ശ്രേഷ്ഠരേ, നമസ്‌കാരം!
എസ് സി ഒ (ഷാങ്ഹായി സഹകരണ സംഘടന) കൗണ്‍സിലിന്റെ അധ്യക്ഷ പദവി വിജയകരമായി നിറവേറ്റുന്ന പ്രസിഡന്റ് റഹ്‌മോനെ ആദ്യം തന്നെ അഭിനന്ദിക്കുന്നു. താജിക് പ്രസിഡന്‍സി വളരെ വെല്ലുവിളി നിറഞ്ഞ ആഗോളവും പ്രാദേശികവുമായ സാഹചര്യത്തിലൂടെ കടന്നുപോയ അന്തരീക്ഷത്തിലും സംഘടനയെ അദ്ദേഹം കാര്യക്ഷമമായി കൈകാര്യം ചെയ്തു. ഈ വര്‍ഷം സ്വാതന്ത്ര്യത്തിന്റെ മുപ്പതാം വാര്‍ഷികം ആഘോഷിക്കുന്ന എല്ലാ താജിക് സഹോദരീ സഹോദരന്മാര്‍ക്കും പ്രസിഡന്റ് റഹ്മോനും ഇന്ത്യയെ പ്രതിനിധീകരിച്ച്, എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.
ശ്രേഷ്ഠരേ,
ഈ വര്‍ഷം നാം എസ് സി ഒയുടെ 20 -ാം വാര്‍ഷികം കൂടി ആഘോഷിക്കുകയാണ്. ഈ മഹത്തായ അവസരത്തില്‍ പുതിയ സുഹൃത്തുക്കള്‍ നമ്മോടൊപ്പം ചേരുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. എസ് സി ഒയുടെ പുതിയ അംഗരാജ്യമായി ഞാന്‍ ഇറാനെ സ്വാഗതം ചെയ്യുന്നു. സൗദി അറേബ്യ, ഈജിപ്ത്, ഖത്തര്‍ എന്നീ മൂന്ന് പുതിയ സംഭാഷണ പങ്കാളികളെ ഞാന്‍ സ്വാഗതം ചെയ്യുന്നു. എസ് സി ഒയുടെ വിപുലീകരണം നമ്മുടെ സംഘടനയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം കാണിക്കുന്നു. പുതിയ അംഗങ്ങളും സംഭാഷണ പങ്കാളികളും കൂടിച്ചേരുമ്പോള്‍ എസ് സി ഒ കൂടുതല്‍ ശക്തവും വിശ്വസനീയവുമായിത്തീരും.
ശ്രേഷ്ഠരേ,
എസ്സിഒയുടെ ഇരുപതാം വാര്‍ഷികം സംഘടനയുടെ ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ അനുയോജ്യമായ ഒരു അവസരമാണ്. ഈ മേഖലയിലെ ഏറ്റവും വലിയ വെല്ലുവിളികള്‍ സമാധാനം, സുരക്ഷ, വിശ്വാസക്കുറവ് എന്നിവയുമായി ബന്ധപ്പെട്ടതാണെന്നും ഈ പ്രശ്‌നങ്ങളുടെ മൂലകാരണം വര്‍ദ്ധിച്ചുവരുന്ന ഛിദ്രപ്രവര്‍ത്തനമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. അഫ്ഗാനിസ്ഥാനിലെ സമീപകാല സംഭവവികാസങ്ങള്‍ ഈ വെല്ലുവിളി കൂടുതല്‍ പ്രകടമാക്കി. എസ് സി ഒ ഈ വിഷയത്തില്‍ മുന്‍കൈ എടുക്കണം.
ചരിത്രം പരിശോധിച്ചാല്‍, മധ്യേഷ്യന്‍ മേഖല മിതമായതും പുരോഗമനപരവുമായ സംസ്‌കാരങ്ങളുടെയും മൂല്യങ്ങളുടെയും കോട്ടയാണ്. സൂഫിസം പോലുള്ള പാരമ്പര്യങ്ങള്‍ നൂറ്റാണ്ടുകളായി ഇവിടെ തഴച്ചുവളരുകയും പ്രദേശത്തും ലോകമെമ്പാടും വ്യാപിക്കുകയും ചെയ്തു. ഈ പ്രദേശത്തിന്റെ സാംസ്‌കാരിക പൈതൃകത്തില്‍ അവരുടെ സ്വാധീനം നമുക്ക് ഇപ്പോഴും കാണാന്‍ കഴിയും. മധ്യേഷ്യയുടെ ഈ ചരിത്ര പൈതൃകത്തിന്റെ അടിസ്ഥാനത്തില്‍, മൗലികവാദത്തിനും തീവ്രവാദത്തിനും എതിരെ പോരാടുന്നതിന് എസ് സി ഒ ഒരു പൊതു സമീപനം വികസിപ്പിക്കണം.
ഇന്ത്യയിലും, മിക്കവാറും എല്ലാ എസ് സി ഒ രാജ്യങ്ങളിലും, ഇസ്‌ലാമുമായി ബന്ധപ്പെട്ട മിതമായ, സഹിഷ്ണുത ഉള്‍ക്കൊള്ളുന്ന സ്ഥാപനങ്ങളും പാരമ്പര്യങ്ങളും ഉണ്ട്. അവര്‍ക്കിടയില്‍ ശക്തമായ ഒരു ശൃംഖല വികസിപ്പിക്കാന്‍ എസ് സി ഒ പ്രവര്‍ത്തിക്കണം. ഈ സാഹചര്യത്തില്‍, എസ് സി ഒ- മേഖലാ ഭീകരവിരുദ്ധ സംഘടന (റാറ്റ്‌സ് ) നടത്തുന്ന ഉപയോഗപ്രദമായ പ്രവര്‍ത്തനത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ഇന്ത്യയുടെഎസ് സി ഒ- മേഖലാ ഭീകരവിരുദ്ധ സംഘടന (റാറ്റ്‌സ് ) പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി തയ്യാറാക്കിയ പ്രവര്‍ത്തന കലണ്ടറില്‍ ഞങ്ങളുടെ എസ് സി ഒ പങ്കാളികള്‍ സജീവമായി പങ്കെടുക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
ശ്രേഷ്ഠരേ,
മൗലികവാദത്തിനെതിരെ പോരാടുന്നത് പ്രാദേശിക സുരക്ഷയ്ക്കും പരസ്പര വിശ്വാസത്തിനും മാത്രമല്ല, നമ്മുടെ യുവതലമുറയുടെ ശോഭനമായ ഭാവിക്കും ആവശ്യമാണ്. വികസിത ലോകവുമായി മത്സരിക്കാന്‍, നമ്മുടെ പ്രദേശം വളര്‍ന്നുവരുന്ന സാങ്കേതിക വിദ്യകളില്‍ ഒരു പങ്കാളിയാകണം. ഇതിനായി നമ്മുടെ കഴിവുള്ള യുവാക്കളെ ശാസ്ത്രത്തിലേക്കും യുക്തിചിന്തയിലേക്കും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.
നമ്മുടെ യുവ സംരംഭകരെയും സ്റ്റാര്‍ട്ടപ്പുകളെയും ബന്ധിപ്പിച്ചുകൊണ്ട് ഇത്തരത്തിലുള്ള ചിന്തയും നൂതന മനോഭാവവും നമുക്ക് പ്രോത്സാഹിപ്പിക്കാനാകും. ഈ സമീപനത്തിലൂടെ ഇന്ത്യ കഴിഞ്ഞ വര്‍ഷം ആദ്യത്തെ എസ് സി ഒ സ്റ്റാര്‍ട്ട്-അപ്പ് ഫോറത്തിന്റെയും യുവ ശാസ്ത്രജ്ഞരുടെയും സമ്മേളനം സംഘടിപ്പിച്ചു. മുന്‍ വര്‍ഷങ്ങളില്‍, ഇന്ത്യ അതിന്റെ വികസന യാത്രയില്‍ സാങ്കേതികവിദ്യ വിജയകരമായി ഉപയോഗിച്ചു.
യുപിഐ, റുപേ കാര്‍ഡ് പോലുള്ള സാങ്കേതികവിദ്യകളാകട്ടെ, നമ്മുടെ ആരോഗ്യ-സേതു, കോവിന്‍ തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ആകട്ടെ, സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വര്‍ദ്ധിപ്പിക്കുന്നതിനും അല്ലെങ്കില്‍ കോവിഡിന് എതിരായ പോരാട്ടത്തിലും ഞങ്ങള്‍ സ്വമേധയാ മറ്റ് രാജ്യങ്ങളുമായും ഇത് പങ്കിട്ടു. ഈ തുറന്ന സ്രോതസ്സുള്ള സാങ്കേതികവിദ്യകള്‍ എസ് സി ഒ പങ്കാളികളുമായി പങ്കിടുന്നതിലും ഇതിനായി ശേഷി വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിലും ഞങ്ങള്‍ സന്തുഷ്ടരാണ്.
ശ്രേഷ്ഠരേ,
മൗലികവാദവും അരക്ഷിതാവസ്ഥയും കാരണം ഈ പ്രദേശത്തിന്റെ വിശാലമായ സാമ്പത്തിക സാധ്യതകള്‍ ഉപയോഗപ്പെടുത്തപ്പെട്ടിട്ടില്ല. ധാതു സമ്പത്ത് അല്ലെങ്കില്‍ എസ്സിഒ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം, പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുന്നതിന് നാം പരസ്പര ബന്ധത്തിന് പ്രാധാന്യം നല്‍കണം. ചരിത്രത്തില്‍ മധ്യേഷ്യയുടെ പങ്ക് പ്രധാന പ്രാദേശിക വിപണികള്‍ തമ്മിലുള്ള പാലമാണ്. ഈ പ്രദേശത്തിന്റെ അഭിവൃദ്ധിയുടെ അടിസ്ഥാനവും ഇതായിരുന്നു. മധ്യേഷ്യയുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.
ഇന്ത്യയുടെ വിശാലമായ വിപണിയുമായി ബന്ധിപ്പിക്കുന്നതിലൂടെ മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്ക് വളരെയധികം പ്രയോജനം ലഭിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിര്‍ഭാഗ്യവശാല്‍, പരസ്പര വിശ്വാസമില്ലാത്തതിനാല്‍ പല പരസ്പര ബന്ധ സാധ്യതകളും ഇന്ന് അവര്‍ക്ക് തുറന്നിട്ടില്ല. ഇറാനിലെ ചബഹാര്‍ തുറമുഖത്തെ ഞങ്ങളുടെ നിക്ഷേപവും അന്താരാഷ്ട്ര വടക്കു കിഴക്കന്‍ ഇടനാഴിയിലേക്കുള്ള ഞങ്ങളുടെ ശ്രമങ്ങളും ഈ യാഥാര്‍ത്ഥ്യത്താല്‍ നയിക്കപ്പെടുന്നു.
ശ്രേഷ്ഠരേ,
പരസ്പര ബന്ധത്തിന്റെ ഏതെങ്കിലും സംരംഭം 'ഒരു ഒരു ഭാഗത്തേക്കു മാത്രം ഗതാഗതമുള്ള തെരുവ്' ആയിരിക്കില്ല. പരസ്പര വിശ്വാസം ഉറപ്പുവരുത്തുന്നതിനായി കണക്റ്റിവിറ്റി പദ്ധതികളുടെ കൂടിയാലോചനാപരവും സുതാര്യവും പങ്കാളിത്തപരവും ആയിരിക്കണം. ഇക്കാര്യത്തില്‍, എല്ലാ രാജ്യങ്ങളുടെയും പ്രാദേശിക അഖണ്ഡതയോടുള്ള ബഹുമാനം സംശയരഹിതമായിരിക്കണം. ഈ തത്വങ്ങളെ അടിസ്ഥാനമാക്കി, ഈ മേഖലയിലെ കണക്റ്റിവിറ്റി പദ്ധതികള്‍ക്ക് അനുയോജ്യമായ മാനദണ്ഡങ്ങള്‍ എസ് സി ഒ വികസിപ്പിക്കണം.
ഇതുപയോഗിച്ച് ഈ പ്രദേശത്തിന്റെ പരമ്പരാഗത പരസ്പരബന്ധം പുനസ്ഥാപിക്കാന്‍ നമുക്ക് കഴിയും, അപ്പോള്‍ മാത്രമേ കണക്റ്റിവിറ്റി പദ്ധതികള്‍ നമ്മെ തമ്മില്‍ ബന്ധിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നതാവുകയുള്ളൂ. നമ്മള്‍ തമ്മിലുള്ള ദൂരം വര്‍ദ്ധിപ്പിക്കുകയല്ല വേണ്ടത്. ഈ ശ്രമത്തിനായി, ഇന്ത്യ അതിന്റെ ഭാഗത്തുനിന്ന് എന്തുതരം സംഭാവനയും നല്‍കാന്‍ തയ്യാറാണ്.
ശ്രേഷ്ഠരേ,
എസ്സിഒയുടെ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് അതിന്റെ പ്രധാന ശ്രദ്ധ ഈ മേഖലയുടെ മുന്‍ഗണനകളിലായിരുന്നു എന്നതാണ്. മൗലികവാദത്തിന്റെ കാര്യത്തിലും കണക്റ്റിവിറ്റി, ആളുകള്‍ തമ്മിലുള്ള ബന്ധം എന്നിവയെക്കുറിച്ചുമുള്ള എന്റെ നിര്‍ദ്ദേശങ്ങള്‍ എസ്സിഒയുടെ ഈ പങ്ക് കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ്. ഞാന്‍ അവസാനിപ്പിക്കുന്നതിനുമുമ്പ്, നമ്മുടെ ആതിഥേയനായ പ്രസിഡന്റ് റഹ്‌മോന് ഒരിക്കല്‍ കൂടി നന്ദി പറയട്ടെ.
സങ്കര രൂപത്തിലെ (ഹൈബ്രിഡ് ഫോർമാറ്റ്) വെല്ലുവിളികൾക്കിടയിലും ഈ ഉച്ചകോടി സംഘടിപ്പിക്കുകയും വിജയകരമായി നടത്തുകയും ചെയ്തു. അടുത്ത എസ്സിഒ അധ്യക്ഷന്‍ എന്ന നിലയില്‍ ഞാന്‍ ഉസ്‌ബെക്കിസ്ഥാന് എല്ലാ ആശംസകളും നേരുന്നു; കൂടാതെ ഇന്ത്യയുടെ പൂര്‍ണ്ണ സഹകരണം ഉറപ്പ് നല്‍കുകയും ചെയ്യുന്നു.
നന്ദി!