പുതുവര്‍ഷത്തിലെയും പുതിയ ദശാബ്ദത്തിലെയും ആദ്യത്തെ മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ‘ഗഗന്‍യാന്‍’ ദൗത്യത്തെക്കുറിച്ചു പരാമര്‍ശിച്ചു.
ഇന്ത്യ 2022ല്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ‘ഗഗന്‍യാന്‍ ദൗത്യത്തിലൂടെ ഒരു ഇന്ത്യക്കാരനെ ബഹിരാകാശത്തേക്കു കൊണ്ടുപോകുമെന്ന പ്രതിജ്ഞ’ നടപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഗഗന്‍യാന്‍ ദൗത്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം 21ാം നൂറ്റാണ്ടില്‍ ശാസ്ത്ര, സാങ്കേതിക രംഗത്തു ചരിത്രപരമായ നേട്ടമായിരിക്കും. അതു നവ ഇന്ത്യയുടെ ഒരു നാഴികക്കല്ലായിരിക്കും’, പ്രധാനമന്ത്രി പറഞ്ഞു.
ദൗത്യത്തിനായി ബഹിരാകാശ സഞ്ചാരികളായും റഷ്യയില്‍ നടക്കാനിരിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാനായും തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വ്യോമസേനയിലെ നാലു പൈലറ്റുമാരെ അദ്ദേഹം അഭിനന്ദിച്ചു.
‘ഭാവിയുടെ വാഗ്ദാനമായ ഈ യുവാക്കള്‍ ഇന്ത്യയുടെ നൈപുണ്യത്തിന്റെയും പ്രതിഭയുടെയും കഴിവിന്റെയും ധൈര്യത്തിന്റെയും സ്വപ്‌നങ്ങളുടെയും പ്രതീകങ്ങളാണ്. നമ്മുടെ നാലു സുഹൃത്തുക്കള്‍ പരിശീലനത്തിനായി ഏതാനും ദിവസത്തിനകം റഷ്യയിലേക്കു പോകും. ഇത് ഇന്ത്യ-റഷ്യ സൗഹൃദത്തിലും സഹകരണത്തിലും മറ്റൊരു സുവര്‍ണ അധ്യായം എഴുതിച്ചേര്‍ക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്’.
ഒരു വര്‍ഷത്തെ പരിശീലനത്തിനുശേഷം ബഹിരാകാശത്തോളം നീളുന്ന രാജ്യത്തിന്റെ പ്രതീക്ഷകളും മോഹങ്ങളും ഇവര്‍ ചുമലിലേറ്റുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
അദ്ദേഹം തുടര്‍ന്നു: ‘സുവിശേഷ ദിനമായ റിപ്പബ്ലിക് ദിനത്തില്‍ ഈ നാലു യുവാക്കളെയും ഈ ദൗത്യവുമായി ബന്ധപ്പെട്ട ഇന്ത്യയിലെയും റഷ്യയിലെയും ശാസ്ത്രജ്ഞരെയും എന്‍ജിനീയര്‍മാരെയും ഞാന്‍ അഭിനന്ദിക്കുന്നു’.