This year India completed 75 years of her independence and this very year Amritkaal commenced: PM Modi
The various successes of India in 2022 have created a special place for our country all over the world: PM Modi
In 2022 India attained the status of the world's fifth largest economy, crossed the magical exports figure of 400 billion dollars: PM Modi
Atal Ji was a great statesman who gave exceptional leadership to the country: PM Modi
As more and more Indian medical methods become evidence-based, its acceptance will increase across the world: PM Modi
India will soon completely eradicate Kala Azar: PM Modi
Maa Ganga is integral to our culture and tradition, it is our collective responsibility to keep the River clean: PM Modi
The United Nations has included 'Namami Gange' mission in the world's top 10 initiatives aimed at reviving the (natural) ecosystem: PM Modi
'Swachh Bharat Mission' has become firmly rooted in the mind of every Indian today: PM Modi
Corona is increasing in many countries of the world, so we have to take more care of precautions like mask and hand washing: PM Modi

ഇന്ന് നാം  'മന്‍ കി ബാത്തി'ന്റെ 96-ാം അദ്ധ്യായത്തില്‍ ഒത്തു ചേരുകയാണല്ലോ. 'മന്‍ കി ബാത്തി'ന്റെ അടുത്ത അദ്ധ്യായം 2023 ലെ ആദ്യത്തേതായിരിക്കുമല്ലോ. നിങ്ങള്‍ അയച്ചിരിക്കുന്ന സന്ദേശങ്ങളില്‍, കടന്നുപോകുന്ന 2022 നെ കുറിച്ചും സംസാരിക്കണമെന്ന് പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞകാലത്തെക്കുറിച്ചുള്ള അവലോകനങ്ങള്‍ വര്‍ത്തമാനകാലത്തിലേക്കും ഭാവിയിലേക്കും ഉള്ള ഒരുക്കങ്ങള്‍ക്കു പ്രേരണ നല്കുന്നു. 2022 ല്‍ നമ്മുടെ രാജ്യത്തെ ജനങ്ങളുടെ കഴിവിന്റേയും സഹകരണത്തിന്റേയും പ്രതിജ്ഞയുടെയും വിജയത്തിന്റേയും വ്യാപ്തി വളരെ വളരെ കൂടുതലായതിനാല്‍ അവയെല്ലാം 'മന്‍ കി ബാത്തി'ല്‍ ഉള്‍ക്കൊള്ളിക്കുക പ്രയാസമായിരിക്കും. 2022 പല കാരണങ്ങളാലും വളരെ പ്രോത്സാഹനജനകവും, ആശ്ചര്യകരവും ആയിരുന്നു. ഈ വര്‍ഷം ഭാരതം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കി. ഈ വര്‍ഷംതന്നെ അമൃതകാലത്തിന്റെ ശുഭാരംഭവും കുറിച്ചു. ഈ വര്‍ഷം നമ്മുടെ രാജ്യം പുതിയ വേഗത കൈവരിച്ചു. എല്ലാ ജനങ്ങളും ഒന്നിനൊന്ന് മെച്ചമായി പ്രവര്‍ത്തിച്ചു. 2022 ലെ വിജയങ്ങളിലൂടെ വിശിഷ്ടമായ ഒരു സ്ഥാനം നേടിക്കഴിഞ്ഞു. 2022 എന്നാല്‍ ഭാരതം ലോകത്തെ അഞ്ചാമത്തെ സാമ്പത്തികശക്തി എന്ന ലക്ഷ്യം നേടിയ വര്‍ഷം, 2022 അതായത് ഭാരതം 220 കോടി വാക്‌സിന്‍ എന്ന അവിശ്വസനീയ സംഖ്യ മറികടന്ന് റെക്കോര്‍ഡ് കൈവരിച്ച വര്‍ഷം, 2022 എന്നാല്‍ ഭാരതം കയറ്റുമതിയില്‍ 400 ബില്യന്‍ ഡോളര്‍ എന്ന മാന്ത്രികസംഖ്യ മറികടന്ന വര്‍ഷം, 2022 അതായത് രാജ്യത്തെ ഓരോ പൗരനും 'സ്വാശ്രയ ഭാരതം' എന്ന പ്രതിജ്ഞ സ്വീകരിച്ച് ജീവിച്ചു കാണിച്ച വര്‍ഷം, 2022 എന്നാല്‍ ഭാരതം ആദ്യ തദ്ദേശീയ എയര്‍ക്രാഫ്റ്റ് കാരിയര്‍ ഐ. എന്‍. എസ്. വിക്രാന്തിനെ സ്വാഗതം ചെയ്ത വര്‍ഷം. 2022 എന്നാല്‍ ബഹിരാകാശം, ഡ്രോണ്‍, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ഭാരതം വെന്നിക്കൊടി പാറിച്ച വര്‍ഷം. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാ മണ്ഡലങ്ങളിലും ഭാരതം ശക്തി തെളിയിച്ച വര്‍ഷമാണ് 2022. കളിക്കളത്തിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും കൂടാതെ, നമ്മുടെ വനിതാ ഹോക്കിടീമിന്റെ വിജയത്തിലും ഒക്കെ നമ്മുടെ യുവതയുടെ ശക്തമായ കരുത്താണ് പ്രകടമായത്.
സുഹൃത്തുക്കളേ ! ഇവയ്‌ക്കെല്ലാം ഒപ്പംതന്നെ മറ്റൊരു കാരണത്താലും 2022 എന്ന വര്‍ഷം എന്നെന്നും ഓര്‍ക്കപ്പെടും. അതാണ് 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന ദര്‍ശനത്തിന്റെ വ്യാപ്തി. നാമെല്ലാവരും നമ്മുടെ ഐക്യവും ഒരുമയും ആഘോഷിക്കുന്നതിനായി ധാരാളം പരിപാടികള്‍ സംഘടിപ്പിച്ചു. ഗുജറാത്തിലെ മാധവപുരം ഉത്സവത്തില്‍ രുഗ്മിണിയുടെ വിവാഹവും ഭഗവാന്‍ കൃഷ്ണന്റെ വടക്കുകിഴക്കുഭാഗവുമായുള്ള ബന്ധവും ആഘോഷിക്കപ്പെടുന്നു, കൂടാതെ കാശി-തമിഴ് സംഗമത്തിലും. ഈ ആഘോഷങ്ങളിലൊക്കെ നമ്മുടെ ഐക്യത്തിന്റെ പല മുഖങ്ങളും കണ്ടു. 2022 ല്‍ നാം മറ്റൊരു അനശ്വരചരിത്രവും എഴുതിച്ചേര്‍ത്തു. ഓഗസ്റ്റ് മാസത്തില്‍ ഓരോ വീട്ടിലും ത്രിവര്‍ണ്ണപതാക എന്ന നമ്മുടെ ആ യജ്ഞം ആര്‍ക്ക് മറക്കാന്‍ കഴിയും? അത് ഓരോ ഭാരതീയനും രോമാഞ്ചംകൊണ്ട നിമിഷങ്ങളായിരുന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തെ ഈ യജ്ഞത്തില്‍ രാജ്യം മുഴുവന്‍ ത്രിവര്‍ണ്ണാത്മകമായി. ആറ് കോടിയിലേറെപ്പേര്‍ ത്രിവര്‍ണ്ണപതാകക്കൊപ്പം സെല്‍ഫിയും എടുത്തയച്ചു. സ്വാതന്ത്ര്യത്തിന്റെ ഈ അമൃതമഹോത്സവം ഇനിയും അടുത്ത വര്‍ഷവും ഇതുപോലെ നടക്കും. അമൃതകാലത്തിന്റെ അടിസ്ഥാനം കൂടുതല്‍ ശക്തിമത്താക്കും.
