മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ നിന്നുള്ള വീഡിയോ സന്ദേശത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തി. ഡോ. സിങ്ങിന്റെ വിയോഗം രാജ്യത്തിന് കനത്ത നഷ്ടമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം കൈവരിക്കുക എന്നത് സാധാരണ നേട്ടമല്ലെന്നും വിഭജനകാലത്ത് ഇന്ത്യയിൽ വന്നതിന് ശേഷം ഒരുപാട് നഷ്ടങ്ങളുണ്ടായെങ്കിലും ഡോ. സിങ് ഒരു വിജയിയായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ഉയരങ്ങളിലെത്തുന്നത് എങ്ങനെയെന്ന് ഭാവിതലമുറയെ പഠിപ്പിക്കുന്നതാണ് ഡോ. സിങ്ങിന്റെ ജീവിതം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരുണയുള്ള വ്യക്തി, പണ്ഡിതനായ സാമ്പത്തിക വിദഗ്ധൻ, പരിഷ്കരണങ്ങൾക്കായി അർപ്പണബോധത്തോടെ പ്രവർത്തിച്ച നേതാവ് എന്നീ നിലകളിൽ ഡോ. സിങ് എന്നും ഓർമിക്കപ്പെടുമെന്ന് ശ്രീ മോദി പറഞ്ഞു. സാമ്പത്തിക വിദഗ്ധൻ എന്ന നിലയിൽ, വിവിധ തലങ്ങളിൽ ഇന്ത്യാഗവൺമെന്റിന് നൽകിയ സംഭാവനകൾ ശ്രീ മോദി ചൂണ്ടിക്കാട്ടി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ എന്ന നിലയിൽ, പ്രതിസന്ധി കാലങ്ങളിൽ ഡോ. സിങ് വഹിച്ച പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
മുൻ പ്രധാനമന്ത്രിയും ഭാരതരത്‌ന പുരസ്‌കാരജേതാവുമായ ശ്രീ പി. വി. നരസിംഹ റാവുവിന്റെ ഗവണ്മെന്റിൽ ധനമന്ത്രിയെന്ന നിലയിൽ, ഡോ. മൻമോഹൻ സിങ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും പുതിയ സാമ്പത്തിക പാതയിലേക്ക് നയിച്ചതായി പ്രധാനമന്ത്രി ശ്രീ മോദി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയെന്ന നിലയിൽ രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കുമായുള്ള ഡോ. സിങ്ങിന്റെ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടും. ജനങ്ങളോടും രാജ്യത്തിന്റെ വികസനത്തോടുമുള്ള ഡോ. സിങ്ങിന്റെ പ്രതിബദ്ധത എന്നും ആദരപൂർവം സ്മരിക്കപ്പെടും.
ഡോ. സിങ്ങിന്റെ ജീവിതം അദ്ദേഹത്തിന്റെ സത്യസന്ധതയുടെയും ലാളിത്യത്തിന്റെയും പ്രതിഫലനമാണെന്ന് ശ്രീ മോദി വ്യക്തമാക്കി. വിനയം, സൗമ്യത, ബൗദ്ധികത എന്നിവയാൽ ശ്രദ്ധേയമായ പാർലമെന്ററി ജീവിതമായിരുന്നു ഡോ. സിങ്ങിന്റേത്. ഈ വർഷമാദ്യം രാജ്യസഭയിലെ ഡോ. സിങ്ങിന്റെ കാലാവധി അവസാനിച്ചപ്പോൾ ഡോ. സിങ്ങിന്റെ സമർപ്പണത്തെ ഏവർക്കും പ്രചോദനമായി താൻ പ്രകീർത്തിച്ചിരുന്നതായി പ്രധാനമന്ത്രി അനുസ്മരിച്ചു. ശാരീരിക അവശതകൾക്കിടയിലും ഡോ. സിങ്, തന്റെ പാർലമെന്ററി ചുമതലകൾ നിറവേറ്റി, വീൽചെയറിൽ സുപ്രധാന സമ്മേളനങ്ങളിൽ പങ്കെടുത്തു.
പ്രശസ്തമായ ആഗോള സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം നേടുകയും ഗവണ്മെന്റിലെ ഉന്നതപദവികൾ വഹിക്കുകയും ചെയ്തിട്ടും ഡോ. സിങ്, തന്റെ വിനീതമായ പശ്ചാത്തലത്തിന്റെ മൂല്യങ്ങൾ ഒരിക്കലും മറന്നിട്ടില്ലെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എല്ലാ പാർട്ടികളിൽ നിന്നുമുള്ള വ്യക്തികളുമായി സമ്പർക്കം പുലർത്തുകയും എല്ലാവർക്കും എളുപ്പത്തിൽ സമീപിക്കാൻ ചെയ്യുകയും കഴിയുന്ന വിധത്തിൽ കക്ഷിരാഷ്ട്രീയത്തിന് അതീതനായിരുന്നു ഡോ. സിങ് എന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന കാലത്തും പിന്നീട് ഡൽഹിയിലും ദേശീയ-അന്തർദേശീയ വിഷയങ്ങളിൽ ഡോ. സിങ്ങുമായി നടത്തിയ തുറന്ന ചർച്ചകൾ പ്രധാനമന്ത്രി സ്‌നേഹപൂർവം സ്മരിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡോ. സിങ്ങിന്റെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തുകയും എല്ലാ പൗരന്മാർക്കും വേണ്ടി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്തു