പുതുവല്‍സര ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഭൂട്ടാന്‍ ഡ്രക്ക് ഗ്യാല്‍പോ ശ്രീ. ജിഗ്മേ ഖെസാര്‍ നാംഗ്യേല്‍ വാങ്ചുക്കുമായും ഭൂട്ടാന്‍ പ്രധാനമന്ത്രി ശ്രീ. ല്യോനചെന്‍ (ഡോ.) ലോടേയ് ഷെറിങ്ങുമായും ശ്രീലങ്കന്‍ പ്രസിഡന്റ് ശ്രീ. ഗോടാബയ രാജപക്‌സയുമായും ശ്രീലങ്കന്‍ പ്രധാനമന്ത്രി ശ്രീ. മഹീന്ദ രാജപക്‌സയുമായും മാലിദ്വീപ് പ്രസിഡന്റ് ശ്രീ. ഇബ്രാഹിം മുഹമ്മദ് സോലിഹുമായും ബംഗ്ലാദേശ് പ്രധാനമന്ത്രി ശ്രീമതി ഷെയ്ഖ് ഹസീനയുമായും നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. കെ.പി.ശര്‍മ ഒലിയുമായും ടെലിഫോണില്‍ സംസാരിച്ചു.
നേതാക്കള്‍ക്കു പുതുവല്‍സരാശംസ നേര്‍ന്ന പ്രധാനമന്ത്രി, ഇന്ത്യന്‍ ജനതയുടെ പേരിലും തന്റെ വ്യക്തിപരമായ പേരിലും ശുഭാശംസകള്‍ നേര്‍ന്നു. ‘അയല്‍ക്കാര്‍ ആദ്യം’ എന്ന ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയും മേഖലയിലെ ഇന്ത്യയുടെ സുഹൃത്തുക്കള്‍ക്കും പങ്കാളികള്‍ക്കും ശാന്തിയും സുരക്ഷയും അഭിവൃദ്ധിയും ഉറപ്പാക്കുന്നതു സംബന്ധിച്ച കാഴ്ചപ്പാടും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഭൂട്ടാന്‍ രാജാവുമായി സംസാരിക്കവേ, ഇന്ത്യയും ഭൂട്ടാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ കഴിഞ്ഞ വര്‍ഷം കൈവരിക്കാന്‍ സാധിച്ച നേട്ടങ്ങള്‍ വിശദീകരിച്ചു. താന്‍ അവസാനമായി ഭൂട്ടാന്‍ സന്ദര്‍ശിച്ചതും ആ വേളയില്‍ ജനങ്ങല്‍ നല്‍കിയ ഊഷ്മളമായ വരവേല്‍പും പ്രധാനമന്ത്രി അനുസ്മരിച്ചു. ഇരു രാജ്യങ്ങളും പരസ്പരം യുവാക്കളുടെ വിനിമയം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ശ്രീ. മോദി വിശദീകരിച്ചു. രാജാവിന്റെ ഇന്ത്യാസന്ദര്‍ശനത്തിനായി പ്രതീക്ഷാപൂര്‍വം കാത്തിരിക്കുകയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ആശംസയോട് ഊഷ്മളമായി പ്രതികരിച്ച ശ്രീലങ്ക പ്രസിഡന്റ് ശ്രീ. ഗോടബയ രാജപക്‌സ, 2020ല്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സൗഹൃദബന്ധം മെച്ചപ്പെടുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു.
ശ്രീലങ്കന്‍ പ്രധാനമന്ത്രി ശ്രീ. മഹിന്ദ രാജപക്‌സെയുമായി സംസാരിക്കവേ, ശ്രീലങ്കയുമായുള്ള അടുപ്പമേറിയതും വിശാലവുമായ സഹകരണം വികസിപ്പിക്കുന്നതില്‍ ഇന്ത്യക്കുള്ള പ്രതിബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു. പുതുവല്‍സരാശംസകളോട് ഊഷ്മളമായി പ്രതികരിച്ച പ്രധാനമന്ത്രി രാജപക്‌സ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തി.
മാലിദ്വീപ് പ്രസിഡന്റിനും മാലിദ്വീപ് ജനതയ്ക്കും വികസനത്തിനായുള്ള ശ്രമങ്ങളിലെല്ലാം പ്രധാനമന്ത്രി ശ്രീ. മോദി വിജയം ആശംസിച്ചു. ആശംസകളോട് ഊഷ്മളതയോടെ പ്രതികരിച്ച പ്രസിഡന്റ് ശ്രീ. സോലിഹ് നിലവിലുള്ള ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുകയും ഒരുമിച്ചു പ്രവര്‍ത്തിക്കാവുന്ന പുതിയ മേഖലകള്‍ കണ്ടെത്തുകയും വഴി പരസ്പര ബന്ധം മെച്ചപ്പെടുത്താനുള്ള ആഗ്രഹം വെളിപ്പെടുത്തി.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി സംസാരിക്കവേ, മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതിനൊപ്പം അടുത്ത മൂന്നു വര്‍ഷത്തേക്ക് അവാമി ലീഗ് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടതിന് അവര്‍ക്ക് അഭിനന്ദനം നേരുകയും ചെയ്തു. ഇന്ത്യയിലെ ബംഗ്ലാദേശ് മുന്‍ സ്ഥാനപതി സയ്യിദ് മുആസിം അലിയുടെ അകാല നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തില്‍ 2019ല്‍ ഉണ്ടായിട്ടുള്ള പുരോഗതി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന ബംഗബന്ധു ജന്‍മവാര്‍ഷികവും ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന്റെയും ഉഭയകക്ഷി നയതന്ത്ര ബന്ധങ്ങളുടെയും അന്‍പതാം വാര്‍ഷികവും ഇന്ത്യ-ബംഗ്ലാദേശ് ബന്ധം മെച്ചപ്പെടുത്തുന്നതില്‍ നാഴികക്കല്ലുകളാകുമെന്നും ഇക്കാര്യത്തിനു തന്റെ ഗവണ്‍മെന്റ് മുന്‍ഗണന കല്‍പിച്ചുവരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
നിരവധി പദ്ധതികളുടെ പൂര്‍ത്തീകരണത്തോടെ ഇന്ത്യ-നേപ്പാള്‍ ബന്ധം 2019ല്‍ പുരോഗതി പ്രാപിച്ചതിലുള്ള സംതൃപ്തി പ്രധാനമന്ത്രി ഒലിയുമായി സംസാരിക്കവേ ശ്രീ. മോദി വെളിപ്പെടുത്തി. മോത്തിഹാരി (ഇന്ത്യ)- അമ്‌ലേഖ്ഗഞ്ച് (നേപ്പാള്‍) പെട്രോളിയം ഉല്‍പന്ന പൈപ്പ്‌ലൈന്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചത് അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു. നേപ്പാളിലെ ബിരാട്‌നഗര്‍ സമഗ്ര ചെക്‌പോസ്റ്റും നേപ്പാളിലെ ഭവന പുനരുദ്ധാരണ പദ്ധതിയും പരമാവധി നേരത്തേ ഉദ്ഘാടനം ചെയ്യാന്‍ ഇരു നേതാക്കളും വീഡിയോ കോണ്‍ഫറന്‍സില്‍ പരസ്പരം സമ്മതിച്ചു.