ഇവിടെ കൂട്ടത്തോടെ എത്തിച്ചേര്‍ന്നിരിക്കുന്ന യുവജനങ്ങളേ,
പട്‌ന സര്‍വകലാശാലയില്‍ ഒരു പരിപാടിക്കായി എത്തുന്ന ആദ്യ പ്രധാനമന്ത്രിയാണ് ഞാനെന്ന് നമ്മുടെ മുഖ്യമന്ത്രി എന്നോടു പറയുകയുണ്ടായി. എനിക്കു സഫലമാക്കുന്നതിനു വേണ്ടി ചില നല്ല കാര്യങ്ങള്‍ എന്റെ മുന്‍ഗാമികള്‍ ചെയ്യാതെ പോയതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്. അതുകൊണ്ട് ഈ നല്ല കാര്യം ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചു.
രാജ്യത്തിന്റെ വികസനത്തിനു വലിയ സംഭാവനകള്‍ നല്‍കിയ ഈ സര്‍വകലാശാല കാമ്പസിനെ ആദ്യമായി അഭിവാദ്യം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രശസ്തമായ ഒരു ചൈനീസ് പഴമൊഴിയുണ്ട്: നിങ്ങളുടെ കാഴ്ചപ്പാട് ഒരു വര്‍ഷേേത്തക്കാണെങ്കില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതയ്ക്കുക; നിങ്ങള്‍ മുന്നില്‍ കാണുന്നത് പത്ത് മുതല്‍ ഇരുപത് വരെ വര്‍ഷങ്ങളാണെങ്കില്‍ ഫലവൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുക; നിങ്ങള്‍ വരും തലമുറകളെയാണ് ലക്ഷ്യംവയ്ക്കുന്നതെങ്കില്‍ നല്ല മനുഷ്യരെ ഉല്‍പ്പാദിപ്പിക്കുക. പട്‌ന സര്‍വകലാശാല ഈ പഴമൊഴി ഉദാഹരണം കൊണ്ട് തെളിയിച്ചിരിക്കുന്നു. നൂറ് വര്‍ഷം മുമ്പ് വിത്ത് വിതച്ച ശേഷം, നൂറ് വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി തലമുറകള്‍ ഈ സര്‍വകലാശാലയില്‍ വരികയും പഠിക്കുകയും ചെയ്തു. അവരില്‍ ചിലര്‍ രാഷ്ട്രീയക്കാരായി മാറുകയും ഇവിടെ നി്ന്നു ജയിച്ചു പോയശേഷം വിവിധ മേഖലകളെ സേവിക്കാന്‍ തുടങ്ങുകയും ചെയ്തു. ബീഹാറിലെ പട്‌ന സര്‍വകലാശാലയില്‍ പഠിച്ചിറങ്ങാത്ത അഞ്ച് ഉന്നതോദ്യോഗസ്ഥരെങ്കിലും ഇല്ലാത്തതായി രാജ്യത്തെ ഒരു സംസ്ഥാനവും ഇല്ലെന്ന് ഞാന്‍ ഇന്ന് തിരിച്ചറിയുന്നു.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഞാന്‍ പൊതുവായി കാണാറുണ്ട്. ദിവസവും എണ്‍പതോ നൂറോ പേരുമായി രണ്ടു മണിക്കൂറെങ്കിലും സംസാരിക്കാറുമുണ്ട്. ആ ഉദ്യോഗസ്ഥരില്‍ വലിയൊരു ഭാഗം ബീഹാറില്‍ നിന്നുള്ളവരാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവര്‍ സരസ്വതീ ദേവിയുടെ അനുഗ്രഹമുള്ളവരാണ്. പക്ഷേ, കാലം മാറി. ബീഹാര്‍ സരസ്വതീ ദേവിയാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. പക്ഷേ, ലക്ഷ്്മീദേവിയുടെ അനുഗ്രഹവും ബീഹാറിന് വേണ്ടതുണ്ട്. രണ്ടു ദേവിമാരുടെയും അനുഗ്രഹങ്ങളോടെ ബീഹാറിനെ പുതിയ ഉയരങ്ങളില്‍ എത്തിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് ആഗ്രഹിക്കുന്നു.
