എന്റെ സഹപ്രവര്‍ത്തകന്‍ ഘനവ്യവസായ, പൊതുമേഖലാകാര്യ മന്ത്രി ശ്രീ അനന്ദ് ഗീഥെ, സഹമന്ത്രി ശ്രീ ബാബുല്‍ സുപ്രിയോ, എന്റെ സഹപ്രവര്‍ത്തകര്‍ ശ്രീ പി കെ മിശ്ര, പി കെ സിന്‍ഹ, രാജ്യമെമ്പാടും നിന്ന് എത്തിയിരിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഇവിടെ സന്നിഹിതരായിരിക്കുന്ന മറ്റു വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യരേ.
അനന്ദ് ഗീഥേജി പാടുകയില്ലെങ്കിലും ബാബുല്‍ജി പാടും. പൊതുമേഖലയുടെ ചെറിയ ലോകത്തിന് ഇത് പുതിയൊരു തുടക്കമാണ്. സിപിഎസ്ഇ ( കേന്ദ്ര പൊതുമേഖലാ സ്ഥാപനം) സമ്മേളനത്തിലേക്ക് നിങ്ങളെല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. നിങ്ങളെല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങളുടെ തീവ്രമായ ചുറുചുറുക്കും ആവേശവും നിങ്ങളുടെ ചിന്തകളിലെ തെളിമയും കഴിഞ്ഞ ഒന്നൊന്നേകാല്‍ മണിക്കൂര്‍ നടത്തിയ അവതരണത്തില്‍ ഞാന്‍ വ്യക്തമായി കണ്ടു. ഏകീകൃത ഭരണനിര്‍വഹണത്തില്‍ നിന്ന് നവീനാശയങ്ങളിലേക്കും സാങ്കേതികവിദ്യയിലേക്കും പുതിയ ഇന്ത്യയിലേക്കും ഉയര്‍ത്തുന്ന നിരവധി തലങ്ങളിലുള്ള നിങ്ങളുടെ വീക്ഷണത്തിന്റെയും ചിന്തകളുടെയും മിന്നൊളി ലഭിക്കാന്‍ എനിക്ക് അവസരമുണ്ടായി. ഇതപോലെ ഒരു അവസരം മുമ്പ് ഏതെങ്കിലും പ്രധാനമന്ത്രിക്ക് ലഭിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല!
ചര്‍ച്ചകളില്‍ പങ്കാളികളാവുകയും അവതരണ സംഘത്തിനൊപ്പം സഹകരിക്കുകയും ചെയ്ത എല്ലാവരെയും അഭിനന്ദിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യുകയും നിരവധി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. അവര്‍ അസാധാരണമായി ചിന്തിക്കാന്‍ അവസരം നേടുകതന്നെ ചെയ്തു.
കഴിഞ്ഞ കുറേ മാസങ്ങളായി നിങ്ങള്‍ വിശദമായ ചര്‍ച്ചയിലായിരുന്നു എന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. നിങ്ങളുടെ മേഖലയില്‍ പരിവര്‍ത്തനാത്മക മാറ്റം കൊണ്ടുവരാന്‍ നിങ്ങള്‍ നിരവധി ഗവേഷണങ്ങള്‍ നടത്തി. നിങ്ങളുടെ ചര്‍ച്ചകളുമായും നിങ്ങളുടെ ചില വിഷയങ്ങളുമായും എന്റെ ചിന്തകളെ കൂട്ടിച്ചേര്‍ക്കാന്‍ ഞാന്‍ ശ്രമിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കും എനിക്കുമിടയില്‍ ചിന്തകളുടെ ഒരു സമതുലിതാവസ്ഥ ഉണ്ടാകും. ഒന്നല്ലെങ്കില്‍ മറ്റൊരു വഴിയില്‍ എല്ലാവരും പ്രക്രിയയിലും ചര്‍ച്ചയിലും സംവാദത്തിലും സംഭാവന ചെയ്യും.
നിങ്ങള്‍ പ്രതിദിനം അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികളെക്കുറിച്ചു ചര്‍ച്ച ചെയ്തു. ഈ പ്രശ്‌നങ്ങളെ മറികടക്കാന്‍ ഗവണ്‍മെന്റ് ഇടതടവില്ലാതെ പ്രവര്‍ത്തിക്കും. കഴിഞ്ഞ നാല് വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഗവണ്‍മെന്റ് പ്രവര്‍ത്തനപരമായ സ്വാതന്ത്ര്യം നല്‍കുകയും അത് മൂലം അവര്‍ നല്ല പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.
സുഹൃത്തുക്കളേ,
സ്വാതന്ത്ര്യത്തിനു ശേഷം രാഷ്ട്രനിര്‍മാണത്തിനുള്ള സമ്പദ്ഘടനയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സുപ്രധാന പങ്കു വഹിച്ചു. അക്കാലത്ത് വിവിധ മേഖലകളില്‍ ഇന്ത്യയ്ക്ക് പണവും സാങ്കേതികവിദ്യയും നിക്ഷേപവും ആവശ്യമായിരുന്നു. ഇവ ലഭിക്കുക എളുപ്പമായിരുന്നില്ല. ആയതിനാല്‍ ആ സമയത്ത് ഈ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ രാജ്യത്തെ സഹായിച്ചത് പൊതുമേഖലാ സ്ഥാപനങ്ങളാണ്. നിരവധി നല്ല ബ്രാന്‍ഡുകള്‍ വന്നു. ഊര്‍ജ്ജോല്‍പ്പാദനം, ഊര്‍ജ്ജവുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ രൂപകല്‍പ്പന, ഉരുക്കുല്‍പ്പാദനം, എണ്ണ, ധാതു, കല്‍ക്കരി എന്നിവ പോലെ നിരവധി മേഖലകളില്‍ ഈ സ്ഥാപനങ്ങള്‍ക്ക് അവരുടേതായ മേധാവിത്വം ഉണ്ടായിരുന്നു. സ്വകാര്യ മേഖലയുടെ എണ്ണം വര്‍ധിക്കുന്നതിനു മുമ്പ് നിങ്ങള്‍ സാമ്പത്തിക വളര്‍ച്ചയുടെ പ്രക്രിയ വേഗത്തിലാക്കി. ഇന്നും നിങ്ങള്‍ ഇന്ത്യയുടെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുക മാത്രമല്ല വ്യവസായ പ്രവര്‍ത്തനങ്ങള്‍ക്ക് ചാലകശക്തിയായി പ്രവര്‍ത്തിക്കുക കൂടി ചെയ്യുന്നു.
സുഹൃത്തുക്കളേ,
സ്ഥാപനത്തിന്റെ ഗുണഭോക്താക്കള്‍ക്ക് ലാഭം ഉണ്ടാക്കിക്കൊടുക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു സ്വകാര്യ കമ്പനിയുടെ സിഇഒ സാധാരണഗതിയില്‍ വിലയിരുത്തപ്പെടുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ലാഭം പ്രധാനമാണെങ്കിലും സമൂഹത്തിന്റെ ക്ഷേമം കൂടി അവര്‍ പരിഗണനയിലെടുക്കണം.
നമുക്ക് സ്വന്തം നിലയില്‍ പരിമിതപ്പെടുത്താനാകില്ല. മുഴുവന്‍ സമൂഹത്തെയും നാം പരിഗണിക്കണം. ഒരര്‍ത്ഥത്തില്‍, പിഎസ്ഇ ( പബ്ലിക് സെക്ടര്‍ എന്റര്‍പ്രൈസസ്) എന്നാല്‍ പ്രോഫിറ്റ് ആന്റ്് സോഷ്യല്‍ ബെനഫിറ്റ് ജനറേറ്റിംഗ് എന്റര്‍പ്രൈസസ് ( ലാഭവും സാമൂഹികനേട്ടവും ഉല്‍പ്പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍) എന്നാണ്. അതിനര്‍ത്ഥം അവര്‍ ഓഹരി ഉടമകള്‍ക്കു മാത്രം ലാഭമുണ്ടാക്കിക്കൊടുക്കണം എന്നല്ല, സമൂഹത്തിനുകൂടി നേട്ടമുണ്ടാക്കിക്കൊടുക്കണം. സാമൂഹിക ആനുകൂല്യങ്ങളെക്കുറിച്ചു സംസാരിക്കുമ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും ഉദ്യോഗസ്ഥരും ചെയ്യുന്ന സംഭാവനകളെയും ത്യാഗങ്ങളെയും വിസ്മരിക്കാന്‍ നമുക്കു കഴിയില്ല. പ്രയാസമേറിയ മേഖലകൡലെ പ്രയാസമുള്ള സാഹചര്യങ്ങളില്‍ കുറഞ്ഞ സൗകര്യങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടി വരുമ്പോള്‍ നിങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കേണ്ടി വരും. അതെ, നിങ്ങള്‍ നിശ്ചയദാര്‍ഢ്യമുള്ളവരാണ്.
