ശ്രേഷ്ഠരെ ,
എന്റെ സുഹൃത്ത് ബോറിസ്,പൊരുത്തപെടലെന്ന പ്രധാന വിഷയത്തിൽ എന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ എനിക്ക് അവസരം നൽകിയതിന് നന്ദി!
ആഗോള കാലാവസ്ഥാ ചർച്ചയിൽ ലഘൂകരണം പോലെ പൊരുത്തപ്പെടലിന് പ്രാധാന്യം ലഭിക്കുന്നില്ല. കാലാവസ്ഥാ വ്യതിയാനം കൂടുതൽ ബാധിക്കുന്ന വികസ്വര രാജ്യങ്ങളോടുള്ള അനീതിയാണ് ഇത് .
ഇന്ത്യയുൾപ്പെടെ മിക്ക വികസ്വര രാജ്യങ്ങളിലെയും കർഷകർക്ക് കാലാവസ്ഥ ഒരു വലിയ വെല്ലുവിളിയാണ് - വിളകളുടെ രീതി മാറുകയാണ്, അകാല മഴയും വെള്ളപ്പൊക്കവും അല്ലെങ്കിൽ അടിക്കടിയുള്ള കൊടുങ്കാറ്റും മൂലം വിളകൾ നശിച്ചു കൊണ്ടിരിക്കുന്നു. കുടിവെള്ള സ്രോതസ്സുകൾ മുതൽ താങ്ങാനാവുന്ന ഭവനങ്ങൾ വരെ, ഇവയെല്ലാം കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതാക്കി മാറ്റേണ്ടതുണ്ട്.
ശ്രേഷ്ഠരെ ,
ഈ സന്ദർഭത്തിൽ എനിക്ക് മൂന്ന് വീക്ഷണങ്ങളുണ്ട്. ആദ്യം, നമ്മുടെ വികസന നയങ്ങളുടെയും പദ്ധതികളുടെയും ഒരു പ്രധാന ഭാഗമായി പൊരുത്തപ്പെടുത്തൽ മാറ്റണം. 'നൽ സേ ജൽ'- എല്ലാവർക്കും ടാപ്പ് വെള്ളം , 'സ്വച്ഛ് ഭാരത്'- ശുചിത്വ ഭാരത യജ്ഞം , 'ഉജ്ജ്വല'- ഇന്ത്യയിലെ എല്ലാവർക്കും ശുദ്ധമായ പാചക ഇന്ധനം തുടങ്ങിയ പദ്ധതികൾ നമ്മുടെ ആവശ്യക്കാരായ പൗരന്മാർക്ക് അനുരൂപീകരണ ആനുകൂല്യങ്ങൾ മാത്രമല്ല, അവരുടെ ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്തു. രണ്ടാമതായി, പല പരമ്പരാഗത സമൂഹങ്ങൾക്കും പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ മതിയായ അറിവുണ്ട്.
നമ്മുടെ പൊരുത്തപ്പെടൽ നയങ്ങളിൽ ഈ പരമ്പരാഗത രീതികൾക്ക് അർഹമായ പ്രാധാന്യം നൽകണം. അറിവിന്റെ ഈ ഒഴുക്ക് പുതിയ തലമുറയ്ക്ക് കൈമാറുന്നതിനായി സ്കൂൾ സിലബസിൽ കൂടി ഉൾപ്പെടുത്തണം. പ്രാദേശിക സാഹചര്യങ്ങൾക്കനുസൃതമായി ജീവിതശൈലി സംരക്ഷിക്കുന്നതും പൊരുത്തപ്പെടുത്തലിന്റെ ഒരു പ്രധാന സ്തംഭമാണ്. മൂന്നാമതായി, പൊരുത്തപ്പെടുത്തൽ രീതികൾ പ്രാദേശികമായിരിക്കാം, എന്നാൽ പിന്നാക്ക രാജ്യങ്ങൾക്ക് അവയ്ക്ക് വേണ്ട ആഗോള പിന്തുണ ലഭിക്കണം.
പ്രാദേശിക പൊരുത്തപ്പെടുത്തലിനുള്ള ആഗോള പിന്തുണ എന്ന ആശയത്തോടെ, ദുരന്തത്തെ പ്രതിരോധിക്കുന്ന അടിസ്ഥാനസൗകര്യ ഉദ്യമം ( സിഡിആർഐ) യ്‌ക്കായുള്ള സഖ്യത്തിന് ഇന്ത്യ മുൻകൈ എടുത്തിരുന്നു. എല്ലാ രാജ്യങ്ങളും ഈ സംരംഭത്തിൽ ചേരാൻ ഞാൻ അഭ്യർത്ഥിക്കുന്നു.
നന്ദി.