ഹൗഡി, എന്റെ സുഹൃത്തുകളെ,
ഈ ദൃശ്യവും ഈ അന്തരീക്ഷവും തികച്ചും സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നതല്ല. ടെക്‌സാസിനെ സംബന്ധിക്കുന്ന എന്തും വലുതും ഗംഭീരവുമായിരിക്കണം, ഇത് ടെക്‌സാസിന്റെ സ്വഭാവത്തില്‍ രൂഢമൂലമാണ്.
ഇന്ന് ടെക്‌സാസിന്റെ ഉന്മേഷവും ഇവിടെ പ്രതിഫലിക്കുന്നുണ്ട്. ഈ അതിരുകവിഞ്ഞ കൂട്ടം കേവലം അക്കങ്ങള്‍ മാത്രമല്ല, ഇന്ന് നാം ഇവിടെ ഒരു ചരിത്രസൃഷ്ടിക്ക് മാത്രമല്ല രസതന്ത്ര ത്തിനും കൂടിയാണ് സാക്ഷ്യം വഹിക്കുന്നത്.
എന്‍.ആര്‍.ജി സ്റ്റേഡിയത്തിലെ ഈ ഊര്‍ജ്ജം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കൂട്ടായ പ്രവര്‍ത്തനം വളരുന്നതിന്റെ സാക്ഷ്യം കൂടിയാണ്.
പ്രസിഡന്റ് ട്രംപിന്റെ ഇവിടുത്തെ സാന്നിദ്ധ്യമോ, മഹത്തായ ജനാധിപത്യമായ അമേരിക്കയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, അവര്‍ റിപ്പബ്ലിക്കനുകളാകട്ടെ, ഡെമോക്രാറ്റിക്കുകളാകട്ടെ അവരുടെ സാന്നിദ്ധ്യമോ, ഇന്ത്യയെ പുകഴ്ത്തുകയും എന്നെ പ്രശംസിക്കുകയും എന്നെ അഭിനന്ദിക്കുകയും ചെയ്യുന്നതോ ആകട്ടെ, സ്‌റ്റേനി ഹോയര്‍, സെനറ്റര്‍ ക്രോണിന്‍, സെനറ്റര്‍ ക്രൂസ,് മറ്റ് സുഹൃത്തുക്കള്‍ ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് പറയുകയും നമ്മെ പ്രശംസിക്കുകയും ചെയ്തതാകട്ടെ, അവയൊക്കെ അമേരിക്കയിലുള്ള ഇന്ത്യാക്കാരുടെ കഴിവുകള്‍ക്കും അവരുടെ നേട്ടങ്ങള്‍ക്കും ലഭിച്ച അംഗീകാരമാണ്.
ഇത് 1.3 ബില്യണ്‍ ഇന്ത്യാക്കാര്‍ക്ക് ലഭിച്ച ബഹുമാനമാണ്. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് പുറമെ നിരവധി അമേരിക്കന്‍ സൃഹൃത്തുക്കളും ഇന്ന് ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഓരോ ഇന്ത്യാക്കാരന് വേണ്ടിയും അവര്‍ക്കും ഹൃദയംഗമമായ സ്വാഗതം ഞാന്‍ അരുളുന്നു.
ഈ പരിപാടിയുടെ സംഘാടകരെ ഞാന്‍ അഭിനന്ദിക്കുകയാണ്. ഈ പരിപാടിക്ക് വേണ്ടി വന്‍തോതില്‍ ജനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായും എന്നാല്‍ സ്ഥലപരിമിതിമൂലം അവരില്‍ ആയിരക്കണക്കിന് പേര്‍ക്ക് ഇവിടെ എത്താന്‍ കഴിഞ്ഞില്ലെന്നും എനിക്ക് അറിയാന്‍ കഴിഞ്ഞു. ഇവിടെ എത്താന്‍ കഴിയാത്തവരോട് ഞാന്‍ വ്യക്തിപരമായി തന്നെ ക്ഷമചോദിക്കുന്നു.
രണ്ടുദിവസത്തിന് മുന്നെ കാലാവസ്ഥമാറ്റത്തിനെത്തുടര്‍ന്നുണ്ടായ പരിസ്ഥിതി വളരെപ്പെട്ടെന്ന് ശരിയായി കൈകാര്യം ചെയ്യുകയും ഒരുക്കങ്ങള്‍ കുറഞ്ഞ സമയത്തില്‍ കാര്യക്ഷമമാക്കുകയും ചെയ്ത ഹൂസ്റ്റനിലേയും ടെക്‌സാസിലേയും ഭരണസംവിധാനത്തിന് എന്റെ അളവറ്റ അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുകയും പ്രസിഡന്റ് ട്രംപ് പറഞ്ഞതുപോലെ ഹൂസ്റ്റന്‍ ശക്തമാണെന്ന് തെളിയിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ,
ഈ പരിപാടിയുടെ പേര് ഹൗഡി മോദി എന്നാണ്, എന്നാല്‍ മോദി മാത്രമായി ഒന്നുമല്ല. 130 കോടി ഇന്ത്യാക്കാരുടെ ആഗ്രഹപ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു സാധാരണ മനുഷ്യനാണ് ഞാന്‍. അതുകൊണ്ട് നിങ്ങള്‍ എന്നോട് എപ്പോഴാണോ ഹൗഡി മോദി എന്ന് ചോദിക്കുന്നത് അപ്പോള്‍ എന്റെ ഹൃദയം അതിന് നല്‍കുന്ന ശരിയായ ഉത്തരം-ഇന്ത്യയില്‍ എല്ലാം നല്ലനിലയിലാണെന്നതാണ്.
സുഹൃത്തുക്കളെ,
ഞാന്‍ എന്താണ് പറഞ്ഞതെന്ന് നമ്മുടെ അമേരിക്കന്‍ സുഹൃത്തുക്കള്‍ അതിശയപ്പെടുന്നുണ്ടാകും. പ്രസിഡന്റ് ട്രംപ്, എന്റെ അമേരിക്കന്‍ സുഹൃത്തുക്കളെ, – എല്ലാം നല്ലനിലയിലാണ്, എന്നത് ഇന്ത്യയിലെ വിവിധ ഭാഷകളില്‍- ഞാന്‍ ഇത്രയും മാത്രമേ പറഞ്ഞുള്ളു.
നമ്മുടെ സ്വതന്ത്ര ജനാധിപത്യ സമൂഹത്തിന്റെ ഏറ്റവും വലിയ തിരിച്ചറിയലാണ് നമ്മുടെ ഭാഷകള്‍. നമ്മുടെ രാജ്യത്ത് നൂറ്റാണ്ടുകളായി നൂറുക്കണക്കിന് ഭാഷകള്‍, നൂറുക്കണക്കിന് ഭാഷാഭേദങ്ങള്‍ എന്നിവ പരസ്പരാശ്രയ ധാരണയോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്നും അവ ലക്ഷക്കണക്കിന് ജനങ്ങളുടെ മാതൃഭാഷയായി തുടരുകയും ചെയ്യുന്നു.
ഭാഷകള്‍ മാത്രമല്ല, ഞങ്ങളുടെ രാജ്യത്ത് നിരവധി വര്‍ഗ്ഗങ്ങളുണ്ട്, ഒരു ഡസനിലേറെ സമുദായങ്ങള്‍, വിവിധതരത്തിലുള്ള ആരാധന രീതികള്‍, നൂറുക്കണക്കിന് പ്രാദേശിക പാചകവിധികള്‍, വ്യത്യസ്തമായ വസ്ത്രധാരണരീതികള്‍, വ്യത്യസ്തങ്ങളായ കാലാവസ്ഥകള്‍ എന്നിവയെല്ലാം ചേര്‍ന്ന് ഈ രാജ്യത്തെ ആശ്ചര്യകരമാക്കുന്നു.
നാനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ പൈതൃകം, ഇതാണ് നമ്മുടെ പ്രത്യേകത. നമ്മുടെ ഊര്‍ജ്ജസ്വലമായ സമൂഹത്തിന്റെ ഏറ്റവും വലിയ അടിത്തറ എന്നത് ഇന്ത്യയുടെ ഈ വൈവിദ്ധ്യമാണ്. ഇതാണ് നമ്മുടെ ശക്തിയുടെയും പ്രചോദനത്തിന്റേയും സ്രോതസ്. എവിടെ നാം പോകുമോ അവിടെയൊക്കെ വൈവിധ്യത്തിന്റെ ആചാരങ്ങളും ജനാധിപത്യവും നാം ഒപ്പം കൊണ്ടു പോകും.
മഹത്തായ പാരമ്പര്യത്തിന്റെ പ്രതിനിധികളായാണ് ഇന്ന് സ്‌റ്റേഡിയത്തിലിരിക്കുന്ന അന്‍പതിനായിരത്തിലധികം ഇന്ത്യക്കാര്‍.
ഇവിടെ സന്നിഹിതരായിരിക്കുന്ന നിങ്ങളില്‍ മിക്കവരും ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവമായ 2019-ലെ പൊതുതെരഞ്ഞെടുപ്പില്‍ സജീവമായ പങ്കാളിത്തം വഹിച്ചിരിക്കും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി ലോകത്തിന് കാട്ടികൊടുത്ത ഒരു തെരഞ്ഞെടുപ്പായിരുന്നു തീര്‍ച്ചയായും അത്.
610 മില്യണിലധികം വോട്ടര്‍മാര്‍ ആ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. ഒരുകണക്കിന് പറഞ്ഞാല്‍ അമേരിക്കയുടെ മൊത്തം ജനസംഖ്യയുടെ ഇരട്ടി. ഇതില്‍ ആദ്യതവണ വോട്ടുചെയ്യുന്ന 80 മില്യണ്‍ യുവാക്കളുമുണ്ടായിരുന്നു.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ വോട്ടുചെയ്തതും ഏറ്റവും കൂടുതല്‍ വനിതകളെ തെരഞ്ഞെടുത്തതും ഇപ്രാവശ്യമാണ്.
സുഹൃത്തുക്കളെ,
2019-ലെ പൊതുതെരഞ്ഞെടുപ്പ് മറ്റൊരു റെക്കാര്‍ഡ് കൂടി സൃഷ്ടിച്ചു. ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷം അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ഒരു ഗവണ്‍മെന്റ് ആദ്യം കിട്ടിയതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടിക്കൊണ്ട് തിരിച്ചുവന്നു.
എന്തുകൊണ്ടാണ് ഇതൊക്കെ സംഭവിച്ചത്, എന്താണ് ഇതിന് കാരണം? അത് മോദിയുള്ളതുകൊണ്ടല്ല, അതു സംഭവിച്ചത് ഇന്ത്യാക്കാരായതുകൊണ്ടാണ്.
സുഹൃത്തുക്കളെ,
ഇന്ത്യാക്കാര്‍ പൊതുവേ ക്ഷമാശീലമുള്ളവരായിട്ടാണ് തിരിച്ചറിയപ്പെടുന്നത്, എന്നാല്‍ ഇന്ന് നാം രാജ്യത്തിന്റെ വികസനത്തിലും 21-ാം നൂറ്റാണ്ടില്‍ രാജ്യത്തെ പുതിയ ഉയരങ്ങളില്‍ എത്തിക്കുന്നതിലും അക്ഷമരാണ്. ഇന്ന് ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ വാക്ക് വികസനമാണ്, ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ മന്ത്രം-സബ് കാ സാത് സബ് കാ വികാസ് ആണ്. ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ നയം പൊതു-സ്വകാര്യപങ്കാളിത്തമാണ്. നിശ്ചയദാര്‍ഢ്യത്തിലൂടെ വിജയം എന്നതാണ് ഇന്ന് ഇന്ത്യയുടെ ഏറ്റവും ജനപ്രിയമായ മുദ്രാവാക്യം, ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ നിശ്ചയദാര്‍ഢ്യം എന്നത്-നവ ഇന്ത്യയാണ്.
നവ ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി ഇന്ന് ഇന്ത്യ രാവും പകലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്, ഇതില്‍ ഏറ്റവും സുപ്രധാനകാര്യം എന്തെന്നാല്‍ നാം മറ്റാരോടുമല്ല, നമ്മോട് തന്നെയാണ് മത്സരിക്കുന്നത്.
നാം നമ്മെത്തന്നെയാണ് വെല്ലുവിളിക്കുന്നത്. നാം സ്വയം മാറുകയുമാണ്.
സുഹൃത്തുക്കളെ,
ഇന്ന് മറ്റെല്ലാ കാലത്തെക്കാളും അതിവേഗം മുന്നോട്ടു പോകാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഒന്നും മാറ്റാന്‍ കഴിയില്ലെന്ന ചിലരുടെ ചിന്തകളെയാണ് ഇന്ന് ഇന്ത്യ വെല്ലുവിളിക്കുന്നത്.
കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് 130 കോടി ഇന്ത്യാക്കാരും ഒന്നിച്ചുചേര്‍ന്ന് എല്ലാ മേഖലയിലും അത്തരം ഫലങ്ങള്‍ നേടിയെടുത്തിരുന്നു ; ആര്‍ക്കും അതിനെക്കുറിച്ച് മുമ്പ് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല.
നാം ഉയരങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്, നാം ഉയരങ്ങള്‍ നേടുകയും ചെയ്യുന്നു.
സഹോദരി, സഹോദരന്മാരെ,
ഏഴു പതിറ്റാണ്ടുകൊണ്ട് ഗ്രാമീണമേഖലയിലെ ശുചിത്വപരിപാലനം 38% മാത്രമാണ് എത്തിച്ചേര്‍ന്നിരുന്നത്. അഞ്ചുവര്‍ഷം കൊണ്ട് ഞങ്ങള്‍ 110 മില്യണ്‍ ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു. ഇന്ന് ഗ്രാമീണ ശുചിത്വപരിപാലനം 99% ആണ്.
രാജ്യത്തെ പാചകവാതക കണക്ഷന്‍ 55% മാത്രമാണ് കടന്നിരുന്നത്. അഞ്ചുവര്‍ഷം കൊണ്ട് അത് 95% ല്‍ എത്തി. അഞ്ചുവര്‍ഷം കൊണ്ട് ഞങ്ങള്‍ 150 മില്യണ്‍ ജനങ്ങള്‍ക്ക് പാചകവാതക കണക്ഷനുകള്‍ ലഭ്യമാക്കി.
നേരത്തെ ഇന്ത്യയിലെ ഗ്രാമീണ റോഡ് ബന്ധിപ്പിക്കല്‍ കേവലം 55% മാത്രമായിരുന്നു. അഞ്ചുവര്‍ഷം കൊണ്ട് ഞങ്ങള്‍ അതിനെ 97% ആക്കി. അഞ്ചുവര്‍ഷം കൊണ്ട് നമ്മള്‍ രാജ്യത്തെ ഗ്രാമീണമേഖലയില്‍ 2 ലക്ഷം കിലോമീറ്റര്‍ റോഡുകള്‍ നിര്‍മ്മിച്ചു അതായത് 200,000 കിലോമീറ്റര്‍.
ഇന്ത്യയില്‍ 50% ല്‍ താഴെ ആള്‍ക്കാര്‍ക്ക് മാത്രമേ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നുള്ളു. ഇന്ന് അഞ്ചുവര്‍ഷത്തിനുള്ളില്‍ 100% കുടുംബങ്ങളും ബാങ്കിംഗ് സംവിധാനത്തില്‍ ചേര്‍ന്നുകഴിഞ്ഞു. അഞ്ചുവര്‍ഷം കൊണ്ട് 370 ദശലക്ഷം പേര്‍ക്ക് ഞങ്ങള്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു.
സുഹൃത്തുക്കളെ,
ഇന്ന് ജനങ്ങള്‍ക്ക് അവരുടെ അടിസ്ഥാനപരമായ ആവശ്യത്തെക്കുറിച്ച് കൂടുതല്‍ വിഷമിക്കേണ്ടതായിട്ടില്ലാത്തതുകൊണ്ട് അവര്‍ക്ക് വലുതായി സ്വപ്‌നം കാണാനും അവരുടെ ഊര്‍ജ്ജം മുഴുവന്‍ അത് നേടിയെടുക്കുന്നതിനായി ഉപയോഗിക്കാനും കഴിയും.
സുഹൃത്തുക്കളെ,
വ്യാപാരം ലളിതമാക്കുകയെന്നത് ജീവിതം സുഗമമാക്കുകയെന്നതിനോടൊപ്പം തന്നെ ഞങ്ങള്‍ക്ക് പ്രധാനമാണ്, അതാണ് ശാക്തീകരണം. രാജ്യത്തെ സാധാരണ മനുഷ്യനെ ശാക്തീകരിച്ചുകഴിഞ്ഞാല്‍ രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക വളര്‍ച്ച വളരെ വേഗം മുന്നോട്ടുപോകും.
ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് ഒരു ഉദാഹരണം വിശദീകരിക്കാം. ഇപ്പോള്‍ പറയുന്നത്-വിവരങ്ങള്‍ (ഡാറ്റാ) എന്നത് പുതിയ എണ്ണയാണെന്ന്. നിങ്ങള്‍ ഹൂസ്റ്റണ്‍കാര്‍ക്ക് എണ്ണ എന്നുപറയുമ്പോള്‍ അത് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് അറിയാനാകും.
വിവരങ്ങള്‍ എന്നത് പുതിയ സ്വര്‍ണ്ണമാണെന്നുകൂടി ഞാന്‍ ഇതോടൊപ്പം കൂട്ടിച്ചേര്‍ക്കുന്നു. നാലാം തലമുറ വ്യവസായത്തിന്റെ പൂര്‍ണ്ണ ശ്രദ്ധയും ഡാറ്റയിലാണ്. ഈ ലോകത്തിലാകെ, വളരെ ശ്രദ്ധയോടെ കേള്‍ക്കണം, എവിടെയെങ്കിലും കുറഞ്ഞ വിലയ്ക്ക് ഡാറ്റ ലഭിക്കുന്നുണ്ടെങ്കില്‍ ആ രാജ്യം ഇന്ത്യയാണ്.
ഇന്ന് ഇന്ത്യയില്‍ ഒരു ജി.ബി ഡാറ്റയുടെ വില ഏകദേശം 25-30 സെന്റാണ് അതായത് കാല്‍ ഡോളര്‍ മാത്രം, ലോകത്തെ ഒരു ജി.ബി ഡാറ്റായുടെ ശരാശരി വിലയെന്നത് ഇതിന്റെ 25-30 ഇരട്ടിയാണെന്നതുകൂടി ഞാന്‍ ഇവിടെ സൂചിപ്പിക്കുകയാണ്.
കുറഞ്ഞ വിലയ്ക്കുള്ള ഈ ഡാറ്റയാണ് ഇന്ത്യയിലെ ഡിജിറ്റല്‍ ഇന്ത്യയുടെ പുതിയ മുഖമുദ്രയായിരിക്കുന്നത്. കുറഞ്ഞ വിലയ്ക്കുള്ള ഡാറ്റ ഇന്ത്യയിലെ ഭരണത്തേയും പുനര്‍നിര്‍വചനം ചെയ്തു. ഇന്ന് ഇന്ത്യയില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ 10,000 സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.
സുഹൃത്തുക്കളെ,
ഇന്ത്യയില്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ രണ്ടു മുതല്‍ മൂന്നുമാസം വരെ കാത്തിരിക്കേണ്ട ഒരുകാലമുണ്ടായിരുന്നു. ഇന്ന് ഒരാഴ്ചയ്ക്കുള്ളില്‍ പാസ്‌പോര്‍ട്ട് വീട്ടില്‍ വരും. വിസ സംബന്ധിച്ച് മുമ്പുണ്ടായിരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് എന്നേക്കാളും നിങ്ങള്‍ക്ക് നല്ലതുപോലെ അറിയാമായിരിക്കും. ഇന്ന് ഇന്ത്യയുടെ ഇ-വിസ സംവിധാനത്തിന്റെ വലിയ ഉപയോക്താക്കളില്‍ ഒന്ന് അമേരിക്കയാണ്.
സുഹൃത്തുക്കളെ,
ഒരു പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ രണ്ടു മുതല്‍ മൂന്നാഴ്ച വരെ എടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് 24 മണിക്കൂറിനുള്ളില്‍ ഒരു പുതിയ കമ്പനി രജിസ്റ്റര്‍ചെയ്യാം. നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നത് വലിയ തലവേദനയായിരുന്ന ഒരു കാലമുണ്ടായിരുന്നു. നികുതി തിരിച്ചു കിട്ടാന്‍ മാസങ്ങള്‍ തന്നെ എടുക്കുകയും ചെയ്തിരുന്നു.
ഇന്ന് ഉണ്ടായിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് കേട്ടാല്‍ നിങ്ങള്‍ സ്തബ്ധരായി പോകും.
ഇക്കുറി, ഓഗസ്റ്റ് 31ന് ഒരു ദിവസം മാത്രം, ഞാന്‍ ഒരു ദിവസത്തെക്കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളു, ഏകദേശം 50 ലക്ഷം പേര്‍ അതായത് 5 മില്യണ്‍ പേര്‍ ഒരു ദിവസം കൊണ്ട് ആദായനികുതി റിട്ടേണുകള്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്തു.
ഒരു ദിവസം അഞ്ചുമില്യണ്‍ റിട്ടേണുകള്‍ എന്നതാണ് ഇത് അര്‍ത്ഥമാക്കുന്നത് അതായത് ഹൂസ്റ്റനിലെ മൊത്തം ജനസംഖ്യയുടെ ഇരട്ടിയിലധികം. മുമ്പുണ്ടായിരുന്ന മറ്റൊരു പ്രധാന പ്രശ്‌നം അടച്ച അധിക നികുതി തിരിച്ചുകിട്ടാന്‍ മാസങ്ങള്‍ വേണ്ടിവരുന്നതായിരുന്നു, ഇപ്പോള്‍ എട്ടുമുതല്‍ പത്തുദിവസത്തിനുള്ളില്‍ അത് നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടും.