നിങ്ങളുടെ ധൈര്യത്തിന്റെ ഫലമായി വലിയ തീരുമാനങ്ങളെടുക്കാന്‍ ഗവണ്‍മെന്റ് പ്രാപ്തമായി. നിങ്ങളുടെ കഠിനാധ്വാനമില്ലാതെ അത് സാധ്യമാകില്ല; രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ലഭ്യമാക്കുന്ന കാര്യമായാലും, അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പാചകവാതക കണക്ഷന്‍ നല്‍കുന്ന കാര്യമായാലും ഇതാണു സ്ഥിതി. ജോലിയുടെ സാധ്യതയും, രൂപരേഖയും അവതരണത്തില്‍ നാം കാണുകയുണ്ടായി.
സുഹൃത്തുക്കളേ,
ഈ യുഗത്തില്‍ നമുക്ക് നല്ലതും സമ്പന്നവുമായ ഒരു ചരിത്രം കൊണ്ട് സംതൃപ്തരാകാന്‍ കഴിയില്ല. നിലവിലെ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിന് മാറ്റങ്ങളുണ്ടാക്കേണ്ട ആവശ്യമുണ്ട്. സാമ്പത്തിക തീരുമാനമെടുക്കുന്നതില്‍ ആദര്‍ശവാദവും ഭാവനാശാസ്ത്രവും മതിയാകില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രായോഗികതയും കണക്കിലെടുക്കണം. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സാമ്പത്തിക നവീനാശയങ്ങളും സംരംഭങ്ങളും നമുക്ക് ഏതുമേഖലയിലും മാര്‍ഗ്ഗനിര്‍ദേശം നല്‍കുകയും വഴി കാണിച്ചു തരികയും ചെയ്യുന്ന മന്ത്രങ്ങളാണ്.
സ്വകാര്യ മേഖലയുടെയും പൊതുമേഖലയുടെയും വിജയത്തിനു വെവ്വേറെ മന്ത്രങ്ങളില്ല. ഞാന്‍ വിജയമന്ത്രത്തേക്കുറിച്ച് ചിന്തിക്കുമ്പോള്‍ മൂന്ന് ‘ഐ’കള്‍ എന്റെ മനസ്സില്‍ തെളിയും. പ്രോല്‍സാഹനം ( ഇന്‍സെന്റീവ്), ഭാവന ( ഇമാജിനേഷന്‍), സ്ഥാപന നിര്‍മ്മിതി ( ഇന്‍സ്്റ്റിറ്റിയൂഷനല്‍ ബില്‍ഡിംഗ്) എന്നിവയാണ് അവ. വ്യവസായത്തില്‍ മാത്രമല്ല നമ്മുടെ ജീവിതങ്ങളിലും മാനുഷിക പെരുമാറ്റത്തില്‍ മാറ്റം കൊണ്ടുവരുന്നതിന് പ്രോല്‍സാഹനം ഒരു മഹത്തായ ഉപകരണമാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുന്നു. ഒരാളെ അയാളുടെ എല്ലാ കഴിവുകളോടുകൂടിയും ആവശ്യമുണ്ടെങ്കില്‍ അയാളെ പ്രോല്‍സാഹിപ്പിക്കുക എന്നത് സാധാരണയായി നാം ചെയ്യുന്ന കാര്യമാണ്. അതുപോലെതന്നെ, കാലതാമസവും സ്തംഭനവും ഒഴിവാക്കാന്‍ നിങ്ങള്‍ സവിശേഷ പ്രോല്‍സാഹന മാതൃകകള്‍ നടപ്പാക്കുകയും ചെയ്യുന്നു. പ്രോല്‍സാഹനം എപ്പോഴും പണമായിത്തന്നെ ആകണമെന്നില്ല. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാരുടെ ചിത്രം ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കുന്നതും ചെയര്‍മാനില്‍ നിന്ന് സമയോചിതമായ ഒരു നല്ല വാക്ക് കിട്ടുന്നതും ജീവനക്കാരില്‍ പ്രോല്‍സാഹനപരമായ അത്ഭുതങ്ങള്‍ സൃഷ്ടിക്കും.
ബറോഡയിലെ ഒരു മരുന്നു കമ്പനിയില്‍ പോയത് ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. ഒരു ഉല്‍പ്പന്നം നിര്‍മിച്ചു കഴിഞ്ഞാല്‍ അതിനേക്കുറിച്ചുള്ള വിശദീകരണം പരസ്യപ്പെടുത്തുകയും അതിനു പേരിടാന്‍ ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്യും. ഒരു മല്‍സരം സംഘടിപ്പിക്കുന്നു. ജീവനക്കാര്‍ ശാസ്ത്രജ്ഞരല്ലെങ്കിലും പിന്നീട് ലഭിക്കുന്ന സമ്മാനത്തിനു വേണ്ടി അവര്‍ ആവേശത്തോടെ അനുയോജ്യമായ ഒരു പേര് തിരയുന്നു. ശാസ്ത്രജ്ഞരുടെ അത്രതന്നെ അവരുടെ സംഭാവനയും പ്രധാനമാണ്. ആയതിനാല്‍, പ്രോല്‍സാഹിപ്പിക്കുന്നതിനെക്കുറിച്ചും അതിന്റെ രീതിയേക്കുറിച്ചും ചിന്തിക്കുകതന്നെ വേണം. ഈ കാര്യങ്ങള്‍ കുടുംബങ്ങളില്‍ എങ്ങനെയാണ് നടക്കുന്നതെന്ന് നിങ്ങള്‍ക്കറിയാം. കൂട്ടായ്മയുടെ വികാരത്തിലാണ് അത് മുന്നോട്ടു പോകുന്നത്.
ഞാന്‍ രണ്ടാമതു പറഞ്ഞത് ഭാവനയെക്കുറിച്ചാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ രൂപീകരിച്ചതുമുതല്‍ വ്യത്യസ്ഥമായ ഒരു രീതി നിലനിര്‍ത്തിപ്പോരുന്നുണ്ട്. വിജയകരമായ നിരവധി സ്വകാര്യ കമ്പനികള്‍ രണ്ടു ദശാബ്ദം നിലനില്‍ക്കുന്നില്ല. അതൊരു യാഥാര്‍ത്ഥ്യമാണ്. അതിനു നിരവധി കാരണങ്ങളുണ്ടാകാം. പ്രധാന കാരണം ഉയര്‍ന്നു വരുന്ന മാറ്റങ്ങള്‍, പ്രത്യേകിച്ചും സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ ഭാവിയിലേക്കു വേണ്ടി നടപ്പാക്കുന്നില്ല എന്നതാണ്. ഇവിടെയാണ് നേതൃത്വത്തിന്റെ ഭാവന ഉണരേണ്ടത്. അഹമ്മദാബാദില്‍ ഞാന്‍ വര്‍ഷങ്ങളോളം താമസിച്ചിരുന്നു. അവിടെ മില്ലുകളുടെ വലിയ പുകക്കുഴലുകള്‍ മഹത്തായ ഗാംഭീര്യമുണര്‍ത്തിയിരുന്ന ഒരു കാലമുണ്ട്. പുതിയ സാങ്കേതികവിദ്യയുടെ അഭാവത്തില്‍ അത് എല്ലായിടത്തും പരന്നു. എന്നാല്‍ ഇന്ന് ഒരൊറ്റ പുകക്കുഴല്‍ പോലും പുക പുറത്തു വിടുന്നില്ല. എന്തുകൊണ്ട്? ഭാവനയുടെ അഭാവത്തിലാണ് അത് സംഭവിച്ചുകൊണ്ടിരുന്നത്. കാലാവധി കഴിഞ്ഞ കാര്യങ്ങളുമായി ജീവിക്കുന്ന ഒരു സ്വഭാവമുണ്ട്. പരിവര്‍ത്തനമുണ്ടാക്കുന്നതിനു സ്വയം മാറാന്‍ കഴിയാത്തവര്‍, അല്ലെങ്കില്‍ ദീര്‍ഘവീക്ഷണം ഇല്ലാതിരിക്കുകയും തീരുമാനങ്ങളെടുക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നവര്‍ സ്തംഭനാവസ്ഥയില്‍ത്തന്നെ തുടരും. ക്രമേണ അവര്‍ തകര്‍ച്ചയിലേക്കു നീങ്ങും. ഇന്ന്, വൈവിധ്യവല്‍ക്കരണം അതിപ്രധാനമാണ്.
മൂന്നാമതായി സ്ഥാപനം കെട്ടിപ്പടുക്കുക എന്നത് നേതൃത്വത്തിന്റെ മഹത്തായ പരീക്ഷണകളിലൊന്നാണ്. രാഷ്ട്രീയ നേതൃത്വത്തേക്കുറിച്ചല്ല ഞാന്‍ പറയുന്നത്. ഇവിടെ സന്നിഹിതരായിരിക്കുന്നവരെല്ലാം തങ്ങളുടെ മേഖലകളില്‍ നേതാക്കളാണ്. അവര്‍ പ്രവര്‍ത്തന മേഖലയ്ക്കാകെ നേതൃത്വം നല്‍കുന്നു. ശരിയായ ഒരു സംവിധാനത്തിനു ചുറ്റും കേന്ദ്രീകൃതമായി ഒരു സംഘം രൂപീകരിക്കപ്പെടുകതന്നെ ചെയ്യും. വ്യക്തികേന്ദ്രീകൃത സംവിധാനങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കില്ല.
