ശ്രേഷ്ഠരേ,
ആഗോള പിരിമുറുക്കത്തിന്റെ അന്തരീക്ഷത്തിലാണ് നാം കണ്ടുമുട്ടുന്നത്. ഇന്ത്യ എന്നും സമാധാനത്തിന് അനുകൂലമാണ്. നിലവിലെ സാഹചര്യത്തില്‍ പോലും, സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാതയ്ക്കായി ഞങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഭൗമരാഷ്ട്രീയാസ്വാസ്ഥ്യത്തിന്റെ ആഘാതം യൂറോപ്പില്‍ മാത്രമല്ല. ഊര്‍ജത്തിന്റെയും ഭക്ഷ്യധാന്യങ്ങളുടെയും വിലക്കയറ്റം എല്ലാ രാജ്യങ്ങളെയും ബാധിക്കുന്നു. വികസ്വര രാജ്യങ്ങളുടെ ഊര്‍ജ്ജവും സുരക്ഷയും പ്രത്യേകിച്ച് അപകടത്തിലാണ്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത്, ആവശ്യമുള്ള പല രാജ്യങ്ങള്‍ക്കും ഇന്ത്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 35,000 ടണ്‍ ഗോതമ്പ് മാനുഷിക സഹായമായി ഞങ്ങള്‍ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചു. അവിടെയുണ്ടായ ശക്തമായ ഭൂകമ്പത്തിനു ശേഷവും ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ചുകൊടുത്ത ആദ്യ രാജ്യം ഇന്ത്യയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ അയല്‍രാജ്യമായ ശ്രീലങ്കയെയും ഞങ്ങള്‍ സഹായിക്കുന്നു.
ആഗോള ഭക്ഷ്യസുരക്ഷ എന്ന വിഷയത്തില്‍ എനിക്ക് ചില നിര്‍ദ്ദേശങ്ങളുണ്ട്. ഒന്നാമതായി, നാം രാസവളങ്ങളുടെ ലഭ്യതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആഗോളതലത്തില്‍ രാസവളങ്ങളുടെ മൂല്യ ശൃംഖല സുഗമമായി നിലനിര്‍ത്തുകയും വേണം. ഇന്ത്യയില്‍ രാസവളങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ജി7 രാജ്യങ്ങളില്‍ നിന്ന് ഇക്കാര്യത്തില്‍ സഹകരണം തേടാനും ഞങ്ങള്‍ ശ്രമിക്കുന്നു. രണ്ടാമതായി, ജി7-ലെ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയ്ക്ക് വലിയ കാര്‍ഷിക മനുഷ്യശേഷിയുണ്ട്. ജി7 ലെ ചില രാജ്യങ്ങളില്‍ ചീസ്, ഒലിവ് തുടങ്ങിയ പരമ്പരാഗത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ ഇന്ത്യന്‍ കാര്‍ഷിക വൈദഗ്ധ്യം സഹായിച്ചിട്ടുണ്ട്. അംഗരാജ്യങ്ങളില്‍ ഇന്ത്യന്‍ കാര്‍ഷിക പ്രതിഭകളുടെ വ്യാപകമായ ഉപയോഗത്തിനായി ഒരു ഘടനാപരമായ സംവിധാനം സൃഷ്ടിക്കാന്‍ ജി7 ന് കഴിയുമോ? ഇന്ത്യയിലെ കര്‍ഷകരുടെ പരമ്പരാഗത പ്രതിഭകളുടെ സഹായത്തോടെ ജി7 രാജ്യങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കും.
