ബഹുമാന്യനായ റഷ്യയുടെ പ്രസിഡന്റ് , ബഹുമാന്യരേ, എന്റെ മിത്രങ്ങളേ,
ഒന്നാമതായി, എസ്സിഒയുടെ കാര്യക്ഷമമായ നേതൃത്വത്തിന് പ്രസിഡന്റ് പുടിനെ അഭിനന്ദിക്കാനും കോവിഡ് -19 മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികളും പ്രതിബന്ധങ്ങളും അവഗണിച്ച് ഈ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിനു നന്ദി പറയാനും ഞാന്‍ ഈ അവസരം വിനിയോഗിക്കുന്നു. ഈ വേദനാജനകമായ സാഹചര്യങ്ങള്‍ക്കിടയിലും, എസ്സിഒയുടെ കീഴില്‍ സഹകരണത്തിന്റെയും സമന്വയത്തിന്റെയും വിശാലവും മുന്നോട്ടുള്ളതുമായ കാര്യപരിപാടി പിന്തുടരാന്‍ നമുക്ക് കഴിയുന്നു.
ആദരണീയരേ,
എസ്സിഒയില്‍ ഇന്ത്യയ്ക്ക് ഇത് ഒരു പ്രധാന വര്‍ഷമാണ്. ഞങ്ങള്‍ ആദ്യമായി 'എസ്സിഒ കൗണ്‍സില്‍ ഓഫ് ഹെഡ്‌സ് ഓഫ് ഗവണ്‍മെന്റ്' എന്ന ഉച്ചകോടി തല യോഗം വിളിക്കാന്‍ പോകുന്നു. സാമ്പത്തിക സഹകരണത്തിന് പ്രത്യേക ശ്രദ്ധ നല്‍കിക്കൊണ്ട് ഈ യോഗത്തിനായി വിശാലമായ അജണ്ട തയ്യാറാക്കിയിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലെ ഞങ്ങളുടെ സമ്പന്നമായ അനുഭവം പങ്കിടുന്നതിന് ഇന്നൊവേഷന്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയെക്കുറിച്ച് ഒരു പ്രത്യേക വര്‍ക്കിംഗ് ഗ്രൂപ്പ് ഉണ്ടാക്കാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിച്ചു. പരമ്പരാഗത വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള ഒരു വര്‍ക്കിംഗ് ഗ്രൂപ്പും ഞങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുവഴി പരമ്പരാഗതവും പുരാതനവുമായ വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള അറിവ് എസ്സിഒ രാജ്യങ്ങളില്‍ വ്യാപിക്കുകയും സമകാലിക വൈദ്യശാസ്ത്രത്തിലെ മുന്നേറ്റം പരസ്പര പൂരകമാവുകയും ചെയ്യും.
അഭിവന്ദ്യരേ,
സാമ്പത്തിക ബഹുമുഖത്വവും ദേശീയ ശേഷിയും വര്‍ദ്ധിപ്പിക്കുന്നതും കൂടിച്ചേര്‍ന്നാല്‍, എസ്സിഒ രാജ്യങ്ങള്‍ക്ക് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക നഷ്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമെന്ന് ഇന്ത്യ ഉറച്ചു വിശ്വസിക്കുന്നു. കൊവിഡ് അനന്തര ലോകത്ത് ഒരു 'സ്വാശ്രിത ഇന്ത്യ' എന്ന കാഴ്ചപ്പാടോടെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്. 'സ്വാശ്രിത ഇന്ത്യ' ആഗോള സമ്പദ്വ്യവസ്ഥയുടെ ഒരു ഗുണിതമാണെന്ന് തെളിയിക്കുമെന്നും എസ്സിഒ മേഖലയുടെ സാമ്പത്തിക പുരോഗതിയെ ത്വരിതപ്പെടുത്തുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
അഭിവന്ദ്യരേ,
എസ്സിഒ രാജ്യങ്ങളുമായി ഇന്ത്യ സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധം പുലര്‍ത്തുന്നു. ചരിത്രപരവും സാംസ്‌കാരികവുമായ ഈ പൈതൃകം നമ്മുടെ പൂര്‍വ്വികര്‍ അവരുടെ അചഞ്ചലവും നിരന്തരവുമായ സമ്പര്‍ക്കങ്ങളിലൂടെ സജീവമാക്കി. ഇന്റര്‍നാഷണല്‍ നോര്‍ത്ത് സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോര്‍, ചബഹാര്‍ തുറമുഖം, അഷ്ഗാബത്ത് കരാറുകള്‍ തുടങ്ങിയ നടപടികള്‍ പരസ്പര ബന്ധത്തോടുള്ള ഇന്ത്യയുടെ ശക്തമായ ദൃഢനിശ്ചയത്തെ പ്രതിഫലിപ്പിക്കുന്നു. പരസ്പര ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍, പരസ്പരം പരമാധികാരത്തെയും അഖണ്ഡതയെയും ബഹുമാനിക്കുന്ന പ്രധാന തത്വങ്ങളുമായി മുന്നോട്ട് പോകേണ്ടത് ആവശ്യമാണെന്ന് ഇന്ത്യ വിശ്വസിക്കുന്നു.
