പ്രധാനമന്ത്രി ശ്രീ. ലോഫ്‌വെന്നിന്റെ ക്ഷണമനുസരിച്ച് 2018 ഏപ്രില്‍ 17, 18 തീയതികളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്‌റ്റോക്ക്‌ഹോമിലേക്ക് ഔദ്യോഗിക സന്ദര്‍ശനം നടത്തി.
ഏപ്രില്‍ 17നു കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി ലോഫ്‌വെനും 2016ല്‍ മുംബൈയില്‍ വെച്ച് ഇരുവരും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയെക്കുറിച്ച് അനുസ്മരിക്കുകയും അതില്‍ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ ഉണ്ടായിട്ടുള്ള പുരോഗതിയെ സ്വാഗതം ചെയ്യുകയും സഹകരണത്തിനായുള്ള സമഗ്ര രാഷ്ട്രീയ ചട്ടക്കൂടായി സംയുക്ത പ്രസ്താവനയെ കാണുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആവര്‍ത്തിക്കുകയും ചെയ്തു.
ഇന്ത്യയും സ്വീഡനും ജനാധിപത്യം, നിയമവ്യവസ്ഥ, മനുഷ്യാവകാശങ്ങളെ ആദരിക്കല്‍, ബഹുസ്വരത, നിയമാധിഷ്ഠിത രാജ്യാന്തര ക്രമം എന്നീ കാര്യങ്ങളില്‍ സമാനമായ കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്നു. കാലാവസ്ഥാ വ്യതിയാനം, അജണ്ട 2030, രാജ്യാന്തര സമാധാനവും സുരക്ഷയും, മനുഷ്യാവകാശങ്ങള്‍, ലിംഗസമത്വം, മാനുഷിക പ്രശ്‌നങ്ങള്‍, രാജ്യാന്തര വ്യാപാരം തുടങ്ങി ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള പ്രധാന രാജ്യാന്തര വിഷയങ്ങളെക്കുറിച്ചു ചര്‍ച്ചകള്‍ നടത്താനും അത്തരം കാര്യങ്ങളില്‍ സഹകരിക്കാനമുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് ഇരു പ്രധാനമന്ത്രിമാരും ഊന്നല്‍ നല്‍കി. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ആഗോള ശ്രമങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ അനിവാര്യതയ്ക്ക് അടിവരയിട്ട പ്രധാനമന്ത്രിമാര്‍ പാരീസ് കരാറിനോടുള്ള പ്രതിജ്ഞാബദ്ധത ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുള്ളതനുസരിച്ചു ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ തലത്തില്‍ സുരക്ഷാ നയ ചര്‍ച്ച തുടരുന്നതിന് ഇരുപക്ഷവും സമ്മതിച്ചു.
ഐക്യരാഷ്ട്രസഭയിലും മറ്റു രാജ്യാന്തര വേദികളിലും നല്ല രീതിയില്‍ സഹകരിക്കാന്‍ ഇരു പ്രധാനമന്ത്രിമാരും സമ്മതിച്ചു. അജണ്ട 2030 നടപ്പാക്കുന്നതിനായി അംഗരാഷ്ട്രങ്ങളെ പിന്‍തുണയ്ക്കാന്‍ സാധിക്കുന്ന നിലയിലേക്ക് ഐക്യരാഷ്ട്ര സഭയെ മാറ്റിയെടുക്കാന്‍ സെക്രട്ടറി ജനറല്‍ നടത്തിവരുന്ന ശ്രമങ്ങള്‍ ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. കൂടുതല്‍ പ്രാതിനിധ്യമുള്ളതും ഉത്തരവാദിത്തമുള്ളതും ഫലപ്രദവും 21ാം നൂറ്റാണ്ടിലെ യാഥാര്‍ഥ്യങ്ങളോടു പ്രതികരിക്കാന്‍ സാധിക്കുന്നതുമായ വിധത്തില്‍ വികസിപ്പിക്കുന്നത് ഉള്‍പ്പെടെ ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രിമാര്‍ ആവര്‍ത്തിച്ചു.
ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ (2021-22) താല്‍ക്കാലിക അംഗത്വത്തിനും പരിഷ്‌കരിക്കപ്പെടുന്നതും വികസിപ്പിക്കപ്പെടുന്നതുമായ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സില്‍ സ്ഥിരാംഗത്വത്തിനുമായുള്ള ഇന്ത്യയുടെ സ്ഥാനാര്‍ഥിത്വത്തെ സ്വീഡന്‍ പിന്‍തുണച്ചതിന് പ്രധാനമന്ത്രി ലോഫ്‌വെനെ പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു.
ആഗോള കയറ്റുമതി നിയന്ത്രണ, നിര്‍വ്യാപന, നിരായുധീകരണ ലക്ഷ്യങ്ങളെ പിന്‍തുണയ്ക്കാനും ശക്തിപ്പെടുത്താനും അതോടൊപ്പം ഈ രംഗങ്ങളില്‍ അടുത്തു സഹകരിക്കാനുമുള്ള പ്രതിജ്ഞാബദ്ധത ഇരു പ്രധാനമന്ത്രിമാരും പ്രകടിപ്പിച്ചു. ഓസ്‌ട്രേലിയ ഗ്രൂപ്പ് (എ.ജി.), വസ്സെനാര്‍ കരാര്‍ (ഡബ്ല്യു.എ.), മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ വ്യവസ്ഥ (എം.ടി.സി.ആര്‍.), ബാലിസ്റ്റിക് മിസൈല്‍ നിര്‍വ്യാപനത്തിനായുള്ള ഹേഗ് പെരുമാറ്റച്ചട്ടം (എച്ച്.സി.ഒ.സി.) തുടങ്ങിയ രാജ്യാന്തര കയറ്റുമതി നിയന്ത്രണ വ്യവസ്ഥകളില്‍ ഇന്ത്യ ഉള്‍പ്പെടുത്തപ്പെട്ടതിനെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി ലോഫ്‌വെന്‍, ആണവ വിതരണ സംഘ(എന്‍.എസ്.ജി.)ത്തില്‍ ഇന്ത്യക്ക് അംഗത്വം നല്‍കുന്നതിനെ പിന്‍തുണയ്ക്കുകയും ചെയ്തു.
ഭീകരവാദത്തെ നേരിടുന്നതിനും ഭീകരവാദ ശൃംഖലകളെയും അവയ്ക്കു പണം എത്തിക്കുന്ന സംവിധാനത്തെയും തകര്‍ക്കുന്നതിനും ഹിംസാത്മകമായ തീവ്രവാദത്തെ തടയുന്നതിനും വര്‍ധിച്ച ഐക്യവും ശക്തമായ രാജ്യാന്താര പങ്കാളിത്തവും ആവശ്യമാണെന്ന് ഇരു പ്രധാനമന്ത്രിമാരും ചൂണ്ടിക്കാട്ടി. തീവ്രവാദത്തിന്റെ രീതി മാറുന്നതിനനുസരിച്ച് പരിഷ്‌കരിക്കപ്പെടാന്‍ ഉതകുംവിധമായിരിക്കണം ആഗോള ഭീകരവിരുദ്ധ നിയമ ചട്ടക്കൂടെന്നും ഭീകരവാദത്തെ നേരിടാന്‍ കൈക്കൊള്ളുന്ന ഏതൊരു നടപടിയും രാജ്യന്താര നിയമങ്ങള്‍ക്കു വിധേയമായിരിക്കണമെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു. രാജ്യാന്തര ഭീകരവാദത്തെക്കുറിച്ചുള്ള രാജ്യാന്തര കണ്‍വെന്‍ഷ(സി.സി.ഐ.ടി.)ന്റെ കരടിന് അന്തിമരൂപം നല്‍കാന്‍ വൈകരുതെന്ന് ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു.
ഉഭയകക്ഷിസഹകരണം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യ-സ്വീഡന്‍ സംയുക്ത കര്‍മപദ്ധതിക്കു രൂപം നല്‍കി. ഇതു പ്രകാരം ബന്ധപ്പെട്ട മന്ത്രാലയങ്ങളിലൂടെയും ഏജന്‍സികളിലൂടെയും മറ്റുമായി താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്യാനാണു ലക്ഷ്യമിടുന്നത്.