ബീഹാറിന്റെ വികസന കാര്യത്തില്‍ നിതീഷ്ജിക്ക് പ്രതിബദ്ധതയുണ്ട്; കിഴക്കന്‍ ഇന്ത്യയുടെ വികസന കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റും പ്രതിജ്ഞാബദ്ധമാണ്. സ്വാതന്ത്ര്യത്തിന്റെ് എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന 2022ഓടെ മറ്റ് വികസിത സംസ്ഥാനങ്ങള്‍ക്കൊപ്പം ബീഹാറിനെയും ഉയര്‍ത്തുകയെന്നതായിരിക്കണം നമ്മുടെ ദൃഢനിശ്ചയം.
ഗംഗാ മാതാവിന്റെ തീരങ്ങളിലാണ് പട്‌ന നഗരം സ്ഥിതി ചെയ്യുന്നത്. ബീഹാറിന്റെ വിജ്ഞാനവും പൈതൃകവും ഗംഗാ നദിയോളം പഴക്കമുള്ളതാണ്. ഇന്ത്യയുടെ വിദ്യാഭ്യാസ ചരിത്രം പരാമര്‍ശിക്കുമ്പോള്‍ നളന്ദയെയോ വിക്രമശിലയെയോ ആര്‍ക്കും മറക്കാനാകില്ല.
മനുഷ്യജീവിതങ്ങളെ പരിഷ്‌ക്കരിക്കുന്നതിനുള്ള സംഭാവന നല്‍കിയതില്‍ ഈ മണ്ണിന്റെ സ്പര്‍ശം ഏല്‍ക്കാത്ത ഒരു മേഖലയും അവശേഷിക്കുന്നില്ല. ഈ മഹത്തായ പാരമ്പര്യത്തിന്റെ പൈതൃകം സ്വയം തന്നെ പ്രചോദനത്തിനുള്ള മഹത്തായ സ്രോതസ്സാണ്. സമ്പന്നമായ ചരിത്രം ഓര്‍മിക്കാന്‍ കഴിയുന്നവര്‍ അത് ഭാവി തലമുറകള്‍ക്ക പകര്‍ന്ന കൊടുക്കാന്‍ പ്രാപ്തരാണ്. അത് മറക്കുന്നവര്‍ തരിശായി കിടക്കും. അതിനാല്‍ അതിന്റെ സൃഷ്ടി കരുത്തുറ്റതാണ്. ഈ ഭൂമിക്ക് വെളിച്ചം പകരാന്‍ ശക്തിയുള്ള അതിന്റെ സങ്കല്‍പ്പവും ഈ മണ്ണില്‍ സാധ്യമാണ്, എന്തുകൊണ്ടെന്നാല്‍ അതിനൊരു ചരിത്രപരമായ പൈതൃകമുണ്ട്, സാംസ്‌കാരിക പൈതൃകമുണ്ട്, ജീവിക്കുന്ന ഉദാഹരണവുമുണ്ട്. മറ്റൊരിടത്തും ഇതുപോലെയൊരു ശക്തിയോ പ്രാപ്തിയോ ഇല്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.
പഠിക്കാന്‍ സ്‌കൂളിലും കോളജിലും നാം പോയിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ, ആ കാലഘട്ടം കഴിഞ്ഞു. ഇന്ന് ലോകം പരിവര്‍ത്തനത്തിലാണ്, ആശയങ്ങള്‍ മാറുന്നു, സാങ്കേതികവിദിയുടെ കടന്നുകയറ്റത്തിനൊപ്പം ജീവിതത്തിന്റെ ഗതി പോലും മാറുന്നു. ഈ വസ്തുതയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളും വന്‍ വെല്ലുവിളികള്‍ നേരിടുന്നു. പുതുതായി പഠിക്കാന്‍ എന്താണുള്ളത് എന്നതിനേക്കുറിച്ചു മാത്രമല്ല വെല്ലുവിളി, മറിച്ച്, പഠിച്ചവയെ എങ്ങനെ മനസില്‍ നിന്ന് ബഹിഷ്‌ക്കരിക്കണം അഥവാ കാലഹരണപ്പെട്ടവയെ പുറന്തള്ളിയിട്ട് പുതിയ കാര്യങ്ങള്‍ പഠിക്കണം എന്നതാണ്.
