നു.വിദേശത്തുള്ള ഒരു ഇന്ത്യാക്കാരന്‍ എപ്പോഴൊക്കെ ഒരു പ്രതിസന്ധി അഭിമുഖീകരിക്കുന്നുവോ, അപ്പോഴൊക്കെ അത് പരിഹരിക്കുന്നതിന് നമ്മള്‍ മുന്നിലുണ്ട്. പശ്ചിമേഷ്യയിലെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യന്‍ നഴ്‌സുമാരെ പിടിച്ചുവച്ചിരുന്നപ്പോള്‍ അവരെ തിരികെ നാട്ടില്‍ കൊണ്ടുവരുന്നതിന് ഒരു ശ്രമവും പാഴാക്കിയില്ല. കേരളത്തിന്റെ മറ്റൊരു പുത്രനായ ഫാദര്‍ ടോമിനെ പിടിച്ചുവച്ചപ്പോഴും ഇതേ ഉണര്‍വ് പ്രകടമായതാണ്. യെമനില്‍ നിന്ന് നിരവധി ആളുകള്‍ തിരിച്ചുവന്നു.
നിരവധി പടിഞ്ഞാറന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളില്‍ ഞാന്‍ പോയി, ഇന്ത്യാക്കാരുമായി സമയം ചെലവഴിക്കുകയായിരുന്നു അവിടെ എന്റെ അജണ്ടയില്‍ പ്രധാനം. ഒരു ബഹറിന്‍ സന്ദര്‍ശനം കഴിഞ്ഞ് ഞാന്‍ ഇപ്പോള്‍ തിരിച്ചുവന്നിട്ടേയുള്ളു. ഈ രാജ്യം ഒരു മുല്യമുള്ള സുഹൃത്തും നിരവധി ഇന്ത്യാക്കരുടെ വീടുമാണ്, എന്നാല്‍ ഒരിക്കല്‍പോലും ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി അവിടെ സന്ദര്‍ശിച്ചിട്ടില്ല. ഈ ബഹുമതി എനിക്ക് വേണ്ടി വച്ചിരിക്കുകയായിരുന്നു! അവിടുത്തെ രാജകുടുംബത്തിന്റെ കാരുണ്യപരമായ ഒരു തീരുമാനം അവിടെ തടവില്‍ കഴിയുന്ന 250 ഇന്ത്യാക്കാര്‍ക്ക് മാപ്പ് നല്‍കാനുള്ള തീരുമാനമായിരുന്നു. ഒമാനും സൗദി അറേബ്യയും ഇതേപോലുള്ള മാപ്പ്‌നല്‍കല്‍ നടത്തി. നേരത്തെതന്നെ സൗദി അറേബ്യ ഇന്ത്യയുടെ ഹജ്ജ് ക്വാട്ടയും ഉയര്‍ത്തിയിരുന്നു.
സുഹൃത്തുക്കളെ, യു.എ.ഇയില്‍ അടുത്തിടെ നടത്തിയ എന്റെ സന്ദര്‍ശനത്തില്‍ റുപേകാര്‍ഡ് അവിടെ നടപ്പാക്കി, ബഹറിനിലും അധികം വൈകാതെ തന്നെ റുപേകാര്‍ഡ് പ്രാബല്യത്തില്‍ വരും. ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ നാട്ടില്‍ പണമയക്കുന്ന ബഹറിനില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഗുണംചെയ്യും. ഗള്‍ഫുമായി ഇന്ത്യയുടെ ബന്ധം എക്കാലത്തെക്കാളും മികച്ചരീതിയിലാണെന്ന് കേള്‍ക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. സാധാരണ പൗരന്മാര്‍ക്കാണ് ഇതില്‍ ഏറ്റവും കൂടുതല്‍ നന്ദപറയേണ്ടതെന്ന് പറയേണ്ട ആവശ്യമില്ല.
സുഹൃത്തുക്കളെ,
നവ ഇന്ത്യയുടെ ഉന്മേഷം മാധ്യമങ്ങളിലും ഇന്ന് കാണാനാകുന്നുണ്ട്, ഇന്ത്യയ്ക്ക് വളരെ വൈവിദ്ധ്യമുള്ളതും വളരുന്നതുമായ ഒരു മാധ്യമമാണുള്ളത്. ദിനപത്രങ്ങള്‍, മാസികകള്‍, ടി.വി. ചാനലുകള്‍, വെബ്‌സൈറ്റുകള്‍ എന്നിവയുടെ എണ്ണം സ്ഥിരമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് വിവിധ പ്രവര്‍ത്തനങ്ങളില്‍ അത് സ്വച്ച് ഭാരത് ആയിക്കോട്ടെ, ഒറ്റപ്രാവശ്യംഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഇല്ലാതാക്കുന്നതിനാകട്ടെ, ജലസംരക്ഷണമാകട്ടെ, കായികക്ഷമയുള്ള ഇന്ത്യ പ്രസ്ഥാനമാകട്ടെ മറ്റെന്തുമാകട്ടെ മാധ്യമങ്ങള്‍ നടത്തിയ ഗുണപരമായ ഇടപെടലുകളും ഞാന്‍ ഉയര്‍ത്തിക്കാട്ടട്ടെ. ഈ പ്രവര്‍ത്തനങ്ങളെല്ലാം അവര്‍ അവരുടേതാക്കുകയുംഅതിശയകരമായ കാര്യങ്ങള്‍ക്കായി ജനങ്ങളെ അവര്‍ ഒന്നിച്ചുകൂട്ടുകയും ചെയ്തു.
