നമസ്‌കാരം.
ബഹുമാനപ്പെട്ട സെക്രട്ടറി,
130 കോടി ഇന്ത്യക്കാരെ പ്രതിനിധാനം ചെയ്ത് ഐക്യരാഷ്ട്ര സംഘടനയുടെ 74ാമതു സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചതു വലിയ അംഗീകാരമാണ്.
ഈ വര്‍ഷം ലോകമൊന്നാകെ മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം ആഘോഷിക്കുകയാണെന്നതിനാല്‍ ഇതൊരു സവിശേഷമായ അവസരമാണ്.
സത്യത്തെക്കുറിച്ചും അഹിംസയെക്കുറിച്ചും അദ്ദേഹം നല്‍കിയ സന്ദേശം ലോകത്തിന്റെ സമാധാനത്തിനും വികസനത്തിനും പുരോഗതിക്കും ഇന്നും വളരെയേറെ പ്രസക്തമാണ്.
ബഹുമാനപ്പെട്ട സെക്രട്ടറി,
ഈ വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പു നടന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തില്‍ ഇതുവരെയുള്ളതില്‍ വച്ചേറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ വോട്ട് ചെയ്തുകൊണ്ട് എന്നെയും എന്റെ ഗവണ്‍മെന്റിനെയും രണ്ടാമതും അധികാരത്തില്‍ എത്തിച്ചു. നേരത്തേ ലഭിച്ചിരുന്നതിലും വലിയ ജനപിന്‍തുണയാണ് ഇത്തവണ ലഭിച്ചത്.
ആ ജനഹിതത്തിനുള്ള നന്ദികൂടിയാണ് ഞാന്‍ ഇവിടെ നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നു എന്നത്.
എങ്കിലും, ഈ ജനപിന്തുണ പകരുന്ന സന്ദേശം കൂടുതല്‍ പ്രസക്തമാണെന്നു മാത്രമല്ല, വ്യാപ്തിയേറിയതും എന്നെ പ്രചോദിപ്പിക്കുന്നതുംകൂടിയാണ്.
ബഹുമാനപ്പെട്ട സെക്രട്ടറി,
ഒരു വികസ്വര രാജ്യത്തിനു ലോകത്തെ ഏറ്റവും ബൃഹത്തായ ശുചിത്വ പ്രചരണം നടത്താനും അഞ്ചു വര്‍ഷത്തിനകം 11 കോടിയിലേറെ ശൗചാലയങ്ങള്‍ നിര്‍മിക്കാനും സാധിക്കുന്നതു നേട്ടം തന്നെയാണ്. എന്നു മാത്രമല്ല, ഇതു ലോകത്തിനാകെ പ്രചോദനാത്മകമായ സന്ദേശം നല്‍കുന്നുമുണ്ട്.
ഒരു വികസ്വര രാജ്യം ലോകത്തിലെ ഏറ്റവും ബൃഹത്തായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുകയും 50 കോടി ജനങ്ങള്‍ക്കു പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികില്‍സ നല്‍കുകയും ചെയ്യുമ്പോള്‍ ആ പദ്ധതിയുടെ നേട്ടവും ഫലവും ലോകത്തിനു പുതിയ പാത കാട്ടിക്കൊടുക്കുന്നു.
ഒരു വികസ്വര രാജ്യം ലോകത്തിലെ ഏറ്റവും ബൃഹത്തായ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പദ്ധതി നടപ്പാക്കുകയും അഞ്ചു വര്‍ഷത്തിനകം ദരിദ്രര്‍ക്കായി 37 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുകയും ചെയ്യുമ്പോള്‍ വിജയകരമായ ആ വ്യവസ്ഥിതി ലോകത്താകമാനമുള്ള ദരിദ്രരില്‍ ആത്മവിശ്വാസം വളര്‍ത്തുകയാണ്.
ഒരു വികസ്വരം രാജ്യം അതിലെ പൗരന്മാര്‍ക്കായി ലോകത്തിലെ ഏറ്റവും ബൃഹത്തായ ഡിജിറ്റല്‍ തിരിച്ചറിയല്‍ പദ്ധതി നടപ്പാക്കുകയും പൗരന്‍മാര്‍ക്കു ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം ലഭ്യമാക്കുകയും ചെയ്യുകവഴി അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ സൗകര്യമൊരുക്കുമ്പോള്‍, അഴിമതി പ്രതിരോധിക്കുക വഴി 2000കോടി ഡോളര്‍ ലാഭിക്കുമ്പോള്‍, അതില്‍നിന്നു രൂപപ്പെടുന്ന ആധുനിക സംവിധാനങ്ങള്‍ ലോകത്തിനു പുതിയ പ്രതീക്ഷ പകരുന്നു.
