'സുഹൃത്തുക്കളെ,
വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞ 36 മണിക്കൂറുകളായി നിങ്ങള്‍ അവിരാമം പ്രവര്‍ത്തിക്കുകയാണ്.
നിങ്ങളുടെ ഊര്‍ജ്ജസ്വലതയ്ക്ക് അനുമോദനങ്ങള്‍.
തളര്‍ച്ചയല്ല, മറിച്ച് ഉന്മേഷം മാത്രമാണ് ഞാന്‍ കാണുന്നത്.
ഒരു ജോലി ഭംഗിയായി നിര്‍വ്വഹിച്ചതിന്റെ തൃപ്തിയും എനിക്ക് കാണാം. ചെന്നൈയുടെ പ്രത്യേക പ്രാതലായ ഇഡ്ഡലി, ദോശ, വട- സാമ്പാര്‍ എന്നിവയും ഇതേ തൃപ്തിയാണ് തരുന്നതെന്ന് എനിക്ക് തോന്നുന്നു. ചെന്നൈ നഗരം അരുളുന്ന ആതിഥേയത്വം അതിന്റെ ഊഷ്മളതകൊണ്ട് അത്യന്തം അസാധാരണമാണ്. ഇവിടെയുള്ള എല്ലാവരും, പ്രത്യേകിച്ച് സിംഗപ്പൂരില്‍ നിന്നുള്ള നമ്മുടെ അതിഥികള്‍ ചെന്നൈ ആസ്വദിച്ച് കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളെ,
ഹാക്കത്തോണിലെ വിജയികളെ ഞാന്‍ അനുമോദിക്കുന്നു. ഒപ്പം ഇവിടെ കൂടിയിരിക്കുന്ന എല്ലാ യുവ സുഹൃത്തുകളെയും, പ്രത്യേകിച്ച് എന്റെ വിദ്യാര്‍ത്ഥി സുഹൃത്തുക്കളെ ഞാന്‍ അഭിനന്ദിക്കുന്നു. വെല്ലുവിളികളെ നേരിടാനും, പ്രാവര്‍ത്തികമായ പരിഹാരങ്ങള്‍ കണ്ടെത്താനുമുള്ള നിങ്ങളുടെ സന്നദ്ധത, നിങ്ങളുടെ ഊര്‍ജ്ജം, നിങ്ങളുടെ ഉത്സാഹം, ഇവയ്‌ക്കെല്ലാം കേവലം ഒരു മത്സരം ജയിക്കുന്നതിനെക്കാള്‍ മൂല്യമുണ്ട്.
എന്റെ യുവ സുഹൃത്തുക്കളെ,
നിരവധി പ്രശ്‌നങ്ങള്‍ ഇവിടെ നാം ഇന്ന് പരിഹരിച്ചു. ആരാണ് ശ്രദ്ധിക്കുന്നതെന്ന് ക്യാമറകള്‍ കണ്ടെത്തുന്ന പരിഹാരം എനിക്ക് പ്രത്യേകിച്ച് ഇഷ്ടമായി. ഇനിയെന്താ സംഭവിക്കാന്‍ പോന്നതെന്ന് നിങ്ങള്‍ക്കറിയാമോ? ഞാന്‍ ഇതേ കുറിച്ച് പാര്‍ലമെന്റിലെ എന്റെ സ്പീക്കറോട് പറയും. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഇത് വളരെ ഉപകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
എന്നെ സംബന്ധിച്ച് നിങ്ങളോരോരുത്തരും ഓരോ ജേതാക്കളാണ്. അപകട സാധ്യത ഏറ്റെടുക്കാന്‍ നിങ്ങള്‍ക്ക് ഭയമില്ലാത്തതിനാല്‍ തന്നെ നിങ്ങള്‍ ജേതാക്കളാണ്. ഫലങ്ങളെ കുറിച്ച് ചിന്തിക്കാതെ നിങ്ങളുടെ ശ്രമങ്ങളില്‍ നിങ്ങള്‍ പ്രതിബദ്ധരാണ്.
