പഞ്ചാബിലെ, ഗുരുദാസ്പൂരിലുള്ള, ദേരാ ബാബാ നാനകിലെ കര്‍താര്‍പൂര്‍ ഇടനാഴിയിലുള്ള ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (നവംബര്‍ 09, 2019 ശനിയാഴ്ച) നിര്‍വ്വഹിക്കും.
സുല്‍ത്താന്‍പൂര്‍ ലോധിയിലുള്ള ബീര്‍ സാഹിബ് ഗുരുദ്വാരയിലും അദ്ദേഹം പ്രണാമം അര്‍പ്പിക്കും.
പിന്നീട്, ദേരാ ബാബാ നാനകില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിലും പങ്കെടുക്കും.
പാകിസ്ഥാനിലെ കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതിന് ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റ് സഹായിക്കും.
ദേരാ ബാബാ നാനാക്കിലെ അന്താരാഷ്ട്ര അതിര്‍ത്തിയായ സീറോ പോയിന്റിലുള്ള കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി പ്രവര്‍ത്തനക്ഷമമാ ക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ കഴിഞ്ഞ മാസം 24 -ാം തീയതി പാകിസ്ഥാനുമായി ഇന്ത്യ കരാറില്‍ ഒപ്പു വച്ചിരുന്നു.
ലോകമൊട്ടുക്കും, രാജ്യത്തുടനീളവും അനുയോജ്യമായ രീതിയില്‍ വിപുലമായി ഗുരു നാനക് ദേവ്ജിയുടെ 550-ാം ജന്മവാര്‍ഷികം ചരിത്രപരമായി ആഘോഷിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ 2018 നവംബര്‍ 22 ന് പ്രമേയം പാസാക്കിയിരുന്നു.
വര്‍ഷം മുഴുവനും, സുഗമവും, ലളിതവുമായ തരത്തില്‍ ഗുരുദ്വാര സന്ദര്‍ശിക്കുന്നതിന് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് അന്താരാഷ്ട്ര അതിര്‍ത്തിയായ കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴിയില്‍ നിന്നും ദേരാ ബാബാ നാനക് വരെ കെട്ടിടം പണിയുന്നതിനും, വികസിപ്പിക്കുന്നതിനും നേരത്തെ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയിരുന്നു.
തീര്‍ത്ഥാടകരുടെ സൗകര്യത്തിനുള്ള വ്യവസ്ഥകള്‍
അമൃത്സര്‍ – ഗുര്‍ദാസ്പൂര്‍ ഹൈവേയെ ദേരാ ബാബാ നാനകുമായി ബന്ധിപ്പിക്കുന്ന 4.2 കിലോമീറ്റര്‍ വരുന്ന നാലുവരി പാത 120 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ചിട്ടുണ്ട്.
അത്യാധുനിക സംവിധാനങ്ങളോടുകൂടി പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടം സ്ഥിതി ചെയ്യുന്നത് 15 ഏക്കര്‍ സ്ഥലത്താണ്.
ഒരു വിമാനത്താവളത്തെ അനുസ്മരിപ്പിക്കുന്ന പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത വിമാനത്താവളത്തില്‍ പ്രതിദിനം അയ്യായിരം തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കാന്‍ അമ്പതിലധികം ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
കിയോസ്‌കുകള്‍, ശുചിമുറികള്‍, ശിശുപരിപാലന മുറികള്‍, പ്രഥമ ശുശ്രൂഷാ സൗകര്യങ്ങള്‍, പ്രാര്‍ത്ഥനാ മുറി, സ്‌നാക്ക് കൗണ്ടറുകള്‍ മുതലായവ പ്രധാന കെട്ടിടത്തിനകത്തുണ്ട്.