സഹോദരി, സഹോദരന്മാരെ,
വികസനത്തിന് വേണ്ടി കുതിക്കുന്ന ഏതൊരു രാജ്യത്തിലും തങ്ങളുടെ പൗരന്മാര്‍ക്ക് വേണ്ടിയുള്ള ക്ഷേമപദ്ധതികള്‍ അനിവാര്യമാണ്.പൗരന്മാര്‍ക്ക് വേണ്ട ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിനൊപ്പം നവ ഇന്ത്യ സൃഷ്ടിക്കുന്നതിനായി ചിലവയോട് യാത്രപറയുകയും ചെയ്തു.
വിടപറയലിന് നല്‍കുന്ന അതേ പ്രാധാന്യം തന്നെയാണ് ഞങ്ങള്‍ ക്ഷേമത്തിനും നല്‍കുന്നത്. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷിക ആഘോഷിക്കുന്ന ഒക്‌ടോബര്‍ 2ന് ഇന്ത്യ വെളിയിട വിസര്‍ജ്ജനത്തോട് പൂര്‍ണ്ണമായും വിടപറയും.
വളരെ പഴക്കം ചെന്നതും പുരാതനവുമായ 1500 നിയമങ്ങളോട് കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഇന്ത്യ വിടപറഞ്ഞു. ഒരു ഡസനിലധികം നികുതികള്‍ ഇന്ത്യയിലെ വ്യപാരസൗഹൃദ അന്തരീക്ഷത്തിന് തടസം സൃഷ്ടിച്ചിരുന്നു.
ഞങ്ങളുടെ ഗവണ്‍മെന്റ് ഈ നികുതി വലയോട് വിടപറയുകയും ജി.എസ്.ടി നടപ്പാക്കുകയും ചെയ്തു. നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഒരു നികുതി എന്ന സ്വപ്‌നം ഞങ്ങള്‍ രാജ്യത്ത് സാക്ഷാത്കരിച്ചു.
സുഹൃത്തുക്കളെ,
നാം അഴിമതിയേയും വെല്ലുവിളിക്കുകയാണ്. എല്ലാതലത്തില്‍ നിന്നും ഇതിനെ വിടപറയിക്കാന്‍ ഞങ്ങള്‍ ഒന്നിന് പുറകെ ഒന്നായി നിരവധി നടപടികള്‍ സ്വീകരിക്കുകയാണ്. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യ മൂന്നരലക്ഷം സംശയകരമായ കമ്പനികള്‍ക്ക് വിടനല്‍കി.
രേഖകളില്‍ മാത്രം നിലനിന്നുകൊണ്ട് ഗവണ്‍മെന്റ് സേവനങ്ങള്‍ തട്ടിയെടുത്തിരുന്ന 80 മില്യണ്‍ വ്യാജ പേരുകള്‍ക്ക് ഞങ്ങള്‍ വിട നല്‍കി. ഈ വ്യാജ പേരുകളെ മാറ്റിയതിലൂടെ തെറ്റായ കരങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്ന എത്ര രൂപയാണ് സംരക്ഷിച്ചതെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ? 20 ബില്യണ്‍ യു.എസ്.ഡോളര്‍.
വികസനത്തിന്റെ നേട്ടം ഓരോ ഇന്ത്യാക്കാരനിലും എത്തിച്ചേരുന്നതിനായി ഞങ്ങള്‍ രാജ്യത്ത് വളരെ സുതാര്യമായ ഒരു പരിസ്ഥിതി സൃഷ്ടിക്കുകയാണ്. സഹോദരി, സഹോദരന്മാരെ, ഒരു ഇന്ത്യാക്കാരനെങ്കിലും വികസനത്തില്‍ നിന്നും അകന്നുനിന്നാല്‍പോലും അതും ഇന്ത്യയ്ക്ക് അംഗീകരിക്കാന്‍ കഴിയില്ല.
70 വര്‍ഷമായി ഇന്ത്യയില്‍ നിലനിന്ന മറ്റൊരു വെല്ലുവിളിയ്ക്കും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിട നല്‍കി.
അതേ നിങ്ങള്‍ക്ക് മനസിലായി കാണും. അത് അനുച്ഛേദം 370-ന്റെ വിഷയമാണ്. അനുച്ഛേദം 370 ജമ്മു കാശ്മീരിലേയും ലഡാക്കിലേയും ജനങ്ങളുടെ വികസനവും തുല്യാവകാശങ്ങളും ഇല്ലായ്മ ചെയ്തു. ഭീകരവാദ, വിഘടനവാദ ശക്തികള്‍ ഈ അവസരം മുതലെടുത്തു.
ഇന്ത്യന്‍ ഭരണഘടന മറ്റ് ഇന്ത്യാക്കാര്‍ക്ക് നല്‍കിയിട്ടുള്ള അവകാശങ്ങള്‍ ഇപ്പോള്‍ ജമ്മു കാശ്മീരിലേയും ലഡാക്കിലേയും ജനങ്ങള്‍ക്കും ലഭിക്കും.
സ്ത്രീകള്‍ക്കെതിരായ, കുട്ടികള്‍ക്കെതിരായ, ദളിതര്‍ക്കെതിരായ വിവേചനങ്ങള്‍ ഇപ്പോള്‍ അവിടെ അവസാനിച്ചു.
സുഹൃത്തുക്കളെ,
ഇത് നമ്മുടെ പാര്‍ലമെന്റിലെ ഉപരി-അധോസഭകളില്‍ മണിക്കൂറുകള്‍ ചര്‍ച്ചചെയ്തതാണ്, അത് രാജ്യത്തിനും ലോകത്തിനും കാണുന്നതിനായി തത്സമയം പ്രക്ഷേപണവും ചെയ്തിരുന്നു. ഇന്ത്യയില്‍ നമ്മുടെ പാര്‍ട്ടിക്ക് ഉപരിസഭയില്‍ ഭൂരിപക്ഷമില്ല അതായത് രാജ്യസഭയില്‍, എന്നിട്ടും നമ്മുടെ പാര്‍ലമെന്റിന്റെ ഉപരി-അധോ സഭകള്‍ രണ്ടും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനം പാസാക്കി.
ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, ഇന്ത്യയിലെ എല്ലാ എം.പിമാര്‍ക്കും നിങ്ങള്‍ ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേറ്റ് നിന്ന് കൈയടിച്ച് അംഗീകാരം നല്‍കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
നിങ്ങള്‍ക്ക് വളരെയധികം നന്ദി!
ഇന്ത്യ എന്താണോ തങ്ങള്‍ക്ക് വേണ്ടി ചെയ്യുന്നത് അത് സ്വന്തം രാജ്യത്തെ പരിപാലിക്കാന്‍ കഴിയാത്ത ചില ആളുകളെ ബുദ്ധിമുട്ടിലാക്കുന്നു. ഇന്ത്യയ്‌ക്കെതിരായ വിദ്വേഷം തങ്ങളുടെ രാഷ്ട്രീയത്തിന്റെ കേന്ദ്രമാക്കിയവരാണ് ഇവര്‍.
അസ്ഥിരപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഈ ആളുകളാണ് ഭീകരവാദത്തിന് പിന്തുണനല്‍കുന്നതും പരിപോഷിപ്പിക്കുന്നതും. അവരെ നിങ്ങള്‍ക്ക് മാത്രമല്ല, ലോകത്തിനാകെ തന്നെ തിരിച്ചറിയാം.
അത് അമേരിക്കയിലെ 9/11 ഓ അല്ലെങ്കില്‍ മുംബൈയിലെ 26/11 എന്തോ ആയിക്കോട്ടെ ഇതിന്റെ ഗൂഢാലോചനക്കാരെ എവിടെയും കാണാം.
സുഹൃത്തുക്കളെ,
ഭീകരവാദത്തിനെതിരെയും ഭീകരവാദത്തിനെ പ്രോത്സാഹിക്കുന്നവര്‍ക്കെതിരെയുമുള്ള നിര്‍ണ്ണായക പോരാട്ടത്തിന് സമയമായി. ഈ പോരാട്ടത്തില്‍ പ്രസിഡന്റ് ട്രംപ് ഭീകരവാദത്തിനെതിരെ ശക്തിയായി നിലകൊണ്ടുവെന്ന് എന്ന് ഇവിടെ തറപ്പിച്ചുപറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.
ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പ്രസിഡന്റ് ട്രംപിന്റെ ധര്‍മ്മനിഷ്ഠമായ നിലപാടിന് നമുക്ക് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് നിന്ന് കൈയടിച്ച് അംഗീകാരം നല്‍കാം.
നന്ദി, നന്ദി സുഹൃത്തുക്കളെ.
സഹോദരി, സഹോദരന്മാരെ,
ഇന്ത്യയില്‍ വളരെയധികം കാര്യങ്ങള്‍ നടക്കുകയാണ്, ഇന്ത്യ മാറുകയാണ്, നമുക്ക് ഇനിയും ഒരുപാട് ചെയ്യാനുണ്ടെന്ന നിശ്ചയത്തോടെ നാം മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണ്.
പുതിയ വെല്ലുവിളികള്‍ തീര്‍ക്കാനും അത് സാക്ഷാത്കരിക്കാനുമുള്ള നിശ്ചയദാര്‍ഢ്യത്തിലാണ് ഞങ്ങള്‍. രാജ്യത്തിന്റെ ഈ വികാരത്തെ അടിസ്ഥാനമാക്കി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഒരു കവിത എഴുതിയിരുന്നു. ഇന്ന് അതില്‍ നിന്ന് വെറും രണ്ടുവരികള്‍ മാത്രം ഞാന്‍ ഇവിടെ ഉദ്ധരിക്കാം. അധികസമയം ഇല്ലാത്തതുകൊണ്ട്, ഞാന്‍ കൂടുതലൊന്നും പറയില്ല.
ഇവിടെ കിടക്കുന്ന ബുദ്ധിമുട്ടുകളുടെ കുന്നുകള്‍, അത് എന്റെ ഉന്മേഷത്തിന്റെ ഗോപുരങ്ങളുമാണ്.
സുഹൃത്തുക്കളെ,
ഇന്ത്യ ഇന്ന് വെല്ലുവിളികളെ ഒഴിവാക്കുന്നില്ല, അവയെ നാം ഇന്ന് മുഖാമുഖം കാണുകയാണ്. ഇന്ന് ഇന്ത്യ ഒരു പ്രശ്‌നത്തിന്റെ പൂര്‍ണ്ണപരിഹാരത്തിനാണ് നിര്‍ബന്ധം പിടിക്കുന്നത് അല്ലാതെ ചില ചെറിയ വര്‍ദ്ധനവുകള്‍ക്കല്ല. കുറേക്കാലത്തിന് മുമ്പ് അസാദ്ധ്യം എന്ന് കരുതിയിരുന്നതെല്ലാം ഇന്ന് ഇന്ത്യ സാദ്ധ്യമാക്കുകയാണ്.
സുഹൃത്തുക്കളെ,
ഇന്ത്യ ഒരു 5 ട്രില്യണ്‍ യു.എസ്. ഡോളര്‍ സമ്പദ്ഘടനയിലേക്ക് പോകുകയാണ്. അടിസ്ഥാനസൗകര്യങ്ങള്‍, നിക്ഷേപം, കയറ്റുമതി എന്നിവയുടെ വര്‍ദ്ധനയ്ക്ക് നാം ഊന്നല്‍ നല്‍കുകയാണ്. ജനസൗഹൃദ, വികസന സൗഹൃദ, നിക്ഷേപ സൗഹൃദ പരിസ്ഥിതികള്‍ സൃഷ്ടിച്ചുകൊണ്ടാണ് നാം മുന്നേറുന്നത്.
