റിപ്പബ്ലിക് ഓഫ് മാലിദ്വീപ് വിദേശകാര്യ മന്ത്രിയും പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് അസിം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
ചരിത്രവും സംസ്‌കാരവും ഇന്ത്യന്‍ മഹാസമുദ്രത്തിലെ നാവിക താല്‍പര്യങ്ങളും വഴി അടുത്ത അയല്‍ക്കാരായി തുടരുന്ന ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ‘ഇന്ത്യ ആദ്യം’ എന്ന നയത്തിന്റെ ഭാഗമായി ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്താനുള്ള മാലിദ്വീപിന്റെ പ്രതിജ്ഞാബദ്ധത പ്രത്യേക പ്രതിനിധി അസിം ആവര്‍ത്തിച്ചു.
പുരോഗതിയിലും സുരക്ഷയുടെ കാര്യത്തിലും മാലിദ്വീപിനെ സഹായിക്കുന്ന അടുത്ത അയല്‍രാജ്യമായി ഇന്ത്യ എക്കാലത്തും നിലകൊള്ളുമെന്ന ഉറപ്പു പ്രധാനമന്ത്രി നല്‍കി.
മാലിദ്വീപ് സന്ദര്‍ശിക്കാനുള്ള പ്രസിഡന്റ് യാമീനിന്റെ ക്ഷണം പ്രത്യേക പ്രതിനിധി പ്രധാനമന്ത്രിയെ അറിയിച്ചു. ക്ഷണത്തിനു നന്ദി അറിയിച്ച പ്രധാനമന്ത്രി, അനുയോജ്യമായ സാഹചര്യത്തില്‍ സന്ദര്‍ശനം നടത്താമെന്ന ഉറപ്പു നല്‍കുകയും ചെയ്തു.
പ്രസിഡന്റ് അബ്ദുല്ല യാമീനിന്റെ ആശംസകള്‍ പ്രത്യേക പ്രതിനിധി പ്രധാനമന്ത്രിയെ അറിയിച്ചു. പ്രധാനമന്ത്രി തിരിച്ചും ആശംസകള്‍ നേര്‍ന്നു.