പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ഷെര്‍ ബഹാദൂര്‍ ദൂബയും സംയുക്തമായി നേപ്പാളിലെ ലുംബിനിയിലെ സന്യാസ കേന്ദ്രത്തില്‍ ബുദ്ധ സംസ്‌കാരവും പൈതൃകവും സംരക്ഷിക്കുന്നതിനുള്ള ഇന്ത്യന്‍ അന്താരാഷ്ട്ര കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു.
2. ന്യൂഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ബുദ്ധിസ്റ്റ് കോണ്‍ഫഡറേഷനും (ഐ ബി സി) ലുംബിനി ഡെവലപ്‌മെന്റ് ട്രസ്റ്റും (എല്‍ ടി ഡി) തമ്മിലുള്ള കരാര്‍ പ്രകാരം എല്‍ ടി ഡി നല്‍കിയ സ്ഥലത്ത് ഐബിസിയാണ് കേന്ദ്രം നിര്‍മിക്കുക.
3. പ്രധാനപ്പെട്ട മൂന്ന് ബുദ്ധ വിഭാഗങ്ങളായ തെറവാദ, മഹായാന, വജ്രയാന എന്നിവയില്‍ നിന്നുള്ള സന്യാസിമാരുടെ നേതൃത്വത്തില്‍ നടന്ന ശിലാസ്ഥാപന ചടങ്ങുകള്‍ക്ക് ശേഷം ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്ന് കേന്ദ്രത്തിന്റെ ഒരു മാതൃക പുറത്തിറക്കി.
4. ആഗോള നിലവാരത്തിലുള്ള കേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തെമ്പാടു നിന്നുമുള്ള ഭക്തര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ബുദ്ധമതത്തിന്റെ ആദ്ധ്യാത്മിക ചൈതന്യം അറിയാനും അനുഭവിക്കാനുമുള്ള അവസരം ലഭിക്കും. ആധുനിക സാങ്കേതിക വിദ്യകളും സൗകര്യങ്ങളും ഉപയോഗിച്ച് നിര്‍മിക്കുന്ന കേന്ദ്രത്തില്‍ വൈദ്യുതി, വെള്ളം, മാലിന്യ സംസ്‌കരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ല. കേന്ദ്രത്തില്‍ പ്രാര്‍ത്ഥനാ മുറികള്‍, ധ്യാന കേന്ദ്രങ്ങള്‍, ലൈബ്രറി, എക്‌സിബിഷന്‍ ഹാള്‍, കഫതീരിയ, ഓഫീസുകള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും.