നമസ്‌കാരം!
മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ ഭഗത് സിംഗ് കോശ്യാരി ജി, മുഖ്യമന്ത്രി ശ്രീ ഉദ്ധവ് താക്കറെ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ അശ്വിനി വൈഷ്ണവ് ജി, റാവുസാഹേബ് ദന്‍വേ ജി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ജി, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ജി, എംപിമാര്‍, എംഎല്‍എമാര്‍, സഹോദരീ സഹോദരന്മാരേ!
നാളെ ഛത്രപതി ശിവജി മഹാരാജിന്റെ ജന്മദിനമാണ്. ഒന്നാമതായി, ഇന്ത്യയുടെ അഭിമാനത്തിന്റെയും സ്വത്വത്തിന്റെയും സംസ്‌കാരത്തിന്റെയും സംരക്ഷകനായ മഹാനായ നായകന്റെ പാദങ്ങളില്‍ ഞാന്‍ ആദരവോടെ വണങ്ങുന്നു ശിവജി മഹാരാജിന്റെ ജന്മവാര്‍ഷികത്തിന് ഒരു ദിവസം മുമ്പ് താനെയ്ക്കും ദിവയ്ക്കും ഇടയില്‍ പുതുതായി നിര്‍മ്മിച്ച അഞ്ചാമത്തെയും ആറാമത്തെയും റെയില്‍പ്പാതയുടെ ഉദ്ഘാടനത്തിന്റെ പേരില്‍ ഓരോ മുംബൈക്കാരനും അഭിനന്ദനങ്ങള്‍.
ഈ പുതിയ റെയില്‍പ്പാത മുംബൈയിലെ ജനങ്ങളുടെ ജീവിതത്തില്‍ ഒരു സുപ്രധാന മാറ്റം കൊണ്ടുവരും, അവരുടെ ജീവിത സൗകര്യം മെച്ചപ്പെടുത്തും. ഈ പുതിയ റെയില്‍വേ ലൈന്‍ മുംബൈയുടെ ഒരിക്കലും അവസാനിക്കാത്ത ജീവിതത്തിന് കൂടുതല്‍ ഊര്‍ജം നല്‍കും. ഈ രണ്ട് പാതകളും ആരംഭിക്കുന്നതോടെ മുംബൈ നിവാസികള്‍ക്ക് നേരിട്ട് നാല് ആനുകൂല്യങ്ങള്‍ ലഭിക്കും.
ഒന്നാമതായി, ലോക്കല്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് പ്രത്യേകം പാതകള്‍ ഉണ്ടാകും.
രണ്ടാമത്, മറ്റ് സംസ്ഥാനങ്ങളിലേക്ക് മുംബൈയിലേക്കു വരികയും തിരിച്ചു പോവുകയും ചെയ്യുന്ന ട്രെയിനുകള്‍ ഇനി ലോക്കല്‍ ട്രെയിനുകള്‍ കടന്നുപോകാന്‍ കാത്തിരിക്കേണ്ടതില്ല.
മൂന്നാമത്, മെയില്‍/എക്സ്പ്രസ് തീവണ്ടികള്‍ക്ക് കല്യാണ്‍ മുതല്‍ കുര്‍ള വരെയുള്ള ഭാഗങ്ങളില്‍ തടസ്സമില്ലാതെ ഓടാനാകും.
നാലാമത്തേത്, കല്‍വയിലെയും മുംബ്രയിലെയും സുഹൃത്തുക്കള്‍ എല്ലാ ഞായറാഴ്ചയും ഗതാഗക്കുരുക്കില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു.
സുഹൃത്തുക്കളേ,
സെന്‍ട്രല്‍ റെയില്‍വേ പാതയില്‍ 36 പുതിയ ലോക്കല്‍ ട്രെയിനുകള്‍ ഇന്നു മുതല്‍ ഓടിത്തുടങ്ങും. ഇതില്‍ ഭൂരിഭാഗവും എസി ട്രെയിനുകളാണ്. ലോക്കല്‍ ട്രെയിനുകളുടെ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനും അവ നവീകരിക്കുന്നതിനുമുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണിത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ മുംബൈയിലും മെട്രോ (റെയില്‍) വിപുലീകരിച്ചു. മുംബൈയോട് ചേര്‍ന്നുള്ള സബര്‍ബന്‍ കേന്ദ്രങ്ങളില്‍ മെട്രോ ശൃംഖല അതിവേഗം വിപുലീകരിക്കുകയാണ്.
