രാജ്യത്തെ “പ്രഥമ ഖേലോ ഇന്ത്യ” സ്‌കൂള്‍ ഗെയിംസ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (2018 ജനുവരി 31 ന്) ന്യൂ ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യും.
രാജ്യത്തെ എല്ലാ കായിക ഇനങ്ങള്‍ക്കും അടിസ്ഥാനതലത്തില്‍ ചട്ടക്കൂട് നിര്‍മ്മിച്ച് കൊണ്ട് കായിക സംസ്‌ക്കാരം പുനരുജ്ജീവിപ്പിക്കാനും ഇന്ത്യയെ ഒരു വന്‍ കായിക രാഷ്ട്രമായി മാറ്റിയെടുക്കാനും ലക്ഷ്യമിട്ടാണ് ‘ഖേലോ ഇന്ത്യ’ പരിപാടി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി സ്‌കൂള്‍ തലത്തില്‍ തന്നെ യുവകായിക പ്രതിഭകളെ കണ്ടെത്തി വിവിധ കായിക ഇനങ്ങളില്‍ പരിശീലനം നല്‍കി അവരെ ഭാവിയിലെ ചാമ്പ്യന്‍മാരായി വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നതാണ് പദ്ധതി.
ഒരു ഉന്നതതല സമിതി വിവിധ കായിക ഇനങ്ങളില്‍ വ്യത്യസ്ഥ തലങ്ങളില്‍ കണ്ടെത്തുന്ന കഴിവുറ്റ പ്രതിഭകള്‍ക്ക് എട്ട് വര്‍ഷക്കാലത്തേയ്ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ധനസഹായം ലഭിക്കും.
ന്യൂ ഡല്‍ഹിയില്‍ അടുത്ത മാസം 8-ാം തീയതി വരെയാണ് ഖേലോ ഇന്ത്യ സ്‌കൂള്‍ ഗെയിംസ് നടക്കുക. 17 വയസ്സില്‍ താഴെയുള്ള അത്‌ലറ്റുകള്‍ ഇനി പറയുന്ന 16 ഇനങ്ങളില്‍ തങ്ങളുടെ മാറ്റുരയ്ക്കും: അമ്പെയ്ത്ത്, അത്‌ലെറ്റിക്‌സ്, ബാഡ്മിന്റന്‍, ബാസ്‌ക്കറ്റ് ബോള്‍, ബോക്‌സിംഗ്, ഫുട്‌ബോള്‍, ജിംനാസ്റ്റിക്‌സ്, ഹോക്കി, ജൂഡോ, കബഡി, ഖോ -ഖോ, ഷൂട്ടിംഗ്, നീന്തല്‍, വോളിബോള്‍, ഭാരോദ്വഹനം, ഗുസ്തി.
199 സ്വര്‍ണ്ണ മെഡലുകള്‍, 199 വെള്ളി മെഡലുകള്‍, 275 വെങ്കല മെഡലുകള്‍ എന്നിവ ഖേലോ ഇന്ത്യ സ്‌കൂള്‍ ഗെയിംസിലെ വിജയികളെ കാത്തിരിക്കുന്നു. 17 വയസ്സില്‍ താഴെയുള്ള രാജ്യത്തെ മികച്ച യുവപ്രതിഭകളാണ് ഗെയിംസില്‍ തങ്ങളുടെ കഴിവ് മാറ്റുരയ്ക്കുക.