ബഹുമാനപ്പെട്ട സെക്രട്ടറി,
ഇവിടേക്കു കടന്നുവന്നപ്പോള്‍ പ്രവേശിക്കുന്ന ഭാഗത്ത് ഈ കെട്ടിടത്തിന്റെ ചുമരില്‍ ‘ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഒഴിവാക്കുക’ എന്ന നോട്ടീസ് കണ്ടതുവെച്ച് ഈ അസംബ്ലിയെ അറിയിക്കട്ടെ, ഞാന്‍ ഇന്നു നിങ്ങളെ അഭിസബോധന ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഇല്ലാതാക്കാന്‍ വലിയ പ്രചരണം സംഘടിപ്പിച്ചുവരികയാണ്.
അടുത്ത അഞ്ചു വര്‍ഷത്തില്‍ ജലസംരക്ഷണം നടപ്പാക്കുന്നതോടൊപ്പം 15 കോടി വീടുകളില്‍ ജലവിതരണം ഉറപ്പാക്കാന്‍ പോവുകയാണ് ഞങ്ങള്‍.
അടുത്ത അഞ്ചു വര്‍ഷത്തിനിടെ ഞങ്ങള്‍ 1,25,000 കിലോമീറ്റര്‍ പുതിയ റോഡ് നിര്‍മിക്കും.
2022ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും ദരിദ്രര്‍ക്കായി രണ്ടു കോടി വീടുകള്‍ നിര്‍മിക്കാന്‍ ഞങ്ങള്‍ക്കു പദ്ധതിയുണ്ട്.
2030 ആകുമ്പോഴേക്കും ക്ഷയരോഗം നിര്‍മാര്‍ജനം ചെയ്യാന്‍ ആഗോള പദ്ധതിയുണ്ടെങ്കില്‍ 2025 ആകുമ്പോഴേക്കും അതു സാധ്യമാക്കാനായാണ് ഇന്ത്യ യത്‌നിക്കുന്നത്.
ഇതൊക്ക എങ്ങനെ സാധിച്ചു എന്ന ചോദ്യം ഉയരുന്നുണ്ട്. എങ്ങനെയാണ് ഇത്രയും വേഗത്തില്‍ ഇന്ത്യയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്?
ബഹുമാനപ്പെട്ട സെക്രട്ടറി,
ഇന്ത്യയുടേത് ആയിരക്കണക്കിനു വര്‍ഷം പഴക്കമുള്ളതും പ്രാപഞ്ചിക സ്വപ്‌നങ്ങളെ ഉള്‍ക്കൊള്ളുന്ന തനതായ സജീവ പാരമ്പര്യമുള്ളതുമായ വലിയ സംസ്‌കാരമാണ്. ഞങ്ങളുടെ മൂല്യങ്ങളും സംസ്‌കാരവും ഓരോ ജീവജാലത്തിലും ദൈവികത കാണുകയും എല്ലാവരുടെയും ക്ഷേമത്തിനായി യത്‌നിക്കുകയും ചെയ്യുന്നു.
അതിനാല്‍, ഞങ്ങളുടടെ സമീപനത്തിന്റെ അടിസ്ഥാനം പൊതുജനപങ്കാളിത്തത്തിലൂടെ പൊതുജനക്ഷേമം എന്നതാണ്. പൊതുജനക്ഷേമം ഇന്ത്യക്കു മാത്രമല്ല, ലോകത്തിനാകെയാണ്.
അതിനാലാണു ഞങ്ങള്‍ക്കു ഞങ്ങളുടെ മുദ്രാവാക്യത്തില്‍നിന്ന് ഊര്‍ജം ലഭിക്കുന്നത്: എല്ലാവരുടെയും വളര്‍ച്ചയ്ക്കായി എല്ലാവരുടെയും സഹകരണത്തോടെ സഹകരിച്ചുള്ള ശ്രമം (സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്).
ഇതും ഇന്ത്യയുടെ അതിരുകള്‍ക്ക് ഉള്ളില്‍ ഒതുങ്ങുന്നില്ല.
ഞങ്ങളുടെ ശ്രമങ്ങള്‍ അനുകമ്പ പ്രകടിപ്പിക്കലോ നാട്യമോ അല്ല. കടമയെക്കുറിച്ചുള്ള ബോധ്യത്തില്‍നിന്നു മാത്രം ഉയിര്‍കൊള്ളുന്നതാണ് അത്.
ഞങ്ങളുടെ എല്ലാ പ്രയത്‌നങ്ങളും 130 കോടി ഇന്ത്യക്കാരെ ഉദ്ദേശിച്ചുള്ളതാണ്. എന്നാല്‍ ആ സ്വപ്‌നങ്ങള്‍ മുഴുവന്‍ ലോകത്തിന്റെയും സ്വപ്‌നങ്ങളാണ്, ഓരോ രാജ്യത്തിന്റെയും സ്വപ്‌നങ്ങളാണ്, ഓരോ സമൂഹത്തിന്റെയും സ്വപ്‌നങ്ങളാണ്.
