2019 സെപ്റ്റംബര്‍ 21 മുതല്‍ 27 വരെ ഞാന്‍ അമേരിക്ക സന്ദര്‍ശിക്കുകയാണ്. ഹൂസ്റ്റണ്‍ സന്ദര്‍ശിക്കുന്ന ഞാന്‍, തുടര്‍ന്ന് ഐക്യരാഷ്ട്ര സംഘടന പൊതുസഭയുടെ 74ാമതു സമ്മേളനത്തിന്റെ ഉന്നതതല സമിതിയില്‍ പങ്കെടുക്കാനായി ന്യൂയോര്‍ക്കിലേക്കു തിരിക്കും.
ഹൂസ്റ്റണില്‍ ഇന്ത്യ-അമേരിക്ക ഊര്‍ജപങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഞാന്‍ അമേരിക്കയിലെ മുന്‍നിര ഊര്‍ജ കമ്പനികളുടെ സി.ഇ.ഒമാരുമായി സംവദിക്കും. പരസ്പരം നേട്ടമായിത്തീരുന്ന സഹകരണത്തിനുള്ള പുതിയ മേഖലയായി ഊര്‍ജമേഖല മാറിയിട്ടുണ്ട്. നമ്മുടെ ഉഭയകക്ഷിബന്ധത്തിന്റെ പ്രധാന മുഖമായി ഈ മേഖല മാറിവരികയുമാണ്.
ഹൂസ്റ്റണില്‍ നടക്കുന്ന ഇന്ത്യന്‍-അമേരിക്കന്‍ വംശജരുമായുള്ള കൂടിക്കാഴ്ചയും അഭിസംബോധനയും ഞാന്‍ പ്രതീക്ഷയോടെയാണു കാണുന്നത്. വിവിധ മേഖലകളില്‍ അവര്‍ നേടിയ വിജയവും അമേരിക്കയുടെ വിവിധ മണ്ഡലങ്ങളില്‍ അവര്‍ നല്‍കുന്ന സംഭാവനകളും ഇന്ത്യയുമായി അവര്‍ക്കുള്ള അടുത്ത ബന്ധവും ഇരു ജനാധിപത്യ രാജ്യങ്ങള്‍ക്കും ഇടയില്‍ പാലമായി അവര്‍ വര്‍ത്തിക്കുന്നതും നമുക്ക് അഭിമാനാര്‍ഹമായ കാര്യങ്ങളാണ്. പങ്കെടുക്കുകയും എനിക്കൊപ്പം പ്രസംഗിക്കുകയും വഴി അമേരിക്കന്‍ പ്രസിഡന്റ് ശ്രീ. ഡൊനാള്‍ഡ് ട്രംപ് ചടങ്ങിന്റെ ഭാഗമാകുമെന്നത് ഇന്ത്യന്‍ വംശജര്‍ക്കു വലിയ അംഗീകാരമാണ്. അതെനിക്കു സന്തോഷം പകരുന്ന കാര്യവുമാണ്. ഇന്ത്യന്‍ വംശജരുടെ യോഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് എനിക്കൊപ്പം പങ്കെടുക്കുന്നത് ഇതാദ്യമാണ്. അവരിലേക്ക് എത്തിച്ചേരുന്നതില്‍ പുതിയ നാഴികക്കല്ലായി ഇതു മാറും.
ഹൂസ്റ്റണില്‍ വെച്ച് ഇന്ത്യന്‍-അമേരിക്കന്‍ വംശജരുടെ വിവിധ സംഘങ്ങളുമായും അവരില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായും സംവദിക്കാന്‍ എനിക്ക് അവസരം ലഭിക്കും.
ന്യൂയോര്‍ക്കില്‍ പല പ്രധാന ചടങ്ങുകളിലും സംബന്ധിക്കുന്നുണ്ട്. 1945ല്‍ ഐക്യരാഷ്ട്ര സംഘടന സ്ഥാപിക്കപ്പെട്ടപ്പോള്‍ മുതലുള്ള അംഗമെന്ന നിലയില്‍, സമാധാനവും സുരക്ഷയും ഉറപ്പാക്കാനും എല്ലാവരെയും ഉള്‍ച്ചേര്‍ത്തുള്ള സാമ്പത്തിക വളര്‍ച്ചയും ലോകത്തിന്റെ വികസനവും സാധ്യമാക്കാനും ബഹുകക്ഷിസംവിധാനത്തോടുള്ള ഇളക്കംതട്ടാത്ത പ്രതിബദ്ധത ഇന്ത്യ നിലനിര്‍ത്തിപ്പോരുന്നുണ്ട്.