ഒരിക്കല്‍ ഫോര്‍ബ്‌സ് മാസികയുടെ ശ്രീ. ഫോര്‍ബ്‌സ് രസകരമായൊരു നിര്‍വ്വചനം നല്‍കി. വിജ്ഞാനത്തിന്റെ ആവശ്യം തലച്ചോറിനെ ശൂന്യമാക്കലും പുതിയ ചിന്തകള്‍കൊണ്ട് നമ്മുടെ മനസ്സിനെ നിറയ്ക്കലും പുതിയ കാര്യങ്ങള്‍ നിര്‍വ്വഹിക്കലുമാണെന്ന് അദ്ദേഹം പറഞ്ഞു. വിജ്ഞാനം തലച്ചോറിനെ ശൂന്യമാക്കുകയും ചിന്തകളെ വിശാലമാക്കുകയും ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ചിന്ത തലച്ചോറിനു ഭാരം നല്‍കുന്നതും കാര്യങ്ങള്‍ കുത്തിനിറയ്ക്കുന്നതുമാണ്. നമുക്ക് ശരിയായ അര്‍ത്ഥത്തില്‍ ഒരു മാറ്റം കൊണ്ടുവരണമെങ്കില്‍ പുതിയ ആശയങ്ങള്‍ നമ്മുടെ മനസ്സില്‍ കയറ്റാന്‍ കഴിയുന്ന വിധം മാനസികാവസ്ഥ വിശാലമാക്കുന്ന പുതിയ പ്രചാരണ പരിപാടി നാമെല്ലാം ആരംഭിക്കണം. അതായത് സര്‍വകലാശാലകള്‍ പഠിപ്പിക്കുകയാണ് ചെയ്യേണ്ടത്, ശിക്ഷണം നടത്തുകയല്ല വേണ്ടത്. എങ്ങനെയാണ് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഈ ദിശയിലേക്ക് കൊണ്ടുവരാനാവുക?
മനുഷ്യ സംസ്‌കാരത്തിന്റെ വര്‍ഷങ്ങളായുള്ള വികാസത്തില്‍ ഒരു തരത്തില്‍ ഒരു സ്ഥിരതയുണ്ട്, അത് നവീനത്വമാണ്. എല്ലാ യുഗത്തിലും മനുഷ്യര്‍ അവരുടെ ജീവിതരീതിയില്‍ ചില പുതുമകള്‍ ചേര്‍ത്തിരുന്നു. ഇന്ന് നവീനത്വം മല്‍സരക്ഷമതയുടെ കാലത്തിലൂടെയാണ് കടന്നുപോകുന്നത്. നവീനാശയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന രാജ്യങ്ങള്‍ക്കേ ലോകത്തില്‍ പുരോഗതി കൈവരിക്കാനാവുകയുള്ളു. എന്നാല്‍ സ്ഥാപനങ്ങള്‍ക്ക് കേവലം മിനുക്കുപണിയിലൂടെയുള്ള മാറ്റം നടപ്പാക്കുന്നത് നവീകരണമായി പരിഗണിക്കാനാകില്ല. പഴയതും കാലഹരണപ്പെട്ടതുമായ ചിന്തകളെ ഉപേക്ഷിക്കുകയും ഭാവി സുരക്ഷിതമാക്കാന്‍ പുതിയ വഴികള്‍ കണ്ടെത്തുകയും ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെ ജീവിതരീതി മെച്ചപ്പെടുത്താന്‍ വിഭവങ്ങള്‍ ക്രമപ്പെടുത്തുകയുമാണ് കാലഘട്ടത്തിന്റെ ആവശ്യം. സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിവര്‍ത്തിപ്പിക്കപ്പെടുകയാണ് ഇന്ന് എല്ലാ മേഖലകളുടെയും ആവശ്യം. സമൂഹത്തിന് അതിന്റെ പുരോഗതിക്ക് പുതിയ വഴികളും വേണം. മല്‍സരം ആഗോളവല്‍കൃതമായിക്കൊണ്ടിരിക്കുമ്പോള്‍ ഭാവി തലമുറയുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് സര്‍വകലാശാലകള്‍ക്ക് ഒരു സുപ്രധാന പങ്ക് വഹിക്കാന്‍ സാധിക്കും. നാമിന്ന് നമ്മുടെ രാാജ്യത്തിനുള്ളിലോ അയല്‍ രാജ്യങ്ങളുമായോ മാത്രമല്ല മല്‍സരിക്കുന്നത്. മല്‍സരവും ആഗോളവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് മല്‍സരത്തെ നമുക്കൊരു വെല്ലുവിളിയായി നാം സ്വീകരിക്കണം. രാജ്യം പുരോഗതി പ്രാപിക്കണമെങ്കചന്റ, പുതിയ ഉയരങ്ങള്‍ തേടുകയും ആഗോളരംഗത്ത് നമ്മുടെ ഇടം ഭദ്രമാക്കുകയും ചെയ്യണമെങ്കില്‍ നമ്മുടെ യുവതലമുറയുടെ നവീനാശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം.
