പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റ് വ്‌ളാദ്മീര്‍ വ്‌ളാദിമിറോവിച്ച് പുടിനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.
റഷ്യയിലെ ആചാര പ്രകാരം റഷ്യന്‍ ഫെഡറേഷന്‍ അടുത്തിടെ ക്രിസ്തുമസ് ആഘോഷിച്ചതിനെ അനുസ്മരിച്ച പ്രധാനമന്ത്രി, പ്രസിഡന്റ് പുടിനും റഷ്യയിലെ സുഹൃദ് ജനതയ്ക്കും ആശംസകള്‍ നേര്‍ന്നു. പ്രധാനമന്ത്രി മോദിക്കും, ഇന്ത്യയിലെ ജനങ്ങള്‍ക്കും, പ്രസിഡന്റ് പുടിനും സമൃദ്ധിയും, പുരോഗതിയും, സമാധാനവും ആശംസിച്ചു.
ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വിശേഷാധികാരങ്ങളോട് കൂടിയ തന്ത്രപ്രധാനമായ കൂട്ടുകെട്ട് അടുത്തിടെ, പ്രത്യേകിച്ച് 2019 ല്‍ കൈവരിച്ച നാഴികക്കല്ലുകളില്‍ ഇരുനേതാക്കളും സന്തുഷ്ടി രേഖപ്പെടുത്തി. 2020 ല്‍ എല്ലാ മേഖലകളിലുമുള്ള ഇന്ത്യ-റഷ്യ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ശുഷ്‌കാന്തിയോടെ തുടര്‍ന്നും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ തീരുമാനിച്ചു.
2020 റഷ്യയ്ക്ക് പ്രത്യേക പ്രാധാന്യമുള്ള വര്‍ഷമായിരിക്കുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ വര്‍ഷം മേയില്‍ മോസ്‌ക്കോയില്‍ നടക്കുന്ന 75-ാമത് വിജയദിന ആഘോഷങ്ങളില്‍ പങ്കെടുക്കാനുള്ള പ്രസിഡന്റ് പുടിന്റെ ക്ഷണം പ്രധാനമന്ത്രി നന്ദിപൂര്‍വ്വം അനുസ്മരിച്ചു. റഷ്യയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെയും ബ്രിക്‌സ് രാഷ്ട്രങ്ങളുടെയും ഉച്ചകോടികളില്‍ പങ്കെടുക്കാന്‍ താന്‍ ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒപ്പം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന 21-ാമത് ഉഭയകക്ഷി വാര്‍ഷിക ഉച്ചകോടിയില്‍ പ്രസിഡന്റ് പുടിനെ ക്ഷണിക്കുകയും ചെയ്തു.
മേഖലാ, ആഗോള വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ കൈമാറിയ ഇരു നേതാക്കളും മേഖലാ ആഗോള തലങ്ങളില്‍ സുരക്ഷിതത്വം, സമാധാനം, ഭദ്രത എന്നിവ ഉറപ്പ് വരുത്തുന്നതില്‍ ഇന്ത്യയുടെയും റഷ്യയുടെയും സമീപനങ്ങളിലെ സമാനതകള്‍ എടുത്ത് പറഞ്ഞു.