ശ്രേഷ്ഠരേ,
നിര്‍ഭാഗ്യവശാല്‍, ലോകത്തിന്റെ വികസന ലക്ഷ്യങ്ങളും പരിസ്ഥിതി സംരക്ഷണവും തമ്മില്‍ അടിസ്ഥാനപരമായ സംഘര്‍ഷം ഉണ്ടെന്ന് വിശ്വസിക്ക പ്പെടുന്നു. ദരിദ്ര രാജ്യങ്ങളും ദരിദ്രരും പരിസ്ഥിതിക്ക് കൂടുതല്‍ നാശമുണ്ടാക്കുന്നുവെന്ന മറ്റൊരു തെറ്റിദ്ധാരണ കൂടിയുണ്ട്. എന്നാല്‍, ഇന്ത്യയുടെ ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രം ഈ വീക്ഷണത്തെ പൂര്‍ണ്ണമായും നിരാകരിക്കുന്നു. പുരാതന ഇന്ത്യ വളരെയധികം സമൃദ്ധിയുടെ ഒരു കാലം കണ്ടു; നൂറ്റാണ്ടുകളുടെ അടിമത്തവും ഞങ്ങള്‍ സഹിച്ചു, ഇപ്പോള്‍ സ്വതന്ത്ര ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയാണ്. എന്നാല്‍ ഈ കാലഘട്ടത്തില്‍ പരിസ്ഥിതിയോടുള്ള പ്രതിബദ്ധത ഒരല്‍പ്പം പോലും ചോര്‍ന്നുപോകാന്‍ ഇന്ത്യ അനുവദിച്ചില്ല. ലോകജനസംഖ്യയുടെ 17% ഇന്ത്യയില്‍ വസിക്കുന്നു. പക്ഷേ, ആഗോള കാര്‍ബണ്‍ പുറന്തള്ളലില്‍ നമ്മുടെ സംഭാവന 5% മാത്രമാണ്. പ്രകൃതിയുമായുള്ള സഹവര്‍ത്തിത്വ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ള ഞങ്ങളുടെ ജീവിതശൈലിയാണ് ഇതിന് പിന്നിലെ പ്രധാന കാരണം.
ഊര്‍ജ ലഭ്യത സമ്പന്നരുടെ മാത്രം പ്രത്യേകാവകാശമായിരിക്കരുത്. ദരിദ്രകുടുംബത്തിനും ഊര്‍ജത്തിന്റെ കാര്യത്തില്‍ അതേ അവകാശമുണ്ടെന്ന് നിങ്ങള്‍ എല്ലാവരും സമ്മതിക്കും. ഇന്ന് ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ കാരണം ഊര്‍ജച്ചെലവ് ഉയരുമ്പോള്‍, ഈ കാര്യം ഓര്‍ത്തിരിക്കേണ്ടത് പ്രധാനമാണ്. ഈ തത്ത്വത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട്, ഞങ്ങള്‍ ഇന്ത്യയില്‍ എല്‍ഇഡി ബള്‍ബുകളും ശുദ്ധമായ പാചക വാതകവും വീടുതോറും എത്തിച്ചു, ദരിദ്രര്‍ക്ക് ഊര്‍ജം ഉറപ്പാക്കിക്കൊണ്ട് ദശലക്ഷക്കണക്കിന് ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ലാഭിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ കാണിച്ചു.
നമ്മുടെ കാലാവസ്ഥാ പ്രതിബദ്ധതകളോടുള്ള ഞങ്ങളുടെ സമര്‍പ്പണം ഞങ്ങളുടെ പ്രകടനത്തില്‍ നിന്ന് വ്യക്തമാണ്. ഫോസില്‍ ഇതര സ്രോതസ്സുകളില്‍ നിന്ന് 40 ശതമാനം ഊര്‍ജ്ജ ശേഷി എന്ന ലക്ഷ്യം 9 വര്‍ഷം മുമ്പ് ഞങ്ങള്‍ നേടിയിട്ടുണ്ട്. പെട്രോളില്‍ 10 ശതമാനം എത്തനോള്‍ കലര്‍ത്തുക എന്ന ലക്ഷ്യം അഞ്ച് മാസം മുമ്പേ കൈവരിക്കാന്‍ കഴിഞ്ഞു. ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണമായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളം ഇന്ത്യയിലാണ്. ഈ ദശകത്തില്‍ ഇന്ത്യയുടെ വലിയ റെയില്‍വേ സംവിധാനം പൂര്‍ണമായും കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാത്തതായി മാറും.
