യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീമതി ഉര്‍സുല വോണ്‍ ദേര്‍ ലെയെനുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലിഫോണില്‍ സംസാരിച്ചു.
യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റായി ചുമതലയേറ്റതിനു ശ്രീമതി ഉര്‍സുല വോണ്‍ ദേര്‍ ലെയെനെ അഭിനന്ദിച്ച പ്രധാനമന്ത്രി, അവര്‍ നേരത്തേ അധികാരത്തിലിരിക്കെ ബന്ധം നിലനിര്‍ത്താന്‍ സാധിച്ചിരുന്നു എന്നതില്‍ സന്തോഷം പ്രകടിപ്പിച്ചു. പ്രഥമ വനിതാ പ്രസിഡന്റെന്ന നിലയില്‍ അവരുടെ സ്ഥാനലബ്ധി പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്തം ജനാധിപത്യം, നിയമവാഴ്ചയോടുള്ള ആദരവ്, ബഹുരാഷ്ട്ര സംവിധാനം, നിയമാധിഷ്ഠിതമായ വ്യാപാരവും രാജ്യാന്തര ക്രമവും തുടങ്ങിയ പൊതുമൂല്യങ്ങളെ അടിസ്ഥാനമാക്കി ഉള്ളതാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനം, കണക്റ്റിവിറ്റി, പുനരുപയോഗിക്കാവുന്ന ഊര്‍ജം, നാവിക സുരക്ഷ, തീവ്രവാദത്തെ നേരിടല്‍ എന്നീ മേഖലകള്‍ക്കാണ് പുതിയ പ്രസിഡന്റ് പ്രാധാന്യം കല്‍പിക്കുന്നത് എന്നതിനെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള അതിയായ ആഗ്രഹം പ്രധാനമന്ത്രി പ്രകടിപ്പിച്ചു.
അടുത്ത ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കായി ബ്രസ്സല്‍സ് സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിയെ ബഹുമാനപ്പെട്ട ശ്രീമതി ഉര്‍സുല വോണ്‍ ദേര്‍ ലെയെന്‍ ക്ഷണിച്ചു. ക്ഷണം ശ്രീ. മോദി നന്ദിപൂര്‍വം സ്വീകരിക്കുകയും ചെയ്തു.