സിസിടിവി ക്യാമറാ നിരീക്ഷണം ഉള്‍പ്പെടെ ശക്തമായ സുരക്ഷാ സൗകര്യങ്ങളും സന്ദര്‍ശകര്‍ക്ക് അറിയിപ്പുകള്‍ നല്‍കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 300 അടി ഉയരമുള്ള ദേശീയ സ്മാരക പതാകയും ഉയര്‍ത്തിയിട്ടുണ്ട്.
ഒക്‌ടോബര്‍ 24 ന് പാകിസ്ഥാനുമായി ഒപ്പു വച്ച കരാര്‍ കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള ഔപചാരിക ചട്ടക്കൂട് പ്രദാനം ചെയ്യുന്നു.
കരാറിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇവയാണ് :
· എല്ലാ മതവിശ്വാസികളായ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും ഇടനാഴി ഉപയോഗിക്കാം.
· യാത്രയ്ക്ക് വിസയുടെ ആവശ്യമില്ല.
· തീര്‍ത്ഥാടകര്‍ സാധുവായ പാസ്‌പോര്‍ട്ട് മാത്രമേ കൈയ്യില്‍ കരുതേണ്ടതുള്ളൂ.
· ഇന്ത്യന്‍ വംശജര്‍ തങ്ങളുടെ രാജ്യത്തെ പാസ്‌പോര്‍ട്ടിനോടൊപ്പം ഒ.സി.ഐ കാര്‍ഡും കൈയ്യില്‍ കരുതണം.
· ഇടനാഴി രാവിലെ മുതല്‍ രാത്രി വരെ തുറന്നിരിക്കും ; രാവിലെ യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ അതേ ദിവസം വൈകുന്നേരം മടങ്ങിയെത്തണം.
· മുന്‍കൂട്ടി അറിയിപ്പ് നല്‍കുന്ന വിജ്ഞാപനം ചെയ്യുന്ന ദിവസ ങ്ങളൊഴികെ ഇടനാഴി വര്‍ഷം മുഴുവനും പ്രവര്‍ത്തനക്ഷമമായിരിക്കും.
· തീര്‍ത്ഥാടകര്‍ക്ക് ഒറ്റയ്‌ക്കോ, സംഘമായോ കാല്‍നടയായോ യാത്ര ചെയ്യാം.
· യാത്രാ തീയതിക്ക് 10 ദിവസം മുമ്പ് തീര്‍ത്ഥാടകരുടെ പട്ടിക ഇന്ത്യ പാകിസ്ഥാന് അയച്ചുകൊടുക്കും. യാത്രാ ദിനത്തിന് നാല് ദിവസം മുമ്പ് സ്ഥിരീകരണം അയച്ചുകൊടുക്കും.
· മതിയായ തോതില്‍ ലങ്കാറിനും, പ്രസാദ വിതരണത്തിനും സൗകര്യമുണ്ടായിരിക്കുമെന്ന് പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
രജിസ്‌ട്രേഷനായിട്ടുള്ള പോര്‍ട്ടല്‍
തീര്‍ത്ഥാടകര്‍ തങ്ങള്‍ യാത്ര ചെയ്യുന്ന ദിവസം ഏതാണെന്ന് prakashpurb550.mha.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. രജിസ്‌ട്രേഷന്‍ സംബന്ധിച്ച സ്ഥിരീകരണം യാത്രാദിനത്തിന് മൂന്ന് മുതല്‍ നാല് ദിവസം മുമ്പ് എസ്.എം.എസ് വഴിയും, ഇ-മെയില്‍ മുഖേനയും തീര്‍ത്ഥാടകരെ അറിയിക്കും. ഒരു ഇലക്‌ട്രോണിക് ട്രാവല്‍ ഓതറൈസേഷനും നല്‍കും. തീര്‍ത്ഥാടകര്‍ പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിലെത്തുമ്പോള്‍ തങ്ങളുടെ പാസ്‌പോര്‍ട്ടിനൊപ്പം ഇലക്‌ട്രോണിക് ട്രാവല്‍ ഓതറൈസേഷനും കരുതിയിരിക്കണം.