ശ്രീ. മൈക്കിള്‍ ബ്ലൂംബര്‍ഗ്, ചിന്തകരേ, വ്യവസായ തലവന്‍മാരേ, ബ്ലൂംബര്‍ഗ് നവ സാമ്പത്തിക ഫോറത്തിലെ വിശിഷ്ടരായ പങ്കാളികളെ,
മൈക്കിളും സംഘവും ബ്ലൂംബര്‍ഗ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ചെയ്യുന്ന മഹത്തായ കാര്യങ്ങളെ അഭിനന്ദിച്ചുകൊണ്ടു തുടങ്ങാം. ഇന്ത്യയുടെ സ്മാര്‍ട്ട് സിറ്റീസ് മിഷന്‍ ആസൂത്രണം ചെയ്യുന്നതിന് അദ്ദേഹത്തിന്റെ ടീം വളരെ നല്ല പിന്‍തുണ നല്‍കി.
സുഹൃത്തുക്കളേ,
നാം നമ്മുടെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഘട്ടത്തിലാണ് ഉള്ളത്. ലോകത്തിലെ ജനങ്ങളില്‍ പകുതിയിലേറെ നഗര പ്രദേശങ്ങളിലാണു ജീവിക്കുന്നത്. അടുത്ത രണ്ടു ദശാബ്ദത്തിനിടെ ഇന്ത്യയും ചില ആഫ്രിക്കന്‍ രാജ്യങ്ങളും ഏറ്റവും വലിയ തോതില്‍ നഗരവല്‍ക്കരണത്തിനു സാക്ഷ്യംവഹിക്കാന്‍ പോവുകയാണ്. എന്നാല്‍, കോവിഡ് 19 ലോകത്തിനു മുന്നില്‍ വലിയ സാമ്പത്തിക വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ്. നമ്മുടെ വളര്‍ച്ചയുടെ കേന്ദ്രങ്ങളായിരുന്ന നഗരങ്ങള്‍ അപകടാവസ്ഥയിലാണ്. പല നഗരങ്ങളും ഗ്രേറ്റ് ഡിപ്രഷനു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക തളര്‍ച്ച നേരിടുകയാണ്. നഗരജീവിതത്തിലെ അടിസ്ഥാനപരമായ കാര്യങ്ങള്‍ പോലും വെല്ലുവിളി നേരിടുകയാണ്. സാമൂഹിക ഒത്തുചേരലുകളോ കായിക പരിപാടികളോ വിദ്യാഭ്യാസമോ വിനോദമോ പഴയപടിയല്ല. എങ്ങനെ പുനരാരംഭിക്കാം എന്നതാണു ലോകത്തിനു മുന്നിലുള്ള ഏറ്റവും വലിയ ചോദ്യം.
പുനഃക്രമീകരണമില്ലാതെ പുനരാരംഭിക്കാന്‍ കഴിയില്ല. മനസ്സിനെ പുനഃക്രമീകരിക്കേണ്ടിയിരിക്കുന്നു. നടപടിക്രമങ്ങള്‍ പുനഃക്രമീകരിക്കേണ്ടിയിരിക്കുന്നു. പ്രവര്‍ത്തന രീതി പുനഃക്രമീകരിക്കേണ്ടിയിരിക്കുന്നു.
സുഹൃത്തുക്കളേ,
രണ്ടു ലോകമഹായുദ്ധങ്ങള്‍ക്കും ശേഷം നടന്ന ചരിത്രപരമായ പുനര്‍നിര്‍മാണ യജ്ഞങ്ങള്‍ നമുക്കു പല പാഠങ്ങള്‍ പകര്‍ന്നുതരുമെന്നു ഞാന്‍ കരുതുന്നു. ലോകമഹായുദ്ധങ്ങള്‍ക്കു ശേഷം ലോകത്താകെ നവ ലോകക്രമം രൂപപ്പെട്ടു. പുതിയ പെരുമാറ്റച്ചട്ടങ്ങള്‍ വികസിപ്പിക്കപ്പെടുകയും ലോകമൊന്നാകെ മാറുകയും ചെയ്തു. സമാനമായി എല്ലാ മേഖലയിലും പുതിയ പ്രോട്ടോക്കോളുകള്‍ വികസിപ്പിക്കുന്നതിനു കോവിഡ് 19 നമുക്ക് അവസരം നല്‍കി. ഭാവിക്കായി മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനായി ഈ അവസരം പിടിച്ചെടുക്കാന്‍ ലോകത്തിനു സാധിക്കണം. കോവിഡിനു ശേഷം ലോകത്തിന് എന്തൊക്കെയാണ് ആവശ്യമെന്നു നാം ചിന്തിക്കണം. നമ്മുടെ നഗര കേന്ദ്രങ്ങളുടെ പുനരുജ്ജീവനം നല്ല തുടക്കമായിരിക്കും.