ഇത്തവണ നടക്കുന്ന ഐക്യരാഷ്ട്രസംഘടന പൊതുസഭയുടെ 74ാമതു യോഗത്തിന്റെ പ്രമേയം ‘ദാരിദ്ര്യനിര്‍മാര്‍ജനത്തിനും മേന്‍മയാര്‍ന്ന വിദ്യാഭ്യാസത്തിനും കാലാവസ്ഥയ്ക്കും ഉള്‍ച്ചേര്‍ക്കലിനുമായി ബഹുരാഷ്ട്ര ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തുക’ എന്നതാണ്. രാജ്യാന്തര സമൂഹത്തിനു മുന്നില്‍ പല വെല്ലുവിളികളും ഉണ്ട്- തകര്‍ച്ച നേരിടാവുന്ന ആഗോള സമ്പദ്‌വ്യവസ്ഥ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം, ഭീകരവാദം വ്യാപിപ്പിക്കുകയും വളരുകയും ചെയ്യുന്നത്, കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യമെന്ന ആഗോള വെല്ലുവിളി തുടങ്ങിയവ. ഇവയ്‌ക്കെതിരെ ശക്തമായ ആഗോള പ്രതിബദ്ധതയും യോജിച്ചുള്ള ബഹുരാഷ്ട്ര നടപടിയും ആവശ്യമാണ്. പ്രതികരണാത്മകവും ഫലപ്രദവും ഉള്‍ച്ചേര്‍ത്തുള്ളതും, അര്‍പ്പിതമായ ഉത്തരവാദിത്തം ഇന്ത്യ കൃത്യമായി പാലിച്ചുവരുന്നതുമായ പരിഷ്‌കൃത ബഹുരാഷ്ട്രസംവിധാനത്തോടുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത ഞാന്‍ ഊട്ടിയുറപ്പിക്കും.
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ഉണ്ടായ നമ്മുടെ വിജയം ഐക്യരാഷ്ട്ര സംഘടനയില്‍ ഞാന്‍ ഉയര്‍ത്തിക്കാണിക്കും. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനായി ആഗോള ലക്ഷ്യങ്ങള്‍ക്കും രാജ്യാന്തര പ്രതിബദ്ധതയ്ക്കും അനുസൃതമായി ഇന്ത്യ കൈക്കൊണ്ട ശക്തമായ നടപടികള്‍ സെപ്റ്റംബര്‍ 23നു നടക്കുന്ന ക്ലൈമറ്റ് ആക്ഷന്‍ ഉച്ചകോടിയില്‍ ഞാന്‍ വിശദീകരിക്കും.
ആഗോള ആരോഗ്യ സുരക്ഷയ്ക്കായുള്ള ഐക്യരാഷ്ട്ര സംഘടനാ പരിപാടിയില്‍ ആയുഷ്മാന്‍ ഭാരത് പോലെ, ആവശ്യക്കാര്‍ക്ക് ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിനു നടപ്പാക്കിയ പദ്ധതികളെക്കുറിച്ചു വിശദീകരിക്കും.
മഹാത്മാ ഗാന്ധിയുടെ 150ാം ജയന്തിയുടെ ഭാഗമായി ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ സംഘടിപ്പിക്കുന്ന പരിപാടി ഇന്നത്തെ ലോകത്തില്‍ ഗാന്ധിയന്‍ ആശയങ്ങള്‍ പിന്‍തുടരേണ്ടതിന്റെ പ്രസക്തിക്ക് അടിവരയിടുന്നതായിരിക്കും. ഗാന്ധിജിക്ക് ഒരുമിച്ച് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനും അദ്ദേഹം പകര്‍ന്നുനല്‍കിയ സന്ദേശത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനുമായി ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറലിനൊപ്പം പങ്കെടുക്കുക വഴി വിവിധ രാജ്യങ്ങളുടെയും ഗവണ്‍മെന്റുകളുടെയും തലവന്‍മാര്‍ ചടങ്ങിനെ സാന്നിധ്യത്താല്‍ മഹനീയമാക്കും.
