ബഹുമാനപ്പെട്ട എന്റെ സുഹൃത്തുകൂടിയായ പ്രസിഡന്റ് ഇബ്രാഹിം സോലിഹ്, മാലിദ്വീപുകാരായ വിശിഷ്ടരായ സുഹൃത്തുക്കളെ, സഹപ്രവര്‍ത്തകരെ, നമസ്‌കാരം.
താങ്കളുമായി ബന്ധപ്പെടാന്‍ സാധിക്കുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമാണ്, പ്രസിഡന്റ് സോലിഹ്. നിങ്ങളും മാലിദ്വീപും എല്ലായ്‌പ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിലും മനസ്സുകളിലും ഉണ്ട്.
അധികാരമേറ്റ് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയത് ഏതാനും ദിവസംമുമ്പ് ആഘോഷിച്ച നിങ്ങളെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു. ഇതു മാലിദ്വീപിനെ സംബന്ധിച്ചിടത്തോളം ജനാധിപത്യത്തിലും വികസനത്തിലും നാഴികക്കല്ലായ വര്‍ഷമാണ്. ഇന്ത്യ-മാലിദ്വീപ് ബന്ധത്തില്‍ ശ്രദ്ധേയമായ വര്‍ഷവുമായിരുന്നു ഇത്.
എന്റെ ഗവണ്‍മെന്റിന്റെ ‘അയല്‍ക്കാര്‍ ആദ്യം’ എന്ന നയവും നിങ്ങളുടെ ഗവണ്‍മെന്റിന്റെ ‘ഇന്ത്യ ആദ്യം’ എന്ന നയവും നാം തമ്മിലുള്ള ഉഭയകക്ഷിസഹകരണം എല്ലാ മേഖലകളിലും കരുത്താര്‍ജിക്കുന്നതിനു സഹായകമായി. നമ്മുടെ തീരുമാനങ്ങള്‍ നടപ്പാക്കിയത് മാലിദ്വീപിന്റെ സമ്പദ്‌വ്യവസ്ഥയും അടിസ്ഥാന സൗകര്യവും ശേഷിവര്‍ധനയും വികസിക്കുന്നതു പ്രോല്‍സാഹിപ്പിച്ചു.
മാലിദ്വീപിനെ സംബന്ധിച്ചിടത്തോളം അത്യാവശ്യവും ആവശ്യകതകളും നിറഞ്ഞ മേഖലകളിലാണ് ഈ പുരോഗതി സാധ്യമായതെന്നതു പ്രധാനമാണ്.
ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ ക്രാഫ്റ്റ് ഇന്നു നിങ്ങളുടെ തീരസംരക്ഷണ സേനയ്ക്കു കൈമാറപ്പെട്ടു. എന്റെ സംസ്ഥാനമായ ഗുജറാത്തില്‍ എല്‍. ആന്‍ഡ് ടി. നിര്‍മിച്ചതാണ് ഈ ആധുനിക കപ്പല്‍. ഇതു നിങ്ങളുടെ തീരസുരക്ഷ വര്‍ധിപ്പിക്കുന്നതിനും ബ്ലൂ ഇക്കോണമിയെയും വിനോദസഞ്ചാരത്തെയും പ്രോല്‍സാഹിപ്പിക്കുന്നതിനും സഹായകമാകും. ധിവേഹിയിലും ഹിന്ദിയിലും വിജയം എന്ന് അര്‍ഥം വരുന്ന വാക്കായ കാമ്യാബ് എന്ന പേരാണ് ഈ കപ്പലിനു നല്‍കിയിരിക്കുന്നത് എന്നറിയിക്കുന്നതില്‍ സന്തോഷമുണ്ട്.
ബഹുമാന്യരേ,
അദ്ദുവിന്റെ വികസനത്തിനു നിങ്ങളുടെ ഗവണ്‍മെന്റ് കല്‍പിച്ചുവരുന്ന പ്രാധാന്യം ഞാന്‍ ഓര്‍ക്കുകയാണ്. ദ്വീപിലെ ജനങ്ങളുടെ ഉപജീവനത്തെ പിന്‍തുണയ്ക്കുന്നതിനായി വലിയ ഗുണം ചെയ്യുന്ന സാമൂഹിക പദ്ധതികളില്‍ പങ്കാളിത്തം വഹിക്കാന്‍ ഇന്ത്യക്കു സന്തോഷമേയുള്ളൂ.