ഇന്ത്യ-സിംഗപ്പൂര്‍ ഹാക്കത്തോണ്‍ ഒരു വന്‍വിജയമാക്കി തീര്‍ത്തതിന് സഹായവും, പിന്‍തുണയും നല്‍കിയ സിംഗപ്പൂര്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ. ഓഗ് യേ കുങ്ങിനും, നാന്‍യാംങ് സാങ്കേതിക സര്‍വ്വകലാശാലയ്ക്കും (എന്‍.ടിയു) പ്രത്യേക നന്ദി അറിയിക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു.
ഇന്ത്യയുടെ ഭാഗത്ത് നിന്ന് കേന്ദ്ര മാനവ ശേഷി വികസന മന്ത്രാലയത്തിന്റെ ഇന്നവേഷന്‍ സെല്‍, ഐ.ഐ.ടി. മദ്രാസ്, അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ സമിതി തുടങ്ങിയവരെല്ലാം ഇന്ത്യ-സിംഗപ്പൂര്‍ ഹാക്കത്തോണിന്റെ രണ്ടാം ലക്കം അത്യന്തം വിജയകരമാക്കുന്നതില്‍ ഒന്നാന്തരം പങ്കാണ് വഹിച്ചത്.
സുഹൃത്തുക്കളെ,
തുടക്കം മുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ശ്രമം ഊര്‍ജ്ജസ്വലവും വിജയകരവുമായി കാണുന്നതിനെക്കാള്‍ തൃപ്തികരമായി മറ്റൊന്നുമില്ല.
എന്റെ കഴിഞ്ഞ സിംഗപ്പൂര്‍ സന്ദര്‍ശന വേളയിലാണ് ഒരു സംയുക്ത ഹാക്കത്തോണിനെ കുറിച്ചുള്ള ഈ ആശയം ഞാന്‍ മുന്നോട്ട് വച്ചത്. ഈ വര്‍ഷം അത് മദ്രാസ് ഐ.ഐ.ടി. യുടെ ചരിത്ര പ്രസിദ്ധവും അതേ സമയം ആധുനികവുമായ ക്യാമ്പസില്‍ സംഘടിപ്പിച്ചിരിക്കുകയാണ്.
സുഹൃത്തുക്കളെ,
കഴിഞ്ഞ വര്‍ഷത്തെ ഹാക്കത്തോണിന്റെ ഊന്നല്‍ മത്സരമായിരുന്നുവെന്ന് എനിക്ക് അറിയാന്‍ കഴഞ്ഞു. ഇക്കൊല്ലം ഇരു രാഷ്ട്രങ്ങളിലെയും വിദ്യാര്‍ത്ഥികളടങ്ങിയ ഓരോ ടീമും പ്രശ്‌ന പരിഹാരത്തിനായി യോജിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. അതിനാല്‍ തന്നെ മത്സരത്തില്‍ നിന്ന് നാം കൂട്ട് പ്രവര്‍ത്തനങ്ങളിലേയ്ക്ക് നീങ്ങിയെന്ന് നിശ്ചയമായും പറയാം.
നമ്മുടെ രണ്ട് രാജ്യങ്ങളും നേരിടുന്ന വെല്ലുവിളികളെ സംയുക്തമായി കൈകാര്യം ചെയ്യാനുള്ള ഈ കരുത്താണ് നമുക്ക് വേണ്ടത്.
സുഹൃത്തുക്കളെ,
ഇതു പോലെയുള്ള ഹാക്കത്തോണുകള്‍ യുവജനങ്ങള്‍ക്ക് മഹത്തായ അവസരങ്ങളാണ് നല്‍കുന്നത്. ഇതില്‍ പങ്കാളികളാകുന്നവര്‍ക്ക് ആഗോള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടത്തുന്നിനുള്ള അത്യാധുനിക സാങ്കേതികവിദ്യയുമായി ഇടപഴകാന്‍ അവസരം ലഭിക്കും. കൂടാതെ നിശ്ചിത സമയ പരിധിക്കുള്ളില്‍ അവര്‍ക്ക് അത് പൂര്‍ത്തിയാക്കേണ്ടതുമുണ്ട്.