ഇന്ത്യയേക്കുറിച്ചുള്ള ലോകത്തിന്റെ പരിപ്രേക്ഷ്യം മാറിയത് ഐടി വിപ്ലവം രാജ്യത്തെ തൂത്തുവാരിയ ശേഷമാണ്. അതിനു മുമ്പ് ഇന്ത്യയെ ലോകം കണ്ടിരുന്നത് പാമ്പാട്ടികളുടെ നാടായിട്ടാണ്. ലോകം ഇന്ത്യാക്കാരെ ബന്ധപ്പെടുത്തിയിരുന്നത് ദുര്‍മന്ത്രവാദവും പ്രേതങ്ങളും അന്ധവിശ്വാസങ്ങളുമായാണ്. എന്നാല്‍ ഐടി വിപ്ലവത്തിനു ശേഷം യുവതലമുറയുടെ സാങ്കേതികവിദ്യാ ശേഷിയെ ലോകം അമ്പരപ്പോടെ കണ്ടു. പതിനെട്ടും ഇരുപതും വയസ്സുള്ളവര്‍ അവരുടെ ഐടി മികവ് തെളിയിച്ചുകാണിച്ചപ്പോള്‍ ലോകം ഞെട്ടി. ഇന്ത്യയേക്കുറിച്ചുള്ള അവരുടെ പരിപ്രേക്ഷ്യവും മാറി.
തായ്‌വാനില്‍ കുറേക്കാലം മുമ്പൊരിക്കല്‍ പോയത് ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. അന്ന് ഞാന്‍ മുഖ്യമന്ത്രിയായിട്ടില്ല, തെരഞ്ഞെടുപ്പുകളുമായി ബന്ധവുമുണ്ടായിരുന്നില്ല. തായ്‌വാന്‍ ഗവണ്‍മെന്റിന്റെ ക്ഷണം സ്വീകരിച്ചാണ് ഞാന്‍ പോയത്. അത് പത്തു ദിവസത്തെ ഒരു യാത്രയായിരുന്നു. ആശയവിനിമയത്തിന് സഹായിക്കാന്‍ ഒരാള്‍ എന്റെ കൂടെയുണ്ടായിരുന്നു. ആ പത്തു ദിവസംകൊണ്ട് ഞങ്ങള്‍ക്കിടയിലൊരു സൗഹൃദമുണ്ടായി. ആറോ എട്ടോ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ താന്‍ ഒരു കാര്യം ചോദിച്ചാല്‍ വിഷമം തോന്നുമോയെന്ന് അദ്ദേഹം ആരാഞ്ഞു ചോദിക്കാന്‍ ഞാന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം മടിച്ച് നിന്നതല്ലാതെ എന്നോട് ചോദിച്ചില്ല. പിന്നീട് യാത്രയ്ക്കിടയില്‍ ഞാന്‍ ചോദിച്ചു, അന്ന് എന്നോടു ചോദിക്കാനുണ്ടായിരുന്നത് എന്താണെന്ന്. അദ്ദേഹം പിന്നെയും മടിച്ചു. പ്രശ്‌നമില്ലെന്നും തുറന്നു ചോദിക്കാമെന്നും ഞാന്‍ പറഞ്ഞു. അദ്ദേഹം ഒരു കമ്പ്യൂട്ടര്‍ എന്‍ജിനീയറായിരുന്നു. എന്നിട്ട് അദ്ദേഹം ചോദിച്ചു, ഇന്ത്യ ഇപ്പോഴും പാമ്പാട്ടികളുടെയും ദുര്‍മന്ത്രവാദികളുടെയും അന്ധവിശ്വാസങ്ങളുടെയും നാടാണോ എന്ന്. എന്നെ കാണുമ്പോള്‍ എന്തു തോന്നുന്നുവെന്ന് ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. അദ്ദേഹം ചമ്മുകയും എന്നോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഞാന്‍ പറഞ്ഞു, ‘അല്ല സഹോദരാ, ഇന്ത്യ പഴയതുപോലെയല്ല, യഥാര്‍ത്ഥത്തില്‍ അവിടെയൊരു വിലയിരുത്തല്‍ ഉണ്ടായിരിക്കുന്നു.’ എങ്ങനെ. എന്ന് അദ്ദേഹം ചോദിച്ചു. ഞങ്ങളുടെ പൂര്‍വികര്‍ കളിച്ചിരുന്നത് പാമ്പുകളുമായിട്ടാണെങ്കില്‍ ഞങ്ങളുടെ ഇപ്പോഴത്തെ തലമുറ കളിക്കുന്നത് ഒരു എലിയുമായാണ്. ഞാന്‍ എലിയെന്ന് ഉദ്ദേശിച്ചത് ആ ജീവിയെ അല്ലെന്നും കമ്പ്യൂട്ടറിലെ മൗസിനെയാണെന്നും അദ്ദേഹത്തിനു മനസ്സിലായി.
ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് എന്താണെന്നു വച്ചാല്‍, ഈ കാര്യങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ ശക്തിയെ വര്‍ദ്ധിപ്പിക്കുന്നു. ചിലപ്പോള്‍ നാം ഒന്നോ രണ്ടോ പുരസ്‌കാരങ്ങളൊക്കെ നേടുമെങ്കിലും കാലഘട്ടത്തിന്റെ ആവശ്യം വന്‍തോതിലുള്ള നവീനാശയങ്ങളാണ്. ഇന്നത്തെ ഇന്ത്യ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ പുതിയ ആശയങ്ങളുമായി മുന്നോട്ടു വരണമെന്ന് നൂറ് വര്‍ഷം പഴക്കമുള്ള പട്‌ന സര്‍വകലാശാലയുടെ ഈ വിശുദ്ധ മണ്ണില്‍ നിന്നുകൊണ്ട് യുവജനങ്ങളോടും വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും സര്‍വകലാശാലകളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എല്ലാവര്‍ക്കും പ്രാപ്യമായതും, കുറഞ്ഞ വിലയ്ക്കുള്ളതും, ലളിതവും, ഉപയോഗ സൗഹൃദപരവുമായ യോജിച്ച സാങ്കേതികവിദ്യകള്‍ നമുക്ക് കണ്ടുപിടിച്ചുകൂടേ? അത്തരം ചെറുകിട പദ്ധതികള്‍ നമുക്ക് പ്രോല്‍സാഹിപ്പിക്കാമെങ്കില്‍ അവയെ സ്റ്റാര്‍ട്ടപ്പുകളാക്കി മാറ്റാം. മുദ്രാ പദ്ധതിക്ക് കീഴില്‍ ബാങ്കുകളില്‍ നിന്നുള്ള ധനസഹായത്തോടെ സര്‍വകലാശാലാ വിദ്യാഭ്യാസം നവീകരിക്കുന്നതിന് യുവജനങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിക്കാവുന്നതാണ്. ഇന്ത്യ ഇന്ന് ലോകത്തിലെ നാലാമത്തെ സ്റ്റാര്‍ട്ടപ്പ് കേന്ദ്രമാണെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ? ഇന്ത്യയ്ക്ക് ഒന്നാമതെത്താനും കഴിയും. ഇന്ത്യാക്കാരനായ ഓരോ യുവാവിനും സ്റ്റാര്‍ട്ടപ്പിനുള്ള ഒരു പുതിയ ആശയമുണ്ടെങ്കില്‍ അത് വിപ്ലവകരമായ മാറ്റമായി മാറും. നവീനാശയങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ ഇന്ത്യയിലെ സര്‍വകലാശാലകളെ, പ്രത്യേകിച്ചും പട്‌നാ സര്‍വകലാശാലയെ ക്ഷണിക്കുകയാണ്. നമുക്ക് ലോകത്തിനു മുന്നേ നടക്കണം.
ഇന്ത്യയ്ക്ക് കഴിവിന്റെ കുറവില്ല. രാജ്യത്തെ ജനസംഖ്യയില്‍ 800 ദശലക്ഷമോ 65 ശതമാനമോ 35 വയസ്സില്‍ താഴെയുള്ളവരാണ് എന്ന ഭാഗ്യം ഇന്ത്യയ്ക്കുണ്ട്. ഇന്ത്യ ചെറുപ്പമാണ്, ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ക്കും യൗവനമാണ്. ഇത്രയും കരുത്തുള്ള രാജ്യത്തിന് എന്തും നേടാമെന്നും അതിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാമെന്നും ഞാന്‍ വിശ്വസിക്കുന്നു.