അഭിവന്ദ്യരേ,
ഐക്യരാഷ്ട്രസഭ 75 വര്‍ഷം പൂര്‍ത്തിയാക്കി. നിരവധി നേട്ടങ്ങള്‍ ഉണ്ടായിട്ടും ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന ലക്ഷ്യം ഇപ്പോഴും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. മഹാമാരി സൃഷ്ടിച്ച സാമ്പത്തികവും സാമൂഹികവുമായ കഷ്ടപ്പാടുകളുമായി പൊരുതുന്ന ലോകം യുഎന്‍ സംവിധാനങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഞങ്ങളുടെ വേദങ്ങളില്‍ 'പരിവര്‍ത്തന്‍മേ സ്തിര്‍മാസ്തി' എന്ന് പറഞ്ഞിട്ടുണ്ട് – മാറ്റം മാത്രമാണ് സ്ഥിരം. 2021 മുതല്‍ ഇന്ത്യ യുഎന്‍ സുരക്ഷാ സമിതിയില്‍ സ്ഥിരമല്ലാത്ത അംഗമായി പങ്കെടുക്കും. ആഗോള ഭരണ പ്രക്രിയയില്‍ സാധ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിലായിരിക്കും ഞങ്ങളുടെ ശ്രദ്ധ.
ഇന്നത്തെ ആഗോള യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുകയും എല്ലാ പങ്കാളികളുടെയും പ്രതീക്ഷകള്‍, സമകാലിക വെല്ലുവിളികള്‍, മനുഷ്യക്ഷേമം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഒരു പരിഷ്‌കരിച്ച ബഹുരാഷ്ട്രവാദം. ഈ ശ്രമത്തില്‍ എസ്സിഒ അംഗരാജ്യങ്ങളുടെ പൂര്‍ണ പിന്തുണ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
അഭിവന്ദ്യരേ,
(സര്‍വേ ഭവന്തു സുഖിന, സര്‍വേ സന്തു നിരാമയ)
നമുക്ക് എല്ലാവര്‍ക്കും സന്തോഷത്തോടെയും രോഗരഹിതരായും തുടരാം. ഇന്ത്യയുടെ മുഴുവന്‍ മനുഷ്യക്ഷേമ വിശ്വാസത്തിന്റെയും പ്രതീകമാണ് ഈ സമാധാന പ്രകീര്‍ത്തനം. അഭൂതപൂര്‍വമായ പകര്‍ച്ചവ്യാധിയുടെ ഈ വേദനാജനകമായ സമയത്ത്, ഇന്ത്യയുടെ ഫാര്‍മ വ്യവസായം 150 ലധികം രാജ്യങ്ങളെ അവശ്യ മരുന്നുകളുമായി സഹായിച്ചു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന രാജ്യം എന്ന നിലയില്‍, ഇന്ത്യ അതിന്റെ വാക്‌സിന്‍ ഉല്‍പാദനവും വിതരണ ശേഷിയും ഉപയോഗിച്ച് ഈ പ്രതിസന്ധിയെ നേരിടാന്‍ മുഴുവന്‍ മനുഷ്യരെയും സഹായിക്കും.
