ന്യൂഡെല്‍ഹി ലോക കല്യാണ മാര്‍ഗില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ രക്തസാക്ഷികളായിത്തീര്‍ന്നവരുടെ നിഘണ്ടു പ്രകാശിപ്പിച്ചു.
1857ല്‍ നടന്ന ഒന്നാം സ്വാതന്ത്ര്യസമരം മുതല്‍ 1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നതു വരെയുള്ള കാലഘട്ടത്തിലെ രക്തസാക്ഷികളെ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് അഞ്ചു വാള്യങ്ങളോടുകൂടിയ ഈ നിഘണ്ടുവെന്നു ചടങ്ങില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല, നിസ്സഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം എന്നിവയില്‍ രക്തസാക്ഷിത്വം വരിച്ചവര്‍, രക്തസാക്ഷിത്വം വരിച്ച ആസാദ് ഹിന്ദ് ഫൗജ് ഭടന്‍മാര്‍ എന്നിവരുടെയൊക്കെ വിശദാംശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രക്തസാക്ഷികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇത്രത്തോളം വ്യാപകമായി സമാഹരിക്കപ്പെടുന്നത് ഇതാദ്യമായാണെന്ന് അദ്ദേഹം വിശദീകിച്ചു. ഇതിനായി പ്രവര്‍ത്തിച്ചവരെയെല്ലാം പ്രധാനമന്ത്രി അഭിനന്ദിച്ചു.
രാഷ്ട്രത്തിന്റെ സ്രഷ്ടാക്കളെയും രാഷ്ട്രനിര്‍മാണത്തില്‍ പ്രധാന പങ്കു വഹിച്ചവരെയും ഓര്‍ക്കുകയും ആദരിക്കുകയും ചെയ്യാത്ത രാജ്യത്തിന്റെ ഭാവി ശോഭനമായിരിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ അര്‍ഥത്തില്‍ വീക്ഷിക്കുമ്പോള്‍ രക്തസാക്ഷിത്വം വരിച്ചവരെക്കുറിച്ചുള്ള വിവരം ശേഖരിച്ചതു ഭൂതകാലത്തെക്കുറിച്ച് ആവേശപൂര്‍വം ഓര്‍ക്കാന്‍ മാത്രമല്ല, ഭാവി സുരക്ഷിതമാക്കാന്‍ കൂടിയുള്ള പ്രവര്‍ത്തനമാണെന്നു കാണാമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രവര്‍ത്തനത്തെക്കുറിച്ചു യുവാക്കളെ വിശേഷിച്ചു ബോധവല്‍ക്കരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യസമര നായകന്‍മാരുടെ ധീരമായ പ്രവര്‍ത്തനം അനുസ്മരിക്കാനുള്ള ശ്രമത്തിലാണു കേന്ദ്ര ഗവണ്‍മെന്റെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതു വരുംതലമുറകളെ സൃഷ്ടിപരമായി സ്വാധീനിക്കുമെന്നും ഇത് ഇന്ത്യ ആദ്യം എന്നു ചിന്തിക്കാന്‍ അവരെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യാനന്തരം ഇതുവരെ ഇന്ത്യക്കു യുദ്ധസ്മാരകം ഇല്ലായിരുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈയടുത്തു താന്‍ ദേശീയ യുദ്ധസ്മാരകം രാഷ്ട്രത്തിനു സമര്‍പ്പിച്ചുവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ദേശീയ പൊലീസ് സ്മാരകവും നിര്‍മിക്കപ്പെട്ടുവെന്നു പ്രധാനമന്ത്രി പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിനോടുള്ള ആദരസൂചകമായി ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാപ്രതിമ നിര്‍മിച്ചത് അദ്ദേഹം പരാമര്‍ശിച്ചു. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെയും ആസാദ് ഹിന്ദ് ഫൗജിന്റെയും ഓര്‍മയ്ക്കായി ചുവപ്പുകോട്ടയില്‍ ക്രാന്തി മന്ദിര്‍ ആരംഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമരത്തില്‍ പങ്കാളികളായിരുന്ന ആദിവാസിനായകന്‍മാരുടെ ധീരകൃത്യങ്ങളെക്കുറിച്ച് ഓര്‍ക്കുന്നതിനായി മ്യൂസിയങ്ങള്‍ നിര്‍മിച്ചുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സാംസ്‌കാരിക സഹമന്ത്രി ഡോ. മഹേഷ് ശര്‍മയും ചടങ്ങില്‍ പങ്കെടുത്തു.