സുഹൃത്തുക്കളേ,
നാം രണ്ടു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തിനുള്ള ഒരു പ്രധാന കാരണം ജനങ്ങള്‍ തമ്മിലുള്ള ബന്ധമാണ്. ഇന്ത്യയില്‍നിന്നു മാലിദ്വീപിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. മാലിയിലേക്കു കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഈയാഴ്ച ഡെല്‍ഹി, ബെംഗളുരു, മുംബൈ എന്നിവിടങ്ങളില്‍നിന്ന് മാലിദ്വീപിലേക്ക് നേരിട്ടുള്ള ഓരോ വിമാനസര്‍വീസുകള്‍ ആരംഭിച്ചു.
റൂപേ കാര്‍ഡ് സംവിധാനം ഇന്ത്യയില്‍നിന്നു മാലിദ്വീപിലെത്തുന്നവര്‍ക്കു കൂടുതല്‍ സഹായകമാകും. ബാങ്ക് ഓഫ് മാലിദ്വീപ് വഴിയാണ് റൂപേ കാര്‍ഡ് പുറത്തിറക്കിയത് എന്നത് എന്നെ സന്തോഷിപ്പിക്കുന്നു.
ബഹുമാനപ്പെട്ടവരെ, ഇന്നു നാം മാലിദ്വീപ് ജനതയ്ക്ക് എല്‍.ഇ.ഡി. വെളിച്ചവും സമര്‍പ്പിച്ചിരിക്കുകയാണ്. പരിസ്ഥിതിസൗഹൃദപരമായ ഈ വെളിച്ചത്തിന്റെ നേട്ടം മാലിദ്വീപ് ജനതയ്ക്ക് എത്തിക്കാന്‍ സാധിച്ചതില്‍ ഇന്ത്യ വളരെയധികം സന്തോഷിക്കുന്നു.
ബഹുമാനപ്പെട്ടവരേ, ഹല്‍ഹല്‍മാലിയില്‍ അര്‍ബുദ ആശുപത്രിയും ക്രിക്കറ്റ് സ്റ്റേഡിയവും നിര്‍മിക്കുന്ന പ്രവൃത്തി നടന്നുവരികയുമാണ്.
34 ദ്വീപുകളിലെ ജല, ശുചീകരണ പദ്ധതികളും അദ്ദുവിലെ റോഡുകള്‍ ഉപയോഗയോഗ്യമാക്കുന്നതിനുള്ള പ്രവൃത്തിയും മുന്നോട്ടുപോവുകയാണെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്.
ഇന്ത്യ നല്‍കുന്ന സഹായങ്ങള്‍ വഴി വരുംവര്‍ഷങ്ങളില്‍ മാലിദ്വീപ് ജനതയ്ക്കു കൂടുതല്‍ നേട്ടങ്ങള്‍ ലഭ്യമാകും.
അടുത്ത സുഹൃത്തും സമുദ്രമേഖലയിലെ അയല്‍വാസിയും എന്ന നിലയില്‍ മാലിദ്വീപിലെ ജനാധിപത്യത്തിനും വികസനത്തിനുമായി സഹകരിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യന്‍ മഹാ സമുദ്ര മേഖലയിലെ സമാധാനത്തിനും പരസ്പര സുരക്ഷയ്ക്കുംവേണ്ടിയും നാം തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കും.
ബഹുമാനപ്പെട്ടവരേ,
നിങ്ങളുമായി ഡെല്‍ഹിയില്‍ കൂടിക്കാഴ്ച നടത്താന്‍ ഞാന്‍ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുന്നു. സൗഹാര്‍ദം പുലര്‍ത്തുന്ന മാലിദ്വീപ് ജനതയ്ക്കു സമാധാനത്തിന്റെയും അഭിവൃദ്ധിയുടെയും ഊഷ്മളമായ ആശംസകള്‍ നേരുകയാണ്.
വളരെയധികം നന്ദി.