എല്ലാ പ്രധാന അടിസ്ഥാനസൗകര്യങ്ങളുടെയും അഗ്നിസുരക്ഷാ പരിശോധന സ്ഥിരമായി നടത്തണമെന്നു ഡോ. പി.കെ.മിശ്ര
ന്യൂഡെല്‍ഹിയില്‍ ദേശീയ ദുരന്ത പരിപാലന അതോറിറ്റി(എന്‍.ഡി.എം.എ.)യുടെ 15ാമതു രൂപീകരണ ദിനാഘോഷത്തെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ.മിശ്ര അഭിസംബോധന ചെയ്തു.
എന്‍.ഡി.എം.എയുടെ തുടക്കകാലത്ത് അതുമായി സഹകരിച്ചിരുന്ന കാര്യം അനുസ്മരിച്ച ഡോ. മിശ്ര, ദുരന്തപരിപാലനത്തിനായി എന്‍.ഡി.എം.എ. നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി അംഗീകരിക്കപ്പെടുന്നു എന്നതില്‍ സംതൃപ്തി രേഖപ്പെടുത്തി. എല്ലാ തലങ്ങളിലും ഉള്ള നമ്മുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ദുരന്ത സാധ്യത കുറച്ചുകൊണ്ടുവരുന്നതിനായി വിവിധ പങ്കാളികളുടെ സമവായം സാധ്യമാക്കുന്നതില്‍ എന്‍.ഡി.എം.എ. വഹിച്ച പങ്കിനെ അദ്ദേഹം പ്രശംസിച്ചു.
പൂര്‍വസ്ഥിതി പ്രാപിക്കുന്നതിനുള്ള വഴിയില്‍ നാഴികക്കല്ലാണ് ‘ഡിസെബിലിറ്റി-ഇന്‍ക്ലൂസിവ് ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍’ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതെന്നു ഡോ. പി.കെ.മിശ്ര പറഞ്ഞു. ഈ മുന്നേറ്റം ‘എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം’ എന്ന പ്രധാനമന്ത്രിയുടെ വീക്ഷണം യാഥാര്‍ഥ്യമാക്കുമെന്നും സമൂഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗങ്ങളുടെ ആവശ്യങ്ങളെ അഭിസംബോധന ചെയ്യുക വഴി അപകടസാധ്യത കുറയ്ക്കാനുള്ള പദ്ധതികളില്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അപകടസാധ്യത കുറയ്ക്കുക എന്നത് എന്നും രൂപപ്പെട്ടുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനമാണെന്നു നിരീക്ഷിച്ച ഡോ. മിശ്ര, പ്രവര്‍ത്തനവും ഇടപെടലും മെച്ചപ്പെടുത്തുന്നതിനായി തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ എന്‍.ഡി.എം.എയോട് ആഹ്വാനം ചെയ്തു.
ഈ വര്‍ഷത്തെ സ്ഥാപകദിനത്തിന്റെ പ്രമേയമായ ‘തീയില്‍നിന്നുള്ള സുരക്ഷ’യെക്കുറിച്ചു പരാമര്‍ശിക്കവേ, ആമസോണ്‍ വനങ്ങളില്‍ ഉണ്ടായ വിനാശകരമായ തീപ്പിടിത്തവും സൂറത്ത് അഗ്നിബാധാ ദുരന്തവും ഉണ്ടായ പശ്ചാത്തലത്തില്‍ ഈ വിഷയം അടുത്തിടെ ആഗോളശ്രദ്ധ പിടിച്ചുപറ്റിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരമേഖലകളിലെ അഗ്നിബാധ തടയുന്നതിനു പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. വീടുകളിലോ വാണിജ്യസ്ഥാപനങ്ങളിലോ ഗ്രാമീണ മേഖലകളിലോ നഗരമേഖലകളിലോ വനങ്ങളിലോ വ്യവസായകേന്ദ്രങ്ങളിലോ ഉണ്ടാകുന്ന തീപ്പിടിത്തം വ്യത്യസ്ത രീതിയില്‍ ഉള്ളതാണെന്നും അവ ഓരോന്നും നേരിടുന്നതിനായി വ്യത്യസ്ത തന്ത്രം രൂപീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീയണയ്ക്കാനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കണമെന്നും ഫലപ്രദമായ സുരക്ഷാകവചം ലഭ്യമാക്കണമെന്നും ഡോ. മിശ്ര ചൂണ്ടിക്കാട്ടി.
പ്രധാന അടിസ്ഥാന സൗകര്യങ്ങളും കച്ചവട സമുച്ചയങ്ങളും വാണിജ്യ സ്ഥാപനങ്ങളും ഗവണ്‍മെന്റ് കെട്ടിടങ്ങളും അഗ്നിസുരക്ഷയ്ക്കായി കൃത്യമായ ഇടവേളകളില്‍ പരിശോധിക്കപ്പെടണമെന്നും ആവശ്യമായ പ്രതിരോധ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
സൂറത്തില്‍ വ്യാപാര സമൂച്ചയത്തിലെ പരിശീലന കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ വിദ്യാര്‍ഥികള്‍ മരിക്കാനിടയായതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുനിസിപ്പല്‍ നിയമങ്ങള്‍ പാലിക്കുന്ന സാഹചര്യം വലിയ നഗരങ്ങളില്‍ നിര്‍ബന്ധമായും ഉണ്ടാവണമെന്നു പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി.
തീപ്പിടിത്തത്തെ പ്രതിരോധിക്കുന്നതിനും കുറച്ചുകൊണ്ടുവരുന്നതിനും തീപ്പിടിത്തമുണ്ടായാല്‍ അണയ്ക്കുന്നതിനും ഏറ്റവും നൂതനമായ സാങ്കേതികവിദ്യയും ഉപകരണങ്ങളും സ്വന്തമാക്കുന്നതിന് മുംബൈ നഗരം നടത്തിയ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഡ്രോണുകളും കയ്യില്‍ കൊണ്ടുനടക്കാവുന്ന ലേസര്‍ ഇന്‍ഫ്രാറെഡ് ക്യാമറകളും വിദൂര നിയന്ത്രണ സംവിധാനത്തോടും തെര്‍മല്‍ ഇമേജിങ് ക്യാമറകളോടുംകൂടിയ യന്ത്രമനുഷ്യരുമാണ് അഗ്നിബാധയെ പ്രതിരോധിക്കാന്‍ സ്വന്തമാക്കിയിരിക്കുന്നത്. മുംബൈയെ മാതൃകയാക്കാന്‍ മറ്റു നഗരങ്ങളോട് ഡോ. പി.കെ.മിശ്ര ആഹ്വാനം ചെയ്തു.
തീപ്പിടിത്തമുണ്ടായാല്‍ തീയണയ്ക്കാന്‍ എത്രയും വേഗം നടപടിയുണ്ടാവുക എന്നതു പ്രധാനമാണെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, മുംബൈയിലും ഹൈദരാബാദിലും ഗുഡ്ഗാവിലും ആരംഭിച്ച മൊബൈല്‍ അഗ്നിശമന കേന്ദ്രങ്ങള്‍ തീയണയ്ക്കാനുള്ള ശ്രമം അതിവേഗം ആരംഭിക്കുന്നതിനുള്ള നൂതനസംവിധാനമാണെന്നു വിശദീകരിച്ചു. തീയണയ്ക്കാനുള്ള ശ്രമം പരമാവധി നേരത്തേ ആരംഭിക്കുന്നതിനായി ഓരോ പ്രദേശത്തിനും യോജിച്ച സംവിധാനം ഒരുക്കുന്നതിനായി അഗ്നിശമന സേവന വിഭാഗവുമായി സഹകരിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ തയ്യാറാകണമെന്ന് ഡോ. മിശ്ര നിര്‍ദേശിച്ചു.
പാശ്ചാത്യലോകത്ത് എന്തു ദുരന്തമോ അടിയന്തര സാഹചര്യമോ ഉണ്ടായാല്‍ ആദ്യം പ്രതികരിക്കുക അഗ്നിശമന സേനയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതു തരത്തിലുള്ള ദുരന്തമോ അത്യാവശ്യമാ ഉണ്ടായാല്‍ അതു ബാധിച്ചവര്‍ക്കുശേഷം ആദ്യം പ്രതികരിക്കുന്നത് അഗ്നിശമന സേനയാണെന്ന രീതിയിലേക്ക് അഗ്നിശമനസേനയുടെ സേവനം മെച്ചപ്പെടുത്താന്‍ നാം ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തീയില്‍നിന്നുള്ള സുരക്ഷയെന്നത് എല്ലാവരുടെയും ശ്രദ്ധയിലുള്ള കാര്യമായി മാറ്റുന്നതിനായി സമൂഹത്തില്‍ സ്ഥിരമായി മോക്ക് ഡ്രില്ലുകളും ബൃഹത്തായ അവബോധന പരിപാടികളും നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2012ല്‍ പുറത്തിറക്കിയ അഗ്നിശമന സേവനം സംബന്ധിച്ച ദേശീയ മാര്‍ഗനിര്‍ദേശങ്ങള്‍ പരിശോധിച്ചു പുതുക്കണമെന്ന് എന്‍.ഡി.എം.എയോട് അദ്ദേഹം അഭ്യര്‍ഥിച്ചു.
തീയില്‍നിന്നുള്ള സുരക്ഷ എല്ലാവരുടെയും ആശങ്കയുണര്‍ത്തുന്ന വിഷയമാണെന്നും ‘എല്ലാവര്‍ക്കും തീയില്‍നിന്നുള്ള സുരക്ഷ’ എന്ന ലക്ഷ്യത്തോടെ നാം പ്രവര്‍ത്തിക്കണമെന്നും ഡോ. പി.കെ.മിശ്ര പറഞ്ഞു.
മുതിര്‍ന്ന എന്‍.ഡി.എം.എ., കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും സംസ്ഥാന ദുരന്ത പരിപാലന അതോറിറ്റിയുടെയും അഗ്നിശമന സേനകളുടെയും പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.