ഇപ്പോള്‍ നിതീഷ്ജി ഒരു വിഷയം അതിന്റെ വിശദാംശങ്ങളോടെ അവതരിപ്പിക്കുകയും നിങ്ങള്‍ അതിനെ കൈയടികളോടെ പിന്തുണയ്ക്കുകയും ചെയ്തു. പക്ഷേ, എനിക്കു തോന്നിയത് കേന്ദ്ര സര്‍വകലാശാലയെന്നത് ഗതകാലത്തെ ഒരു കാര്യമാണ് എന്നാണ്. എനിക്ക് അതിനെ ഒരു ചുവട് മുന്നോട്ടു കൊണ്ടുപോകണം, സര്‍വകലാശാലയുടെ ഇന്നത്തെ പരിപാടിക്കായി ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത് നിങ്ങളെയെല്ലാം അതിലേക്ക് ക്ഷണിക്കാനുമാണ്. നമ്മുടെ രാജ്യത്ത് വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണങ്ങള്‍ പുരോഗമിക്കുന്നത് വളരെ പതുക്കെയാണ്. നമ്മുടെ അക്കാദമിക രംഗത്തെ പരസ്പര വ്യത്യാസങ്ങള്‍ തീവ്രമാണ്. അതുകൊണ്ട് ഓരോ ഘട്ടത്തിലും പരിഷ്‌കരണത്തേക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങളാണ് ഉയര്‍ന്നുവരുന്നത്. കുറവുകള്‍ പരിഹരിച്ച് ലോകനിലവാരം നേടാന്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്, പ്രത്യേകിച്ചും ഉന്നതവിദ്യാഭ്യാസ സമ്പ്രദായത്തിന് വേണ്ടത് നവീനാശയങ്ങളും പരിഷ്‌കരണങ്ങളുമാണ്. ഈ ഗവണ്‍മെന്റ് ചില ഉറച്ച ചുവടുവയ്പുകള്‍ നടത്തി. ഐഐഎമ്മുകള്‍ക്ക് സ്വയംഭരണം നല്‍കുന്നതിനേക്കുറിച്ച് ഒരു സംവാദം നടന്നുകൊണ്ടിരിക്കുകയാണ്. അത് ഇത്തരം സ്ഥാപനങ്ങള്‍ക്ക് വലിയ തോതില്‍ സാമ്പത്തിക സഹായം ലഭ്യമാക്കുമെന്ന് ഗവണ്‍മെന്റിന് തോന്നുന്നു. എന്നാല്‍ സര്‍ക്കാരില്‍ നിന്നുള്ള എന്തെങ്കിലും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഈ സ്ഥാപനങ്ങള്‍ എടുക്കുന്നില്ല. ഈ സംവാദം തുടങ്ങി വര്‍ഷങ്ങള്‍ക്കു ശേഷം, ഇതാദ്യമായി ഐഐഎം പൂര്‍ണമായും സ്വതന്ത്രമാവും പ്രൊഫഷണലുമായി മാറിയെന്ന് അറിയുന്നത് നിങ്ങള്‍ക്ക് സന്തോഷകരമായിരിക്കും. ഭൂരിഭാഗം പത്രങ്ങളും കാര്യമായി എഴുതുന്നില്ലെങ്കിലും ചില ലേഖനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് വരികതന്നെ ചെയ്തു. അതൊരു വലിയ തീരുമാനമായിരുന്നു. ഐഎഎസ്സുകാരെയും ഐപിഎസ്സുകാരെയും ഐഎഫ്എസ്സുകാരെയും സൃഷ്ടിക്കുന്നതിന്റെ പേരില്‍ പട്‌ന സര്‍വകലാശാല അറിയപ്പെടുന്നതുപോലെതന്നെ സിഇഒമാരെ സൃഷ്ടിക്കുന്നതിന് പേരുകേട്ടതാണ് ഐഐഎമ്മുകള്‍. അതുകൊണ്ട് ഗവണ്‍മെന്റിന്റെ അഭിമാനകരമായ സ്ഥാപനത്തെ ചട്ടങ്ങളില്‍ നിന്നും നിയന്ത്രണങ്ങളില്‍ നിന്നും മുക്തമാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇപ്പോള്‍ ഐഐഎമ്മുകള്‍ക്ക് നല്‍കുന്ന ഈ അവസരം രാജ്യത്തിന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളും സഫലമാക്കാനുള്ള കുതിപ്പിന് കാരണമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പൂര്‍വ്വവിദ്യാര്‍ത്ഥികളെക്കൂടി ഭരണനിര്‍വഹണത്തില്‍ പങ്കാളികളാക്കണമെന്ന് ഞാന്‍ ഐഐഎമ്മുകളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുകയാണ്. പട്‌ന സര്‍വകലാശാല പൂര്‍വവിദ്യാര്‍ത്ഥി സമ്പത്തിന്റെ ശേഷിയെ തങ്ങളുടെ വികസനപാതയില്‍ പങ്കാളികളാക്കുന്നുവെന്നും ഞാന്‍ കേട്ടിട്ടുണ്ട്. ലോകത്തെ ഉന്നത സര്‍വകലാശാലകളുടെ പുരോഗതിയില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സുപ്രധാന പങ്ക് വഹിക്കുന്നത് നിങ്ങള്‍ നിര്‍ബന്ധമായും കാണണം. സാമ്പത്തികാടിസ്ഥാനത്തില്‍ മാത്രമല്ല, ബൗദ്ധികമായും അനുഭവങ്ങളിലും അന്തസുകൊണ്ടും പദവികൊണ്ടും കൂടിയാണ് അത്. നാം ചില ചടങ്ങുകള്‍ക്ക് പൂര്‍വ്വവിദ്യാര്‍ത്ഥികളെ ക്ഷണിക്കും, മാലയിട്ട് ആദരിക്കും, അവരില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കും, അവിടെ തീര്‍ന്നു സഹകരണം. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സ്വന്തം നിലയില്‍ത്തന്നെ മഹത്തായ ശക്തിയാണ്. അതുകൊണ്ട് സര്‍വകലാശാലയുമായുള്ള അവരുടെ സഹകരണം പേരിനുള്ളതിനേക്കാള്‍ കൂടുതലാകണം.
കുറച്ചുമുമ്പ് ഇതൊരു കേന്ദ്ര സര്‍വകലാശാലയാക്കുന്നതിനേക്കാള്‍ ഒരു ചുവട് മുന്നോട്ടു വയ്ക്കുന്നതിനെപ്പറ്റി ഞാന്‍ സംസാരിക്കുകയും അതിലേക്ക് പട്‌ന സര്‍വകലാശാലയെ ക്ഷണിക്കുകയും ചെയ്തു. രാജ്യത്തെ സര്‍വകലാശാലകള്‍ക്ക് മുന്നില്‍ കേന്ദ്ര ഗവണ്‍മെന്റ് ഒരു സ്വപ്‌നം അവതരിപ്പിച്ചിരിക്കുകയാണ്. ലോകത്തെ 500 ഉന്നത സര്‍വകലാശാലകളുടെ നിരയില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു സര്‍വകലാശാലയുമില്ല. ആയിരത്തി മുന്നൂറും ആയിരത്തിയഞ്ഞൂറും വര്‍ഷങ്ങള്‍ക്കു മുമ്പേ നളന്ദ, വിക്രമശില, തക്ഷശില, വല്ലഭി സര്‍വകലാശാലകളുള്ള രാജ്യത്തിന് ലോകത്തെ 500 ഉന്നത സര്‍വകലാശാലകളുടെ നിരയില്‍ ഇടംപിടിക്കാന്‍ സാധിച്ചില്ല എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമല്ലേ? ഈ അപകീര്‍ത്തി ഇല്ലാതാക്കുകയും സാഹചര്യം മാറ്റുകയും വേണമെന്ന് നിങ്ങള്‍ക്ക് തോന്നുന്നില്ലേ? നമുക്കു മാത്രമേ സാഹചര്യം മാറ്റാന്‍ സാധിക്കുകയുള്ളു, അല്ലാതെ പുറത്തുനിന്നുള്ളവര്‍ക്കല്ല. ഈ ദൃഢനിശ്ചയം നാം എടുക്കുകയും ഉദ്യമം പൂര്‍ത്തീകരിക്കുകയും വേണം.
