പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (2019 ജനുവരി 15) തിരുവനന്തപുരവും, കൊല്ലവും സന്ദര്‍ശിക്കും.
കൊല്ലത്ത് പ്രധാനമന്ത്രി ദേശീയപാത -66 ലെ കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്യും. 352 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 13 കിലോമീറ്റര്‍ ദൈര്‍ഘ്യം വുരന്ന രണ്ട് വരി ബൈപാസ് ആണിത്. അഷ്ടമുടി കായലിന് കുറുകെ മൊത്തം 1540 മീറ്റര്‍ നീളം വരുന്ന മൂന്ന് പ്രധാന പാലങ്ങള്‍ ഈ ബൈപാസ്സില്‍ ഉള്‍പ്പെടും. ആലപ്പുഴയ്ക്കും തിരുവനന്തപുരത്തിനുമിടയിലുള്ള യാത്രാ സമയം കുറയ്ക്കുന്ന ഈ ബൈപാസ് കൊല്ലം നഗരത്തിലെ ഗതാഗത തിരക്ക് കുറയ്ക്കാനും സഹായിക്കും.
തിരുവനന്തപുരത്ത് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിക്കും. ഇവിടെ സന്ദര്‍ശകര്‍ക്കുള്ള സൗകര്യങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള ഫലകവും അദ്ദേഹം അനാവരണം ചെയ്യും. കൊല്ലം നഗരത്തിലെ പ്രധാനമന്ത്രിയുടെ മൂന്നാമത്തെ ഔദ്യോഗിക സന്ദര്‍ശനമാണിത്. 2015 ഡിസംബറില്‍ ആര്‍. ശങ്കര്‍ പ്രതിമ അനാവരണം ചെയ്യുന്നതിനായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനം. തുടര്‍ന്ന് 2016 ഏപ്രിലില്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്നു പ്രധാനമന്ത്രി കൊല്ലം സന്ദര്‍ശിച്ചിരുന്നു.