തങ്ങളുടെ ആശയങ്ങള്‍, നൂതനആശയ നൈപുണ്യങ്ങള്‍ തുടങ്ങിയവ പരീക്ഷിക്കാനും അവര്‍ക്ക് അവസരം ലഭിക്കും. ഇന്നത്തെ ഹാക്കത്തോണില്‍ കണ്ടെത്തിയ പരിഹാരങ്ങള്‍ നാളത്തെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുള്ള ആശയങ്ങളാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.
നാം ഇന്ത്യയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്മാര്‍ട്ട് ഇന്ത്യാ ഹാക്കത്തോണ്‍ സംഘടിപ്പിച്ച് വരുന്നു.
ഗവണ്‍മെന്റ് വകുപ്പുകള്‍, വ്യവസായികള്‍, പ്രധാനപ്പെട്ട എല്ലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയെ ഈ ഉദ്യമം ഒരുമിച്ച് കൊണ്ടുവരുന്നു.
സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണില്‍ നിന്നുള്ള പരിഹാരങ്ങളെ ഞങ്ങള്‍ വികസിപ്പച്ച് ധനസഹായവും, കൈത്താങ്ങും നല്‍കി അവയെ സ്റ്റാര്‍ട്ട് അപ്പുകളായി മാറ്റാന്‍ ശ്രമിക്കുന്നു.
അതേ മാതൃകയില്‍, സംയുക്ത ഹാക്കത്തോണില്‍ നിന്നുള്ള ആശയങ്ങളില്‍ നിന്ന് സംരംഭങ്ങള്‍ തുടങ്ങാനുള്ള സാധ്യത എന്‍.ടി.യു., കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രാലയം എ.ഐ.സി.ടി.ഇ, എന്നിവ സംയുക്തമായി പരിശോധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
സുഹൃത്തുക്കളെ,
ഇന്ത്യ ഇന്ന് അഞ്ച് ട്രില്യണ്‍ ഡോളറിന്റെ സമ്പദ്ഘടനയിലേയ്ക്ക് വളരാന്‍ തയ്യാറായിരിക്കുകയാണ്.
അതിലേയ്ക്ക് നവീനാശയങ്ങളും, സ്റ്റാര്‍ട്ട് അപ്പുകളും ഒരു നിര്‍ണ്ണായക പങ്ക് വഹിക്കും.
ഏറ്റവും മുന്തിയ മൂന്ന് സ്റ്റാര്‍ട്ട് അപ്പ് സൗഹൃദ സംവിധാനങ്ങളില്‍ ഇതിനകം തന്നെ ഇന്ത്യ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ നവീനാശയങ്ങളെയും അവയുടെ വികാസത്തെയും പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ വമ്പിച്ച ഊന്നലാണ് നല്‍കിയത്.
നവീനാശയ സംസ്‌ക്കാരത്തെ പരിപോഷിപ്പിക്കുന്ന ഒരു ഇന്ത്യയുടെ, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ അടിത്തറയാണ് അടല്‍ ഇന്നവേഷന്‍ മിഷന്‍, പി.എം റിസര്‍ച്ച് ഫെല്ലോഷിപ്പുകള്‍, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ അഭിയാന്‍ മുതലായ പദ്ധതികള്‍.
ഇപ്പോള്‍ ഞങ്ങള്‍ ആധുനിക സാങ്കേതികവിദ്യകളായ മെഷീന്‍ ലേണിംഗ്, നിര്‍മ്മിത ബുദ്ധി, ബ്ലോക്ക് ചെയിന്‍ തുടങ്ങിയവയെ കുറിച്ച് ആറാം തരം മുതല്‍ തന്നെ കുട്ടികളെ പരിചയപ്പെടുത്തുകയാണ്.
നവീനാശയങ്ങള്‍ക്കുള്ള ഒരു മാധ്യമമായി മാറുന്ന ഒരു പരിസ്ഥിതി സ്‌കൂള്‍ തലം മുതല്‍ ഉന്നത വിദ്യാഭ്യാസ ഗവേഷണ തലം വരെ സൃഷ്ടിച്ച് വരികയാണ്.
