ഉത്തര്‍പ്രദേശ് നിക്ഷേപക ഉച്ചകോടി-2018 നാളെ ലഖ്‌നൗവില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി, നിര്‍മല സീതാരാമന്‍, നിതിന്‍ ഗഡ്കരി, സുരേഷ് പ്രഭു, സ്മൃതി ഇറാനി, രവിശങ്കര്‍ പ്രസാദ്, ഡോ. ഹര്‍ഷവര്‍ധന്‍, വി.കെ.സിങ്, ധര്‍മേന്ദ്രപ്രധാന്‍ തുടങ്ങി ഏറെ കേന്ദ്രമന്ത്രിമാര്‍ സംബന്ധിക്കുകയും സംസ്ഥാനത്തേക്കു നിക്ഷേപം ആകര്‍ഷിക്കാനുള്ള സെഷനുകളില്‍ അധ്യക്ഷത വഹിക്കുകയും ചെയ്യും. ഫെബ്രുവരി 21നു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയുടെ സമാപനച്ചടങ്ങില്‍ രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് പങ്കെടുക്കും.
സംസ്ഥാനത്തെ സാധ്യതകളും നിക്ഷേപസാധ്യതകളും ഉയര്‍ത്തിക്കാട്ടാനായി ഉത്തര്‍പ്രദേശ് ഗവണ്‍മെന്റാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തികവികസനത്തിനും സഹകരണം പ്രോല്‍സാഹിപ്പിക്കാനുമായി മന്ത്രിമാരും കോര്‍പറേറ്റ് രംഗത്തെ പ്രമുഖരും നയരൂപീകരണം നിര്‍വഹിക്കുന്നവരും രാജ്യാന്തര സ്ഥാപനങ്ങളുടെ തലവന്‍മാരും ലോകത്താകമാനമുള്ള വിദ്യാഭ്യാസവിചക്ഷണന്‍മാരും ഉള്‍പ്പെടെ ഉള്ളവരെ ഒരുമിപ്പിക്കുന്ന ആഗോളവേദിയായിരിക്കും ഇത്.
ഫിന്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, ജപ്പാന്‍, ചെക് റിപ്പബ്ലിക്, തായ്‌ലന്‍ഡ്, സ്ലോവാക്യ, മൗറീഷ്യസ് എന്നീ ഏഴു രാജ്യങ്ങള്‍ ഉച്ചകോടിയുടെ പങ്കാളികളാണ്. ഒട്ടേറെ ധാരണാപത്രങ്ങള്‍ ഒപ്പുവെക്കപ്പെടുമെന്നാണു പ്രതീക്ഷിക്കുന്നത്.
സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടിയും നിക്ഷേപകരെ ആകര്‍ഷിച്ചും സംസ്ഥാനങ്ങളുടെ സര്‍വതോന്മുഖമായ വികസനം യാഥാര്‍ഥ്യമാക്കുന്നതിനായി സഹകരണാത്മകവും മത്സരാധിഷ്ഠിതവുമായ ഫെഡറലിസം പിന്‍തുടരണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലാണ് ഉച്ചകോടി നടക്കുന്നത്. വാഗ്ദാനവും പ്രതിജ്ഞാബദ്ധതയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഫെബ്രുവരി നാലിനു ഗോഹട്ടിയില്‍ ആഗോള നിക്ഷേപക സംഗമവും ഫെബ്രുവരി 18ന് മാഗ്നറ്റിക് മഹാരാഷ്ട്രയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.