ഞങ്ങള്‍ നടത്തുന്ന പരിശ്രമത്തിന്റെ ഫലം ലോകത്തിനാകെ ഉള്ളതാണ്.
ഇന്ത്യക്കു സമാനമായി ഓരോ രാജ്യവും അവരുടേതായ വഴിയില്‍ വികസനത്തിനായി യത്‌നിക്കുന്നതു കാണുമ്പോള്‍ എന്റെ ഈ വീക്ഷണം ഓരോ ദിവസം പിന്നിടുമ്പോഴും കുടുതല്‍ കരുത്തുറ്റതായിത്തീരുന്നു.
അവരുടെ സന്തോഷവും ദുഃഖവും സംബന്ധിച്ചു കേള്‍ക്കുമ്പോള്‍, അവരുടെ സ്വപ്‌നങ്ങളെക്കുറിച്ച് അറിയുമ്പോള്‍, എന്റെ രാജ്യത്തിന്റെ വികസനം സാധ്യമാക്കുന്നതിനുള്ള ദൃഢനിശ്ചയം കൂടുതല്‍ കരുത്താര്‍ജിക്കുന്നു. ഇന്ത്യയുടെ അനുഭവം ഈ രാജ്യങ്ങള്‍ക്കു ഗുണകരമാകും.
ബഹുമാനപ്പെട്ട സെക്രട്ടറി,
3000 വര്‍ഷങ്ങള്‍ക്കുമുമ്പ് ലോകത്തിലെ ഏറ്റവും പ്രാചീനഭാഷയായ തമിഴില്‍ ഇന്ത്യയുടെ മഹാനായ കവി കരിയന്‍ പുംഗണ്ട്രനര്‍ എഴുതി:
‘യാ-ദം, ഊ-രെയ്, യാവ്-രം കെ-രിര്‍’. ഇതിന്റെ അര്‍ഥം നാം എല്ലാ പ്രദേശങ്ങള്‍ക്കും വ്യക്തികള്‍ക്കും അവകാശപ്പെട്ടതാണ് എന്നാണ്.
അതിരുകളില്ലാത്ത ഈ ചിന്ത ഇന്ത്യയുടേതു മാത്രമാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യങ്ങള്‍ക്കിടയില്‍ സൗഹൃദം നിലനിര്‍ത്തുന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള പാരമ്പര്യം ശക്തിപ്പെടുത്തുന്നതിനായും ലോകത്തിന്റെ ക്ഷേമത്തിനായും ഇന്ത്യ പ്രവര്‍ത്തിച്ചുവരികയാണ്. ഐക്യരാഷ്ട്ര സംഘടനയുടെ പ്രധാന ലക്ഷ്യങ്ങള്‍ക്കു തുല്യമാണ് ഇന്ത്യയുടെ ലക്ഷ്യവും.
ഇന്ത്യ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളും ഇന്ത്യ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്ന പുതിയ ആഗോള വേദികളും പ്രധാന ആഗോള വെല്ലുവിളികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുള്ള സംയുക്ത ശ്രമം ആവശ്യപ്പെടുന്നുണ്ട്.
ബഹുമാനപ്പെട്ട സെക്രട്ടറി,
ചരിത്രപരമായും പ്രതിശീര്‍ഷ തോതു വെച്ചും നിരീക്ഷിക്കുകയാണെങ്കില്‍ ആഗോളതാപനം സൃഷ്ടിക്കുന്നതിന് ഇന്ത്യ നാമമാത്രമായേ കാരണമാകുന്നുള്ളൂ.
എന്നാല്‍ ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നതിനുള്ള ശ്രമത്തില്‍ ഇന്ത്യ മുന്‍പന്തിയില്‍ത്തന്നെ ഉണ്ട്.
ഒരു ഭാഗത്ത് 450 ജിഗാവാട്ട് പുനരുപയോഗിക്കാവുന്ന ഊര്‍ജം നേടിയെടുക്കാന്‍ യത്‌നിക്കുമ്പോള്‍ മറുഭാഗത്ത് രാജ്യാന്തര സൗരോര്‍ജ സഖ്യം രൂപികരിക്കാന്‍ മുന്‍കയ്യെടുക്കുന്നുമുണ്ട്.
ആഗോളതാപനത്തിന്റെ ഒരു ദോഷഫലം അടിക്കടിയുള്ള പ്രകൃതിദുരന്തങ്ങളാണ്. പുതിയ മേഖലകളിലും പുതിയ രൂപങ്ങളിലും അവ അനുഭവപ്പെടുകയും ചെയ്യുന്നു.
