വായുമലിനീകരണം കൈകാര്യം ചെയ്യുന്നതിന് പഞ്ചാബ്, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങള്‍ കൈക്കൊണ്ട നടപടികള്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ. മിശ്ര ഇന്ന് വീണ്ടും അവലോകനം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ കറ്റകള്‍ കത്തിക്കുന്നതും മറ്റും ചെറുക്കാന്‍ കൈക്കൊണ്ട അധിക നടപടികളുടെ വിശദാംശങ്ങള്‍ ഡോ. മിശ്ര ആരാഞ്ഞു.
വിവിധ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാരുമൊത്ത് സ്ഥിതിഗതികള്‍ താന്‍ നേരിട്ട് നിരീക്ഷിച്ച് വരികയാണെന്ന് പഞ്ചാബ് ചീഫ് സെക്രട്ടറി അറിയിച്ചു. 1981 -ലെ വായുമലിനീകരണം (തടയലും നിയന്ത്രണവും) നിയമം ലംഘിക്കുന്നവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയമലംഘകര്‍ക്കെതിരെ ഈ നിയമം അനുശാസിക്കുന്ന കടുത്ത പിഴ ചുമത്തുന്നതുള്‍പ്പെടെ കര്‍ശന നടപടികള്‍ സംസ്ഥാന ഗവണ്‍മെന്റ് കൈക്കൊണ്ടുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
കറ്റ കത്തിക്കലുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം സംസ്ഥാനത്ത് എത്രയും വേഗം കുറയ്ക്കുന്നതിന് ബന്ധപ്പെട്ട എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഹരിയാന ചീഫ് സെക്രട്ടറി അറിയിച്ചു. വായു മലിനീകരണം നിയന്ത്രിക്കുന്നതിന് പ്രത്യേക ടീമുകള്‍ 24 മണിക്കൂറും രംഗത്തുണ്ടെന്നും അവര്‍ പറഞ്ഞു.
സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതിനായി മലിനീകരണം കൂടുതലുള്ള പ്രദേശങ്ങളും ഇടനാഴികളും കണ്ടെത്തി അവിടങ്ങളില്‍ വെള്ളം തളിക്കല്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും ഡല്‍ഹി ചീഫ് സെക്രട്ടറി അറിയിച്ചു. നഗരത്തില്‍ തുറസ്സായ സ്ഥലത്തെ ചവര്‍ നിക്ഷേപം നിര്‍ത്തലാക്കിയിട്ടുണ്ടെന്നും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ പരമാവധി പിഴ ചുമത്തി ഈടാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ഏതാനും ദിവസങ്ങളില്‍ കാലാവസ്ഥ അനുകൂലമായി തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സൂചിപ്പിച്ചിട്ടുണ്ട്. മുന്‍കൂട്ടിയുള്ള ആസൂത്രണത്തിനും സത്വര നടപടികള്‍ക്കും വേണ്ടി ഒരു പ്രത്യേക സംവിധാനത്തിന് രൂപംകൊടുക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എടുത്തു പറഞ്ഞു. ബന്ധപ്പെട്ട എല്ലാവരും കൈക്കൊണ്ട ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഹ്രസ്വകാല നടപടികള്‍ കൈക്കൊള്ളുന്നതിനൊപ്പം സ്ഥിരമായ ദീര്‍ഘകാല പരിഹാരത്തിനുള്ള ഒരു സംവിധാനവും സൃഷ്ടിക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് ശ്രീ. പി.കെ. സിന്‍ഹ, ക്യാബിനറ്റ് സെക്രട്ടറി, പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാന വകുപ്പ് സെക്രട്ടറി, കൃഷി സെക്രട്ടറി, കേന്ദ്ര മലനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍, പഞ്ചാബ്, ഹരിയാന, ഡല്‍ഹി ചീഫ് സെക്രട്ടറിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.