കൂട്ടുകാരേ, ഈ വര്‍ഷം ഭാരതത്തിന് ജി-20 രാജ്യങ്ങളുടെ അദ്ധ്യക്ഷപദം എന്ന ചുമതല ലഭിച്ചിരിക്കുകയാണ്. ഞാന്‍ കഴിഞ്ഞ പ്രാവശ്യം ഇതിനെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തിരുന്നുവല്ലോ. 2023 ല്‍ ജി-20 രാജ്യങ്ങളെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കണം. ഈ സമ്മേളനത്തെ നമുക്ക് ഒരു ജനകീയ വിപ്ലവമാക്കി മാറ്റേണ്ടതുണ്ട്.
എന്റെ പ്രിയമുള്ള നാട്ടുകാരേ ! ലോകം മുഴുവന്‍ ഇന്ന് അത്യാഡംബരപൂര്‍വ്വം ക്രിസ്തുമസ് ആഘോഷിക്കുകയാണ്. യേശുദേവന്റെ ജീവിതവും, അദ്ദേഹം തന്ന പാഠങ്ങളും അനുസ്മരിക്കേണ്ട ദിവസമാണിന്ന്. ഞാന്‍ നിങ്ങള്‍ക്കെല്ലാപേര്‍ക്കും കോടികോടി ക്രിസ്തുമസ്സ് ആശംസകള്‍ നേരുന്നു.
കൂട്ടുകാരേ! ഇന്ന് നമ്മുടെ ആരാദ്ധ്യനായ അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമാണല്ലോ. അദ്ദേഹം മഹാനായ ഒരു രാജ്യതന്ത്രജ്ഞനായിരുന്നു. അദ്ദേഹം നമുക്ക് അസാധാരണമായ നേതൃത്വം നല്‍കി. ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ അദ്ദേഹത്തിനു പ്രത്യേക സ്ഥാനം ഉണ്ട്. എനിക്ക് കല്‍കട്ടയില്‍ നിന്നും ആസ്ഥാജിയുടെ കത്ത് കിട്ടി. ഈ കത്തില്‍ അവര്‍ അടുത്തകാലത്ത് നടത്തിയ ദില്ലിയാത്രയെപ്പറ്റി പറയുന്നു. ഈ യാത്രയില്‍ PM Museum കാണുവാന്‍ സമയം കണ്ടെത്തി എന്ന് അവര്‍ എഴുതുന്നു. ഈ മ്യൂസിയത്തില്‍ അടല്‍ജിയുടെ ഫോട്ടോയ്ക്ക് ഒപ്പം അവര്‍ നിന്നെടുത്ത ചിത്രം അവര്‍ക്കു എന്നെന്നും ഓര്‍മ്മിക്കത്തക്കതായി. അടല്‍ജിയുടെ ഗ്യാലറിയില്‍ നാടിനുവേണ്ടി അദ്ദേഹം നല്‍കിയിട്ടുള്ള അമൂല്യ സംഭാവനകളുടെ ദൃശ്യങ്ങള്‍ നമ്മള്‍ക്കു കാണാന്‍ കഴിയും. അടിസ്ഥാനസൗകര്യവികസനമാകട്ടെ, വിദ്യാഭ്യാസമേഖലയാകട്ടെ വിദേശനീതിയാകട്ടെ അദ്ദേഹം നാടിനെ ഓരോ മേഖലയിലും പുതിയ ഉയരങ്ങളില്‍ എത്തിക്കാന്‍ യത്‌നിച്ചു. ഞാന്‍ ഒരിക്കല്‍ക്കൂടി അദ്ദേഹത്തെ ഹൃദയപൂര്‍വ്വം നമിക്കുന്നു.
കൂട്ടുകാരേ ! നാളെ 26 ഡിസംബര്‍ 'വീര്‍ബാലദിവസ്' ആകുന്നു. എനിക്ക് ഇതോടനുബന്ധിച്ച് ദില്ലിയില്‍ ജോരാവര്‍ സിംഹിന്റെയും ഫത്തേഹ്‌സിംഹിന്റെയും രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാനുള്ള ഭാഗ്യം ലഭിക്കും. രാജ്യം ഇവരുടെയും ഇവരുടെ അമ്മ ഗുജരിയുടെയും ജീവാര്‍പ്പണം എന്നും സ്മരിക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ! നമ്മുടെ ഇവിടെ ഒരു ചൊല്ലുണ്ടല്ലോ - 'സത്യം കിമ പ്രമാണം, പ്രത്യക്ഷം കിമ പ്രമാണം' - അതായത് സത്യത്തിനു തെളിവ് ആവശ്യമില്ല, പ്രത്യക്ഷത്തില്‍ കാണുന്നതിനും തെളിവിന്റെ ആവശ്യം ഇല്ല. പക്ഷേ, കാര്യം ആധുനിക മെഡിക്കല്‍ സയന്‍സിന്റേതാകുമ്പോള്‍ അവിടെ ഏറ്റവും മുഖ്യം തെളിവാണ്. Evidence ആണ്. നൂറ്റാണ്ടുകളായി നമ്മുടെ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്ന യോഗാഭ്യാസം, ആയുര്‍വ്വേദം എന്നീ ശാസ്ത്രങ്ങള്‍ക്ക് Evidence based research ന്റെ കുറവ് എപ്പോഴും ഒരു വെല്ലുവിളിയായിട്ടുണ്ട്. ഈ ചികിത്സാരീതികള്‍വഴി ഫലം കാണപ്പെടും. പക്ഷേ, തെളിവ് കാണില്ല. എന്നാല്‍   Evidence based medicine ന്റെ യുഗത്തില്‍ യോഗയും ആയ്യുര്‍വ്വേദവും ആധുനികയുഗത്തിന്റെ നിരീക്ഷണപരീക്ഷണങ്ങളാകുന്ന മാറ്റുരയ്ക്കലിനു വിധേയമായി വിജയം കൈവരിക്കുന്നു എന്നുള്ളത് എനിക്ക് ഏറെ സന്തോഷം നല്‍കുന്നു.
നിങ്ങള്‍ തീര്‍ച്ചയായും മുംബൈയിലെ ടാറ്റാമെമ്മോറിയല്‍ സെന്ററിനെക്കുറിച്ച് കേട്ടിരിക്കുമല്ലോ. ഈ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷണം, നവീകരണം, ക്യാന്‍സര്‍കെയര്‍ തുടങ്ങിയവയില്‍ വളരെ പേരെടുത്തിട്ടുണ്ട്. ഈ സെന്റര്‍ നടത്തിയ ആഴത്തിലുള്ള ഗവേഷണത്തിന്റെ ഫലമായി Breast Cancer രോഗികള്‍ക്ക് യോഗ വളരെ ഫലപ്രദമാണെന്നു കണ്ടു. ടാറ്റാ മെമ്മോറിയല്‍ സെന്റര്‍ തങ്ങളുടെ ഗവേഷണഫലങ്ങള്‍ അമേരിക്കയില്‍ നടന്ന വളരെ പ്രശസ്തമായ ഒരു Breast Cancer Conference ല്‍ അവതരിപ്പിച്ചു. ഈ ഫലങ്ങള്‍ക്ക് ലോകത്തെ പല Expertsന്റെയും ശ്രദ്ധ നേടാന്‍ കഴിഞ്ഞു. കാരണമുണ്ട്. രോഗികള്‍ക്ക് യോഗ എങ്ങനെയാണ് ഫലപ്രദമാകുന്നതെന്ന് ടാറ്റാ മെമ്മോറിയല്‍ സെന്റര്‍ തെളിവുകള്‍ നിരത്തിയിട്ടുണ്ട്. ഈ സെന്ററിന്റെ ഗവേഷണഫലമനുസരിച്ച് ക്യാന്‍സര്‍ രോഗികളില്‍ വീണ്ടും രോഗം വരുകയും മരണം എന്ന അവകടസാദ്ധ്യത ഉണ്ടാകുകയും ചെയ്യുന്ന പ്രവണതക്ക് 15% കുറവ് കൃത്യമായ യോഗപരിശീലനത്തിലൂടെ ഉണ്ടായതായി കാണുന്നു. ഭാരതീയ പാരമ്പര്യചികിത്സയില്‍ പാശ്ചാത്യര്‍ വളരെ കടുത്ത മാനദണ്ഡങ്ങളിലൂടെ സൂക്ഷ്മ നിരീക്ഷണം നടത്തിയ ആദ്യത്തെ ഉദാഹരണമാണിത്. അതോടൊപ്പംതന്നെ Breast Cancer വന്ന സ്ത്രീകളില്‍ യോഗായിലൂടെ ജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ കഴിയും എന്ന കാര്യത്തില്‍ ഇത് ആദ്യ പഠനവുമാണ്. ഇതിന്റെ  ദീര്‍ഘകാലനേട്ടങ്ങളും നമ്മുടെ മുന്നിലുണ്ട്. ടാറ്റാ മെമ്മോറിയല്‍ സെന്റര്‍ അവരുടെ പഠനങ്ങളുടെ ഫലങ്ങള്‍ പാരീസില്‍ നടന്ന European Society of Medical Oncology യുടെ സമ്മേളനത്തില്‍ അവതരിപ്പിക്കുകയും ചെയ്തു.
സുഹൃത്തുക്കളേ ! ഇന്നത്തെ ഈ യുഗത്തില്‍ ഭാരതീയ ചികിത്സാ പദ്ധതികള്‍ കൂടുതല്‍ തെളിവുകളെ ആധാരമാക്കിയുള്ളതാകുന്നതനുസരിച്ച് ലോകം മുഴുവന്‍ അവയ്ക്ക് സ്വീകാര്യതയേറിക്കൊണ്ടിരിക്കും എന്ന ചിന്തയില്‍ ഡല്‍ഹിയിലെ AIIMS ലും ഒരു പരിശ്രമം നടന്നുവരുന്നുണ്ട്. നമ്മുടെ പാരമ്പര്യ ചികിത്സാപദ്ധതികളെ സാധൂകരിക്കുന്നതിനുവേണ്ടി ആറുമാസം മുമ്പ് Centre for Integrative Medicine and Research സ്ഥാപിതമായിട്ടുണ്ട്. ഇതില്‍ ഏറ്റവും സമകാലികവും ആധുനികവുമായ സമ്പ്രദായങ്ങളും ഗവേഷണരീതികളുമാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ സെന്റര്‍ തുടക്കത്തില്‍തന്നെ പ്രസിദ്ധമായ പല International Journal കളില്‍ ഇരുപതോളം പേപ്പറുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. Syncope ബാധിച്ച രോഗികള്‍, യോഗാഭ്യാസം വഴി നേടിയ പുരോഗതിയെ കുറിച്ച് American College of Cardiology journal ല്‍ പബ്ലിഷ് ചെയ്ത ഒരു പേപ്പറില്‍ പ്രതിപാദിച്ചിട്ടുണ്ട്. അതുപോലെതന്നെ Neurology journal ലെ ഒരു പേപ്പറില്‍ യോഗാഭ്യാസം വഴി മൈഗ്രേന്‍ ബാധിച്ചവര്‍ക്ക് ലഭിക്കാവുന്ന നേട്ടങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഇതിനു പുറമെ, മറ്റു പല രോഗങ്ങള്‍ക്കും യോഗാഭ്യാസം വഴി ലഭിക്കാവുന്ന നേട്ടങ്ങളെപറ്റി പഠനങ്ങള്‍ നടന്നുവരുന്നു. ഉദാഹരണത്തിനു ഹൃദ്‌രോഗം, Depression, Sleep disorder ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ തുടങ്ങിയവയില്‍.
കൂട്ടുകാരേ! കുറച്ചു ദിവസങ്ങള്‍ മുന്‍പ് World Ayurveda Congress ല്‍ പങ്കെടുക്കുന്നതിനായി ഞാന്‍ ഗോവയില്‍ ആയിരുന്നു. അതില്‍ 40 ലേറെ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. 550തിലധികം Scientific Papers അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയിലെ ഉള്‍പ്പെടെ ഏകദേശം 215 കമ്പനികള്‍ അവരുടെ വിവിധ ഉത്പന്നങ്ങള്‍ Exhibition ല്‍ പ്രദര്‍ശിപ്പിച്ചു. നാലുദിവസം നീണ്ട ഈ Expo യില്‍ ഒരു ലക്ഷത്തില്‍ അധികം ആളുകള്‍ ആയുര്‍വ്വേദവുമായി ബന്ധപ്പെട്ട തങ്ങളുടെ അനുഭവങ്ങള്‍ ആസ്വദിച്ചു. ആയുര്‍വ്വേദ കോണ്‍ഗ്രസ്സില്‍ ലോകമെമ്പാടുനിന്നു വന്ന ആയുര്‍വ്വേദ വിദഗ്ദ്ധരോട് Evidence based research നെ പറ്റി ഞാന്‍ ആവര്‍ത്തിച്ചു. കൊറോണ മഹാമാരിയുടെ ഈ കാലത്ത് യോഗയുടേയും ആയുര്‍വ്വേദത്തിന്റെയും ശക്തി നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട Evidence based research മഹത്വമുള്ളതായിരിക്കും. യോഗയും ആയുര്‍വ്വേദവുംപോലുള്ള നമ്മുടെ പരമ്പരാഗത ചികിത്സാപദ്ധതികലെപറ്റി എന്തെങ്കിലും അറിവ് നിങ്ങള്‍ക്കും ഉണ്ടെങ്കില്‍ നിങ്ങള്‍ അവ സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ ! കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആരോഗ്യവുമായി ബന്ധപ്പെട്ട പല വെല്ലുവിളികളിലും നാം വിജയം കൈവരിച്ചിട്ടുണ്ട്. ഇതിന്റെ മുഴുവന്‍ പെരുമയും നമ്മുടെ Medical Experts നും ശാസ്ത്രജ്ഞര്‍ക്കും. നമ്മുടെ ജനങ്ങളുടെ ഇച്ഛാശക്തിയ്ക്കും അവകാശപ്പെട്ടതാണ്. ഭാരതത്തില്‍ നിന്ന് Small poxഉം Polioയും 'Guinea Worm'ഉം ഒക്കെ എന്നേ ഓടിയൊളിച്ചു.
ഇന്ന് 'മന്‍ കി ബാത്തി'ന്റെ ശ്രോതാക്കളോട് ഞാന്‍ ഇപ്പോള്‍ അവസാനവക്കിലെത്തിയ മറ്റൊരു വെല്ലുവിളിയെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. ആ വെല്ലുവിളിയുടെ പേരാണ് കരിമ്പനി. മണലീച്ച കടിക്കുന്നതിലൂടെയാണ് ഈ രോഗം പകരുന്നത്. കരിമ്പനി പിടിച്ച ഒരാളിന് മാസങ്ങളോളം പനിയുണ്ടാകും. ശരീരത്തില്‍ രക്തം കുറയും, ശരീരം ദുര്‍ബലമാകും, ശരീരഭാരം കുറയുകയും ചെയ്യും. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ ആര്‍ക്കും ഈ രോഗം വരാം. എന്നാല്‍, എല്ലാപേരുടേയും ശ്രമഫലമായി 'കരിമ്പനി' എന്ന ഈ രോഗം വളരെ വേഗത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കുറച്ചുകാലം മുമ്പുവരെ കരിമ്പനി 4 സംസ്ഥാനങ്ങളിലെ 50 ല്‍ കൂടുതല്‍ ജില്ലകളില്‍ വ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ന് ഈ രോഗം ബീഹാറിലും ഝാര്‍ഘണ്ഡിലും ഉള്ള നാലു ജില്ലകളിലേയ്ക്ക് ഒതുങ്ങിക്കഴിഞ്ഞിരിക്കുന്നു. ബീഹാറിലേയും ഝാര്‍ഘണ്ഡിലേയും ജനങ്ങളുടെ കഴിവിലും ജാഗ്രതയിലും എനിക്ക് വിശ്വാസമുണ്ട്. മാത്രമല്ല, ഈ നാലു ജില്ലകളില്‍കൂടി 'കരിമ്പനി' ഇല്ലാതാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ അവര്‍ സഹായിക്കുമെന്നും എനിക്കുറപ്പുണ്ട്. കരിമ്പനി ബാധിച്ച സ്ഥലങ്ങളിലെ ജനങ്ങളോടും എനിക്കൊരഭ്യര്‍ത്ഥനയുണ്ട്. രണ്ടു കാര്യങ്ങള്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒന്ന് മണലീച്ച - Sand fly യെ നിയന്ത്രിക്കണം. രണ്ടാമത്തേത് എത്രയും പെട്ടെന്ന് രോഗം തിരിച്ചറിയണം. ചികിത്സിക്കണം. കരിമ്പനിയുടെ ചികിത്സ എളുപ്പമാണ്. ഇതിന് പ്രയോജനപ്പെടുന്ന മരുന്നുകളാകട്ടെ വളരെ ഫലപ്രദവും. നിങ്ങള്‍ ജാഗ്രത പാലിക്കണം. അത്രമാത്രം. പനി വന്നാല്‍ വകവക്കാതിരിക്കരുത്. മണലീച്ചയെ ഇല്ലാതാക്കാനുള്ള മരുന്നുകള്‍ തളിക്കുകയും വേണം. ഒന്നു ചിന്തിച്ചു നോക്കൂ! നമ്മുടെ രാജ്യം കരിമ്പനിയില്‍ നിന്നും മുക്തരാകുമ്പോള്‍ അത് നമ്മള്‍ക്ക് എത്ര സന്തോഷം നല്‍കുന്നതായിരിക്കും. ഭാരതത്തെ 2025 ആകുമ്പോള്‍ ക്ഷയരോഗത്തില്‍ നിന്നും മുക്തമാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. നിങ്ങള്‍ ശ്രദ്ധിച്ചുകാണും. കഴിഞ്ഞ ദിവസങ്ങളില്‍ 'ടി. ബി. മുക്ത ഭാരതയജ്ഞം' തുടങ്ങിയപ്പോള്‍ ആയിരക്കണക്കിനാളുകള്‍ ടി. ബി. രോഗികളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി. ഇവര്‍ ക്ഷയരോഗികളുടെ ക്ഷയമില്ലാത്ത കൂട്ടുകാരായി അവരെ പരിചരിക്കുന്നു. അവര്‍ക്കു ധനസഹായം നല്‍കുന്നു. ജനസേവനത്തിന്റെയും ജനപങ്കാളിത്തത്തിന്റെയും ഈ ശക്തി കൈവരിക്കാന്‍ ബുദ്ധിമുട്ടുള്ള ഓരോ ലക്ഷ്യവും കൈവരിച്ചു കാണിച്ചുതരുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ ! നമ്മുടെ പാരമ്പര്യത്തിനും സംസ്‌കാരത്തിനും ഗംഗയുമായി ദൃഢബന്ധമാണുള്ളത്. ഗംഗാജലം നമ്മുടെ ജീവിതധാരയുടെ അവിഭാജ്യഘടകമാണ്. നമ്മുടെ ശാസ്ത്രങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