അടുത്ത വര്‍ഷം, ലോകം ഭക്ഷ്യധാന്യങ്ങളുടെ അന്താരാഷ്ട്ര വര്‍ഷം ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍, തിന പോലെയുള്ള പോഷകസമൃദ്ധമായ ഒരു ബദല്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രചാരണപരിപാടി നമ്മള്‍ നടത്തണം. ലോകത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് തിന പോലുള്ള ധാന്യങ്ങള്‍ക്ക് വിലപ്പെട്ട സംഭാവന നല്‍കാന്‍ കഴിയും. അവസാനമായി, ഇന്ത്യയില്‍ നടക്കുന്ന 'പ്രകൃതി കൃഷി' വിപ്ലവത്തിലേക്ക് നിങ്ങളുടെ എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ വിദഗ്ധര്‍ക്ക് ഈ പരീക്ഷണം പഠിക്കാന്‍ കഴിയും. ഈ വിഷയത്തെക്കുറിച്ചുള്ള ഒരു പ്രബന്ധം ഞങ്ങള്‍ നിങ്ങളുമായി പങ്കിട്ടു.
ശ്രേഷ്ഠരേ,
ലിംഗസമത്വത്തിന്റെ കാര്യത്തില്‍, ഇന്ന് ഇന്ത്യയുടെ സമീപനം 'സ്ത്രീ വികസന'ത്തില്‍ നിന്ന് 'സ്ത്രീ നയിക്കുന്ന വികസന'ത്തിലേക്കാണ് നീങ്ങുന്നത്. 6 ദശലക്ഷത്തിലധികം ഇന്ത്യന്‍ വനിതാ മുന്‍നിര പ്രവര്‍ത്തകര്‍ പകര്‍ച്ചവ്യാധിയുടെ സമയത്ത് നമ്മുടെ ജനങ്ങളെ സുരക്ഷിതരാക്കി. ഇന്ത്യയില്‍ വാക്‌സിനുകളും പരിശോധനാ കിറ്റുകളും വികസിപ്പിക്കുന്നതില്‍ നമ്മുടെ വനിതാ ശാസ്ത്രജ്ഞര്‍ വലിയ സംഭാവന നല്‍കി. ഇന്ത്യയിലെ ഒരു ദശലക്ഷത്തിലധികം വനിതാ സന്നദ്ധപ്രവര്‍ത്തകര്‍ ഗ്രാമീണ ആരോഗ്യം നല്‍കുന്നതില്‍ സജീവമാണ്. അവരെ ഞങ്ങള്‍ 'ആശാ പ്രവര്‍ത്തകര്‍' എന്ന് വിളിക്കുന്നു.കഴിഞ്ഞ മാസം, ലോകാരോഗ്യ സംഘടന ഈ ഇന്ത്യന്‍ ആശാ പ്രവര്‍ത്തകരെ അതിന്റെ 'ആഗോള നേതൃ പുരസ്‌കാരം 2022' നല്‍കി ആദരിച്ചു.
ഇന്ത്യയില്‍ പ്രാദേശിക ഭരണം മുതല്‍ ദേശീയ ഗവണ്‍മെന്റ് വരെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ നേതാക്കളെയും കണക്കാക്കിയാല്‍, അവരില്‍ പകുതിയിലേറെയും സ്ത്രീകളാണ്. ആകെ എണ്ണം ദശലക്ഷക്കണക്കിന് വരും. ഇന്ത്യന്‍ സ്ത്രീകള്‍ ഇന്ന് യഥാര്‍ത്ഥ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പൂര്‍ണ്ണമായും പങ്കാളികളാണെന്ന് ഇത് കാണിക്കുന്നു. അടുത്ത വര്‍ഷം ഇന്ത്യ ജി20 അധ്യക്ഷ പദവി വഹിക്കും. ജി20 വേദിക്കു കീഴില്‍, കൊവിഡിന് ശേഷമുള്ള വീണ്ടെടുക്കല്‍ ഉള്‍പ്പെടെയുള്ള മറ്റ് വിഷയങ്ങളില്‍ ഞങ്ങള്‍ ജി7-രാജ്യങ്ങളുമായി അടുത്ത സംഭാഷണം നടത്തും.
നന്ദി.