തൊഴില്‍ സൃഷ്ടിക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് വളരെയധികം മുന്‍ഗണന നല്‍കുന്നു. തൊഴിലവസരങ്ങള്‍ സംബന്ധിച്ച, വിശ്വസിക്കാവുന്നതും കാലികവുമായ വിവരങ്ങള്‍ ലഭ്യമല്ലാത്തത് വിവിധ കാലഘട്ടങ്ങളില്‍ സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളെ സംബന്ധിച്ചു വിലയിരുത്തുന്നതിനു നയം രൂപീകരിക്കുന്നവര്‍ക്കും സ്വതന്ത്ര നിരീക്ഷകര്‍ക്കും തടസ്സം സൃഷ്ടിക്കുന്നു. ലേബര്‍ ബ്യൂറോ ഉള്‍പ്പെടെയുള്ള ചില ഏജന്‍സികള്‍ ഇത്തരം വിവരങ്ങള്‍ ശേഖരിച്ചു പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും അത് അപൂര്‍ണമാണ്. ലേബര്‍ ബ്യൂറോ ചില മേഖലകളിലെ വിവരങ്ങള്‍ മാത്രമാണു ശേഖരിക്കുന്നതെന്നു മാത്രമല്ല, പഠനം നടത്താന്‍ പിന്‍തുടരുന്ന രീതി കാലികമായി പരിഷ്‌കരിക്കപ്പെട്ടതല്ല താനും. ഫലത്തില്‍, കൃത്യമായ വിവരങ്ങള്‍ ഇല്ലാതെയാണു നയരൂപീകരണവും അവലോകനവും നടക്കുന്നത്.
തൊഴിലവസരം സംബന്ധിച്ചുള്ള സമയബന്ധിതവും ആശ്രയിക്കാവുന്നതുമായ വിവരങ്ങളുടെ പ്രാധാന്യം ഉള്‍ക്കൊണ്ട്, ഇതു സംബന്ധിച്ച രാജ്യത്തെ സ്ഥിതിവിവരക്കണക്കുകളിലെ ദീര്‍ഘകാലത്തെ വിടവു പരിഹരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും ബന്ധപ്പെട്ട് മന്ത്രാലയങ്ങള്‍ക്കും പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന്, നിതി ആയോഗ് വൈസ് ചെയര്‍മാന്‍ ഡോ. അരവിന്ദ് പനഗരിയ അധ്യക്ഷനും തൊഴില്‍ വകുപ്പ് സെക്രട്ടറി ശ്രീമതി സത്യവതി, സ്ഥിതിവിവരക്കണക്ക് വകുപ്പ് സെക്രട്ടറി ഡോ. ടി.സി.എ.അനന്ത്, നിതി ആയോഗിലെ പ്രൊഫ. പലുക് ഘോഷ്, ആര്‍.ബി.ഐ. ബോര്‍ഡംഗം ശ്രീ. മനീഷ് സഭര്‍വാള്‍ എന്നിവര്‍ അംഗങ്ങളുമായുള്ള ദൗത്യസേന രൂപീകരിച്ചിട്ടുണ്ട്. വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശരിയായ ഫലം ലക്ഷ്യമിട്ടു തൊഴില്‍നയങ്ങള്‍ കൈക്കൊള്ളാന്‍ സാധിക്കുംവിധം ദൗത്യസംഘം പ്രവര്‍ത്തിക്കണമെന്നു പ്രധാനമന്ത്രി നിര്‍ദേശിച്ചു.