സുഹൃത്തുക്കളേ,
ഇന്നുവരെ നാം പൊതുമേഖലാ സ്ഥാപനങ്ങളെ തരംതിരിച്ചിരുന്നതു നവരത്‌നങ്ങള്‍ എന്നാണ്. അവയെ ‘നവ ഇന്ത്യാ’ രത്‌നങ്ങളായി തരംതിരിക്കാന്‍ ശരിയായ സമയമായിരിക്കുന്നു. അത് പുതിയൊരു ഇന്ത്യ കെട്ടിപ്പടുക്കാന്‍ സഹായകമാകും. ‘നവ ഇന്ത്യാ’ രത്‌നങ്ങളിലേക്കു പരിവര്‍ത്തിപ്പിക്കാനും കെട്ടിപ്പടുക്കാനും സാങ്കേതികവിദ്യയിലും പ്രക്രിയയിലും മാറ്റങ്ങള്‍ വരുത്താന്‍ നിങ്ങള്‍ തയ്യാറാണോ?
താഴെപ്പറയുന്ന 5പി സൂത്രവാക്യം പിന്തുടരുന്നതിലൂടെ പുതിയ ഒരു ഇന്ത്യ കെട്ടിപ്പടുക്കാനുള്ള നിങ്ങളുടെ പങ്കാളിത്തം കൂടുതല്‍ ഫലപ്രദമാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു. 5 പി എന്നാല്‍ പെര്‍ഫോമന്‍സ് ( മികവ്), പ്രോസസ് ( പ്രക്രിയ), പേഴ്്‌സോണ ( വ്യക്തിത്വം), പ്രോക്യുര്‍മെന്റ് ( സംഭരണം), പ്രിപ്പേര്‍ ( തയ്യാറെടുക്കല്‍).
സുഹൃത്തുക്കളേ,
നിങ്ങളെല്ലാവരും നിങ്ങളുടെ സ്ഥാപനത്തില്‍ പ്രവര്‍ത്തനപരവും സാമ്പത്തികവുമായ മികവിന്റെ ഔന്നത്യം അടയാളപ്പെടുത്തുന്നവരാണ്. നിങ്ങളുടെ ഓരോരുത്തരുടെയും മേഖലകളില്‍ ലോകോത്തര കമ്പനികളുമായി മല്‍സരിക്കാന്‍ സ്വയം തയ്യാറെടുപ്പു നടത്തണം. കുറച്ചു വര്‍ഷങ്ങള്‍കൊണ്ട് ഇന്ത്യ അഞ്ച് ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറും എന്ന് പറഞ്ഞു കഴിഞ്ഞു. മൊത്തം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് മെച്ചപ്പെടുത്തിക്കൊണ്ട് ഈ ലക്ഷ്യം നേടുന്നതില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുണ്ട്.
സുഹൃത്തുക്കളേ,
2017-18 കാലയളവില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ മൂല്യവര്‍ധന ഏകദേശം അഞ്ച് ശതമാനമാണെന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു. ഇത് ഇരട്ടിയാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ ദിശയില്‍ നിങ്ങളുടെ കൂട്ടായ പ്രയത്‌നത്തിന്റെ ഫലമായി പ്രത്യക്ഷ-പരോക്ഷ നികുതി വരുമാനം സമാഹരിക്കുന്ന കാര്യത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ മൂന്നാമത്തെ ശാഖയായി മാറും.
ഒരു ചൊല്ലുണ്ട്: ‘ ഉദ്യോഗസമ്പന്നം സാമുപൈത്തി ലക്ഷ്മി’. അതായത് ലക്ഷ്മി പോകുന്നത് വ്യവസായികളുടെ സമീപത്തേക്കാണെന്ന്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സമൃദ്ധി ഉണ്ടാകേണ്ടത് രാജ്യത്തിന്റെ ക്ഷേമത്തിന് പ്രധാനമാണ്.
ഇന്ന്, ഗവണ്‍മെന്റിന്റെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഓഹരിയില്‍ നിന്നുള്ള പ്രതിഫലം ഏകദേശം 11 ശതമാനമാണ്. ഇത് സ്വകാര്യമേഖലയിലേക്കാള്‍ കുറവാണ്, മികച്ച വ്യാവസായിക അന്തരീക്ഷത്തിന് അത്ര നന്നല്ല. എന്റെ അഭിപ്രായത്തില്‍ ഇത് വളരെക്കുറവാണ്. ആയതിനാല്‍ അനിവാര്യമായ തീരുമാനങ്ങളെടുക്കാനും നിശ്ചിത തന്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിക്കൊണ്ട് അത് വര്‍ധിപ്പിക്കാനും കേന്ദ്ര പൊതുമേഖലാ സ്ഥാപന മാനേജ്‌മെന്റുകള്‍ തയ്യാറാകണം എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
രണ്ടാമത്തേത് പ്രക്രിയയാണ്. പ്രക്രിയയില്‍ സുതാര്യതയും ഉത്തരവാദിത്തവും കൊണ്ടുവരണം. ഒരു ആഗോള മാനദണ്ഡത്തില്‍ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുകയും വേണം.
അടുത്ത അഞ്ചോ പത്തോ വര്‍ഷം കൊണ്ട് പുതിയ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ എങ്ങനെ ആഗോള ഔന്നത്യം നേടുമെന്ന് നാം സ്വയം ചോദിക്കണം. എങ്ങനെയാണ് പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതല്‍ നവീകരിക്കുന്നത്, മൊത്തം ആഭ്യന്തര ഉല്‍പ്പാദനം ഉയര്‍ത്താനാകും വിധം അവയെ പുനര്‍ നിര്‍വചിക്കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും വിധം നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ അവയുടെ നയങ്ങള്‍ മാറ്റുകയും ചെയ്യുന്നത് എങ്ങനെയാണ്? ഇതേക്കുറിച്ചു ചിന്തിക്കേത് ആവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഇന്നത്തെ ആഗോള സാഹചര്യത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളെ മല്‍സരാധിഷ്ഠിതമാക്കുന്നത് ഒഴിവാക്കാനാകില്ല. പല യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെയും പൊതുമേഖലാ സ്ഥാപനങ്ങള്‍ വൈദ്യുതി, ആണവോര്‍ജ്ജം, സൗരോര്‍ജ്ജം എന്നീ മേഖലകളില്‍ വളരെ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. അവരുടെ പ്രവര്‍ത്തന മാതൃകയില്‍ നിന്നു നമുക്ക് ഒരുപാട് പഠിക്കാനും സാധിക്കും.
സുഹൃത്തുക്കളേ,
തീരുമാനമെടുക്കുന്നതിലെ വേഗതയ്‌ക്കൊപ്പം അയവും ആവശ്യമാകുന്ന വിധം ലോകത്തിലെ വ്യാവസായിക പരിസ്ഥിതി മാറിക്കൊണ്ടിരിക്കുകയാണ്. വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള മടികൊണ്ട് മുന്‍കാലങ്ങളില്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് നിരവധി അനുഭവങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. അത്തരം സാഹചര്യത്തില്‍ എല്ലാ തലങ്ങളിലും തീരുമാനമെടുക്കല്‍ വേഗത്തിലാക്കേണ്ടതുണ്ട്. ആയതിനാല്‍ അടുത്തത്, പേഴ്‌സോണ അഥവാ രൂപം പ്രധാനമായി മാറുന്നു.
നാമൊരു തികഞ്ഞ ഇടത്താണെങ്കില്‍ മാത്രമേ ശരിയായ തീരുമാനമെടുക്കല്‍ നടപ്പാവുകയുള്ളു. ശരിയായ കഴിവ് മുന്നോട്ടു കൊണ്ടുപോകുന്നുണ്ട് എന്നും ഇരിപ്പിടം ഉറച്ചതാക്കാന്‍ നാം പ്രാപ്തരാണോ എന്നും ഉറപ്പു വരുത്തണം.
പുരോഗതിക്ക് ഒന്നില്‍ത്തന്നെ മൂന്നു കാര്യങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കേണ്ടത് ആവശ്യമാണ്. അയവുള്ള തീരുമാനമെടുക്കല്‍, നല്ല കഴിവ്, മികവുറ്റ സാങ്കേതികവിദ്യ. സാങ്കേതികവിദ്യയുടെ മേഖലയില്‍ നവീനാശയങ്ങള്‍ വളര്‍ത്തുന്നതിന് ടെക്- അപ് ഇന്ത്യാ ദൗത്യത്തിനു മുന്‍ഗണന നല്‍കുന്നതിനെക്കുറിച്ച് നിങ്ങളുടെ അവതരണത്തില്‍ പരാമര്‍ശിച്ചിരുന്നല്ലോ. അത് വളരെ അഭിനന്ദനാര്‍ഹമാണ്. ആ അധ്വാനത്തിനു ഞാന്‍ വിജയം ആശംസിക്കുന്നു.