ഈ സാഹചര്യത്തില്‍ ‘കൊയലീഷന്‍ ഫോര്‍ ഡിസാസ്റ്റര്‍ റീസൈലന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍’ (സി.ഡി.ആര്‍.ഐ.) രൂപീകരിക്കുന്നതിന് ഇന്ത്യ മുന്‍കൈ എടുത്തിട്ടുണ്ട്. ഈ സഖ്യത്തിലൂടെ പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാന്‍ സാധിക്കുന്ന അടിസ്ഥാനസൗകര്യം ഒരുക്കാന്‍ സാധിക്കും.
ബഹുമാനപ്പെട്ട സെക്രട്ടറി,
ഐക്യരാഷ്ട്ര സംഘടനയുടെ സമാധാന ദൗത്യങ്ങള്‍ വഴി ഏറ്റവും കൂടുതല്‍ സൈനികരെ നഷ്ടപ്പെട്ടിട്ടുള്ള രാജ്യം ഇന്ത്യയാണ്.
യുദ്ധമല്ല, മറിച്ചു ബുദ്ധന്റെ ശാന്തിസന്ദേശം ലോകത്തിനു നല്‍കിയ രാജ്യമാണു ഞങ്ങളുടേത്.
അതിനാലാണു ഭീകരവാദത്തെ പ്രതിരോധിക്കണമെന്നാവശ്യപ്പെട്ടു ലോകത്തെ ഉണര്‍ത്തുന്നതിനായി ഞങ്ങള്‍ ഉയര്‍ത്തുന്ന ശബ്ദം ശ്രദ്ധിക്കപ്പെടുന്നത്.
ഇതു കേവലം ഒരു രാജ്യത്തിനല്ല, ലോകത്തിനും മാനവികതയ്ക്കും നേരെ ഉയരുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണെന്നു ഞങ്ങള്‍ കരുതുന്നു.
ഭീകരവാദത്തെ പ്രതിരോധിക്കുന്ന കാര്യത്തില്‍ നമുക്കിടയില്‍ ഐക്യം രൂപപ്പെടാത്തത് ഐക്യരാഷ്ട്ര സംഘടനയുടെ ആശയങ്ങള്‍ക്കുതന്നെ എതിരാണ്.
അതാണു മാനവികതയുടെ സുരക്ഷയ്ക്കായി ഭീകരവാദത്തിനെതിരെ ലോകം ഒന്നിക്കണമെന്നു ഞാന്‍ ഉറച്ചുവിശ്വസിക്കാന്‍ കാരണം.
ബഹുമാനപ്പെട്ട സെക്രട്ടറി,
ലോകത്തിന്റെ മുഖം ഇന്നു മാറിക്കൊണ്ടിരിക്കുകയാണ്.
21ാം നൂറ്റാണ്ടില്‍ നൂതന സാങ്കേതിക വിദ്യ സാമൂഹിക ജീവിതത്തിലും വ്യക്തിജീവിതത്തിലും സമ്പദ്‌വ്യവസ്ഥയിലും സുരക്ഷയിലും കണക്റ്റിവിറ്റിയിലും രാജ്യാന്തര ബന്ധങ്ങളിലും പ്രകടമായ മാറ്റം സൃഷ്ടിക്കുകയാണ്.
അത്തരമൊരു സാഹചര്യത്തില്‍ വിഘടിച്ചുനില്‍ക്കുന്ന ലോകമല്ല ആരുടെയും സ്വപ്നം. നമ്മുടെ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിയുക എന്ന സാധ്യത മുന്നില്‍ ഇല്ല.
എന്നിരിക്കെ, ബഹുരാഷ്ട്രസംവിധാനത്തിനും ഐക്യരാഷ്ട്ര സംഘടനയ്ക്കും പുതിയ ദിശയും ഊര്‍ജവും പകര്‍ന്നുനല്‍കേണ്ടതായി വരും.
ബഹുമാനപ്പെട്ട സെക്രട്ടറി,
125 വര്‍ഷങ്ങള്‍ക്കുമുന്‍പ് ചിക്കാഗോയില്‍ നടന്ന ലോകമതസമ്മേളനത്തിനിടെ മഹാനായ ആത്മീയ ഗുരു സ്വാമി വിവേകാനന്ദന്‍ ലോകത്തിനു നല്‍കിയ സന്ദേശം ‘കലഹമല്ല, സാഹോദര്യവും സമാധാനവും’ എന്നതായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന് ഇപ്പോള്‍ രാജ്യാന്തര സമൂഹത്തിനു നല്‍കാനുള്ള സന്ദേശം അതു തന്നെയാണ്: ‘സാഹോദര്യവും ശാന്തിയും’.
വളരെയധികം നന്ദി.