''നമാമി ഗംഗേ തവ പാദപങ്കജം
സുര അസുരൈഹി വന്ദിത ദിവ്യരൂപം |
ഭക്തിം ച മുക്തിം ച ദദാസി നിത്യം
ഭാപാനുസാരേണ സദാ നരാണാം ||''
അതായത് ''അല്ലയോ ഗംഗാമാതാവേ ! അവിടുത്തെ ഭക്തര്‍ക്ക് അവരുടെ ആഗ്രഹം അനുസരിച്ച് ലൗകികസുഖം, ആനന്ദം, മോക്ഷം ഇവ പ്രദാനം ചെയ്യുന്നു. എല്ലാപേരും അവിടുത്തെ പവിത്രചരണങ്ങള്‍ വന്ദിക്കുന്നു. ഞാനും താങ്കളുടെ പവിത്ര ചരണങ്ങള്‍ വന്ദിക്കുന്നു. ഞാനും അവിടുത്തെ പവിത്ര ചരണങ്ങളില്‍ പ്രണാമം അര്‍പ്പിക്കുന്നു.'' യുഗങ്ങളായി കളകളമൊഴുകുന്ന ഗംഗയെ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മളുടെ വളരെ വലിയ ഉത്തരവാദിത്വം ആകുന്നു. ഈ ഉദ്ദേശത്തോടെയാണ് 8 വര്‍ഷം മുന്‍പ് നമ്മള്‍ 'നമാമി ഗംഗേ അഭിയാ'നിനു തുടക്കം കുറിച്ചത്. ഭാരതത്തിന്റെ ഈ ശ്രമത്തിനു ലോകത്തിന്റെ മുഴുവന്‍ പ്രശംസ കിട്ടുന്നു എന്നുള്ളത് നമ്മള്‍ക്ക് അഭിമാനം നല്‍കുന്ന കാര്യം ആകുന്നു. യുണൈറ്റഡ് നേഷന്‍സ് 'നമാമി ഗംഗേ' പദ്ധതിയെ, ആവാസവ്യവസ്ഥയെ പുന:രുജ്ജീവിപ്പിക്കുന്ന ലോകത്തിലെ  Top Ten Initiatives ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ലോകമെമ്പാടുമുള്ള 160 ഇത്തരം സംരംഭങ്ങളില്‍ 'നമാമി ഗംഗേ'യ്ക്കു ആണ് ഈ ആദരവ് ലഭിച്ചത് എന്നുള്ളത് കൂടുതല്‍ സന്തോഷപ്രദമാണ്.
കൂട്ടുകാരേ ! 'നമാമി ഗംഗേ' പരിപാടിയുടെ ഏറ്റവും വലിയ ഊര്‍ജ്ജം ജനങ്ങളുടെ നിരന്തരമായ പങ്കാളിത്തമാണ്. 'നമാമി ഗംഗേ' പരിപാടിയില്‍ ഗംഗ സംരക്ഷകരുടെയും ഗംഗ ദൂതന്‍മാരുടെയും പങ്ക് വളരെ വലുതാണ്. അവര്‍ വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുക കടവുകള്‍ വൃത്തിയാക്കുക, ഗംഗ ആരതി വഴി തെരുവുനാടകം സംഘടിപ്പിക്കുക, പെയിന്റിംഗും കവിതകളും വഴിയും അവബോധം സൃഷ്ടിക്കുക, ഇവയില്‍ വ്യാപൃതരാണ്. ഈ പരിപാടി വഴി ജൈവവൈവിധ്യമേഖലയിലും വളരെ മെച്ചം കാണപ്പെടുന്നു. 'ഹില്‍സാ' മൽസ്യങ്ങളുടെയും ഗംഗ ഡോള്‍ഫിന്‍കളുടെയും ആമകളുടെയും വിവിധ വംശങ്ങളുടെ എണ്ണത്തില്‍ നല്ല വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഗംഗയുടെ ആവാസവ്യവസ്ഥ  വൃത്തിയായതോടെ ഉപജീവനത്തിന്റെ മറ്റ് അവസരങ്ങളും വര്‍ദ്ധിക്കുകയാണ്. ഇവിടെ ഞാന്‍, ജൈവ വൈവിധ്യത്തെ മുന്‍നിര്‍ത്തി തയ്യാര്‍ ആക്കിയിട്ടുള്ള 'ജലജ് ആജീവിക മണ്ഡലി'നെ (Jalaj aajeevika mandel)പറ്റി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഈ വിനോദസഞ്ചാരി ബോട്ട് സഫാരികൾ  കള്‍ 26 സ്ഥലങ്ങളില്‍ ആരംഭിച്ചു. . 'നമാമി ഗംഗേ' ദൗത്യത്തിന്റെ വ്യാപ്തി, അതിന്റെ പരിധി നദിയുടെ വൃത്തിയാക്കലിനെക്കാള്‍ എത്രയോ വലുതാണെന്നത് ഉറപ്പായ കാര്യമാണല്ലോ. ഈ പരിപാടി നമ്മുടെ ഇഛാശക്തിയുടെയും കഠിനാധ്വാനത്തിന്റെയും നേര്‍സാക്ഷ്യമാകുന്നതിനോടൊപ്പം പരിസ്ഥിതി സംരക്ഷണത്തില്‍ ലോകത്തിനുതന്നെ ഒരു പുതുവഴികാട്ടികൂടി ആകുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ ! നമ്മുടെ ഇഛാശക്തി ദൃഢമാകുമ്പോള്‍ വളരെ വലിയ വെല്ലുവിളിപോലും എളുപ്പമാകുന്നു. ഇതിനുദാഹരണം നല്‍കിയത് സിക്കിമിലെ 'ഥേഗു' ഗ്രാമത്തിലെ 'സംഗേ ശേര്‍പ്പാജി'യാണ്. ഇദ്ദേഹം കഴിഞ്ഞ 14 വര്‍ഷങ്ങളായി 12,000 അടിയിലേറെ ഉയരമുള്ള ഇടിത്തില്‍ പരിസ്ഥിതി സംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. സംഗേജി സാംസ്‌കാരിക പൗരാണിക മഹത്വമുള്ള Tsomgo (സോമഗോ)തടാകം വൃത്തിയായി സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുകയാണ്. തന്റെ അശ്രാന്ത പരിശ്രമം വഴി അദ്ദേഹം ഈ glacier തടാകത്തിന്റെ മുഖഛായതന്നെ മാറ്റിക്കളഞ്ഞു.