സംഭരണവും പ്രധാനമാണ്. സുഹൃത്തുക്കളേ, സംഭരണ നയത്തിലെ മാറ്റങ്ങള്‍ രാജ്യത്തിന്റെ സൂക്ഷ്്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) ശക്തിപ്പെടുത്തും. ഒരു വസ്തുത നിങ്ങള്‍ക്കു മുന്നില്‍ വയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ 2016ല്‍ 1,30,000 കോടിയിലേറെ രൂപയ്ക്ക് സംഭരിച്ചു. ഇതില്‍ 25000 കോടി രൂപയ്ക്ക് മാത്രമാണ് എംഎസ്എംഇകളില്‍ നിന്ന് വാങ്ങിയത്. രാജ്യത്തെ സൂക്ഷ്മ, ചെറുകിട വ്യവസായങ്ങളില്‍ നിന്ന് കൂടുതല്‍ക്കൂടുതല്‍ ചരക്കുകള്‍ വാങ്ങുന്ന സംവിധാനം നിങ്ങള്‍ക്കാര്‍ക്കും രൂപപ്പെടുത്താനാകില്ലേ? രാജ്യത്തെ പിന്നാക്ക മേഖലകളിലെ വ്യവസായങ്ങള്‍ക്ക് പ്രത്യേകമായി ഒരു കൈ സഹായം നല്‍കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതിയേക്കുറിച്ച് അതായത് ഗവണ്‍മെന്റിന്റെ ഇ മാര്‍ക്കറ്റിങ് പോര്‍ട്ടലിനെ (ജെം) നിങ്ങള്‍ക്ക് ധാരണയുണ്ടായിരിക്കണം. നിങ്ങളുടെ അവതരണങ്ങളിലൊന്നില്‍ അതിനേക്കുറിച്ചു കൂടി പരാമര്‍ശിച്ചു. അതൊരു നല്ല സംവിധാനമാണ്. അത് എംഎസ്എംഇ മേഖലയില്‍ പുതിയ ഊര്‍ജ്ജം കൊണ്ടുവരും. ഈ ഓണ്‍ലൈന്‍ വേദി വഴി 6500 കോടി രൂപയുടെ വ്യാപാരം നടന്നു. ഈ വേദി നിങ്ങള്‍ കൂടുതല്‍ക്കൂടുതല്‍ വിനിയോഗിച്ചാല്‍ അത് സുതാര്യത കൊണ്ടുവരുമെന്നു മാത്രമല്ല, എംഎസ്എംഇ മേഖലയ്ക്ക് ഗുണകരവുമായിരിക്കും. നിങ്ങള്‍ നമ്മുടെ രാജ്യത്തെ ചെറുകിട സംരംഭങ്ങളില്‍ നിന്ന് കൂടുതലായി വാങ്ങുമ്പോള്‍ ഗ്രാമീണ മേഖലകളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
ഇതിനു പുറമേ, നിങ്ങളുടെ സ്ഥാപനങ്ങളില്‍ നിന്ന് ഈ എംഎസ്എംഇകള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായവും സാങ്കേതിക സഹായവും ലഭിച്ചാല്‍ അവ കൂടുതല്‍ ശക്തിപ്പെടും. എംഎസ്എംഇ മേഖലയുടെ ശേഷി വര്‍ധിപ്പിക്കുക എന്നത് നിങ്ങളുടെ ലക്ഷ്യങ്ങളിലൊന്നാകണം. മിക്കവാറും നിങ്ങളുടെ ഇന്നത്തെ പ്രമേയത്തില്‍ അത് നിങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടാകും. ചെറുകിട വ്യവസായങ്ങളുമായി നിങ്ങള്‍ കൂടുതല്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ അതിലെ കൂടുതല്‍ പുരോഗതി രാജ്യത്തെ പരിമിതികളില്ലാത്തതും സ്വയാശ്രിതവുമാക്കും!
എംഎസ്എംഇകള്‍ക്കു നല്‍കേണ്ട പണം വൈകിപ്പിക്കുന്നില്ല എന്ന് ഉറപ്പു വരുത്തണമെന്ന് നിങ്ങളെല്ലാവരോടും അഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കിട്ടാനുള്ള പണം വൈകുമ്പോള്‍ ചെറുകിട വ്യവസായങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നിങ്ങള്‍ക്കു നന്നായി അറിയാം.
രാജ്യത്തെ ഉല്‍പ്പാദന മേഖലയ്ക്ക് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് ഒരു പ്രോല്‍സാഹനം ലഭിക്കാന്‍ സാധിക്കും. ഗ്രാമീണ ഭവന നിര്‍മാണം, നവീകരിക്കാവുന്ന ഊര്‍ജ്ജം, സൗരോര്‍ജ്ജം, വസ്ത്രം, ഔഷധം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളെ നവീകരിക്കുന്നതില്‍ നിങ്ങള്‍ക്കൊരു സുപ്രധാന പങ്ക് വഹിക്കാന്‍ സാധിക്കും.
നിങ്ങളുടെ വാര്‍ഷിക പൊതുയോഗം ഏതെങ്കിലും പുതിയ വിനോദ സഞ്ചാര കേന്ദ്രത്തില്‍ വച്ചു നടത്തണമെന്നും ആഗ്ര പോലെ പരമ്പരാഗത സ്ഥലങ്ങളില്‍ വച്ചാകരുതെന്നും കൂടി നിങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. വിനോദ സഞ്ചാര കേന്ദ്രത്തേക്കുറിച്ച് ആളുകള്‍ അറിയുകയും അവിടം സന്ദര്‍ശിക്കുകയും വേണം. ആ വിനോദ സഞ്ചാര കേന്ദ്രം സ്വാഭാവികമായും വികസിക്കും. 300 കമ്പനികളുണ്ടായിരിക്കുകയും ഓരോ കമ്പനിയും വര്‍ഷത്തില്‍ ഇരുപത്തിയഞ്ച് യോഗങ്ങളെങ്കിലും വ്യത്യസ്ഥ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വച്ചു നടത്തുകയും ചെയ്താല്‍ ആ പ്രദേശത്തിന്റെ സമ്പദ്ഘടന വളരുമോ ഇല്ലയോ എന്ന് നിങ്ങള്‍ പറയൂ. ആ മേഖലയുടെ അടിസ്ഥാന സൗകര്യം വികസിക്കുമോ ഇല്ലയോ? സാധാരണഗതിയില്‍ മുംബൈ, ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലാണ് നിങ്ങള്‍ യോഗങ്ങള്‍ നടത്തുന്നത്, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കുകയും ചെയ്യും. പുതിയ ഒരു സ്ഥലത്ത് നിങ്ങള്‍ക്ക് നന്നായി യോഗങ്ങള്‍ നടത്തിക്കൂടെ? നേക്കൂ, നിങ്ങള്‍ക്കിതൊരു പതിവ് കാര്യമാണെങ്കിലും അത് രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് സഹായമാകും. നിങ്ങള്‍ അധികമായി ഒന്നും ചെയ്യേണ്ടതില്ല. രാജ്യത്തിന്റെ വീക്ഷണവുമായി നിങ്ങളുടെ വീക്ഷണം ലയിച്ചു ചേരുമ്പോള്‍ മാത്രമാണ് ഇതു സംഭവിക്കുക. ആയതിനാല്‍, രാഷ്ട്രനിര്‍മാണത്തിനു വേണ്ടി ഈ ചെറിയ ചുവടുവയ്പുകള്‍ നടത്തണമെന്നും രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് പ്രോല്‍സാഹനം നല്‍കണമെന്നും നിങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മൊത്തം മൂലധനം നിക്ഷേപിക്കാതെ തന്നെ ഉയര്‍ന്ന തോതില്‍ തൊഴിലുകള്‍ നല്‍കാന്‍ ശേഷിയുള്ള മേഖലയാണിത്. ലോകത്തിനു നല്‍കാന്‍ പ്രാപ്തിയില്ലാത്തതു നല്‍കാന്‍ ഈ മണ്ണ് പ്രാപ്തമാണ്. എന്നാല്‍ നമ്മുടെ മികവിലേക്ക് എത്താന്‍ നാമൊരിക്കലും ശ്രമിക്കുന്നില്ല. നമുക്കെങ്ങനെ അത് ചെയ്യാന്‍ സാധിക്കും?