പശ്ചാത്തല സൗകര്യങ്ങള്‍ക്ക് ഞങ്ങള്‍ നൂറുലക്ഷം കോടി രൂപ അതായത് 1.3 ട്രില്യണ്‍ ചെലവഴിക്കാന്‍ പോകുകയാണ്.
സുഹൃത്തുക്കളെ,
ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന എല്ലാ അനിശ്ചിതത്വങ്ങള്‍ക്കുമിടയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ശരാശരി 7.5% മാണ്. ഒരു ഗവണ്‍മെന്റിന്റെ കാലത്താകമാനമുള്ള ശരാശരി എടുത്താല്‍ ഇത് മുമ്പ് ഒരിക്കലും സംഭവിച്ചിട്ടില്ലെന്നതും മനസില്‍ ഉള്‍ക്കൊള്ളണം.
ആദ്യമായിട്ട് ഇവിടെ കുറഞ്ഞ നാണയപെരുപ്പത്തിന്റെ, കുറഞ്ഞ ധനക്കമ്മിയുടെ ഒപ്പം ഉയര്‍ന്ന വളര്‍ച്ചയുടെ ഒരു കാലമുണ്ടായി. ഇന്ന് ലോകത്തെ ഏറ്റവും മികച്ച നേരിട്ടുള്ള വിദേശ നിക്ഷേപ ലക്ഷ്യസ്ഥാനമാണ് ഇന്ത്യ. 2014 മുതല്‍ 2019 വരെ നേരിട്ടുളള വിദേശ നിക്ഷേപം ഇരട്ടിയായി.
ഏക ബ്രാന്‍ഡ് ചെറുകിട മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ മാനദണ്ഡങ്ങളും അടുത്തിടെ നമ്മള്‍ ലളിതവല്‍ക്കരിച്ചു. കല്‍ക്കരി ഖനനം, കരാര്‍ ഉല്‍പ്പാദന മേഖലയിലെ ഇപ്പോള്‍ 100% വിദേശനിക്ഷേപത്തിന് കഴിയും.
ഇന്നലെ ഞാന്‍ ഇവിടെ ഹൂസ്റ്റനില്‍ ഊര്‍ജ്ജമേഖലയിലെ സി.ഇ.ഒമാരുമായി കൂടിക്കാഴ്ച നടത്തി. കോര്‍പ്പറേറ്റ് നികുതിയില്‍ വലിയ വെട്ടികുറവ് വരുത്താന്‍ ഇന്ത്യ എടുത്ത തീരുമാനം എല്ലാ ജനങ്ങളെയും വല്ലാതെ ആവേശഭരിതരാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, ആഗോള വ്യാപാരമേധാവികള്‍ക്കും ഗുണകരമായ ഒരു സന്ദേശമാണ് കോര്‍പ്പറേറ്റ് നികുതി കുറച്ച തീരുമാനത്തിലൂടെ നല്‍കിയിരിക്കുന്നതെന്നായിരുന്നു അവരുടെ പ്രതികരണം.
ഈ തീരുമാനം ഇന്ത്യയെ ആഗോളതലത്തില്‍ കൂടുതല്‍ മത്സരത്തിന് യോഗ്യമാക്കും.
സുഹൃത്തുക്കളെ,
ഇന്ത്യാക്കാര്‍ക്ക് ഇന്ത്യയിലും അമേരിക്കക്കാര്‍ക്ക് അമേരിക്കയിലും മുന്നോട്ടു പോകുന്നതിന് വളരെയധികം പ്രതീക്ഷകളുണ്ട്. അഞ്ച് ട്രില്യണ്‍ അമേരിക്കന്‍ ഡോളര്‍ സമ്പദ്ഘടനയിലേക്കുള്ള ഇന്ത്യയുടെ പുതിയ യാത്രയും പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തില്‍ അമേരിക്കയിലുണ്ടാകുന്ന ശക്തമായ സാമ്പത്തിക വളര്‍ച്ചയും ഈ സാദ്ധ്യതകള്‍ക്ക് പുതിയ ചിറകുകള്‍ നല്‍കും.
പ്രസിഡന്റ് ട്രംപ് തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ച സാമ്പത്തിക അത്ഭുതങ്ങള്‍ കേക്കിലെ ഐസിംഗ് പോലെയാണ്. അടുത്ത രണ്ടു മുതല്‍ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ പ്രസിഡന്റ് ട്രംപുമായി ചര്‍ച്ച നടത്തുന്നുണ്ട്. അത് കുറച്ച് സകാരാത്മക ഫലങ്ങള്‍ നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
പ്രസിഡന്റ് ട്രംപ് എന്നെ കാഠിന്യമുള്ള ഒത്തുതീര്‍പ്പുകാരന്‍ എന്ന് വിശേഷിപ്പിച്ചെങ്കിലും അദ്ദേഹം ഈ ഒത്തുതീര്‍പ്പിന്റെ കലയില്‍ പ്രത്യേക വൈഗ്ദധ്യം നേടിയ വ്യക്തിയാണ്, ഞാന്‍ അദ്ദേഹത്തില്‍ നിന്നും വളരെയധികം പഠിക്കുകയാണ്.