സുഹൃത്തുക്കളേ,
ഇവിടെ എനിക്ക് ഇന്ത്യന്‍ നഗരങ്ങളുടെ ഒരു ഗുണവശം പങ്കുവെക്കാനുണ്ട്. ബുദ്ധിമുട്ടു നിറഞ്ഞ ഈ നാളുകളില്‍ ഇന്ത്യന്‍ നഗരങ്ങള്‍ അനിതര സാധാരണമായ ഒരു ഉദാഹരണം കാഴ്ചവെച്ചിട്ടുണ്ട്. ലോക്ഡൗണ്‍ നടപടികള്‍ക്കെതിരെ ലോകത്താകമാനം പ്രതിഷേധങ്ങള്‍ ഉണ്ടായി. എന്നാല്‍, ഇന്ത്യന്‍ നഗരങ്ങള്‍ സസൂക്ഷ്മം പ്രതിരോധ നടപടിക്രമങ്ങള്‍ പാലിച്ചു. അതിനു കാരണം നമ്മുടെ നഗരം നിര്‍മിക്കപ്പെട്ടിരിക്കുന്നതു കൂടുതലും കോണ്‍ക്രീറ്റ് കൊണ്ടല്ല, മറിച്ച് സമൂഹത്താലാണ് എന്നതാണ്. സമൂഹങ്ങളും കച്ചവടങ്ങളും എന്നതുപോലെ ജനങ്ങളാണു നമ്മുടെ ഏറ്റവും വലിയ വിഭവമെന്നു മഹാവ്യാധി വീണ്ടും തെളിയിച്ചിരിക്കുകയാണ്. പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ ഈ വിഭവത്തെ പരിപാലിച്ചുവേണം കോവിഡാനന്തര ലോകം നിര്‍മിക്കാന്‍. നഗരങ്ങള്‍ വളര്‍ച്ചയുടെ ചലനാത്മക ഊര്‍ജ സ്രോതസ്സുകളാണ്. അനിവാര്യമായ ഈ മാറ്റത്തെ നയിക്കുന്നതിനുള്ള കരുത്ത് അവയ്ക്കുണ്ട്.
തൊഴില്‍ ലഭിക്കുമെന്നതിനാലാണു ജനങ്ങള്‍ പൊതുവേ നഗരങ്ങളിലേക്കു കുടിയേറുന്നത്. എന്നാല്‍, നഗരങ്ങളെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിപ്പിക്കേണ്ട കാലമായില്ലേ? നഗരങ്ങള്‍ ജനങ്ങള്‍ക്കു ജീവിക്കാവുന്ന ഇടങ്ങളാക്കാനുള്ള പ്രവര്‍ത്തനത്തിന്റെ വേഗംകൂട്ടാന്‍ കോവിഡ്-19 അവസരം തന്നിരിക്കുകയാണ്. മെച്ചപ്പെട്ട താമസ സൗകര്യങ്ങള്‍, മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍, ഹ്രസ്വവും ഫലപ്രദവുമായ യാത്ര എന്നിവ അതില്‍ ഉള്‍പ്പെടുന്നു. ലോക്ഡൗണ്‍ വേളയില്‍ പല നഗരങ്ങളിലും തടാകങ്ങളും നദികളും വായുവും ശുദ്ധമായി മാറി. അങ്ങനെ, നമുക്കു പലര്‍ക്കും മുന്‍പില്ലാത്തവിധം പക്ഷികള്‍ ചിലയ്ക്കുന്നതു കേള്‍ക്കാന്‍ സാധിച്ചു. ഇതു ചിലയിടങ്ങളില്‍ മാത്രം സംഭവിക്കുന്നതിനുപകരം, മാനദണ്ഡമായുള്ള സുസ്ഥിര നഗരങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്കാവില്ലേ? നഗരത്തിന്റെ സൗകര്യങ്ങളും ഗ്രാമത്തിന്റെ ചൈതന്യവും ഉള്ള നഗര കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് ഇന്ത്യ പ്രയത്‌നിച്ചുവരുന്നത്.