സുഹൃത്തുക്കളേ,
ഭാവിക്കുള്ള നമ്മുടെ തയ്യാറെടുപ്പിലെ അഞ്ചാമത്തെ ‘പി’ പ്രപ്പേര്‍ അഥവാ തയ്യാറെടുപ്പാണ്. കൃത്രിമ ബുദ്ധിയും ഇലക്ട്രോണിക് വാഹനങ്ങളും യന്ത്രമനുഷ്യരെയും പോലുള്ള സാങ്കേതികവിദ്യാ നവീകരണത്തിലൂടെ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ തയ്യാറെടുപ്പു നടത്തണം. 2020ഓടെ ആഗോള സാധന വിപണി ശൃംഖലയില്‍ ഇന്ത്യയുടെ പങ്കാളിത്തം ഏകദേശം 20 ശതമാനമാകും എന്നാണ് കണക്കാക്കപ്പെടുന്നത്. ഏകദേശം 20 ലക്ഷം കോടി രൂപയുടെ വിപണിയാണ് അത്. വ്യാവസായിക ഉല്‍പ്പാദനത്തിലെ വിഹിതം ഏകദേശം 60 ശതമാനമാകുമെന്നും കണക്കാക്കപ്പെടുന്നു. ഇത് മനസ്സില്‍ വച്ചുകൊണ്ടാണോ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഭാവി രൂപപ്പെടുത്തുന്നത്? നിങ്ങള്‍ ഈ വിവരം വിശകലനം ചെയ്തിട്ടുണ്ടോ?
സുഹൃത്തുക്കളേ,
പുതിയ സാങ്കേതികവിദ്യകളായ ഡിജിറ്റല്‍വല്‍ക്കരണം, അനലിറ്റിക്‌സ്, ഇ- മൊബിലിറ്റി, ബ്ലോക് ചെയിന്‍ എന്നിവ നിങ്ങളുടെ ശ്രമങ്ങളെ സഹായിക്കും. ഈ സാങ്കേതികവിദ്യകള്‍ക്ക് നിങ്ങളുടെ വ്യവസായത്തില്‍ നിങ്ങള്‍ക്കു വേണ്ടി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. സാമ്പത്തിക വിപണിയില്‍ പുതിയ സംരംഭങ്ങളുടെ നേട്ടമെടുക്കാനും നിക്ഷേപത്തിനു വന്‍തോതില്‍ മൂലധനം ലഭ്യമാക്കാനും നിങ്ങള്‍ക്കു സാധിക്കും.
സുഹൃത്തുക്കളേ,
രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കും മുന്‍ഗണനകള്‍ക്കുമൊപ്പം സൗഹാര്‍ദത്തോടെ നിങ്ങള്‍ മുന്നോട്ടു പോകുമ്പോള്‍ മികച്ച ഫലങ്ങള്‍ തേടിയെത്തുക തന്നെ ചെയ്യും. പുതിയ ഇന്ത്യയുടെ മാറ്റത്തിന്റെ പ്രതിനിധിയായി മാറാനുള്ള പൂര്‍ണ ശേഷി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുണ്ട് എന്ന് എനിക്കുറപ്പുണ്ട്.
ഇന്ന് ഈ സമ്മേളനത്തില്‍ അഞ്ച് ചോദ്യങ്ങളും അഞ്ച് വെല്ലുവിളികളും നിങ്ങള്‍ക്കു മുന്നില്‍ ഞാന്‍ വയ്ക്കുന്നു. നിങ്ങളുടെ അവതരണത്തില്‍ ഉള്ളതില്‍ നിന്നു വ്യത്യസ്ഥമായി ഒന്നും ഞാന്‍ പറയാന്‍ പോകുന്നില്ല. നിങ്ങള്‍ പറഞ്ഞത് ഞാന്‍ എന്റെ രീതിയില്‍ അവതരിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ കാര്യങ്ങള്‍ വിജയകരമായി ചെയ്യാന്‍ നിങ്ങള്‍ പ്രാപ്തരാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ അഞ്ച് വെല്ലുവിളികള്‍ പുതിയ ഇന്ത്യയില്‍ നിങ്ങളുടെ പങ്കാളിത്തം പുനര്‍ നിര്‍വചിക്കും. ഞാന്‍ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെങ്കിലും നിങ്ങളുടെ മുന്നില്‍ വിശാലമായ ഒരു ഘടന അവതരിപ്പിക്കും.
എന്റെ ആദ്യ ചോദ്യം: ഇന്ത്യ 2022ല്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കും. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ അവയുടെ ഭൗമ തന്ത്രപരമായ വ്യാപ്തി 2022ഓടെ പരമാവധി വര്‍ധിപ്പിക്കാന്‍ പ്രാപ്തരാകുമോ? ആകുമെങ്കില്‍ എങ്ങനെ? എന്റെ രണ്ടാമത്തെ ചോദ്യം: ഇറക്കുമതി ബില്ല് കുറച്ചുകൊണ്ട് എങ്ങനെയാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ രാജ്യത്തെ സഹായിക്കുക? അത് ആരുടെ ജോലിയാണ് എന്നാണ് നിങ്ങള്‍ ചിന്തിക്കുന്നത്? ഒരു ഉദാഹരണം നിങ്ങള്‍ക്കു നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഹരിയാനയിലെ ഒരു കര്‍ഷകന്റെ കൃഷിയിടത്തില്‍ പോയി. ഈ സംഭവം 25-30 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അദ്ദേഹത്തിന്റെ കൃഷിഭൂമി വളരെ ചെറുതായിരുന്നു. താന്‍ പുതുതായി ചെയ്ത ചില കാര്യങ്ങള്‍ കാണാന്‍ അദ്ദേഹം എന്നെ ക്ഷണിച്ചു. 30-35 വയസ്സുണ്ടായിരുന്നെങ്കിലും അദ്ദേഹം വളരെ ആവേശഭരിതനായിരുന്നു. ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ പ്രത്യേക പച്ചക്കറികള്‍ ഇറക്കുമതി ചെയ്യുകയാണ് പതിവ്. അത് നിര്‍ത്തണമെന്ന് അദ്ദേഹം തീരുമാനിക്കുകയും അതേ പച്ചക്കറികള്‍ ഹോട്ടലുകള്‍ക്ക് വിതരണം ചെയ്യുന്നതിനായി നിയന്ത്രിത പരിസ്ഥിതിയില്‍ വളര്‍ത്താനും തുടങ്ങി. വെറും മൂന്ന് വര്‍ഷംകൊണ്ട് ഇറക്കുമതി അവസാനിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഒരു കര്‍ഷകപുത്രന് ഇഛാശക്തിയുണ്ടെങ്കില്‍ അദ്ദേഹത്തിന് അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയും. ഈ സ്വയാശ്രിത പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് രാജ്യത്തെ സ്വായാശ്രിതമാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ കഴിയും. രാജ്യത്തെ സ്വായാശ്രിതമാക്കാന്‍ സാധിക്കും. ആഗോള സമ്പദ്ഘടനയില്‍ നിങ്ങളുടെ സാന്നിധ്യം അറിയിക്കേണ്ട സമയമാണ് ഇത്. നിങ്ങളുടെ അവതരണത്തില്‍ അതും പരാമര്‍ശിച്ചിട്ടുണ്ട്. അതില്‍ ഊന്നാന്‍ ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ ഇറക്കുമതി ബില്ല് കുറയ്ക്കാന്‍ മറ്റെന്തു സാങ്കേതികവിദ്യയും ഉപകരണവുമാണ് നാം ഉപയോഗിക്കുക? എന്റെ മൂന്നാമത്തെ ചോദ്യം: എങ്ങനെയാണ് ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ തങ്ങള്‍ക്കിടയില്‍ നവീനാശയങ്ങളും ഗവേഷണവും പങ്കുവയ്ക്കുക? ഇന്നു നാം പ്രവര്‍ത്തിക്കുന്നത് ഒറ്റയ്ക്കാണ്. ഇതിന്റെ ഫലമായി മാനവ വിഭവ ശേഷി പാഴാകുന്നു. ചിലര്‍ ഒരു പ്രവൃത്തി പൂര്‍ത്തിയാക്കുമ്പോള്‍ മാറ്റൊരുടത്ത് നിന്നു മറ്റൊരു കൂട്ടര്‍ അതേ പ്രവൃത്തി തുടങ്ങുന്നു. നാം ഏകോപിതമായി പ്രവര്‍ത്തിച്ചാല്‍ ഈ മേഖലയില്‍ നമുക്ക് കുതിച്ചുചാട്ടം സങ്കല്‍പ്പിക്കാം. ആയതിനാലാണ്് ഞാന്‍ സംയോജനത്തേക്കുറിച്ചു സംസാരിക്കുന്നത്.