സുഹൃത്തുക്കളെ, കാലങ്ങളായി കാലത്തിനും ദേശങ്ങള്‍ക്കും അപ്പുറം ജനകീയമായ ആശയങ്ങള്‍ക്ക് സഞ്ചരിക്കുന്നതിന് ഭാഷകളാണ് ഏറ്റവും ശക്തമായ വാഹനങ്ങളായി പ്രവര്‍ത്തിക്കുന്നത്. ഇത്രയധികം ഭാഷകളുള്ള ലോകത്തെ ഏക രാജ്യം ഇന്ത്യയായിരിക്കും. ഒരുവിധത്തില്‍ ഇത് വൈവിദ്ധ്യത്തിന്റെ ശക്തിയാണ്. എന്നാല്‍ രാജ്യത്തെ വിഭജിക്കുന്ന കൃത്രിമ ഭിത്തികള്‍ നിര്‍മ്മിക്കാനും ഭാഷകളെ ചൂഷണം ചെയ്യാറുണ്ട്. ഇന്ന് ഞാന്‍ വിനീതമായ ഒരു അഭിപ്രായം മുന്നോട്ടു വയ്ക്കുന്നു. നമുക്ക് ഭാഷയുടെ ശക്തി ഇന്ത്യയെ യേജിപ്പിക്കാനായി ഉപയോഗിക്കാന്‍ കഴിയില്ലേ?
വിവിധ ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങളെ അടുപ്പിക്കുന്നതിന് ഒരു പാലത്തിന്റെ പങ്ക് മാധ്യമങ്ങള്‍ക്ക് വഹിക്കാന്‍ കഴിയില്ലേ? കാണുന്നപോലെ അത്ര കടുപ്പമല്ല ഇത്. രാജ്യത്ത് സംസാരിക്കുന്ന 10-12 ഭാഷകളില്‍ നമുക്ക് ഒരു വാക്ക് ലളിതമായി പ്രസിദ്ധീകരിക്കാന്‍ കഴിയും. ഒരു വര്‍ഷം കൊണ്ട് ഒരു വ്യക്തിക്ക് വിവിധ ഭാഷകളിലുള്ള 300 വാക്കുകള്‍ പഠിക്കാനാകും. ഒരു വ്യക്തി ഒരിക്കല്‍ മറ്റൊരു ഭാഷ പഠിച്ചുകഴിഞ്ഞാല്‍, അയാള്‍ക്ക് ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ ഏകത്വത്തിനെ പ്രോത്സാഹിപ്പിക്കാന്‍ കഴിയും. ഇത് വിവിധ ഭാഷകള്‍ പഠിക്കാന്‍ താല്‍പര്യമുള്ള കൂട്ടങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്യും. ഒരുകൂട്ടം ഹരിയാനക്കാര്‍ മലയാളം പഠിക്കുന്നതും ഒരു കൂട്ടം കന്നടക്കാര്‍ ബംഗാളി പഠിക്കുന്നതും ഒന്നു ചിന്തിച്ചുനോക്കു! ഈ ആദ്യ പചുവടുവെപ്പ് നടത്തിയാല്‍ മാത്രമേ എല്ലാ വലിയ ദൂരങ്ങളും മറികടക്കാനാകൂ. നമുക്ക് ഈ ആദ്യപടി എടുക്കാം?
സുഹൃത്തുക്കളെ,
ഈ ഭൂമിയിലൂടെ സഞ്ചരിച്ച മഹാനായ സന്യാസിമാര്‍, സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത നമ്മുടെ പൂര്‍വ്വ പിതാക്കള്‍ എന്നിവര്‍ക്കൊക്കെ മഹത്തായ സ്വപ്‌നങ്ങളുണ്ടായിരുന്നു. 21-ാം നൂറ്റാണ്ടില്‍ അവ സാക്ഷാത്കരിക്കുകയും അവര്‍ക്ക് അഭിമാനകരമാകുന്ന ഇന്ത്യ നിര്‍മ്മിക്കുകയുമാണ് നമ്മുടെ കടമ.
നമുക്ക് ഇത് നേടാന്‍ കഴിയും, വരുംകാലത്ത് ഒന്നിച്ചുനിന്ന് ഇതിലുമധികം നേടാനാകുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.
ഒരിക്കല്‍ കൂടി മലയാള മനോരമ ഗ്രൂപ്പിന് എന്റെ ആശംസകള്‍, എന്നെ ക്ഷണിച്ചതിന് ഞാന്‍ നിങ്ങളോടെല്ലാം നന്ദിപറയുന്നു.
നന്ദി…വളരെയധികം നന്ദി.