നവീകരണം
അഭിവൃദ്ധിയും വളര്‍ച്ചയും നേടാനും കാലാവസ്ഥാ വ്യതിയാനം, പുതുമകളിലൂടെ സുസ്ഥിര വികസനം തുടങ്ങിയ സാമൂഹിക വെല്ലുവിളികളെ നേരിടാനുമായി പരസ്പരമുള്ള പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തില്‍ സുസ്ഥിര ഭാവിക്കായി വിവിധ പങ്കാളികളോടുകൂടിയ നവീകരണ പങ്കാളിത്തത്തിനു മുന്‍കയ്യെടുക്കുക.
സ്വീഡിഷ് പേറ്റന്റ് റജിസ്‌ട്രേഷന്‍ ഓഫീസും ഇന്ത്യന്‍ വ്യവസായ നയ, പ്രോല്‍സാഹന വകുപ്പും തമ്മിലുള്ള ധാരണാപത്ര പ്രകാരം ബൗദ്ധിക സ്വത്തവകാശ മേഖലയെ സംബന്ധിച്ച ചര്‍ച്ചകളും സഹകരണവും പ്രാവര്‍ത്തികമാക്കുക.
വ്യാപാരവും നിക്ഷേപവും
‘ഇന്‍വെസ്റ്റ് ഇന്ത്യ’ വഴി സ്വീഡന്‍ ഇന്ത്യയിലും ‘ബിസിനസ് സ്വീഡന്‍’ വഴി ഇന്ത്യ സ്വീഡനിലും വ്യാപാരവും നിക്ഷേപവും നടത്തുന്നതു പ്രോല്‍സാഹിപ്പിക്കുക.
സ്മാര്‍ട്ട് സിറ്റികള്‍, ഡിജിറ്റൈസേഷന്‍, നൈപുണ്യ വികസനം, പ്രതിരോധം തുടങ്ങിയവയിലൂടെ ഉള്‍പ്പെടെ ഇന്ത്യ-സ്വീഡന്‍ വാണിജ്യ സഹകരണം മെച്ചപ്പെടുത്തുന്നതിനായും ബന്ധങ്ങളും ആശയങ്ങളും പങ്കാളിത്തങ്ങളും ശുപാര്‍ശകളും മുന്നോട്ടുകൊണ്ടുപോകുന്നതിനുമായി സ്വീഡന്‍-ഇന്ത്യ ബിസിനസ് നേതാക്കളുടെ വട്ടമേശ (ഐ.എസ്.ബി.എല്‍.ആര്‍.ടി.) പ്രവര്‍ത്തനത്തെ പ്രോല്‍സാഹിപ്പിക്കുക.
സ്മാര്‍ട്ട് സിറ്റികളും വരുംതലമുറ ഗതാഗതവും
ചര്‍ച്ചകളിലൂടെയും ശേഷിവര്‍ധനയിലൂടെയും ഉള്‍പ്പെടെ ഗതാഗതംകൂടി ഉള്‍പ്പെടുത്തിയ നഗരവികസനം, വായു മലിനീകരണ നിയന്ത്രണം, മാലിന്യ നിര്‍മാര്‍ജനം, മാലിന്യത്തില്‍നിന്ന് ഊര്‍ജം, മലിനജല ശുദ്ധീകരണം, ജില്ലാതല കൂളിങ് ആന്‍ഡ് സര്‍ക്കുലാര്‍ സമ്പദ്‌വ്യവസ്ഥ എന്നിവയെ സംബന്ധിച്ച അറിവു പങ്കുവെക്കുകയും സഹകരണം തേടുകയും ചെയ്യുക.
ഇലക്ട്രോ-മൊബിലിറ്റി, പുനരുപയോഗിക്കാവുന്ന ഇന്ധനങ്ങള്‍ എന്നിവ സംബന്ധിച്ച അറിവു പങ്കുവെക്കുകയും സഹകരിക്കാനുള്ള സാധ്യതകള്‍ തേടുകയും ചെയ്യുക.