എന്റെ നാലാമത്തെ ചോദ്യം: കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്ത ( സിഎസ്ആര്‍) തുക പുതിയ ഇന്ത്യയുടെ സ്വപ്‌നത്തിനു വേണ്ടിയും രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതിനും വിനിയോഗിക്കുന്നുണ്ടോ? എന്താണ് അതിന്റെ രൂപരേഖ? നമുക്ക് കൂട്ടായി എങ്ങനെയാണ് അത് സഫലമാക്കാനാകുന്നത്? നിങ്ങള്‍ സ്വന്തം അനുഭവങ്ങളെക്കുറിച്ചു പരാമര്‍ശിച്ചു. കക്കൂസുകള്‍ നിര്‍മിക്കുന്നതില്‍ നിങ്ങള്‍ വലിയ സംഭാവനകള്‍ നിര്‍വഹിച്ചു. അതിന്റെ ഫലമായി രാജ്യത്ത് വന്‍തോതിലുള്ള മാറ്റം പ്രകടമായി. ഇനി വെല്ലുവിളികളില്‍ ഒന്നൊന്നായി ഊന്നുകയും അവയ്ക്കു പരിഹാരം കണ്ടെത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
അവസാനമായി എന്റെ അഞ്ചാമത്തെ ചോദ്യം: ഏത് വികസന മാതൃകയാണ് ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ 2022ല്‍ രാഷ്ട്രത്തിനു നല്‍കുക? പഴയ അതേ സംവിധാനം തുടരുകയോ അതോ പുതിയ ഒന്ന് കൊണ്ടുവരികയോ?
ഈ വെല്ലുവിളികളെ ഞാന്‍ ചോദ്യങ്ങളുടെ രൂപത്തില്‍ അവതരിപ്പിക്കുകയാണ് ചെയ്തത്. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ തീരുമാനങ്ങളെടുക്കുകയും നയങ്ങളും തന്ത്രങ്ങളും രൂപപ്പെടുത്തുകയും അവ നടപ്പാക്കുകയും വേണം. ബോര്‍ഡ് യോഗങ്ങളില്‍ ഈ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ രാഷ്ട്രനിര്‍മാണത്തിന്റെ മഹത്തായ ലക്ഷ്യം മനസില്‍ വയ്ക്കുക. പുതിയ പാതകള്‍ തുറക്കപ്പെടും. നിങ്ങള്‍ക്ക് പുതിയ ഒരു ദിശ ലഭിക്കും.
സുഹൃത്തുക്കളേ,
പുതിയ ലോകക്രമത്തില്‍ ഇന്ത്യയുടെ ഭൗമ തന്ത്ര ലക്ഷ്യം ഉയര്‍ത്തുന്നതിന് നിങ്ങളുടെ സംഭാവന അത്യന്താപേക്ഷിതമാണ്. നിങ്ങള്‍ക്ക് ഇന്ന് ലോകമെമ്പാടുമുള്ള ആളുകളെ സന്ധിക്കാനുള്ള അവസരമുണ്ട്. നേരത്തേ അത്തരം അവസരങ്ങള്‍ കുറവായിരുന്നു. ഈ അവസരം നാം പാഴാക്കരുത്. ചില രാജ്യങ്ങള്‍ മറ്റു രാജ്യങ്ങളിലെ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങളെയാണ് ഉപയോഗിക്കുന്നത് എന്ന വസ്തുതയെക്കുറിച്ചു നിങ്ങള്‍ക്ക് തികഞ്ഞ ബോധ്യമുണ്ടായിരിക്കണം.
ലോകത്തെ അഞ്ഞൂറ് വന്‍കിട കമ്പനികളില്‍ നാലിലൊന്നും ഏതെങ്കിലുമൊരു രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനമാണ് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. ഈ കമ്പനികള്‍ തങ്ങളുടെ രാജ്യത്തെ മികച്ച നിക്ഷേപത്തിന്റെ മാധ്യമങ്ങളാണ്. അതുകൊണ്ട് നിങ്ങള്‍ ഈ ദിശയില്‍ ചിന്തിക്കുകയും കഴിയുന്നത്ര നിങ്ങളുടെ അടിത്തറ വിശാലമാക്കുകയും വേണം. ഇന്ന്, ഗവണ്‍മെന്റുകള്‍ തമ്മിലുള്ള ബന്ധം വര്‍ധിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കാന്‍ അത് നിങ്ങള്‍ക്ക് നല്ല അവസരമാണ്.
ഇന്ന് ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ തങ്ങളുടെ പതാക ബ്രസീല്‍ മുതല്‍ മൊസാമ്പിക് വരെയും റഷ്യ മുതല്‍ ആസ്‌ട്രേലിയ വരെയും പാറിക്കുന്നു. വിദേശ നിക്ഷേപത്തിന് ഈ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇപ്പോള്‍ സമഗ്രമായ തന്ത്രം രൂപപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നിക്ഷേപത്തില്‍ നിന്നുള്ള നിങ്ങളുടെ ലാഭം ഭൗമ തന്ത്ര ലക്ഷ്യസ്ഥാനത്തേക്കാള്‍ കൂടുതലായിരിക്കണം എന്നതും മനസ്സില്‍ വച്ചുകൊണ്ടു വേണം തന്ത്രം രൂപടെുത്താന്‍. ഈ ഗവണ്‍മെന്റ് മറ്റു രാജ്യങ്ങളിലെ പ്രധാന നഗരങ്ങളുമായി നിരവധി ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു. നിരവധി സഹോദര നഗരങ്ങള്‍ വികസിപ്പിക്കുന്ന ജോലി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആ നഗരങ്ങളിലെ വ്യവസായ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഇന്ത്യയില്‍ നിര്‍മിക്കൂ പദ്ധതി ആസൂത്രിതവും വ്യവസ്ഥാപിതവുമായി പ്രോല്‍സാഹിപ്പിക്കാന്‍ നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു സാധിക്കുമോ?
യഥാര്‍ത്ഥത്തില്‍ ഒരു സംസ്ഥാനം മറ്റൊന്നിന്റെ സഹോദര സംസ്ഥാനമായി മാറും. സമാനമായി ഒരു നഗരം മറ്റാന്നിന്റെ സഹോദര നഗരമായും മാറും. മറ്റു ഘടകങ്ങള്‍ പിന്നാലെ പോകും. ഒരു ധാരണാപത്രം മതിയാകില്ല. നമുക്ക് അത് പരമാവധിയാക്കണം. നഗരങ്ങളിലെ 50 മുതല്‍ 100 വരെ മേഖലകള്‍ ഈ രീതിയില്‍ ബന്ധിപ്പിക്കാന്‍ കഴിയും. അതുകൊണ്ട്, പുതിയ തന്ത്രപരമായ കാഴ്ചപ്പാടുകള്‍ക്കു വേണ്ടി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇറക്കുമതി ബില്ലിന്റെ സമാന വെല്ലുവിളിയും നമ്മുടെയെല്ലാം മുന്നിലുണ്ട്. നിരവധി ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും ഈ ഇറക്കുമതി കുറയ്ക്കണം. ഗവണ്‍മെന്റ് ചില മേഖലകളിലെ ഇറക്കുമതി ബില്ല് കുറച്ചു. എങ്കിലും ഏറെ ദൂരം പോകാനുണ്ട്. ഈ സാഹചര്യത്തില്‍ നിങ്ങള്‍ക്കെല്ലാം ഈ മേഖലയില്‍ നല്ല ഒരു അവസരമുണ്ട്. ഇതൊരു വലിയ വെല്ലുവിളിയല്ല. നിങ്ങളൊന്നു ശ്രമിച്ചാല്‍ മതി, പരിവര്‍ത്തനം പ്രകടമാകും.
നിങ്ങള്‍ എന്തുതന്നെ തീരുമാനിച്ചാലും ഏതെങ്കിലുമൊക്കെ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി രണ്ട് മൂന്നു വര്‍ഷങ്ങള്‍കൊണ്ട് പത്ത്, പതിനഞ്ച്, ഇരുപത് ശതമാനം കുറയ്ക്കാന്‍ ഒരു സമയക്രമം വയ്ക്കണം.
ചിലപ്പോള്‍ വിലക്കുറവും ഗുണമേന്മയും കൂടുതലായി നോക്കിയും ചില ഉല്‍പ്പന്നങ്ങളിലൂന്നിയുമാണ് നാം ഇറക്കുമതി ചെയ്യുന്നതെന്നു വരാം. പക്ഷേ, നവീനവല്‍ക്കരണംകൊണ്ട് അതിനു പകരം വയ്ക്കണം. അതുവഴി ഇറക്കുമതി ബില്ലില്‍ ഗണ്യമായ കുറവ് വരുത്താനാകും.
സുഹൃത്തുക്കളേ,
നിങ്ങള്‍ക്ക് പ്രതിരോധ മേഖലയുടെ ഒരു ഉദാഹരണം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ 60-70 വര്‍ഷങ്ങളായി ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യങ്ങളിലൊന്നാണ്. മുന്‍കാല നയങ്ങളെക്കുറിച്ചു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതേസമയംതന്നെ, പ്രതിരോധ രംഗം നേരിട്ടുള്ള വിദേശ നിക്ഷേപത്തിനായി തുറക്കുന്നതിനെക്കുറിച്ച് ഒരാള്‍ പോലും ആലോചിച്ചില്ല.