സഹോദരീ സഹോദരന്മാരേ,
പതിറ്റാണ്ടുകളായി മുംബൈയില്‍ സര്‍വീസ് നടത്തുന്ന ലോക്കല്‍ ട്രെയിനുകള്‍ വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്യണമെന്ന ആവശ്യം ഏറെ പഴക്കമുള്ളതാണ്. ഈ അഞ്ചാമത്തെയും ആറാമത്തെയും പാതയുടെ തറക്കല്ലിട്ടത് 2008-ലാണ്. ഇത് 2015-ല്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു, പക്ഷേ, നിര്‍ഭാഗ്യവശാല്‍, വ്യത്യസ്ത കാരണങ്ങളാല്‍ പദ്ധതി 2014 വരെ സമതുലിതാവസ്ഥയില്‍ തുടര്‍ന്നു. അതിനുശേഷം ഞങ്ങള്‍ അതിന്റെ ജോലികള്‍ ആരംഭിച്ചു.
34 സ്ഥലങ്ങളില്‍ പുതിയ റെയില്‍പ്പാത പഴയതുമായി ബന്ധിപ്പിക്കാനുണ്ടെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. ഞങ്ങളുടെ തൊഴിലാളികളും എഞ്ചിനീയര്‍മാരും നിരവധി വെല്ലുവിളികള്‍ക്കിടയിലും ഈ പദ്ധതി പൂര്‍ത്തിയാക്കി. ഡസന്‍ കണക്കിന് പാലങ്ങളും മേല്‍പ്പാലങ്ങളും തുരങ്കങ്ങളും നിര്‍മ്മിച്ചു. രാഷ്ട്രനിര്‍മ്മാണത്തിനായുള്ള അത്തരം പ്രതിബദ്ധതയെ ഞാന്‍ ഹൃദയപൂര്‍വ്വം അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.
സഹോദരീ സഹോദരന്മാരേ,
സ്വതന്ത്ര ഇന്ത്യയുടെ പുരോഗതിക്ക് മുംബൈ മഹാനഗരം ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. സ്വാശ്രിത ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ മുംബൈയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതിനാല്‍, മുംബൈയില്‍ 21-ാം നൂറ്റാണ്ടിലെ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഞങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധയുണ്ട്. റെയില്‍വേ കണക്ടിവിറ്റിയെക്കുറിച്ച് പറഞ്ഞാല്‍, ആയിരക്കണക്കിന് കോടി രൂപയാണ് ഇവിടെ നിക്ഷേപിക്കുന്നത്. ആധുനികവും മികച്ചതുമായ സാങ്കേതിക വിദ്യകളോടെയാണ് മുംബൈ സബര്‍ബന്‍ റെയില്‍ സംവിധാനം ഒരുക്കുന്നത്. മുംബൈ സബര്‍ബന്റെ ശേഷി ഏകദേശം 400 കിലോമീറ്റര്‍ വര്‍ധിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. സിബിടിസി പോലുള്ള ആധുനിക സിഗ്‌നലിങ് സംവിധാനത്തിനൊപ്പം 19 സ്റ്റേഷനുകള്‍ നവീകരിക്കാനും പദ്ധതിയുണ്ട്.
സഹോദരീ സഹോദരന്മാരേ,
മുംബൈയ്ക്കുള്ളില്‍ മാത്രമല്ല, രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായുള്ള മുംബൈയുടെ റെയില്‍ കണക്റ്റിവിറ്റിക്ക് വേഗതയും ആധുനികതയും ആവശ്യമാണ്. അതിനാല്‍, അഹമ്മദാബാദ്-മുംബൈ അതിവേഗ റെയില്‍ മുംബൈയുടെയും രാജ്യത്തിന്റെയും ഇന്നത്തെ ആവശ്യമാണ്. ഇത് മുംബൈയുടെ സാധ്യതകളെയും സ്വപ്നങ്ങളുടെ നഗരം എന്ന മുംബൈയുടെ ഐഡന്റിറ്റിയെയും ശക്തിപ്പെടുത്തും. ഈ പദ്ധതി അതിവേഗം പൂര്‍ത്തീകരിക്കുക എന്നതാണ് നമ്മുടെ എല്ലാവരുടെയും മുന്‍ഗണന. അതുപോലെ, പടിഞ്ഞാറന്‍ സമര്‍പ്പിത ചരക്ക് ഇടനാഴിയും മുംബൈയ്ക്ക് പുതിയ ഉണര്‍വ് നല്‍കും.
