സൗദി അറേബ്യന്‍ രാജാവ് ഹിസ് മെജസ്റ്റി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് ടെലിഫോണ്‍ സംഭാഷണം നടത്തി. കോവിഡ്-19ന്റെ പശ്ചാത്തലത്തിലുള്ള ആഗോള വെല്ലുവിളികളെക്കുറിച്ചുള്ള വീക്ഷണങ്ങള്‍ ഇരുനേതാക്കളും പങ്കുവച്ചു.
ജി 20 ഗ്രൂപ്പ് രാജ്യങ്ങളുടെ കൂട്ടായ്മയുടെ നിലവിലെ പ്രസിഡന്റ് എന്ന നിലയിൽ സൗദി അറേബ്യ നല്‍കിയ നേതൃത്വത്തിനെ പ്രധാനമന്ത്രി പ്രശംസിച്ചു. ജി 20 തലത്തില്‍ എടുത്ത മുന്‍കൈകള്‍ മഹാമാരിക്കെതിരായി ഏകോപിതമായ പ്രതിരോധം തീർക്കുവാൻ സഹായിച്ചുവെന്ന് ഇരുനേതാക്കളും അംഗീകരിച്ചു.
ജി 20ലെ ഇപ്പോഴത്തെ അജണ്ടകളിലെ പ്രധാനപ്പെട്ട മുന്‍ഗണനകളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അവസ്ഥയില്‍ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിക്കുകയും എല്ലാ മേഖലകളിലും സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കോവിഡ്-19 മഹാമാരിയുടെ സമയത്ത് ഇന്ത്യന്‍ പ്രവാസികള്‍ക്ക് മടങ്ങിപ്പോകുവാൻ സൗദി അറേബ്യ നല്‍കിയ പിന്തുണയ്ക്ക് ഹിസ് മെജസ്റ്റി കിംഗ് സല്‍മാനോട് പ്രധാനമന്ത്രി പ്രത്യേക നന്ദി പ്രകാശിപ്പിച്ചു.
ഹിസ് മെജസ്റ്റി കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിനും സൗദി അറേബ്യന്‍ രാജകുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കും രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും മികച്ച ആരോഗ്യത്തിനും സൗഖ്യത്തിനുമുള്ള ഊഷ്മളമായ ആശംസകള്‍ പ്രധാനമന്ത്രി നേര്‍ന്നു.