'ഓപ്പറേഷന്‍ ഗംഗ' ദൗത്യത്തില്‍ സഹകരിച്ചവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് ആശയവിനിമയം നടത്തി. 23,000 ഇന്ത്യന്‍ പൗരന്മാരെയും 18 രാജ്യങ്ങളില്‍ നിന്നുള്ള 147 വിദേശ പൗരന്മാരെയുമാണ് ഓപ്പറേഷന്‍ ഗംഗ ദൗത്യത്തിലൂടെ യുക്രെനില്‍നിന്നു വിജയകരമായി തിരികെ എത്തിച്ചത്.
യുക്രെന്‍, പോളണ്ട്, സ്ലൊവാക്യ, റൊമാനിയ, ഹംഗറി എന്നിവിടങ്ങളിലെ ഇന്ത്യന്‍ സമൂഹത്തിന്റെയും സ്വകാര്യമേഖലയുടെയും പ്രതിനിധികള്‍ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായതിന്റെ അനുഭവങ്ങളും അവര്‍ അഭിമുഖീകരിച്ച വെല്ലുവിളികളും വിവരിച്ചു. ദൗത്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അവര്‍ സംതൃപ്തി പ്രകടിപ്പിച്ചു. മനുഷ്യരെ സഹായിക്കാന്‍ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായതില്‍ അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു.
രക്ഷാദൗത്യത്തിന്റെ വിജയത്തിനായി അക്ഷീണം പ്രയത്‌നിച്ച ഇന്ത്യന്‍ സമൂഹത്തിലെ നേതാക്കള്‍, സന്നദ്ധ സംഘങ്ങള്‍, കമ്പനികള്‍, സ്വകാര്യ വ്യക്തികള്‍, ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രധാനമന്ത്രി ഊഷ്മളമായി അഭിനന്ദിച്ചു. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായ എല്ലാവരും പ്രകടിപ്പിച്ച ദേശസ്നേഹവും സമൂഹത്തോടുള്ള സേവനമനോഭാവവും ഒത്തൊരുമയും പ്രശംസാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. നിസ്വാര്‍ഥസേവനം നടത്തിയ വിവിധ സാമുദായികസംഘടനകളെയും പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. വിദേശരാജ്യങ്ങളില്‍ അവര്‍ നടത്തുന്ന സേവനങ്ങള്‍ ഇന്ത്യയുടെ സാംസ്‌കാരികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിസന്ധിഘട്ടങ്ങളില്‍ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, യുക്രെനിലെയും അയല്‍രാജ്യങ്ങളിലെയും നേതാക്കളുമായുള്ള വ്യക്തിപരമായ ഇടപെടലുകളെക്കുറിച്ചു പറയുകയും വിദേശഗവണ്മെന്റുകളില്‍നിന്ന് ഇന്ത്യക്കു ലഭിച്ച പിന്തുണയ്ക്കു നന്ദി അറിയിക്കുകയും ചെയ്തു.
വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്കു വലിയ പരിഗണനയാണു ഗവണ്‍മെന്റ് നല്‍കുന്നതെന്ന് ആവര്‍ത്തിച്ച പ്രധാനമന്ത്രി, അന്താരാഷ്ട്രതലത്തില്‍ എന്തു പ്രതിസന്ധിയുണ്ടായാലും പൗരന്മാരെ സഹായിക്കാന്‍ ഇന്ത്യ എപ്പോഴും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പറഞ്ഞു. യുഗങ്ങളായി 'വസുധൈവകുടുംബകം' എന്ന നയത്തില്‍ വിശ്വസിക്കുന്ന ഇന്ത്യ, മറ്റു രാജ്യങ്ങളിലെ പൗരന്മാര്‍ക്കും അടിയന്തരഘട്ടങ്ങളില്‍ മാനുഷിക പിന്തുണ നല്‍കിയിട്ടുണ്ട്.