പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബഹുമാനപ്പെട്ട ബോറിസ് ജോണ്‍സണ്‍ ഫോണ്‍ ചെയ്തു.
വരുന്ന ദശാബ്ദത്തില്‍ ഇന്ത്യ-ബ്രിട്ടന്‍ തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തമാക്കാനുള്ള ആഗ്രഹം ഇരു നേതാക്കളും പ്രകടിപ്പിച്ചു. ഈ ലക്ഷ്യം മുന്‍നിര്‍ത്തി സമഗ്ര കര്‍മപദ്ധതി അവതരിപ്പിക്കാന്‍ അവര്‍ പരസ്പരം സമ്മതിച്ചു.
കാലാവസ്ഥാ വ്യതിയാന മേഖലയില്‍, വിശേഷിച്ച് ദുരന്തങ്ങളെ അതിജീവിക്കാനുള്ള അടിസ്ഥാന സൗകര്യത്തിനായുള്ള സഹകരണം സംബന്ധിച്ച്, ഇന്ത്യയും ബ്രിട്ടനുമായുള്ള സഹകരണത്തില്‍ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. ഈ വര്‍ഷാവസാനം ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കോപ്-26ല്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതിനു പ്രധാനമന്ത്രി ജോണ്‍സണോടു പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു.
കോവിഡ്- 19 പകര്‍ച്ചവ്യാധി സംബന്ധിച്ച വീക്ഷണങ്ങള്‍ ഇരുവരും പങ്കുവെച്ചു. ബ്രിട്ടന്റെ ആരോഗ്യമന്ത്രി ശ്രീമതി നദീന്‍ ദോറിസിനു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി ശ്രീ. മോദി, അവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.
ഇരു പക്ഷത്തിനും സൗകര്യപ്രദമായ തീയതികളില്‍ ശ്രീ. ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശിക്കണമെന്ന ക്ഷണം പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ചു.