സുഹൃത്തുക്കളേ,
മഹാവ്യാധി വേളയില്‍ ജോലി തുടരുന്നതിനു സാങ്കേതിക വിദ്യ നമ്മെ സഹായിച്ചു. വിഡിയോ കോണ്‍ഫറന്‍സിങ് എന്ന ഒറ്റ സംവിധാനത്തിനു നന്ദി; എനിക്കു കുറേ യോഗങ്ങളില്‍ പങ്കെടുക്കാം. അല്ലെങ്കില്‍ നാം യോഗങ്ങളില്‍ പങ്കെടുക്കാന്‍ വന്‍കരകള്‍ താണ്ടേണ്ടിവരില്ലേ?
നഗര സംവിധാനങ്ങളില്‍ അധികം സമ്മര്‍ദം ചെലുത്താതിരിക്കുക എന്നതു നമ്മുടെ തീരുമാനത്തെകൂടി അനുസരിച്ചിരിക്കും. ഇത്തരം തീരുമാനങ്ങള്‍ ജോലിയും ജീവിതവും തമ്മിലുള്ള സന്തുലനം മെച്ചപ്പെടുത്താന്‍ സഹായകവുമാണ്. ഇന്നത്തെ കാലത്ത് എവിടെനിന്നും ജോലി ചെയ്യാനും എവിടെയും ജീവിക്കാനും എവിടെനിന്നും ആഗോള വിതരണ ശൃംഖലയുടെ ഭാഗമാകാനും ജനങ്ങളെ ശാക്തീകരിക്കുക എന്നത് അനിവാര്യമാണ്. അതുകൊണ്ടാണു നാം സാങ്കേതിക വിദ്യക്കും വിജ്ഞാനാധിഷ്ഠിത സേവന മേഖലയ്ക്കുമായി ലളിതവല്‍ക്കരിക്കപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്. ഇതുവഴി 'വീട്ടില്‍നിന്നു ജോലി ചെയ്യല്‍', 'എവിടെനിന്നും ജോലി ചെയ്യല്‍' എന്നിവ സാധ്യമാകും.
സുഹൃത്തുക്കളേ,
താങ്ങാവുന്ന ചെലവിലുള്ള വീടുകളില്ലാതെ നമ്മുടെ നഗരങ്ങള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാനാവില്ല. ഇതു തിരിച്ചറിഞ്ഞാണ് എല്ലാവര്‍ക്കും വീട് പദ്ധതി നാം 2015ല്‍ ഉദ്ഘാടനം ചെയ്തത്. നാം ഇക്കാര്യത്തില്‍ മുന്നേറുകയാണ് എന്നറിയിക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. ലക്ഷ്യംവെച്ച 2022നു മുന്‍പായി നഗരങ്ങളിലെ അര്‍ഹമായ ഒരു കോടി കുടുംബങ്ങള്‍ക്കു നാം വീടു നല്‍കും. മഹാവ്യാധി സൃഷ്ടിച്ച സാഹചര്യം കണക്കാക്കി ചെലവു കുറഞ്ഞ വാടകവീടു പദ്ധതിക്കും നാം തുടക്കമിട്ടു. നാം റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആക്റ്റ് രൂപീകരിച്ചു. ഇതു റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ഗതി തിരിച്ചുവിട്ടു. അതു കൂടുതല്‍ ഉപഭോക്തൃ കേന്ദ്രീകൃതവും സുതാര്യവും ആയിത്തീര്‍ന്നു.
സുഹൃത്തുക്കളേ,
കാര്യക്ഷമവും അഭിവൃദ്ധി നിറഞ്ഞതും മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതുമായ നഗരത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ സാങ്കേതിക വിദ്യ ഒരു പ്രധാന സഹായക ഘടകമാണ്. നഗരം ഫലപ്രദമായി പരിപാലിക്കുന്നതിനും പരസ്പര ബന്ധിത സമൂഹ സൃഷ്ടിക്കും സാങ്കേതിക വിദ്യ സഹായകമാണ്. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഷോപ്പിങ്, ഭക്ഷണം എന്നിവയില്‍ ഗണ്യമായ പങ്കും ഓണ്‍ലൈനായി സംഭവിക്കുന്ന ഭാവിയെ കുറിച്ചാണു നാം ചിന്തിക്കുന്നത്. ഭൗതിക, ഡിജിറ്റല്‍ ലോകങ്ങളെ ഏകോപിപ്പിക്കുന്നതിനു നമ്മുടെ നഗരങ്ങള്‍ സജ്ജമാകേണ്ടിയിരിക്കുന്നു. നമ്മുടെ പദ്ധതികളായ ഡിജിറ്റല്‍ ഇന്ത്യയും സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും അതിനുള്ള ശേഷി സൃഷ്ടിക്കുന്നതിനു സഹായകമാണ്. രണ്ടു ഘട്ടങ്ങളായുള്ള പ്രവര്‍ത്തനത്തിലൂടെ നാം 100 സ്മാര്‍ട്ട് സിറ്റികള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. സഹകരണാടിസ്ഥാനത്തില്‍ ഉള്ളതും മല്‍സരാധിഷ്ഠിതവും ആയ ഫെഡറലിസത്തിന്റെ തത്വശാസ്ത്രം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ദേശീയ തലത്തിലുള്ള മല്‍സരമായിരുന്നു അത്.