പ്രതിരോധ രംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇതൊരു നല്ല അവസരമായി പരിഗണിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ അധികവും സാങ്കേതികവിദ്യാ കൈമാറ്റത്തിലും സംയുക്ത സംരംഭങ്ങളിലും ഊന്നുകയാണെങ്കില്‍ ‘ ഇന്ത്യയില്‍ നിര്‍മിക്കൂ’ കൂടുതല്‍ കരുത്തു നേടുകയും പ്രതിരോധ മേഖല കൂടുതല്‍ സ്വയാശ്രിതമാവുകയും ചെയ്യും. ഇന്ത്യ ഇന്ന് തേജസ് പോലുള്ള യുദ്ധ വിമാനങ്ങളും ലോകനിലവാരമുള്ള അന്തര്‍വാഹിനികളും യുദ്ധക്കപ്പലുകളും നിര്‍മിക്കുകയും ചെയ്യുന്നു. നാം സാങ്കേതികവിദ്യാപരമായും പ്രാപ്തരാണ്. ഈ സാഹചര്യത്തില്‍ വിദേശ വിപണിയിലെന്ന പോലെ ആഭ്യന്തര വിപണിയിലും ഒരു കണ്ണു വയ്ക്കണം.
ഗവേഷണത്തിനൊപ്പം നവീനാശയങ്ങളുടെ സംയോജനമാണ് മറ്റൊരു പ്രധാന കാര്യം. ശാസ്ത്ര- വ്യവസായ ഗവേഷണ കൗണ്‍സില്‍, ഔഷധ ഗവേഷണ കൗണ്‍സില്‍, കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ എന്നിവ പോലുള്ള നമ്മുടെ ശാസ്ത്ര സ്ഥാപനങ്ങള്‍ക്ക് മികച്ച ഗവേഷണ-വികസന അടിസ്ഥാന സൗകര്യമാണുള്ളത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അതാതു മേഖലകളില്‍ ആധുനിക ഗവേഷണ അടിസ്ഥാന സൗകര്യമുണ്ട്. നാം നിരവധി സമ്പ്രദായങ്ങളും നവീനോല്‍പ്പന്നങ്ങളും വികസിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ വ്യത്യസ്ഥ ഏജന്‍സികളുടെ ലബോറട്ടറികളില്‍ ആ നവീനാശയങ്ങള്‍ പരിമിതപ്പെട്ടു പോകുന്നുവെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. 2022ഓടെ ഒരു സംയോജിത നവീനാശയ ഗവേഷണ അടിസ്ഥാന സൗകര്യം തയ്യാറാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഗവണ്‍മെന്റ് വകുപ്പുകള്‍ക്കും ഇടയിലുള്ള വിവര കൈമാറ്റം വര്‍ധിക്കുമ്പോള്‍ ഗവേഷണച്ചെലവ് കുറയുകയും സംവിധാനം കൂടുതല്‍ കാര്യക്ഷമമാവുകയും ചെയ്യും. അടിസ്ഥാന സൗകര്യം മുതല്‍ നൈപുണ്യം ശേഖരിക്കല്‍ വരെയും ആധുനിക ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും വിനിയോഗത്തിന്റെ കാര്യത്തിലും വ്യത്യസ്ഥ തലങ്ങളില്‍ ഈ പങ്കുവയ്ക്കല്‍ നടക്കും.
സുഹൃത്തുക്കളേ,
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പൊതുമേഖലാ സ്ഥാപനങ്ങള്‍ അതിന്റെ ബാലന്‍സ് ഷീറ്റില്‍ കൂടുതല്‍ മികവ് പ്രകടമാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം ലാഭം 1,25,000 കോടി രൂപയിലധികമാണ്. ഈ തുകയുടെ രണ്ട് ശതമാനം, അതായത് 2500 കോടി രൂപ കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് വിനിയോഗിക്കാന്‍ കഴിയും.
രാജ്യത്തിന്റെ മുന്‍ഗണനകള്‍ മനസ്സില്‍ വച്ചുകൊണ്ട് നാം അതിന്റെ ശരിയായ വിനിയോഗം നിര്‍വഹിക്കണം. 2014-15ലെ കാര്യം നിങ്ങള്‍ അവതരണത്തില്‍ കാണിച്ചതില്‍ സ്‌കൂളുകളിലെ കക്കൂസ് നിര്‍മാണത്തിന് സിഎസ്ആര്‍ ഫണ്ടില്‍ നിന്നു സംഭാവന നല്‍കിയിട്ടുണ്ട്. അതിന്റെ ഫലം എല്ലാവരുടെയും മുന്നിലുണ്ട്. എല്ലാ വര്‍ഷവും അതുപോലെ ഒരു കാര്യം തെരഞ്ഞെടുക്കുകയും സിഎസ്ആറിന്റെ വലിയൊരു ഭാഗം ഒരൊറ്റ ദൗത്യ നിര്‍വഹണത്തിനു മാറ്റുകയും ചെയ്യണം എന്ന നിര്‍ദേശം ഞാന്‍ വയ്ക്കുന്നു.
നിതി ആയോഗ് തെരഞ്ഞെടുത്ത 115 ജില്ലകള്‍ക്കു രാജ്യത്തെ മറ്റു ജില്ലകളുടെ നിലവാരത്തിലേക്ക് എത്താന്‍ പ്രാപ്തയുണ്ടായില്ല എന്നതിനേക്കുറിച്ചു നിങ്ങള്‍ക്ക് തികഞ്ഞ ബോധ്യമുണ്ടായിരിക്കണം. ആ ജില്ലകളെ ഉത്കട അഭിലാഷമുള്ള ജില്ലകളെന്നാണ് ഞാന്‍ പേര് വിളിക്കുന്നത്. ഈ വര്‍ഷത്തെ സഹായം ഈ അഭിലാഷമുള്ള ജില്ലകളുടെ വികസനത്തിനു വേണ്ടിയായിക്കൂടേ?
നിങ്ങളുടെ സ്ഥപനത്തിന് നൈപുണ്യ വികസന ദൗത്യവും കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി ഏറ്റെടുക്കാം. വിവിധ സര്‍വകലാശാലകളുമായും കോളജുകളുമായും ഐറ്റിഐകളുമായും നിങ്ങളുടെ സ്ഥാപനത്തിന് നൈപുണ്യ വികസനത്തിനു വേണ്ടി വിപുലമായ പ്രചാരണ പരിപാടികളില്‍ സഹകരിക്കാം.
ഇതിനു പുറമേ ദേശീയ പരിശീലന പരിപാടിയെ നിങ്ങള്‍ക്കു പിന്തുണയ്ക്കാം. അത് യുവജനങ്ങള്‍ക്ക് വളരെയധികം നേട്ടമുണ്ടാക്കിക്കൊടുക്കും. കേന്ദ്ര ഗവണ്‍മെന്റിന്റെ പരിപാടികളെയും പദ്ധതികളെയും കുറിച്ചു കഴിയുന്നത്ര വേഗം പഠിക്കുകയും ഒരു സംഘം രൂപീകരിച്ച് അവ നടപ്പാക്കുന്നതിനായി മുന്നോട്ടു പോവുകയും ചെയ്യണം എന്ന് നിങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ സ്ഥാപനങ്ങളില്‍ നിന്ന് സാമ്പത്തിക പിന്തുണ കിട്ടുന്ന യുവജനങ്ങള്‍ അതീവ താല്‍പര്യത്തോടെ പഠിക്കാന്‍ മുന്നോട്ടു വരും. എല്ലാത്തിനുമുപരിയായി, നിങ്ങളുടെ ഒരു കഴിവുറ്റ ശേഖരമായി അവര്‍ പ്രവര്‍ത്തിക്കും.
നിങ്ങള്‍ കൂടുതല്‍ ഇന്‍ക്യുബേറ്ററുകളും അവിദഗ്ധരെ പരിശീലിപ്പിക്കുന്ന ലാബുകളും ഉണ്ടാക്കുക, അതുവഴി വിദ്യാര്‍ത്ഥികളില്‍ നേരത്തേ തന്നെ നവീനാശയങ്ങള്‍ പകര്‍ന്നു നല്‍കാന്‍ നമുക്കു സാധിക്കും. നിലവിലെ സംവിധാനത്തിനു നല്‍കാന്‍ കഴിയാത്ത നവീന പരിഹാരങ്ങള്‍ യുവജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയും.