അഭിവന്ദ്യരേ
സമാധാനം, സുരക്ഷ, സമൃദ്ധി എന്നിവയില്‍ ഇന്ത്യ ഉറച്ചു വിശ്വസിക്കുന്നു. ഭീകരത, അനധികൃത ആയുധക്കടത്ത്, മയക്കുമരുന്ന്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയ്ക്കെതിരെ ഞങ്ങള്‍ എല്ലായ്‌പ്പോഴും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എസ്സിഒ ചാര്‍ട്ടറില്‍ പറഞ്ഞിരിക്കുന്ന എസ്സിഒ തത്വങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാനുള്ള പ്രതിജ്ഞാബദ്ധതയില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നു.
എന്നിരുന്നാലും, എസ്സിഒ ചാര്‍ട്ടറിനെയും ഷാങ്ഹായ് സ്പിരിറ്റിനെയും ലംഘിക്കുന്ന വിധം എസ്സിഒ അജണ്ടയില്‍ അനാവശ്യമായി ഉഭയകക്ഷി പ്രശ്‌നങ്ങള്‍ കൊണ്ടുവരാന്‍ ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍ നടത്തുന്നത് നിര്‍ഭാഗ്യകരമാണ്. അത്തരം ശ്രമങ്ങള്‍ എസ്സിഒയെ നിര്‍വചിക്കുന്ന സമവായത്തിന്റെയും സഹകരണത്തിന്റെയും മനോഭാവത്തിന് വിരുദ്ധമാണ്.
അഭിവന്ദ്യരേ,
എസ്സിഒയുടെ ഇരുപതാം വാര്‍ഷികം 2021 ല്‍ 'എസ്സിഒ സാംസ്‌കാരിക വര്‍ഷം' ആയി ആഘോഷിക്കാന്‍ ഞാന്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. നാഷണല്‍ മ്യൂസിയം ഓഫ് ഇന്ത്യ ഈ വര്‍ഷം ഞങ്ങളുടെ പങ്കുവയ്ക്കപ്പെട്ട ബുദ്ധപൈതൃകത്തെക്കുറിച്ചുള്ള ആദ്യത്തെ എസ്സിഒ പ്രദര്‍ശനം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. റഷ്യന്‍, ചൈനീസ് ഭാഷകളിലെ പത്ത് ഇന്ത്യന്‍ സാഹിത്യകൃതികളുടെ വിവര്‍ത്തനം ലിറ്ററേച്ചര്‍ അക്കാദമി ഓഫ് ഇന്ത്യ പൂര്‍ത്തിയാക്കി.
അടുത്ത വര്‍ഷം ഇന്ത്യ പകര്‍ച്ചവ്യാധിയില്ലാത്ത അന്തരീക്ഷത്തില്‍ എസ്സിഒ ഭക്ഷ്യമേളയ്ക്ക് ആതിഥേയത്വം വഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ബീജിംഗിലെ എസ്സിഒ സെക്രട്ടേറിയറ്റുമായി സംയുക്തമായി സംഘടിപ്പിച്ച യോഗ പരിപാടിയില്‍ എല്ലാ എസ്സിഒ രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്.
ശ്രേഷ്ഠരേ, പ്രസിഡന്റ് പുടിന്റെ സമര്‍ത്ഥവും വിജയകരവുമായ നേതൃത്വത്തെ ഞാന്‍ വീണ്ടും അഭിനന്ദിക്കുന്നു. ഈ ഉച്ചകോടി സംഘടിപ്പിച്ചതിന് അദ്ദേഹത്തിന് നന്ദി. അടുത്ത വര്‍ഷം എസ്സിഒ അധ്യക്ഷനായി ചുമതലയേറ്റതിന് താജിക് പ്രസിഡന്റ് ഇമോമാലി റഹ്‌മാനെ അഭിനന്ദിക്കാനും ആശംസിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.
താജിക്കിസ്ഥാന്റെ വിജയകരമായ അധ്യക്ഷപദവിക്ക് ഇന്ത്യയുടെ പൂര്‍ണ സഹകരണവും ഞാന്‍ ഉറപ്പ് നല്‍കുന്നു.
വളരെയധികം നന്ദി.