ശ്രേഷ്ഠരേ,
ഇന്ത്യയെപ്പോലുള്ള ഒരു വലിയ രാജ്യം അത്തരം അഭിലാഷം പ്രകടിപ്പിക്കുമ്പോള്‍, മറ്റ് വികസ്വര രാജ്യങ്ങള്‍ക്കും പ്രചോദനം ലഭിക്കും. ജി-7ലെ സമ്പന്ന രാജ്യങ്ങള്‍ ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇന്ന്, ശുദ്ധമായ ഊര്‍ജ്ജ സാങ്കേതിക വിദ്യകള്‍ക്ക് ഇന്ത്യയില്‍ ഒരു വലിയ വിപണി ഉയര്‍ന്നുവരുന്നു. ജി-7 രാജ്യങ്ങള്‍ക്ക് ഈ മേഖലയില്‍ ഗവേഷണം, നവീകരണം, നിര്‍മ്മാണം എന്നിവയില്‍ നിക്ഷേപം നടത്താം. ഓരോ പുതിയ സാങ്കേതികവിദ്യയ്ക്കും ഇന്ത്യയ്ക്ക് നല്‍കാന്‍ കഴിയുന്ന തോത് ആ സാങ്കേതികവിദ്യയെ ലോകത്തിന് മുഴുവന്‍ താങ്ങാനാവുന്നതാക്കും. ചലനാത്മക സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ജീവിതരീതിയുടെയും അവിഭാജ്യ ഘടകമാണ്.
ഞാന്‍ കഴിഞ്ഞ വര്‍ഷം ഗ്ലാസ്ഗോയില്‍ ജീവിതം - പരിസ്ഥിതിക്കുവേണ്ടി ജീവിതശൈലി- എന്ന പേരിലുള്ള ഒരു പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്തു. ഈ വര്‍ഷം ലോക പരിസ്ഥിതി ദിനത്തില്‍ നമ്മള്‍ ജീവനു വേണ്ടിയുള്ള ആഗോള പ്രചരണ പരിപാടി ആരംഭിച്ചു. പരിസ്ഥിതി സൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം. ഈ പ്രസ്ഥാനത്തിന്റെ അനുയായികളെ നമുക്ക് ട്രിപ്പിള്‍-പി എന്ന് വിളിക്കാം, അതായത് 'ഭൂമിയെന്ന ഉപഗ്രഹത്തെ സ്‌നേഹിക്കുന്നവര്‍', നമ്മുടെ സ്വന്തം രാജ്യങ്ങളില്‍ ട്രിപ്പിള്‍-പി ആളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം നാമെല്ലാവരും ഏറ്റെടുക്കണം. വരും തലമുറകള്‍ക്കുള്ള നമ്മുടെ ഏറ്റവും വലിയ സംഭാവനയായിരിക്കും ഇത്.
ശ്രേഷ്ഠരേ,
മനുഷ്യന്റെയും ഭൂമിയുടെയും ആരോഗ്യം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, ഒരു ലോകം, ഒരു ആരോഗ്യം എന്ന സമീപനമാണ് ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. മഹാമാരിക്കാലത്ത്, ആരോഗ്യ മേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് ഇന്ത്യ നിരവധി ക്രിയാത്മക വഴികള്‍ കണ്ടെത്തി. മറ്റ് വികസ്വര രാജ്യങ്ങളിലേക്ക് ഈ കണ്ടുപിടുത്തങ്ങള്‍ എത്തിക്കാന്‍ ജി7 രാജ്യങ്ങള്‍ക്ക് ഇന്ത്യയെ സഹായിക്കാനാകും. അടുത്തിടെ നാമെല്ലാവരും അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. കൊവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തില്‍, ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് പ്രതിരോധ ആരോഗ്യത്തിനുള്ള ഒരു മികച്ച ഉപകരണമായി യോഗ മാറിയിരിക്കുന്നു, ഇത് നിരവധി ആളുകളെ അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിച്ചു.
യോഗ കൂടാതെ, ഇന്ത്യയുള്‍പ്പെടെ ലോകത്തിലെ പല രാജ്യങ്ങളിലും പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ വിലപ്പെട്ട ഒരു ആസ്തിയുണ്ട്, അത് സമഗ്രമായ ആരോഗ്യത്തിന് ഉപയോഗിക്കാം. അടുത്തിടെ ലോകാരോഗ്യ സംഘടന ഇന്ത്യയില്‍ പരമ്പരാഗത വൈദ്യശാസ്ത്രത്തിനുള്ള ആഗോള കേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ കേന്ദ്രം ലോകമെമ്പാടുമുള്ള വിവിധ പരമ്പരാഗത ഔഷധ സമ്പ്രദായങ്ങളുടെ ഒരു കലവറയായി മാറുക മാത്രമല്ല, ഈ മേഖലയില്‍ കൂടുതല്‍ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ലോകത്തിലെ എല്ലാ പൗരന്മാര്‍ക്കും ഇത് പ്രയോജനപ്പെടും.
നന്ദി.