സുഹൃത്തുക്കളേ,
ഇന്ത്യന്‍ റെയില്‍വേയില്‍ ഒരു ദിവസം യാത്ര ചെയ്യുന്നവരുടെ എണ്ണം പല രാജ്യങ്ങളിലെയും ജനസംഖ്യയേക്കാള്‍ വളരെ കൂടുതലാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇന്ത്യന്‍ റെയില്‍വേയെ സുരക്ഷിതവും സൗകര്യപ്രദവും ആധുനികവുമാക്കുന്നത് നമ്മുടെ ഗവണ്‍മെന്റിന്റെ മുന്‍ഗണനകളില്‍ ഒന്നാണ്. കൊറോണ ആഗോള മഹാമാരിക്കും നമ്മുടെ പ്രതിബദ്ധത തകര്‍ക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ചരക്ക് ഗതാഗതത്തില്‍ റെയില്‍വേ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. 8,000 കിലോമീറ്റര്‍ റെയില്‍വേ ലൈനുകളുടെ വൈദ്യുതീകരണവും പൂര്‍ത്തിയായി. ഏകദേശം 4,500 കിലോമീറ്റര്‍ പുതിയ ലൈനുകള്‍ അല്ലെങ്കില്‍ അവയുടെ ഇരട്ടിപ്പിക്കലും പൂര്‍ത്തിയായി. കൊറോണ കാലഘട്ടത്തില്‍ തന്നെ, കിസാന്‍ റെയിലുകള്‍ വഴി ഞങ്ങള്‍ കര്‍ഷകരെ രാജ്യത്തുടനീളമുള്ള വിപണികളുമായി ബന്ധിപ്പിച്ചു.
സുഹൃത്തുക്കളേ,
റെയില്‍വേയിലെ പരിഷ്‌കാരങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ ചരക്കു ഗതാഗത മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഞങ്ങള്‍ക്കറിയാം.അതുകൊണ്ട് തന്നെ കഴിഞ്ഞ ഏഴ് വര്‍ഷമായി റെയില്‍വേയില്‍ എല്ലാവിധ പരിഷ്‌കാരങ്ങളും കേന്ദ്രഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍, ആസൂത്രണം മുതല്‍ നിര്‍വ്വഹണം വരെയുള്ള ഏകോപനത്തിന്റെ അഭാവം കാരണം അടിസ്ഥാന സൗകര്യ പദ്ധതികള്‍ വര്‍ഷങ്ങളോളം തുടര്‍ന്നു. ഈ സമീപനത്തിലൂടെ 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുക്കുക സാധ്യമല്ല.
അതിനാല്‍, ഞങ്ങള്‍ പ്രധാനമന്ത്രി ഗതിശക്തി ദേശീയ കര്‍മപദ്ധതി വികസിപ്പിച്ചെടുത്തു. കേന്ദ്രഗവണ്‍മെന്റിന്റെയും സംസ്ഥാന ഗവണ്‍മെന്റുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സ്വകാര്യ മേഖലയുടെയും എല്ലാ വകുപ്പുകളെയും ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ കൊണ്ടുവരാനുള്ള ശ്രമമാണിത്, അതുവഴി ഏതെങ്കിലും അടിസ്ഥാന സൗകര്യ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഓരോ പങ്കാളിക്കും മുന്‍കൂട്ടി ഉണ്ടായിരിക്കണം. അപ്പോള്‍ മാത്രമേ ഓരോരുത്തര്‍ക്കും അവരവരുടെ ജോലിയുടെ ഭാഗങ്ങള്‍ നിര്‍വഹിക്കാനും കൃത്യമായി ആസൂത്രണം ചെയ്യാനും കഴിയൂ. മുംബൈയ്ക്കും രാജ്യത്തെ മറ്റ് റെയില്‍വേ പദ്ധതികള്‍ക്കുമായി ഞങ്ങള്‍ ഗതിശക്തിയുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ പോകുന്നു.
