രാജ്യവ്യാപക കോവിഡ് -19 വാക്‌സിന്‍ കുത്തിവയ്പു ജനുവരി 16നു തുടക്കം. രാവിലെ 10.30 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്യും. രാജ്യത്ത് അങ്ങോളമിങ്ങോളം നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയാണിത്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 3006 കേന്ദ്രങ്ങളെ ഉദ്ഘാടന വേളയില്‍ ഓണ്‍ലൈനില്‍ ബന്ധിപ്പിക്കും. ഉദ്ഘാടന ദിവസം ഓരോ കേന്ദ്രത്തിലും നൂറോളം ഗുണഭോക്താക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കും.
കുത്തിവയ്പു നല്‍കേണ്ട മുന്‍ഗണനാ വിഭാഗങ്ങളുടെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വാക്‌സിനേഷന്‍ പരിപാടി. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഐസിഡിഎസ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പരിപാലന പ്രവര്‍ത്തകര്‍ക്ക് ഈ ഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കും.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വികസിപ്പിച്ചെടുത്ത ഓണ്‍ലൈന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ കോ-വിന്‍ ഉപയോഗിക്കും. വാക്‌സിന്‍ സ്റ്റോക്കുകളുടെ തത്സമയ വിവരങ്ങള്‍, സംഭരണ താപനില, കോവിഡ് -19 വാക്സിനായി ഗുണഭോക്താക്കളുടെ വ്യക്തിഗത വിവരശേഖരണം എന്നിവ ഇത് എളുപ്പമാക്കും. വാക്‌സിനേഷന്റെ വിവിധ ഘട്ടങ്ങളില്‍ എല്ലാ തലങ്ങളിലുമുള്ള പ്രോഗ്രാം മാനേജര്‍മാര്‍ക്ക് ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സഹായകമാകും.
കോവിഡ് -19 മഹാമാരി, വാക്‌സിന്‍ കുത്തിവയ്പ്. കോ-വിന്‍ സോഫ്റ്റുവെയര്‍ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു വിശദീകരണം നല്‍കുന്നതിനായി ഒരു സമര്‍പ്പിത 24x7 കോള്‍ സെന്റര്‍ സ്ഥാപിച്ചു. 1075 ആണ് നമ്പര്‍.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സജീവ പിന്തുണയോടെ കൊവി ഷീല്‍ഡ്,കൊവാക്‌സിന്‍ എന്നിവയുടെ മതിയായ ഡോസുകള്‍ ഇതിനകം തന്നെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. ഇവ സംസ്ഥാന, കേന്ദ്രഭരണ സര്‍ക്കാരുകള്‍ ജില്ലകളിലേക്ക് കൈമാറി. ജനപങ്കാളിത്തത്തോടെയുള്ള പ്രചാരണം ആരംഭിക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടന്നുവരികയാണ്.