റെയില്‍വേ നയവികസനം, സുരക്ഷ, പരിശീലനം, റെയില്‍വേ നടത്തിപ്പും പരിപാലനവും തുടങ്ങി റയില്‍ രംഗത്തെ സംബന്ധിക്കുന്ന അറിവു പങ്കുവെക്കുകയും സഹകരണസാധ്യതകള്‍ തേടുകയും ചെയ്യുക.
നല്ലതും സുസ്ഥിരവും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജം
ഗവേഷണം, ശേഷി കെട്ടിപ്പടുക്കല്‍, നയസഹകരണം, വിപണി രൂപപ്പെടുത്തുന്നതില്‍ കച്ചവട മാതൃകകള്‍ ഉള്‍പ്പെടെയുള്ള ആവശ്യകതകളെക്കുറിച്ചു പഠിക്കല്‍ എന്നിവയിലൂടെ സ്മാര്‍ട് ഗ്രിഡ് സാങ്കേതിക വിദ്യകളായ സ്മാര്‍ട്ട് മീറ്ററിങ്, ഡിമാന്‍ഡ് റെസ്‌പോണ്‍സ്, ഊര്‍ജ മേന്‍മാ പരിപാലനം, സ്വയംപ്രവര്‍ത്തിത വിതരണം, ഇലക്ട്രിക് വാഹന ചാര്‍ജിങ് സംവിധാനം, റിന്യൂവബിള്‍ ഇന്റഗ്രേഷന്‍ എന്നിവ പരിചയപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും പരസ്പര സഹകരണം തേടുകയും ചെയ്യുക.
പുനരുപയോഗിക്കാവുന്ന ഊര്‍ജവും ഊര്‍ജക്ഷമതയും ഉപയോഗപ്പെടുത്തുന്നതിനായുള്ള സാങ്കേതിക വിദ്യകള്‍ക്ക് ഊന്നല്‍ നല്‍കി ഇന്ത്യ-സ്വീഡന്‍ ഇന്നൊവേഷന്‍സ് ആക്‌സിലറേറ്റര്‍ വഴി നവീന ഊര്‍ജ സാങ്കേതിക വിദ്യകള്‍ സംബന്ധിച്ച ഗവേഷണവും നവീകരണവും വ്യാപാര സഹകരണവും വികസിപ്പിക്കുക.
സ്ത്രീകളുടെ നൈപുണ്യ വികസനവും ശാക്തീകരണവും
ഫോര്‍ക്ക്‌ലിഫ്റ്റ് ഡ്രൈവര്‍മാര്‍, വെയര്‍ഹൗസ് മാനേജര്‍മാര്‍, അസംബ്ലി ഓപ്പറേറ്റര്‍മാര്‍ തുടങ്ങി വ്യവസായരംഗത്ത് ആവശ്യമായ തൊഴിലുകള്‍ ചെയ്യുന്നതിനുള്ള നൈപുണ്യം സ്ത്രീകള്‍ക്കു പകര്‍ന്നുനല്‍കുന്നതിനായി സ്വീഡനിലെയും ഇന്ത്യയിലെയും അഭിനേതാക്കള്‍ മഹാരാഷ്ട്രയിലെ പൂനെയില്‍ നടത്തിവരുന്ന ‘ക്രാഫ്റ്റ്‌സ്മാല’ പോലുള്ള പദ്ധതികളിലൂടെ നൈപുണ്യവികസനം, സംരംഭകത്വം എന്നിവ പരിശീലിപ്പിക്കുന്നതിലൂടെ സ്ത്രീശാക്തീകരണത്തിനായുള്ള സംയുക്ത ശ്രമങ്ങളെ പ്രോല്‍സാഹിപ്പിക്കുക.
പ്രതിരോധം
പ്രതിരോധ രംഗത്തു സഹകരിക്കുന്നതിനായി രഹസ്യവിവരങ്ങളുടെ കൈമാറ്റത്തിനും പരസ്പരം സംരക്ഷിക്കുന്നതിനുമായി ഉഭയകക്ഷി കരാര്‍ രൂപപ്പെടുത്താന്‍ ശ്രമിക്കുക.
പ്രതിരോധ സഹകരണം സംബന്ധിച്ച ഇന്ത്യ-സ്വീഡന്‍ ചര്‍ച്ച വര്‍ധിപ്പിക്കുക. 2018-19ല്‍ ഇന്ത്യയിലും സ്വീഡനിലും ഇന്ത്യ-സ്വീഡന്‍ പ്രതിരോധ സെമിനാറുകള്‍ നടത്തുകയും ഐ.എസ്.ബി.എല്‍.ആര്‍.ടിയുമായി ചേര്‍ന്ന് ഇന്ത്യയിലെ പ്രതിരോധ ഉല്‍പാദന ഇടനാഴികളില്‍ നിക്ഷേപം നടത്താനുള്ള സാധ്യതകള്‍ തേടുകയും ചെയ്യുക.
പ്രമുഖ പ്രതിരോധ, ഏറോസ്‌പേസ് സാമഗ്രികളുടെ ഉല്‍പാദകരില്‍നിന്ന് ചെറുതും ഇടത്തരവുമായ സംരംഭങ്ങള്‍ക്കായി വിതരണ ശൃംഖലകള്‍ കെട്ടിപ്പടുക്കാന്‍ വ്യവസായ പങ്കാളികളെ പ്രോല്‍സാഹിപ്പിക്കുക.
ബഹിരാകാശവും ശാസ്ത്രവും
ബഹിരാകാശ ഗവേഷണം, സാങ്കേതികവിദ്യ, കണ്ടുപിടിത്തങ്ങള്‍, പ്രയോഗങ്ങള്‍ എന്നീ മേഖലകളിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ പ്രാധാന്യം അംഗീകരിക്കുക. ഇന്‍ഡോ-സ്വീഡിഷ് ബഹിരാകാശ സെമിനാര്‍, സ്വീഡിഷ് ബഹിരാകാശ സ്ഥാപനങ്ങളില്‍ ഇന്ത്യന്‍ പ്രതിനിധി സംഘം നടത്തുന്ന സന്ദര്‍ശനം എന്നിവ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ധാരണാപത്ര പ്രകാരമുള്ള ബഹിരാകാശ സഹകരണം വര്‍ധിപ്പിക്കാനും, വിശേഷിച്ച് ഭൗമനിരീക്ഷണം, ഗ്രഹപര്യവേക്ഷണം, ഉപഗ്രഹ ഭൗമകേന്ദ്ര പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ കൂടുതലായി സഹകരിക്കാനുമായി ബഹിരാകാശ ഏജന്‍സികളെയും ബഹിരാകാശ രംഗത്തു പ്രവര്‍ത്തിക്കുന്ന മറ്റു സ്ഥാപനങ്ങളെയും പ്രോല്‍സാഹിപ്പിക്കുക.
സ്വീഡന്‍ ആതിഥ്യമരുളുന്ന യൂറോപ്യന്‍ സ്പല്ലേഷന്‍ സോഴ്‌സും ഇന്ത്യന്‍ പങ്കാളികളും തമ്മിലുള്ള സഹകരണത്തിനുള്ള സാധ്യതകള്‍ തേടുക.
ആരോഗ്യ, ജീവ ശാസ്ത്രങ്ങള്‍
ആരോഗ്യ സംരക്ഷണ, പൊതുജനാരോഗ്യ മേഖലകളെ സംബന്ധിച്ച ധാരണാപത്ര പ്രകാരം ആരോഗ്യ ഗവേഷണം, ഫാര്‍മക്കോ വിജിലന്‍സ്, സൂക്ഷ്മാണുപ്രതിരോധം തുടങ്ങിയ മുന്‍ഗണനാ മേഖലകളിലുള്ള സഹകരണം വര്‍ധിപ്പിക്കുക.
തുടര്‍നടപടികള്‍
ഈ കര്‍മപദ്ധതി നടപ്പാക്കുന്നതിനു ശാസ്ത്ര, സാമ്പത്തിക കാര്യങ്ങള്‍ക്കും വിദേശ ചര്‍ച്ചകള്‍ക്കുമായും ഉള്ള ഇന്‍ഡോ-സ്വീഡിഷ് സംയുക്ത കമ്മീഷനും പ്രസക്തമായ മറ്റ് ഉഭയകക്ഷി വേദികളും സംയുക്ത പ്രവര്‍ത്തക സംഘങ്ങളും മേല്‍നോട്ടം വഹിക്കും.