രണ്ടു ലക്ഷം കോടി രൂപയോ 3000 കോടി ഡോളറോ മൂല്യം വരുന്ന പദ്ധതികള്‍ ഈ നഗരങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. 1,40,000 കോടി രൂപ അഥവാ 2000 കോടി ഡോളര്‍ മൂല്യമുള്ള പദ്ധതികള്‍ പൂര്‍ത്തീകരിച്ചുവരികയാണ്. സാങ്കേതികവിദ്യയുടെ മുഴുവന്‍ ശേഷിയും പ്രയോജനപ്പെടുത്തുന്നതിനായി പല നഗരങ്ങളിലും സമഗ്ര നിര്‍ദേശ, നിയന്ത്രണ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വിവിധ നഗരങ്ങളിലെ കോവിഡ് സാഹചര്യം നേരിടുന്നതിനുള്ള വാര്‍ റൂമുകളായി ഈ കേന്ദ്രങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.
അവസാനമായി ഞാന്‍ നിങ്ങളെ ഒരു കാര്യം ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ നഗരവല്‍ക്കരണത്തിനായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്ത്യയില്‍ ആവേശമുണര്‍ത്തുന്ന അവസരങ്ങളാണ് ഉള്ളത്. ഗതാഗത രംഗത്തു നിക്ഷേപിക്കാനാണു നിങ്ങള്‍ ഇഷ്ടപ്പെടുന്നതെങ്കില്‍ ഇന്ത്യയില്‍ ആവേശകരമായ അവസരങ്ങള്‍ ഉണ്ട്. നവീന ആശയങ്ങളില്‍ നിക്ഷേപിക്കാനാണു നിങ്ങള്‍ ഇഷ്ടപ്പെടുന്നതെങ്കില്‍ ഇന്ത്യയില്‍ ആവേശകരമായ അവസരങ്ങള്‍ ഉണ്ട്. ഗതാഗത രംഗത്തു നിക്ഷേപിക്കാനാണു നിങ്ങള്‍ ഇഷ്ടപ്പെടുന്നതെങ്കില്‍ ഇന്ത്യയില്‍ ആവേശകരമായ അവസരങ്ങള്‍ ഉണ്ട്. സുസ്ഥിര പരിഹാരങ്ങളില്‍ നിക്ഷേപിക്കാനാണു നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ ആവേശകരമായ അവസരങ്ങള്‍ ഉണ്ട്. ഈ അവസരങ്ങള്‍ ചലനാത്മകമായ ജനാധിപത്യത്തോടൊപ്പമാണു ലഭിക്കുന്നത്. ബിസിനസ്സിനു സൗഹൃദപരമായ സാഹചര്യം. വലിയ വിപണി. ഇന്ത്യയെ നിക്ഷേപം നടത്തുന്നതിനുള്ള ഏറ്റവും മികച്ച ആഗോള കേന്ദ്രമായി മാറ്റുന്നതിനായി എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്ന ഗവണ്‍മെന്റും.
സുഹൃത്തുക്കളേ,
നഗരങ്ങളുടെ പരിവര്‍ത്തനത്തിലേക്കുള്ള വഴിയിലാണ് ഇന്ത്യ. ബന്ധപ്പെട്ട എല്ലാവരുടെയും സമൂഹത്തിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വ്യവസായത്തിന്റെയും പൗരന്‍മാരുടെയും പിന്‍തുണയോടെ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതും അഭിവൃദ്ധി നിറഞ്ഞതുമായ ആഗോള നഗരങ്ങള്‍ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നതില്‍ എനിക്കു സംശയമില്ല.
നന്ദി.