സുഹൃത്തുക്കളെ,
നവീനാശയങ്ങളെയും അവയുടെ വികസനത്തെയും രണ്ട് കാരണങ്ങള്‍കൊണ്ടാണ് ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് ഒന്ന്, ജീവിതം ആയാസരഹിതമാക്കാന്‍ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ക്ക് എളുപ്പത്തിലുള്ള പരിഹാരം നമുക്ക് വേണം. മറ്റൊന്ന് ലോകത്തിന് മൊത്തമായുള്ള പരിഹാരങ്ങള്‍ നമുക്ക് കണ്ടെത്തണം.
ആഗോളതലത്തില്‍ പ്രയോഗിക്കാവുന്ന ഇന്ത്യന്‍ പരിഹാരങ്ങള്‍ – ഇതാണ് നമ്മുടെ ലക്ഷ്യവും, നമ്മുടെ പ്രതിബദ്ധതയും.
പാവപ്പെട്ട രാജ്യങ്ങളുടെ ആവശ്യങ്ങള്‍ക്ക് പര്യാപ്തമായ നമ്മുടെ ചിലവ് കുറഞ്ഞതും ഫലപ്രദവുമായ പരിഹാര മാര്‍ഗങ്ങള്‍ ലഭ്യമാക്കാനും നമുക്ക് ആഗ്രഹമുണ്ട്. പാവപ്പെട്ടവരും, അങ്ങേയറ്റം ക്ലേശിക്കുന്നവരും, അവര്‍ എവിടെ ജീവിച്ചാലും അവരെ സഹായിക്കാന്‍ ഇന്ത്യയുടെ നൂതനാശയങ്ങള്‍ ഉണ്ടാകും.
സുഹൃത്തുക്കളെ,
രാജ്യങ്ങള്‍ക്കും, ഭൂഖണ്ഡങ്ങള്‍ക്കുമപ്പുറം സാങ്കേതികവിദ്യ ജനങ്ങളെ ഒന്നിപ്പിക്കുന്നുവെന്ന് ഞാന്‍ സത്യസന്ധമായി വിശ്വസിക്കുന്നു. സിംഗപ്പൂര്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ. ഓംഗിന്റെ നിര്‍ദ്ദേശങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.
ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് പങ്കെടുക്കാന്‍ താല്‍പര്യമുള്ളവരെ ഉള്‍പ്പെടുത്തി, എന്‍.ടി.യു, സിംഗപ്പൂര്‍ ഗവണ്‍മെന്റ്, ഇന്ത്യാ ഗവണ്‍മെന്റ് എന്നിവയുടെ പിന്‍തുണയോടെ ഇതുപോലൊരു ഹാക്കത്തോണ്‍ സംഘടിപ്പിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുന്നു.
'ആഗോള താപനവും, കാലാവസ്ഥാ വ്യതിയാനവും' കുറയ്ക്കുന്നതിന് നൂതന പരിപാഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ മികച്ച മസ്തിഷ്‌ക്കങ്ങള്‍ മത്സരിക്കട്ടെ.
ഉപസംഹാരമായി, ഈ ഉദ്യമം ഒരു വന്‍ വിജയമാക്കി തീര്‍ത്ത, ഇതില്‍ പങ്കെടുത്ത എല്ലാവരെയും, സംഘാടകരെയും ഞാന്‍ ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു.
സമ്പന്നമായ സംസ്‌ക്കാരവും, മഹത്തായ പൈതൃകവും, ഭക്ഷണവും നല്‍കുന്ന ചെന്നൈയിലാണ് നിങ്ങളുള്ളത്. ചെന്നൈയിലെ തങ്ങളുടെ താമസം ആസ്വദിക്കാന്‍ ഈ പരിപാടിയില്‍ പങ്കെടുത്ത എല്ലാവരോടും, വിശിഷ്യ സിംഗപ്പൂരില്‍ നിന്നുള്ള നമ്മുടെ സുഹൃത്തുക്കളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കല്ല് കൊണ്ട് നിര്‍മ്മിച്ച ക്ഷേത്രങ്ങള്‍ക്കും, കല്ലിലെ കൊത്തുപണികള്‍ക്കും കേള്‍വികേട്ട മഹാബലിപുരം പോലുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ഈ അവസരം വിനിയോഗിക്കണം. യുനസ്‌ക്കോയുടെ ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചവയാണ് അവ'.