സുഹൃത്തുക്കളെ,
ഒരു നല്ല ഭാവിക്ക് വേണ്ടിയുള്ള നമ്മുടെ മുന്നോട്ടുള്ള പ്രയാണം ഇനി നല്ല വേഗതയിലായിരിക്കും. എന്റെ എല്ലാ സുഹൃത്തുക്കളും ഇതിലെ പ്രധാന ഭാഗങ്ങളാണ്, ഇതിന് പിന്നിലെ ചാലകശക്തിയാണ്. നിങ്ങള്‍ നിങ്ങളുടെ രാജ്യത്തില്‍ നിന്നും വളരെയകലെയാണ്, എന്നാല്‍ നിങ്ങളുടെ ഗവണ്‍മെന്റ് നിങ്ങളില്‍ നിന്ന് അധികം അകലെയല്ല.
കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഞങ്ങള്‍ ചര്‍ച്ചയുടെയും വിദേശത്തുള്ള ഇന്ത്യന്‍ സമുഹവുമായുള്ള ആശയവിനിമയത്തിന്റെയും അര്‍ത്ഥം തന്നെ മാറ്റി. ഇന്ന് വിദേശത്തുള്ള ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളും വെറും ഒരു ഗവണ്‍മെന്റ് ഓഫീസ് മാത്രമല്ല, നിങ്ങളുടെ പ്രഥമ പങ്കാളിയാണ്.
വിദേശത്ത് പണിയെടുക്കുന്ന നമ്മുടെ സുഹൃത്തുക്കളുടെ താല്‍പര്യം സംരക്ഷിക്കാനായി ഗവണ്‍മെന്റ് നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. മദദ് (മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോര്‍ ഡിസയേര്‍ഡ് അസിസ്റ്റന്റ് ഡ്യൂറിംഗ് ട്രാവല്‍), ഇ-മൈഗ്രേറ്റ്, വിദേശത്തും പോകുന്നതിന് മുമ്പ് പ്രീ-ഡിപ്പാര്‍ച്ചര്‍ ട്രെയിനിംഗ് (പുറപ്പെടുന്നതിന് മുമ്പുള്ളപരിശീലനം), വിദേശ ഇന്ത്യാക്കാരുടെ ഇന്‍ഷ്വറന്‍സ് പദ്ധതി മെച്ചപ്പെടുത്തല്‍, പി.സി.ഐ (പേഴ്‌സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍) കാര്‍ഡുള്ളവര്‍ക്ക് ഒ.സി.ഐ (ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ) കാര്‍ഡിനുളള സൗകര്യം, അതുപോലെ നിരവധി കാര്യങ്ങള്‍ ചെയ്തു. ഇവ വിദേശ ഇന്ത്യാക്കാരെ അവിടേയ്ക്ക് പോകുന്നതിന് മുമ്പും പോയതിന് ശേഷവും വളരെയധികം സഹായിക്കുന്നുണ്ട്.
ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടും നമ്മുടെ ഗവണ്‍മെന്റ് കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
ലോകത്തിലാകമാനം നിരവധി പുതിയ നഗരങ്ങളില്‍ വിദേശ ഇന്ത്യന്‍ സഹായ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.
സഹോദരി, സഹോദരന്മാരെ,
ഇന്ന് ഈ വേദിയില്‍ നിന്നും ഉത്ഭവിക്കുന്ന തോന്നല്‍ 21-ാം നൂറ്റാണ്ടിലെ പുതിയ നിര്‍വ്വചനങ്ങള്‍ക്കും പുതിയ സാദ്ധ്യതകള്‍ക്കും ജന്മം നല്‍കും. ഒരുപോലെയുള്ള ജനാധിപത്യ മൂല്യങ്ങളുടെ ശക്തിയാണ് നമുക്കിരുകൂട്ടര്‍ക്കും ഉള്ളത്.
പുതിയ നിര്‍മ്മാണങ്ങളില്‍ രണ്ടു രാജ്യങ്ങള്‍ക്കും ഒരു പോലെയുള്ള ദൃഢനിശ്ചയമാണുള്ളത്, രണ്ടും കൂടി ചേര്‍ന്ന് നമ്മെ ശോഭനമായ ഭാവിയിലേക്ക് നയിക്കും.
മിസ്റ്റര്‍ പ്രസിഡന്റ്, കുടുംബസമേതം ഇന്ത്യ സന്ദര്‍ശിക്കാന്‍ ഞാന്‍ താങ്കളെ ക്ഷണിക്കുകയാണ്, നിങ്ങളെ സ്വാഗതം ചെയ്യുന്നതിന് ഞങ്ങള്‍ക്ക് ഒരവസരം നല്‍കുക. നമ്മുടെ സൗഹൃദം ഇന്ത്യയുടെയൂം അമേരിക്കയുടെയും പങ്കാളിത്ത സ്വപ്‌നങ്ങള്‍ക്കും ഉജ്ജ്വലമായ ഭാവിക്കും പുതിയ ഉയരങ്ങള്‍ നല്‍കും.
ഇവിടെ വന്നതിന് ഞാന്‍ ഒരിക്കല്‍ കൂടി പ്രസിഡന്റ് ട്രംപിനും രാഷ്ട്രീയ, സാമൂഹിക, വ്യാപാര നേതാക്കള്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി പ്രകാശിപ്പിക്കുകയാണ്.
ടെക്‌സാസിലെ ഗവണ്‍മെന്റിനോടും ഇവിടുത്തെ ഭരണസംവിധാനത്തോടും ഞാന്‍ നന്ദി പറയുന്നു.
ഹൂസ്റ്റന് നന്ദി, അമേരിക്കയ്ക്ക് നന്ദി!
നിങ്ങളെയെല്ലാം ദൈവം അനുഗ്രഹിക്കട്ടെ.
നിങ്ങള്‍ക്ക് നന്ദി.
ബാദ്ധ്യതാ നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗം ഹിന്ദിയിലായിരുന്നു. ഇത് ആ പ്രസംഗത്തിന്റെ ഏകദേശ പരിഭാഷയാണ്.