പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ഈ മാസം 24, 25 (ഫെബ്രുവരി 24, 25) തീയതികളില്‍ ഔദ്യോഗികമായി ഇന്ത്യ സന്ദര്‍ശിക്കും. അമേരിക്കന്‍ പ്രസിഡന്റിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.
സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ട്രംപും, പ്രഥമ വനിതയും ന്യൂഡല്‍ഹി, ഗുജറാത്തിലെ അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുകയും, ഇന്ത്യന്‍ സമൂഹത്തിന്റെ പരിച്ഛേദവുമായി ആശയവിനിമയം നടത്തുകയും ചെയ്യും.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആഗോള തന്ത്ര പ്രധാന പങ്കാളിത്തം വിശ്വാസം, പരസ്പരം പങ്ക് വയ്ക്കുന്ന മൂല്യങ്ങള്‍, പരസ്പര ബഹുമാനവും ധാരണയും എന്നിവയിലധിഷ്ടിതവും ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ക്കിടയിലെ ഊഷ്മളത, സൗഹൃദം എന്നിവ കൊണ്ട് അടയാളപ്പെടുത്തുന്നതുമാണ്. പ്രധാനമന്ത്രി മോദിയുടെയും, പ്രസിഡന്റ് ട്രംപിന്റെയും നേതൃത്വത്തിന് കീഴില്‍ ഈ ബന്ധം കൂടുതല്‍ വികസിക്കുകയും വ്യാപാരം, പ്രതിരോധം, ഭീകരതയെ ചെറുക്കല്‍, ഊര്‍ജ്ജം, മേഖലാ അന്താരാഷ്ട്ര വിഷയങ്ങളിലെ ഏകോപനം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയടക്കം എല്ലാ മേഖലയിലും ഗണ്യമായ പുരോഗതി കൈവരിക്കുകയും ചെയ്തു. ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി വിലയിരുത്താനും തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനും ഈ സന്ദര്‍ശനം ഇരുനേതാക്കള്‍ക്കും അവസരം നല്‍കും.