പശ്ചാത്തലം:
1857ലെ സമരത്തിന്റെ 150ാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷികളെക്കുറിച്ചുള്ള നിഘണ്ടു തയ്യാറാക്കാന്‍ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിനെ സാംസ്‌കാരിക മന്ത്രാലയം ചുമതലപ്പെടുത്തിയിരുന്നു.
ഈ നിഘണ്ടുവില്‍ രക്തസാക്ഷിയെ നിര്‍വചിച്ചിരിക്കുന്നത് ദേശീയ പ്രസ്ഥാനത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനിടെ പൊലീസ് നടപടിയിലോ പിടുകൂടപ്പെട്ടു കസ്റ്റഡിയില്‍ കഴിയുമ്പോഴോ മരിച്ചവരോ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരോ എന്നാണ്.
ബ്രിട്ടനില്‍ പൊരുതിമരിച്ച അന്നത്തെ ഐ.എന്‍.എ. അംഗങ്ങള്‍, സേനാംഗങ്ങള്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും.
1857ലെ സ്വാതന്ത്ര്യ സമര മുന്നേറ്റം, ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊല (1919), നിസ്സഹകരണ പ്രസ്ഥാനം (1920-22), നിയമലംഘന പ്രസ്ഥാനം (1930-34), ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം (1942-44), വിപ്ലവ മുന്നേറ്റങ്ങള്‍ (1915-34), കര്‍ഷക പ്രസ്ഥാനങ്ങള്‍, ഗോത്രവര്‍ഗ മുന്നേറ്റങ്ങള്‍, രാജഭരണ പ്രദേശ(പ്രജാമണ്ഡലം)ങ്ങളില്‍ ഉത്തരവാദിത്ത ഗവണ്‍മെന്റിനായുള്ള പ്രക്ഷോഭം, ഇന്ത്യന്‍ നാഷണല്‍ ആര്‍മി (ഐ.എന്‍.എ., 1943-45), റോയല്‍ ഇന്ത്യന്‍ നേവി മുന്നേറ്റം (ആര്‍.ഐ.എന്‍., 1946) എന്നിവയില്‍ ജീവന്‍ നഷ്ടപ്പെട്ടവരും ഇതില്‍പ്പെടും. 13,500 രക്തസാക്ഷികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഈ ഗ്രന്ഥങ്ങളില്‍ ഉണ്ട്.
താഴെ പറയുംവിധം മേഖലകളായി തിരിച്ച് അഞ്ചു വാള്യങ്ങളായാണു ഇവ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്.
'രക്തസാക്ഷികളുടെ നിഘണ്ടു: ഇന്ത്യയുടെ സ്വാതന്ത്ര്യസമരം (1857-1947) വാള്യം 1, ഭാഗം 1, 2.
ഈ വാള്യത്തില്‍ ഡെല്‍ഹി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ 4,400 രക്തസാക്ഷികളെ സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
'രക്തസാക്ഷികളുടെ നിഘണ്ടു: ഇന്ത്യയുടെ സ്വാതന്ത്ര്യസമരം (1857-1947) വാള്യം 2, ഭാഗം 1, 2.
ഈ വാള്യത്തില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ജമ്മു-കശ്മീര്‍ എന്നിവിടങ്ങളിലെ 3,500 രക്തസാക്ഷികളെ സംബന്ധിച്ച വിശദാംശങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
'രക്തസാക്ഷികളുടെ നിഘണ്ടു: ഇന്ത്യയുടെ സ്വാതന്ത്ര്യസമരം (1857-1947) വാള്യം 3.
ഈ വാള്യത്തില്‍ മഹാരാഷ്ട്ര, ഗുജറാത്ത്, സിന്ധ് എന്നിവിടങ്ങളിലെ 1,400 രക്തസാക്ഷികളെ സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
'രക്തസാക്ഷികളുടെ നിഘണ്ടു: ഇന്ത്യയുടെ സ്വാതന്ത്ര്യസമരം (1857-1947) വാള്യം 4.
ഈ വാള്യത്തില്‍ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ, ആസാം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നിവിടങ്ങളിലെ 3,300 രക്തസാക്ഷികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.