യു.എന്‍.ജി.എയ്ക്കിടെ മറ്റു രാഷ്ട്രങ്ങളുടെ നേതാക്കന്‍മാരുമായും ഐക്യരാഷ്ട്രസംഘടനാ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായും ഞാന്‍ ചര്‍ച്ച നടത്തും.
പസഫിക് ദ്വീപ് രാജ്യങ്ങളുമായും കാരികോം ഗ്രൂപ്പ് നേതാക്കളുമായും ഇന്ത്യ ഇതാദ്യമായി നേതൃതല സംവാദം നടത്തും. ദക്ഷിണ-ദക്ഷിണ സഹകരണവും പങ്കാളിത്തവും മുന്നോട്ടുകൊണ്ടുപോകാന്‍ ഇതു സഹായകമാകും.
ഏതാനും ദിവസങ്ങള്‍ക്കിടെ പ്രസിഡന്റ് ട്രംപിനെ ഹൂസ്റ്റണിലും ന്യൂയോര്‍ക്കിലും കാണാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇരു രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും നേട്ടമാകുംവിധം ഉഭയകക്ഷി ബന്ധം പുനരവലോകനം ചെയ്യും. വിദ്യാഭ്യാസം, നൈപുണ്യം, ഗവേഷണം, സാങ്കേതികവിദ്യ, നൂതനാശയം എന്നീ മേഖലകളില്‍ പങ്കാളിത്തത്തിനു വളരെയധികം സാധ്യതകള്‍ ഉള്ളതും സാമ്പത്തിക വളര്‍ച്ച, ദേശ സുരക്ഷ എന്നീ വിഷയങ്ങളില്‍ ഏറെ ബലപ്പെടുത്താന്‍ സാധിക്കുന്നതുമായ അമേരിക്ക നമ്മുടെ ദേശീയ വികസനത്തില്‍ നിര്‍ണായക പങ്കാളിയാണ്. ഒരേ മൂല്യങ്ങളും താല്‍പര്യങ്ങളും പരസ്പര പൂരകമായ കരുത്തും ലോകത്തിലെ ഏറ്റവും പഴയതും ഏറ്റവും വലുതുമായ ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള സ്വാഭാവിക പങ്കാളിത്തത്തിന് അടിത്തറ പാകുന്നു. ഒരുമിച്ചു പ്രവര്‍ത്തിക്കുക വഴി നമുക്ക് ശാന്തവും സുസ്ഥിരവും സുരക്ഷിതവും സ്ഥിരതയാര്‍ന്നതും അഭിവൃദ്ധി നിറഞ്ഞതുമായ ലോകത്തിനായി സംഭാവനകള്‍ അര്‍പ്പിക്കാം.
എന്റെ ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനിടെ അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധത്തിലെ പ്രധാന ഘടകങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. ബ്ലൂംബെര്‍ഗ് ആഗോള ബിസിനസ് ഫോറത്തിന്റെ ആദ്യ പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയിലും പുരോഗതിയിലും പങ്കാളികളാവാന്‍ അമേരിക്കന്‍ ബിസിനസ് പ്രമുഖരെ ക്ഷണിക്കുന്നതിനും ഞാന്‍ കാത്തിരിക്കുകയാണ്. ഗ്ലോബല്‍ ഗോള്‍കീപ്പേഴ്‌സ് ഗോള്‍സ് അവാര്‍ഡ് 2019 എനിക്കു തരാനുള്ള ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ തീരുമാനം അംഗീകാരമായി കാണുന്നു.
എന്റെ സന്ദര്‍ശനം ഇന്ത്യയെ അവസരങ്ങളുടെ സജീവ ഭൂമികയായും വിശ്വസിക്കാവുന്ന പങ്കാളിയായും ആഗോള നേതൃത്വമുള്ള രാജ്യമായും അവതരിപ്പിക്കാന്‍ ഉപയോഗപ്രദമാകുമെന്നും അമേരിക്കയുമായുള്ള നമ്മുടെ ബന്ധത്തിനു നവ ഊര്‍ജം പകരുമെന്നും ഉള്ള ആത്മവിശ്വാസം എനിക്കുണ്ട്.