സുഹൃത്തുക്കള്‍,
ദരിദ്രരും ഇടത്തരക്കാരും ഉപയോഗിക്കുന്ന വിഭവങ്ങളില്‍ നിക്ഷേപം നടത്തേണ്ടതില്ലെന്ന ചിന്ത വര്‍ഷങ്ങളായി ഇവിടെ നിലനില്‍ക്കുന്നു. തല്‍ഫലമായി, ഇന്ത്യയുടെ പൊതുഗതാഗതത്തിന്റെ പ്രതിച്ഛായ എല്ലായ്‌പ്പോഴും തകര്‍ന്നു. എന്നാല്‍ ഇപ്പോള്‍ ആ പഴയ സമീപനം ഉപേക്ഷിച്ചാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. ഇന്ന് ഗാന്ധിനഗര്‍, ഭോപ്പാല്‍ എന്നീ ആധുനിക റെയില്‍വേ സ്റ്റേഷനുകള്‍ റെയില്‍വേയുടെ ഐഡന്റിറ്റിയായി മാറുകയാണ്. ഇന്ന്, 6000-ലധികം റെയില്‍വേ സ്റ്റേഷനുകള്‍ വൈഫൈ സൗകര്യങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് വേഗതയും ആധുനിക സൗകര്യങ്ങളും നല്‍കുന്നു. വരും വര്‍ഷങ്ങളില്‍ 400 പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് സേവനം നല്‍കാന്‍ തുടങ്ങും.
സഹോദരീ സഹോദരന്മാരേ,
ഞങ്ങളുടെ ഗവണ്‍മെന്റ് മറ്റൊരു സമീപനം മാറ്റി, അത് റെയില്‍വേയുടെ സ്വന്തം കഴിവിലുള്ള വിശ്വാസമാണ്. 7-8 വര്‍ഷം മുമ്പ് വരെ രാജ്യത്ത് റെയില്‍ കോച്ച് ഫാക്ടറികളെക്കുറിച്ച് വളരെയധികം നിസ്സംഗത ഉണ്ടായിരുന്നു. ഈ ഫാക്ടറികളുടെ അവസ്ഥ കണക്കിലെടുക്കുമ്പോള്‍, ഈ ഫാക്ടറികള്‍ക്ക് ആധുനിക ട്രെയിനുകള്‍ വികസിപ്പിക്കാന്‍ കഴിയുമെന്ന് ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ കഴിയില്ല. എന്നാല്‍ ഇന്ന് അതേ ഫാക്ടറികളില്‍ വന്ദേ ഭാരത് ട്രെയിനുകളും തദ്ദേശീയ വിസ്റ്റാഡോം കോച്ചുകളും നിര്‍മ്മിക്കുന്നു. ഇന്ന്, തദ്ദേശീയമായ പരിഹാരങ്ങള്‍ ഉപയോഗിച്ച് ഞങ്ങളുടെ സിഗ്‌നലിംഗ് സിസ്റ്റം നവീകരിക്കുന്നതിനായി ഞങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. ഞങ്ങള്‍ക്ക് തദ്ദേശീയമായ പരിഹാരങ്ങള്‍ വേണം, വിദേശ ആശ്രിതത്വത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ ആഗ്രഹിക്കുന്നു.
സുഹൃത്തുക്കളേ,
ഈ പുതിയ സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ മുംബൈയ്ക്കും ചുറ്റുമുള്ള നഗരങ്ങള്‍ക്കും വളരെയധികം പ്രയോജനം ചെയ്യും. ഈ പുതിയ സൗകര്യങ്ങള്‍ ദരിദ്രര്‍ക്കും ഇടത്തരം കുടുംബങ്ങള്‍ക്കും സൗകര്യവും പുതിയ സമ്പാദ്യ മാര്‍ഗവും നല്‍കും. മുംബൈയുടെ നിരന്തരമായ വികസനത്തോടുള്ള പ്രതിബദ്ധതയോടെ, എല്ലാ മുംബൈ നിവാസികളെയും ഞാന്‍ ഒരിക്കല്‍ കൂടി ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു.
വളരെയധികം നന്ദി.