2008 ല്‍ ശ്രീ സംഗേ ശേര്‍പ്പ ശുചിത്വയജ്ഞം ആരംഭിച്ചപ്പോള്‍ അദ്ദേഹത്തിന് വളരെയേറെ പ്രയാസങ്ങള്‍ നേരിടേണ്ടിവന്നു. എന്നാല്‍ വളരെപ്പെട്ടെന്ന് അദ്ദേഹത്തിന്റെ നല്ല കാര്യങ്ങള്‍ക്ക് യുവാക്കളുടേയും ഗ്രാമീണരുടേയും മാത്രമല്ല പഞ്ചായത്തിന്റെപോലും പൂര്‍ണ്ണ പിന്തുണ ലഭിച്ചു. ഇപ്പോള്‍ നിങ്ങള്‍ സോമഗോ തടാകം കാണാന്‍ പോയാല്‍ അവിടെ നാലുചുറ്റും വലിയ വലിയ  ചവര്‍ സംഭരണികള്‍ കാണാം.  ഇവിടെ ശേഖരിക്കുന്ന ചപ്പുചവറുകള്‍ പുന:ര്‍ചംക്രമണത്തിന്  അയക്കുന്നു. ഇവിടെ വരുന്ന ടൂറിസ്റ്റുകള്‍ ചപ്പുചവറുകള്‍ അവിടവിടെ വലിച്ചെറിയാതിരിക്കാനായി തുണികൊണ്ടുണ്ടാക്കിയ Garbage bagകള്‍ നല്കുന്നു. ഇപ്പോള്‍ വളരെ വൃത്തിയായ ശുചിത്വമുള്ള ഈ തടാകം കാണുന്നതിനായി ഓരോ വര്‍ഷവും അഞ്ച് ലക്ഷത്തോളം ടൂറിസ്റ്റുകള്‍ എത്തുന്നു. സോമഗോ തടാകസംരക്ഷണത്തിന്റെ ഈ ഉത്തമമായ പ്രയത്‌നത്തിന് ശ്രീ. സംഗേ ശേര്‍പ്പയെ പല സ്ഥാപനങ്ങളും ആദരിച്ചു. ഇതുപോലുള്ള പ്രയത്‌നങ്ങളുടെ ഫലമെന്നോണം ഭാരതത്തിലെ ഏറ്റവും ശുചിത്വമുള്ള സംസ്ഥാനങ്ങളില്‍ ഒന്നായി സിക്കിം പരിഗണിക്കപ്പെടുന്നു. ഞാന്‍ ശ്രീ. സംഗേ ശേര്‍പ്പയേയും അദ്ദേഹത്തിന്റെ കൂട്ടാളികളേയും അതോടൊപ്പം പരിസ്ഥിതി സംരക്ഷണം എന്ന മഹത്തായ കര്‍മ്മത്തില്‍ പങ്കുചേരുന്ന രാജ്യം മുഴുവനുമുള്ള ജനങ്ങളേയും ഹൃദയത്തിന്റെ ഭാഷയില്‍ അനുമോദിക്കുന്നു.
കൂട്ടുകാരേ ! 'ശുചിത്വ ഭാരത മിഷന്‍' ഇന്ന് ഓരോ ഭാരതീയന്റേയും മനസ്സില്‍ കുടിയേറിക്കഴിഞ്ഞു എന്നത് എനിക്ക് ഏറെ സന്തോഷകരമായ കാര്യമാണ്. 2014 ല്‍ ഈ ജനകീയ വിപ്ലവത്തിന് തുടക്കം കുറിച്ചു. ഇതിനെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ ജനങ്ങള്‍ ശ്രേഷ്ഠമായ പല പ്രയത്‌നങ്ങളും നടത്തി. ഇങ്ങനെയുള്ള പ്രയത്‌നങ്ങള്‍ സമൂഹത്തില്‍ മാത്രമല്ല, ഗവണ്മെന്റിന്റെ  ഭാഗത്തും നടക്കുന്നുണ്ട്. ചപ്പുചവറുകള്‍ നീക്കം ചെയ്യുന്നതിലൂടെ ആവശ്യമില്ലാത്ത സാധനസാമഗ്രികള്‍ നീക്കം ചെയ്യുന്നതിലൂടെ ഓഫീസുകളിലെ സ്ഥലസൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നു. പുതിയ സ്ഥലം  ലഭിക്കുകയും ചെയ്യുന്നു. മുന്‍പ് സ്ഥലം കിട്ടാത്തതിനാല്‍ വളരെ ദൂരെ ഓഫീസ് കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുക്കേണ്ടിവന്നിരുന്നു. ഇവിടെ ഈ വൃത്തിയാക്കല്‍ മുഖാന്തിരം ഒരു സ്ഥലത്തുതന്നെ എല്ലാ ഓഫീസുകളും പ്രവര്‍ത്തിക്കാനുള്ള സൗകര്യം ലഭിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം മുംബൈ, അഹമ്മദാബാദ്, കല്‍ക്കത്ത, ഷില്ലോങ് എന്നിങ്ങനെ പല നഗരങ്ങളിലെ അവരുടെ ഓഫീസുകളില്‍ വളരെയധികം പ്രയാസപ്പെട്ട് ഈരണ്ട് മുമൂന്ന് നിലകള്‍ വൃത്തിയാക്കി അവയെ പുതിയ കര്യങ്ങള്‍ക്കായി ഉപയോഗിച്ചു. ഇതു ശുചിത്വം നിമിത്തമായുള്ള നമ്മുടെ വിഭവശേഷിയുടെ പരമാവധി ഉപയോഗത്തിന്റെ  ഉത്തമ ഉദാഹരണമാണ്. സമൂഹത്തില്‍, ഗ്രാമങ്ങളില്‍, നഗരങ്ങളില്‍ അതുപോലെതന്നെ ഓഫീസുകളില്‍ നടക്കുന്ന ഈ യജ്ഞം എല്ലാവവിധത്തിലും നമ്മുടെ രാജ്യത്തിനുതന്നെ ഉപയോഗപ്രദമാവുകയാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ ! നമ്മുടെ രാജ്യത്തില്‍ കലയും സംസ്‌കാരവുമായി ബന്ധപ്പെട്ട് ഒരു പുതിയ ഉണര്‍വ്വ്, പുതിയ ചൈതന്യം കണ്ടുവരുന്നു. 'മന്‍ കി ബാത്തി'ല്‍ ഞാന്‍ പലപ്പോഴും ഇതുമായി ബന്ധപ്പെട്ട് പല ഉദാഹരണങ്ങലും ചര്‍ച്ച ചെയ്തിട്ടുണ്ട്. കലയും സാഹിത്യവും സംസ്‌കാരവും സമുഹത്തിന്റെ മുതല്‍കൂട്ടാണ്. ഇവയെ മുന്‍പോട്ട് കൊണ്ടുപോകേണ്ട ചുമതല മുഴുവന്‍ സമൂഹത്തിനാണ്. ഇത്തരത്തിലൊരു ശ്രമം ലക്ഷദ്വീപില്‍ നടക്കുന്നു. അവിടെ കല്‍പേനി ദ്വീപില്‍ 'കൂമേല്‍ ബ്രദേഴ്‌സ് ചലഞ്ചേഴ്‌സ് ക്ലബ്ബ്' എന്ന ക്ലബ്ബ് ഉണ്ട്. ഈ ക്ലബ്ബ് തദ്ദേശ സംസ്‌കാരവും പരമ്പരാഗതകലകളും സംരക്ഷിക്കുവാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നു. ഈ ക്ലബ്ബില്‍ യുവാക്കള്‍ക്ക് തദ്ദേശകലകളായ കോല്‍കളി, പരിചമുട്ട് കിളിപ്പാട്ട് തുടങ്ങിയ പരമ്പരാഗത ഗാനങ്ങള്‍ ആലപിക്കുന്നതിനും പരിശീലനം നല്കുന്നു. അതായത്, പൈതൃകം പുതിയ തലമുറയുടെ കൈകളില്‍ സുരക്ഷിതമാകുന്നു, വികസിക്കുന്നു. കൂട്ടുകാരേ ! ഇത്തരം കാര്യങ്ങള്‍ നമ്മുടെ രാജ്യത്തു മാത്രമല്ല, വിദേശരാജ്യങ്ങളിലും നടക്കുന്നു എന്നത് എനിക്കു വളരെ സന്തോഷം നല്‍കുന്നു. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ  ദുബായിലെ കളരി ക്ലബ്ബിന്റെ പേരു ചേര്‍ക്കപ്പെട്ടു എന്ന് ഈ അടുത്തിടെ ദുബായിയില്‍ നിന്നും വാര്‍ത്ത വന്നു. ദുബായ് ക്ലബ്ബ് റെക്കോഡ് നേടിയെങ്കില്‍ അതില്‍ ഭാരതത്തിന് എന്തു ബന്ധം എന്ന് ആരും ചിന്തിച്ചുപോകും. ഈ റെക്കോഡ് ശരിക്കും ഭാരതത്തിലെ പ്രാചീന ആയോധനകലയായ  കളരിപ്പയറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു. ദുബായിലെ കളരിക്ലബ്ബ്, ദുബായ് പൊലീസുമായി ചേര്‍ന്ന് ഈ പദ്ധതി ആസൂത്രണം ചെയ്ത് യു.എ.ഇ.യുടെ ദേശീയദിവസത്തില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. പരിപാടിയില്‍ നാലുവയസ്സുള്ള കുട്ടികള്‍ മുതല്‍ അറുപതുവയസ്സുള്ള ആള്‍ക്കാര്‍ വരെ കളരിപ്പയറ്റില്‍ സ്വന്തം കഴിവുകള്‍ പ്രദര്‍ശിപ്പിച്ചു. പല പല തലമുറകള്‍ എങ്ങനെയാണ് നമ്മുടെ പ്രാചീനമായ പാരമ്പര്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് ! പൂര്‍ണ്ണ മന:സാന്നിദ്ധ്യത്തോടെ അവര്‍ മുന്നേറുന്നു എന്നതിന്റെ ആശ്ചര്യജനകമായ ഉദാഹരണമാണിത്.
സുഹൃത്തുക്കളേ ! 'മന്‍ കി ബാത്തി'ന്റെ ശ്രോതാക്കളോട് ഞാന്‍ കര്‍ണ്ണാടകയിലെ ഗഡക് ജില്ലയില്‍ താമസിക്കുന്ന 'ക്വേമശ്രീ'യെക്കുറിച്ച് പറയാനാഗ്രഹിക്കുന്നു. 'ക്വേമശ്രീ' തെക്കന്‍ കര്‍ണ്ണാടകയിലെ കലയേയും സംസ്‌ക്കാരത്തേയും പുനര്‍ജ്ജീവിപ്പിക്കുവാന്‍ കഴിഞ്ഞ 25 വര്‍ഷങ്ങളായി നിരന്തരമായ പ്രയത്‌നത്തിലാണ്. അവരുടെ തപസ്സ് എത്ര മഹത്തരമാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. മുന്‍പ് അവരുടെ ജോലി ഹോട്ടല്‍ മാനേജുമെന്റായിരുന്നു. എന്നാല്‍ സ്വന്തം സംസ്‌ക്കാരത്തോടും പാരമ്പര്യത്തോടുമുള്ള അവരുടെ അഗാധമായ അടുപ്പം കാരണം അവര്‍ ഇതിനെ സ്വന്തം ദൗത്യമായി ഏറ്റെടുത്തു. അവര്‍ 'കലാചേതന' എന്ന ഒരു സ്റ്റേജ് ഉണ്ടാക്കി. ഇത് ഇന്ന് കര്‍ണ്ണാടകയിലെ മാത്രമല്ല രാജ്യത്തും വിദേശങ്ങളിലുമുള്ള കലാകാരന്മാരുടെ ധാരാളം പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നു. ഇതില്‍ തദ്ദേശകലകളും സംസ്‌ക്കാരവും പ്രോത്സാഹിപ്പിക്കുന്നതിനായി ധാരാളം പുതുമയാര്‍ന്ന കാര്യങ്ങളും ചെയ്യുന്നു.
കൂട്ടുകാരേ ! സ്വന്തം കലകളോടും സംസ്‌ക്കാരത്തോടുമുള്ള ജനങ്ങളുടെ ഈ ഉത്സാഹം 'സ്വന്തം പൈതൃകത്തില്‍ അഭിമാനം' എന്ന വികാരത്തിന്റെ പ്രകടനം തന്നെയാണ്. നമ്മുടെ രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും ഇങ്ങനെയുള്ള എത്ര വര്‍ണ്ണങ്ങളാണ് ചിതറിക്കിടക്കുന്നത് ! അവ അലങ്കരിച്ച് ഒരുക്കുന്നതിനും സംരക്ഷിക്കുന്നതിനും നമ്മളും നിരന്തരമായി പ്രയത്‌നിക്കേണ്ടതാണ്.
എന്റെ പ്രിയ സുഹൃത്തുക്കളേ !  നമ്മുടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മുളകൊണ്ടുള്ള അനേകം ഭംഗിയാര്‍ന്ന ഉപയോഗമുള്ള വസ്തുക്കള്‍ ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ചും നമ്മുടെ ആദിവാസി പ്രദേശങ്ങളില്‍ ഇവ ഉണ്ടാക്കാന്‍ വൈദഗ്ദ്ധ്യമുള്ള ശില്പികളും കലാകാരന്മാരും ഉണ്ട്. ഭാരതം മുളകളുമായി ബന്ധപ്പെട്ട ഇംഗ്ലീഷുകാരുടെ കാലത്തുള്ള നിയമങ്ങള്‍ മാറ്റിയതോടെ, ഇവയ്ക്ക് ഒരു വലിയ കമ്പോളം തന്നെ ഉണ്ടായിരിക്കുന്നു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ പോലുള്ള പ്രദേശങ്ങളിലെ ആദിവാസികള്‍ മുളകൊണ്ട് പല ഭംഗിയുള്ള ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നു. മുളകൊണ്ട് ഉണ്ടാക്കുന്ന പെട്ടികള്‍, കസേരകള്‍, ചായകോപ്പകള്‍, കുട്ടകള്‍, ട്രേകള്‍ ഇവ വളരെയധികം ജനപ്രീതി നേടിക്കൊണ്ടിരിക്കുന്നു. മാത്രമല്ല, ഇവര്‍ മുളയുടെ ഇലകൊണ്ട് മനോഹര വസ്ത്രങ്ങളും അലങ്കാരവസ്തുക്കളും ഉണ്ടാക്കുന്നു. ഇതുവഴി ആദിവാസി സ്ത്രീകള്‍ക്ക് തൊഴില്‍ ലഭിക്കുന്നു, അവരുടെ കഴിവുകള്‍ക്കു അംഗീകാരവും ലഭിക്കുന്നു.
ഒരു ദമ്പതികള്‍ പാക്കിന്‍തോടില്‍ നിന്നെടുത്ത നൂലുകൊണ്ട് പല അതുല്യമായ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എത്തിക്കുന്നു. കര്‍ണ്ണാടകത്തിലെ ശിവമോഗയിലെ സുരേഷും അദ്ദേഹത്തിന്റെ പത്‌നി മൈഥിലിയുമാണ് ഈ ദമ്പതികള്‍. ഇവര്‍ പാക്കിന്‍തോടില്‍ നിന്നെടുത്ത നൂലുകൊണ്ട് ട്രേ, പ്ലേയ്റ്റ്, ഹാന്‍ഡ് ബാഗ് തുടങ്ങിയ പല അലങ്കാര വസ്തുക്കളും ഉണ്ടാക്കുന്നു. ഈ നൂലില്‍ നിന്നുണ്ടാക്കുന്ന chappalകള്‍ ആളുകള്‍ വളരെ ഇഷ്ടപ്പെടുന്നു. ഇവരുടെ ഉല്‍പന്നങ്ങള്‍ ഇന്നു ലണ്ടനിലും യൂറോപ്പിലെ മറ്റു കമ്പോളങ്ങളിലും വില്‍ക്കപ്പെടുന്നു. നമ്മുടെ പ്രകൃതിദത്തമായ വിഭവങ്ങളും പരമ്പരാഗത കഴിവുകളുടെ മികവുമാണ് എല്ലാരെയും ആകര്‍ഷിക്കുന്നത്. ഭാരതത്തിന്റെ ഈ പരമ്പരാഗത അറിവില്‍ ലോകം സുസ്ഥിരമായ ഭാവിയിലേയ്ക്കുള്ള വഴിയാണ് കാണുന്നത്. ആയതിനാല്‍ നാം സ്വയം ഈ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടതാണ്. നമ്മളും ഇങ്ങനെയുള്ള തദ്ദേശീയമായ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് ഉപഹാരമായി നല്‍കുകയും വേണം. ഇതുവഴി നമ്മുടെ സ്വത്വം  ശക്തമാകും; തദ്ദേശീയമായ സമ്പദ്‌വ്യവസ്ഥ ശക്തമാകും; ധാരാളം ആള്‍ക്കാരുടെ ഭാവി ശോഭനമാകും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ ! ഇനി നാം  പതുക്കെ പതുക്കെ 'മന്‍ കി ബാത്തി'ന്റെ 100-ാം പതിപ്പി ലേയ്ക്ക് മുന്നേറുകയാണ്. എനിക്ക് നമ്മുടെ ജനങ്ങളുടെ ധാരാളം കത്തുകള്‍ കിട്ടി, ഈ കത്തുകളില്‍ നൂറാമത്തെ പതിപ്പിനെക്കുറിച്ച് വലിയ ജിജ്ഞാസയാണ് പ്രകടമാക്കിയിട്ടുള്ളത്. നൂറാമത്തെ പതിപ്പില്‍ നാം  എന്തു പറയണം? അതിനെ എങ്ങനെ വിശേഷപ്പെട്ടതാക്കാം? ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ എനിക്ക് അയച്ചാല്‍ വളരെ നന്നായിരിക്കും. അടുത്ത തവണ നമുക്ക് 2023 ല്‍ വീണ്ടും കാണാം. ഞാന്‍ നിങ്ങള്‍ക്കെല്ലാപേര്‍ക്കും 2023 ന്റെ നവവര്‍ഷാശംസകള്‍ നേരുന്നു. 2023 ഉം നമ്മുടെ രാജ്യത്തിന് വിശേഷപ്പെട്ടതാകട്ടെ. നമ്മുടെ രാജ്യം പുതിയ ഉയരങ്ങള്‍ കീഴടക്കട്ടെ. നമുക്ക് ഒത്തൊരുമിച്ച് പ്രതിജ്ഞയെടുക്കാം, അത് നിറവേറ്റുകയും വേണം. ഈ സമയത്ത് മിക്കവരും അവധി ആഘോഷിക്കുന്ന മാനസികാവസ്ഥയിലാണ്. നിങ്ങള്‍ ഉത്സവങ്ങളെ, ഈ അവസരങ്ങളെ ആനന്ദപ്രദമാക്കുവിന്‍, പക്ഷേ, അല്പം ജാഗ്രത പാലിക്കണമെന്നുമാത്രം. ലോകത്ത്  പലരാജ്യങ്ങളിലും കൊറോണ വര്‍ദ്ധിച്ചുവരികയാണെന്നകാര്യം നിങ്ങള്‍ക്കറിയാവുന്നതാണല്ലോ. മാസ്‌ക്ക് ധരിക്കുക, കൈ കഴുകുക തുടങ്ങിയ ജാഗ്രതകള്‍ പാലിക്കുക. കൂടുതല്‍ ശ്രദ്ധിക്കുക. നമ്മള്‍ ജാഗ്രത പാലിച്ചാല്‍ സുരക്ഷിതരായിരിക്കും എന്നു മാത്രമല്ല നമ്മുടെ വിനോദത്തിനും സന്തോഷത്തിനും തടസ്സം ഉണ്ടാകുകയും ഇല്ല. ഇതോടൊപ്പം നിങ്ങള്‍ക്കേവര്‍ക്കും ഒരിക്കല്‍ക്കൂടി കോടികോടി ശുഭാശംസകള്‍ ! ആയിരമായിരം നന്ദി. നമസ്‌ക്കാരം.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Mutual fund industry on a high, asset surges Rs 17 trillion in 2024

Media Coverage

Mutual fund industry on a high, asset surges Rs 17 trillion in 2024
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 25
December 25, 2024

PM Modi’s Governance Reimagined Towards Viksit Bharat: From Digital to Healthcare