യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്റെ പ്രസിഡന്റ് ആദരണീയയായ ഉര്‍സുല വോണ്‍ ഡെര്‍ ലേയനുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ടെലിഫോണിലൂടെ ആശയവിനിമയം നടത്തി. ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന കോവിഡ്-10 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇരുനേതാക്കളും ആഗോള സ്ഥിതിയെക്കുറിച്ച് ചര്‍ച്ചചെയ്തു.
കോവിഡ്-19 മൂലം യൂറോപ്യന്‍ യൂണിയനില്‍ ജീവന്‍ നഷ്ടപ്പെടാനിടയായതില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. ഈ മഹാമാരിക്കെതിരായ പോരാട്ടത്തിന് എല്ലാ രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെയും ഏകോപനത്തിന്റെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഇന്ത്യ കൈക്കൊണ്ട നടപടികള്‍ സംബന്ധിച്ച കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.
ഇന്ത്യയില്‍ രോഗത്തിന്റെ അതിവേഗത്തിലുള്ള വ്യാപനം തടഞ്ഞതില്‍ ഏറ്റവും പ്രധാനം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വളരെ നേരത്തെതന്നെ കൈകൊണ്ട നടപടികളാണെന്ന് മിസിസ് വോണ്‍ ഡെര്‍ ലേയന്‍ സുചിപ്പിച്ചു. ഇന്ത്യയിലുള്ള യൂറോപ്യന്‍ പൗരന്മാര്‍ക്കു സഹായം ലഭ്യമാക്കിയതിന് അവര്‍ അഭിനന്ദം അറിയിച്ചു.
ഔഷധങ്ങളുള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ സ്ഥായിയായ വിതരണം തുടരേണ്ടതിന്റെയും പ്രതിരോധ മരുന്നു വികസിപ്പിക്കുന്നതിനുള്ള ഏകോപിതമായ പരിശ്രമങ്ങള്‍ നടത്തേണ്ടതിന്റെയും പ്രാധാന്യം അവര്‍ എടുത്തുപറഞ്ഞു.
ജി-20 ചട്ടക്കൂടില്‍ നിന്നുകൊണ്ടുള്ള സാദ്ധ്യമായ സഹകരണത്തെക്കുറിച്ചും ഈ സാഹചര്യത്തില്‍ നടക്കാന്‍ പോകുന്ന വിഡിയോ കോഫറന്‍സിനെക്കുറിച്ചും രണ്ടു നേതാക്കളും സംസാരിച്ചു.