2019 ഫെബ്രുവരി 14നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെ രുദ്രാപ്പൂര്‍ സന്ദര്‍ശിക്കും. സന്ദര്‍ശനത്തിനിടെ സംയോജിത സംസ്ഥാന സഹകരണ വികസന പദ്ധതി ഉദ്ഘാടനം ചെയ്യുന്ന അദ്ദേഹം, തെരഞ്ഞെടുക്കപ്പെട്ട ദീനദയാല്‍ ഉപാധ്യായ കര്‍ഷകക്ഷേമ പദ്ധതി ഗുണഭോക്താക്കള്‍ക്കു വായ്പാ ചെക്കുകള്‍ വിതരണം ചെയ്യും.
സഹകരണ, കാര്‍ഷിക, അനുബന്ധ മേഖലകള്‍ക്കു പ്രോല്‍സാഹനം പകരുക വഴി ഉത്തരാഖണ്ഡിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനാണു സംയോജിത സഹകരണ വികസന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കൃഷിയിലും അനുബന്ധ രംഗങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ക്കു മതിയായ പിന്‍തുണ നല്‍കുകവഴി ഉത്തരാഖണ്ഡിലെ മലമ്പ്രദേശങ്ങളില്‍നിന്നുള്ള നിര്‍ബന്ധിത കുടിയേറ്റം ഇല്ലാതാക്കുന്നതിന് ഇതു സഹായകമാകും. ഈ പദ്ധതി പ്രകാരം ദേശീയ സഹകരണ വികസന കോര്‍പറേഷന്‍ സംസ്ഥാന ഗവണ്‍മെന്റിനു നല്‍കുന്ന തുകയുടെ ആദ്യഗഡുവായ നൂറു കോടി രൂപയുടെ ചെക്ക് പ്രധാനമന്ത്രി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കു കൈമാറും.
ദീനദയാല്‍ ഉപാധ്യായ കര്‍ഷകക്ഷേമ പദ്ധതിയില്‍പ്പെട്ട തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കുള്ള വായ്പാചെക്ക് വിതരണവും അദ്ദേഹം നിര്‍വഹിക്കും. ഉത്തരാഖണ്ഡ് ഗവണ്‍മെന്റിന്റെ ഈ പദ്ധതി പ്രകാരം കേവലം രണ്ടു ശതമാനം വായ്പയ്ക്കു കര്‍ഷകര്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള വിവിധോദ്ദേശ്യ വായ്പകള്‍ ലഭ്യമാക്കും. സംസ്ഥാനത്തെ കര്‍ഷകരുടെ വരുമാനം 2022 ആകുമ്പോഴേക്കും ഇരട്ടിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലെ പ്രധാന ചുവടാണ് ഈ പദ്ധതി.
നേരത്തേ, ഐ.ടി.ബി.പി. ജവാന്‍മാര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി ഉത്തരാഖണ്ഡ് സന്ദര്‍ശിച്ചിരുന്നു. 2018 ഒക്ടോബര്‍ ഏഴിനു ഡെറാഡൂണില്‍ ‘ഡെസ്റ്റിനേഷന്‍ ഉത്തരാഖണ്ഡ്: നിക്ഷേപക ഉച്ചകോടി 2018’ നെ അഭിസംബോധന ചെയ്യാനും അദ്ദേഹം എത്തിയിരുന്നു.