സുഹൃത്തുക്കളേ,
അനുഭവ സമ്പത്തും വിഭവ സമൃദ്ധിയുമുള്ള നിങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് രാജ്യത്തിന്റെ വികസനത്തിനു വേണ്ടി പുതിയ മാതൃകകള്‍ നിര്‍മ്മിക്കാനും സാധിക്കും. നിങ്ങളുടെ സ്ഥാപനത്തിനു വിദൂര മേഖലകളിലെ ഊര്‍ജ്ജ കേന്ദ്രമായിക്കൊണ്ട് ആ മേഖലയ്ക്കാകെ പ്രയോജനകരമായി മാറാന്‍ സാധിക്കും. നിങ്ങളെല്ലാവരും ദൃഢനിശ്ചയമുള്ളവരാണെങ്കില്‍ രാജ്യത്തിന് ഒന്നൊന്നര വര്‍ഷം കൊണ്ട് നൂറു കണക്കിന് പുതിയ മാതൃകാ സ്മാര്‍ട്ട് സിറ്റികള്‍ ലഭിക്കും.
കടലാസ് രഹിത തൊഴില്‍ സംസ്‌കാരം, കറന്‍സി രഹിത പണമിടപാട്, മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയവ പോലുള്ള നിരവധി മേഖലകളില്‍ നിങ്ങളുടെ സ്ഥാപനങ്ങള്‍ക്കു മാതൃകയാകാന്‍ സാധിക്കും. നിങ്ങള്‍ക്ക് പ്രാപ്തിയും പണവുമുണ്ട്. ഗവേഷണ – വികസന വിഭാഗത്തിനൊപ്പം നിങ്ങള്‍ക്കു നല്ല ഫലം നല്‍കാന്‍ സാധിക്കും. ഇത് സമൂഹത്തിനും രാജ്യത്തിനും ഒരു മഹത്തായ സേവനമായിരിക്കും.
നിങ്ങളെല്ലാവരും പരമാവധി കാര്യക്ഷമതയിലും കോര്‍പറേറ്റ് ഭരണനിര്‍വഹണത്തിലും പണത്തിന്റെ ശരിയായ വിനിയോഗത്തിലും ശ്രദ്ധിക്കണമെന്ന് ഞാന്‍ നിര്‍ദേശിക്കുന്നു. സ്വന്തം വിഭവങ്ങളിലും കരുത്തിലും വിശ്വാസമില്ലാതെ ഒരു വ്യക്തിക്കും സ്ഥാപനത്തിനും രാജ്യത്തിനും സമൃദ്ധി നേടാന്‍ കഴിയില്ല. ഇന്ത്യയില്‍ വിഭവങ്ങളുടെ കുറവോ കരുത്തിന്റെ അഭാവമോ ഇല്ല. നമുക്ക് ഇച്ഛാശക്തിയും നമ്മില്‍ വിശ്വാസവുമുണ്ട്.
കഴിഞ്ഞ നാലു വര്‍ഷമായി ഒരിക്കല്‍പ്പോലും ഗവണ്‍മെന്റില്‍ നിന്നു നിങ്ങള്‍ ഒരു നിഷേധാത്മക സ്വരം കേട്ടിട്ടില്ല- ആവലാതിയോ ബുദ്ധിമുട്ടുകളോ പ്രശ്‌നങ്ങളോ കേട്ടിട്ടില്ല. നമുക്ക് നമ്മുടെ രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് ഈ ഗവണ്‍മെന്റിന്റെ വാഗ്ദാനമാണ്. നമ്മുടെ രാജ്യത്ത് പണത്തിന്റെ കുറവില്ല. വരൂ, നമുക്കൊന്നിച്ചു മുന്നേറാം.
നിങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന ഈ മുന്‍കൈ ഇതേ വിധം തുടരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ ചര്‍ച്ചയില്‍ രൂപപ്പെട്ടതും രൂപപ്പെടുന്നതുമായ ആശയങ്ങള്‍ നടപ്പാക്കുക മാത്രമല്ല വിലയിരുത്തപ്പെടുകയും ചെയ്യും.
ഊര്‍ജ്ജവും അനുഭവ സമ്പത്തും സംരംഭകത്വവും ഉല്‍സാഹവും ചേര്‍ന്ന കൂട്ടുകെട്ടിന് പ്രവചനാതീതമായ ഫലമുണ്ടാക്കാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പി എസ് യു എന്നാല്‍ എനിക്ക് പുരോഗതിയും സേവനവും ഊര്‍ജ്ജവുമാണ് ( പ്രോഗ്രസ്, സര്‍വീസ്, എനര്‍ജി). അതായത് ‘എസ്’ പ്രതിനിധീകരിക്കുന്ന സേവനമാണ് നടുമധ്യം.
പുതിയ ഇന്ത്യയെക്കുറിച്ചുള്ള സ്വപ്‌നത്തില്‍ പുതിയ ഊര്‍ജ്ജവുമായും സേവന താല്‍പര്യവുമായും മുന്നോട്ടു പോയാല്‍ നിശ്ചയമായും രാജ്യത്തിനു വികസന പാതയില്‍ എത്തിച്ചേരാന്‍ കഴിയും. ഇതാണ് എന്റെ വിശ്വാസം.
രാജ്യത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട നിങ്ങളുടെ നയങ്ങള്‍ വിജയകരമായി മാറുകയും പുതിയ ഇന്ത്യയ്ക്കു വേണ്ടിയുള്ള കൃത്യനിര്‍വഹണത്തില്‍ നിങ്ങളുടെ പങ്കാളിത്തം പരമാവധിയുമാകുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. എന്റെ പ്രസംഗം അവസാനിപ്പിക്കുന്നതിനു മുമ്പ് നിങ്ങളെല്ലാവരോടും എനിക്ക് അഭ്യര്‍ത്ഥിക്കാനുണ്ട്. നേതാക്കളെ എല്ലാവരെയും നൂറ് ദിവസം കഴിഞ്ഞ് എനിക്ക് കാണാന്‍ സാധിക്കുമോ? ഇന്ന് ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ നടപ്പാക്കുന്നതിന് തയ്യാറാക്കിയ രുപരേഖയേക്കുറിച്ച് നിങ്ങളെന്നെ പഠിപ്പിക്കുകയാണെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായിരിക്കും. നിങ്ങളില്‍ നിന്നും എനിക്ക് ഏറെ പഠിക്കാനുണ്ട്. നിങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും നിങ്ങളില്‍ നിന്നു പഠിക്കാനും സാധിച്ചാല്‍ ആ മാറ്റങ്ങള്‍ എനിക്ക് ഗവണ്‍മെന്റില്‍ കൊണ്ടുവരാന്‍ പറ്റും. അതുകൊണ്ട് ഇന്ന് ചര്‍ച്ച ചെയ്ത കാര്യങ്ങളുടെ ഒരു റോഡ് മാപ്പ് തയ്യാറാക്കുകയും നൂറു ദിവസങ്ങള്‍ക്കു ശേഷം എന്നെ കാണുന്നതിനുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍ണയിക്കുകയും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാക്കാര്യങ്ങളും തടസ്സം നേരിടുക മാത്രമല്ല ചെയ്യുന്നത്, ഭാവി ശോഭനമാണ്, ജനങ്ങള്‍ ഉല്‍സാഹഭരിതരും. ഫലപ്രാപ്തി ഉണ്ടാവുക തന്നെ ചെയ്യും. പക്ഷേ, നൂറ് ചുവടുകള്‍ വെയ്‌ക്കേണ്ടി വന്നാലും നാം ആ ദിശയില്‍ നീങ്ങണം. നമുക്ക് ചെറിയ ലക്ഷ്യങ്ങള്‍ നേടുന്നതിനു സമയക്രമം നിശ്ചയിക്കാം, സംഘം രൂപീകരിക്കുകയും പണം സംഘടിപ്പിക്കുകയും ചെയ്യാം. നിങ്ങള്‍ കോര്‍പറേറ്റ് ലോകത്തുനിന്നുള്ളവരാണ്. ഈ കാര്യങ്ങളെല്ലാം നിങ്ങള്‍ സംസാരിക്കേണ്ടതില്ല. കനത്ത ഫീസ് നല്‍കി നിങ്ങള്‍ നിര്‍ബന്ധമായും മാനേജ്‌മെന്റ് പഠിക്കണം. അവര്‍ എന്തു പഠിപ്പിച്ചുവെന്നും നടപ്പാക്കിയെന്നുമുള്ള വിശദാംശങ്ങള്‍ എനിക്ക് അറിയേണ്ടതില്ല. ഏതായാലും നിങ്ങളെല്ലാവരും ഇന്നത്തെ ചര്‍ച്ചയേക്കുറിച്ചാണ് ചിന്തിക്കുന്നതെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ഈ കാര്യങ്ങളുടെ നേട്ടം നിങ്ങള്‍ക്കെടുക്കാനാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കൃത്യമായ ലക്ഷ്യങ്ങളില്‍ ഊന്നുന്ന ശരിയായ റോഡ് മാപ്പാണ് എനിക്ക് വേണ്ടത്. അത് കേവലം ഉപരിതല സ്പര്‍ശിയാകരുത്. നിങ്ങള്‍ക്ക് ഉടനേ തന്നെ പരിവര്‍ത്തനം കാണാന്‍ കഴിയും. നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍. വളരെ നന്ദി!