പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രണ്ട് സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളും അടുത്ത ദിവസങ്ങളില്‍ സന്ദര്‍ശിക്കും. ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളും ദാമന്‍ & ദിയു, പുതുച്ചേരി എന്നി കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് അടുത്ത രണ്ട് ദിവസങ്ങളിലായി സന്ദര്‍ശിക്കുക.
പ്രധാനമന്ത്രി ശനിയാഴ്ച ദാമനിലെത്തും. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്ന അദ്ദേഹം ഗവണ്‍മെന്റിന്റെ വ്യത്യസ്ത ഔദ്യോഗിക പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ഒരു പൊതുയോഗത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.
തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര തിരിക്കുന്ന പ്രധാനമന്ത്രി, ചെന്നെയില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ ക്ഷേമപദ്ധതിയായ അമ്മ ഇരുചക്രവാഹന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
ഞായറാഴ്ച പ്രധാനമന്ത്രി പുതുച്ചേരി സന്ദര്‍ശിക്കും. അരബിന്ദോ ആശ്രമത്തില്‍ ശ്രീ. അരബിന്ദോ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്ന പ്രധാനമന്ത്രി, ശ്രീ അരബിന്ദോ ഇന്റര്‍നാഷണല്‍ സെന്റര്‍ ഓഫ് എജ്യുക്കേഷനിലെ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയവും നടത്തും. തുടര്‍ന്ന് അദ്ദേഹം ആരവില്ലെ സന്ദര്‍ശിച്ച ശേഷം, ആരവില്ലെയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സ്മരണാര്‍ത്ഥം പുറത്തിറക്കുന്ന തപാല്‍ സ്റ്റാമ്പ് പ്രകാശനം ചെയ്യും. ചടങ്ങിനെ അദ്ദേഹം അഭിസംബോധന ചെയ്യും. പുതുച്ചേരിയില്‍ ചേരുന്ന പൊതുയോഗത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.
ഞായറാഴ്ച വൈകിട്ട് റണ്‍ ഫോര്‍ ന്യൂ ഇന്ത്യാ മാരത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നതിനായി പ്രധാനമന്ത്രി ഗുജറാത്തിലെ സൂറത്തില്‍ എത്തും.