ഈ നേട്ടം സാധ്യമാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് അതിന്റെ പദ്ധതി മുഖേന പത്ത് പൊതു സര്‍വകലാശാലകളെയും പത്ത് സ്വകാര്യ സര്‍വകലാശാലകളെയും, ആകെ ഇരുപതെണ്ണം, ഗവണ്‍മെന്റിന്റെ ചട്ടങ്ങളില്‍ നിന്നും നിയന്ത്രണങ്ങളില്‍ നിന്നും സ്വതന്ത്രമാക്കി ലോക നിലവാരത്തില്‍ എത്തിക്കാന്‍ പോകുന്നു. ഈ സര്‍വകലാശാലകള്‍ക്ക് അഞ്ചു വര്‍ഷംകൊണ്ട് പതിനായിരം കോടി രൂപ ലഭ്യമാക്കും. ഒരു സര്‍വകലാശാലയെ കേന്ദ്ര സര്‍വകലാശാലയായി പ്രഖ്യാപിക്കുന്നതിനും അപ്പുറമാണ് ഈ പരിശ്രമം. ഏതെങ്കിലും രാഷ്ട്രീയക്കാരുടെയോ പ്രധാനമന്ത്രിയുടെയോ ഏതെങ്കിലും മുഖ്യമന്ത്രിയുടെയോ തോന്നലുകള്‍ക്ക് അനുസരിച്ചല്ല ഈ സര്‍വകലാശാലകള്‍ തെരഞ്ഞെടുക്കുക. മറിച്ച്, തുറന്ന മല്‍സരത്തിലൂടെയായിരിക്കും. ഈ വെല്ലുവിളിയിലേക്ക് എല്ലാ സര്‍വകലാശാലകളെയും ക്ഷണിക്കുന്നു. ഈ വെല്ലുവിളിയിലൂടെ സര്‍വകലാശാലകള്‍ക്ക് സ്വന്തം മികവ് തെളിയിക്കാം. ഈ രീതിയില്‍ പത്ത് വീതം ഉന്നത സ്വകാര്യ സര്‍വകലാശാലകളും പൊതു സര്‍വകലാശാലകളും തെരഞ്ഞെടുക്കും. അന്തിമ തെരഞ്ഞെടുപ്പ് നിര്‍വഹിക്കുന്നത് മുന്നാമതൊരു പ്രൊഫഷണല്‍ ഏജന്‍സി മുഖേനയായിരിക്കും. സംസ്ഥാന സര്‍ക്കാരുകളും സര്‍വകലാശാലകളും ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ ഉത്തരവാദപ്പെട്ടവരായിരിക്കും. അവരുടെ പ്രകടം വിലയിരുത്തപ്പെടും. അന്തര്‍ദേശീയ വേദികളില്‍ അവര്‍ എത്രത്തോളം പരിഗണിക്കപ്പെടുന്നു എന്നതും കണക്കിലെടുക്കും. ഈ പത്ത് ഉന്നത സര്‍വകലാശാലകള്‍ ഗവണ്‍മെന്റിന്റെ നിയന്ത്രണം നിന്ന് മുക്തമാക്കി സ്വയംഭരണം നല്‍കും. സ്വന്തം രീതികള്‍ നിശ്ചയിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. ഈ സര്‍വകലാശാലകള്‍ക്ക് അഞ്ചു വര്‍ഷംകൊണ്ട് പതിനായിരം കോടി രൂപ ലഭ്യമാക്കും. കേന്ദ്ര സര്‍വകലാശാല എന്ന സങ്കല്‍പ്പത്തേക്കാള്‍ ഏറെ ചുവടുകള്‍ മുന്നിലാണ് ഈ ആശയം. ഇതൊരു വലിയ തീരുമാനമാണ്. പട്‌ന അതില്‍ നിന്നു പുറകോട്ടു പോകാന്‍ പാടില്ല. അതിലേക്ക് ക്ഷണിക്കാനാണ് ഞാന്‍ ഇവിടെ പട്‌ന സര്‍വകലാശാലയില്‍ എത്തിയത്. ഈ സുപ്രധാന പദ്ധതിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സര്‍വകലാശാലയോടും അതിലെ അധ്യാപകരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. വിശുദ്ധമായ പട്‌ന സര്‍വകലാശാല ആഗോള വേദിയില്‍ ഇടംപിടിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. പട്‌ന സര്‍വകലാശാലയെ മുന്നോട്ടു നയിക്കാന്‍ ഞാന്‍ നിങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍.
ഈ ശതാബ്ദി ആഘോഷവേളയില്‍ എടുത്ത എല്ലാ ദൃഢപ്രതിജ്ഞകളും പൂര്‍ത്തീകരിക്കാന്‍ നിങ്ങള്‍ക്കു കഴിയണം. ആ വികാരവായ്‌പോടെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു.