മ്യാന്‍മര്‍ പ്രതിരോധ സേന കമാന്‍ഡര്‍-ഇന്‍-ചീഫ് സീനിയര്‍ ജനറല്‍ മിന്‍ ഓങ് ഹ്ലിയാങ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
അടുത്തിടെ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയം നേടിയതിനു പ്രധാനമന്ത്രിയെ സീനിയര്‍ ജനറല്‍ അഭനന്ദനം അറിയിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യ അതിവേഗം വികസിച്ചുവരികയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. അയല്‍പ്രദേശത്തുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള സവിശേഷ ബന്ധം പ്രതിരോധം, സുരക്ഷാ സഹകരണം തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ വര്‍ധിച്ചുവരികയാണെന്നും സീനിയര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.
മ്യാന്‍മര്‍ സന്ദര്‍ശന വേളയില്‍ ലഭിച്ച സ്വീകരണത്തിന്റെ ഊഷ്മളതയും ആതിഥ്യമര്യാദയും പ്രധാനമന്ത്രി അനുസ്മരിച്ചു. ഉഭയകക്ഷി ബന്ധത്തില്‍ സായുധ കലാപത്തെ നേരിടുന്നതിലും ശേഷിവര്‍ധനയിലും സൈനികബന്ധത്തിലും നാവിക സഹകരണത്തിലും സാമ്പത്തിക മേഖലയിലും വികസന സഹകരണത്തിലും ഉറച്ച ഉഭയകക്ഷി സഹകരണം നിലനില്‍ക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
മ്യാന്‍മറുമായുള്ള സവിശേഷമായ ഉഭയകക്ഷി പങ്കാളിത്തം കൂടുതല്‍ ആഴമേറിയതാക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു.