ദേശീയ വിദ്യാഭ്യാസ നയത്തിനു (2020) കീഴില്‍ '21-ാം നൂറ്റാണ്ടിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള' കോണ്‍ക്ലേവിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി നാളെ(11 സെപ്റ്റംബര്‍ 2020) രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്യും.
ശിക്ഷ പര്‍വിന്റെ ഭാഗമായി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് ഇന്നും നാളെയുമായി ദ്വിദിന കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. നേരത്തെ, 'ദേശീയ വിദ്യാഭ്യാസ നയത്തിനു കീഴില്‍, ഉന്നത വിദ്യാഭ്യാസരംഗത്തെ പരിവര്‍ത്തനാത്മക പരിഷ്‌ക്കാരണങ്ങള്‍' എന്ന കോണ്‍ക്ലേവില്‍ കഴിഞ്ഞമാസം 7ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം നടത്തിയിരുന്നു. കൂടാതെ ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച ഗവര്‍ണര്‍മാരുടെ കോണ്‍ഫറന്‍സിനെ ഈ മാസം 7 ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
1986 ലെ ദേശീയ വിദ്യാഭ്യാസനയത്തിന് ശേഷം, 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്, 21-ാം നൂറ്റാണ്ടിലെ ആദ്യ വിദ്യാഭ്യാസനയം 2020 ല്‍ പ്രഖ്യാപിക്കുന്നത്. സ്‌കൂള്‍ തലത്തിലും ഉന്നതവിദ്യാഭ്യാസ രംഗത്തും നിരവധി പ്രധാന പരിഷ്‌കരണങ്ങള്‍ ലക്ഷ്യമിട്ടാണ് പുതിയ വിദ്യാഭ്യാസ നയം ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
ഊര്‍ജ്ജസ്വലവും സമത്വമുള്ളതുമായ വൈജ്ഞാനിക സമൂഹമായി രാജ്യത്തെ മാറ്റുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പുതിയ ദേശീയ വിദ്യാഭ്യാസം രൂപീകരിച്ചിരിക്കുന്നത്. ഇന്ത്യ കേന്ദ്രീകൃതമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം വിഭാവനം ചെയ്യുന്നതിലൂടെ രാജ്യത്തെ ഒരു ആഗോളശക്തിയാക്കി മാറ്റാനും ലക്ഷ്യമുണ്ട്.
സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ദേശീയ വിദ്യാഭ്യാസ നയം 2020, കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 8 വയസ് വരെ ശൈശവകാല സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കിയിരിക്കുന്നു. 10 + 2 എന്ന ഘടന മാറി സ്‌കൂള്‍ പാഠ്യപദ്ധതി 5 +3+3+4 എന്ന നിലയിലേയ്ക്ക് മാറിയിരിക്കുന്നു, ഗണിതപരമായ ചിന്തയും ശാസ്ത്രീയ അവബോധവും 21-ാം നൂറ്റാണ്ടിന്റെ പാഠ്യപദ്ധതിയിലേയ്ക്ക് ഉള്‍ച്ചേര്‍ത്തിരിക്കുന്നു; സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പുതിയ സമഗ്രമായ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ചിരിക്കുന്നു; അധ്യാപകര്‍ക്ക് ദേശീയ മാനദണ്ഡം; മൂല്യനിര്‍ണയ പരിഷ്‌ക്കരണങ്ങളും കുട്ടിയുടെ സമഗ്ര പുരോഗതി വിലയിരുത്തുന്ന പ്രോഗ്രസ് കാര്‍ഡും; 6-ാം ക്ലാസ് മുതല്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നിവ പദ്ധതിയുടെ പ്രത്യേകതകളാണ്. സമഗ്രമായ പരിവര്‍ത്തനത്തിലൂടെ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സമൂലമായ മാറ്റം വരുത്താന്‍, വിദ്യാഭ്യാസനയം ലക്ഷ്യമിടുന്നു. പ്രധാനമന്ത്രി വിഭാവനം ചെയ്ത സ്വയംപര്യാപ്ത ഇന്ത്യയ്ക്കുള്ള ചൈതന്യവത്തും ഫലപ്രാപ്തിയുള്ളതുമായ പുതിയ വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിക്കും.
പുതിയ വിദ്യാഭ്യാസ നയത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് അധ്യാപകരെ സജ്ജമാക്കുന്നതിനായി ഈ മാസം 8 മുതല്‍ 25 വരെ ശിക്ഷക് പര്‍വ് ആഘോഷിക്കുന്നുണ്ട്.. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് വെബിനാറുകള്‍, വിര്‍ച്വല്‍ സമ്മേളനങ്ങള്‍, കോണ്‍ക്ലേവുകള്‍ എന്നിവ രാജ്യമെമ്പാടും സംഘടിപ്പിക്കുന്നുണ്ട്.