പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബാങ്കോക്കില്‍ ഇന്ന് നടക്കുന്ന പൂര്‍വ്വേഷ്യ, ആര്‍സിഇപി ഉച്ചകോടിയില്‍ പങ്കെടുക്കും. ഇതിന് പുറമെ, ഇന്ന് രാത്രി ഡല്‍ഹിക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെ, വിയറ്റ്‌നാം പ്രധാനമന്ത്രി എന്‍ഗ്വിന്‍ ഷ്വാന്‍ ഫുക്, ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്തം അഥവാ ആര്‍സിഇപി യിലെ ഇന്ത്യയുടെ കൂടിയാലോചനകള്‍ക്ക് പ്രധാനമന്ത്രി നേതൃത്വം വഹിക്കും. 10 ആസിയാന്‍ അംഗരാജ്യങ്ങളും ആസിയാന്റെ സ്വതന്ത്ര വ്യാപാര കരാര്‍ പങ്കാളികളായ ആസ്ട്രേലിയ, ചൈന, ഇന്ത്യ, ജപ്പാന്‍, കൊറിയ, ന്യൂസിലാന്‍ഡ് എന്നിവര്‍ തമ്മില്‍ കൂടിയാലോചിച്ച് അന്തിമരൂപം നല്‍കുന്ന സമഗ്രമായ സ്വതന്ത്ര വ്യാപാര കരാറാണ് ആര്‍സിഇപി.
ആര്‍സിഇപി വ്യാപാര കരാറില്‍ ഒപ്പുവയ്ക്കാന്‍ ഇന്ത്യയ്ക്ക് വൈമനസ്യം ഉണ്ടെന്ന ധാരണ മാറ്റിയെടുക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടികരിക്കുന്ന ആര്‍സിഇപി ചര്‍ച്ചകള്‍ സമഗ്രവും, സന്തുലിതവുമായ തീരുമാനത്തില്‍ എത്തിക്കുന്നതില്‍ ഇന്ത്യ പൂര്‍ണ്ണമായി പ്രതിജ്ഞാബദ്ധമാണെന്നും , എന്നാല്‍ നല്ലൊരു വിജയഫലം ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ബാങ്കോക്ക് പോസ്റ്റിന് നല്‍കിയ വിശദമായ അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യയുടെ സുസ്ഥിരമല്ലാത്ത വ്യാപാരകമ്മി പരിഹരിക്കേണ്ടത് മുഖ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൂടിയാലോചനകളിലൂടെ ഉരുത്തിരിയുന്ന പരസ്പരം ഗുണകരമായതും, എല്ലാവര്‍ക്കും ന്യായമായ നേട്ടമുണ്ടാക്കുന്നതുമായ ആര്‍സിഇപി ഇന്ത്യയുടേയും, ഒപ്പം എല്ലാ പങ്കാളിത്ത രാജ്യങ്ങളുടെയും താല്‍പര്യങ്ങള്‍ക്കനുസൃതമാണ്.
2012-ല്‍ കംബോഡിയയില്‍ ആരംഭിച്ച ആര്‍സിഇപി കൂടിയാലോചനകളില്‍ സാധനങ്ങളുടെയും, സേവനങ്ങളുടെയും വ്യാപാരം, നിക്ഷേപം, വിപണി തേടല്‍, സാമ്പത്തിക സഹകരണം, ബൗദ്ധിക സ്വത്ത്, ഇ-വാണിജ്യം എന്നീ മേഖലകള്‍ ഉള്‍പ്പെടും.