പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഡിസംബർ ഒന്നിനു യുഎഇയിലെ ദുബായിൽ ‘കാലാവസ്ഥാധനസഹായപരിവർത്തനം’ എന്ന വിഷയത്തിൽ നടന്ന സിഒപി-28 അധ്യക്ഷസമ്മേളനത്തിൽ പങ്കെടുത്തു. വികസ്വരരാജ്യങ്ങൾക്കു കാലാവസ്ഥാധനസഹായം കൂടുതൽ ലഭ്യമാകുന്നതും പ്രാപ്യവും താങ്ങാനാകുന്നതുമാക്കി മാറ്റുന്നതിൽ പരിപാടി ശ്രദ്ധ കേന്ദ്രീകരിച്ചു.
സമ്മേളനത്തിൽ ‘പുതിയ ആഗോള കാലാവസ്ഥാധനസഹായചട്ടക്കൂടിനെക്കുറിച്ചുള്ള യുഎഇ പ്രഖ്യാപനം’ നേതാക്കൾ അംഗീകരിച്ചു. പ്രതിബദ്ധതകൾ നിറവേറ്റൽ, അഭിലഷണീയഫലങ്ങൾ കൈവരിക്കൽ, കാലാവസ്ഥാപ്രവർത്തനത്തിനായി ഇളവുകളോടെയുള്ള ധനസഹായ സ്രോതസുകൾ വിപുലപ്പെടുത്തൽ എന്നിവയെക്കുറിച്ചുള്ള ഘടകങ്ങൾ പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു.
പ്രസംഗത്തിൽ ഗ്ലോബൽ സൗത്തിന്റെ ആശങ്കകൾ പ്രകടിപ്പിച്ച പ്രധാനമന്ത്രി, വികസ്വരരാജ്യങ്ങൾക്ക് അവരുടെ കാലാവസ്ഥാ അഭിലാഷങ്ങൾ കൈവരിക്കുന്നതിനും ദേശീയമായി നിർണയിച്ച പ്രതിബദ്ധതകൾ നിറവേറ്റുന്നതിനുമായി നടപ്പിലാക്കൽ മാർഗങ്ങൾ, പ്രത്യേകിച്ച് കാലാവസ്ഥാധനസഹായം ലഭ്യമാക്കേണ്ടതിന്റെ അടിയന്തിര ആവശ്യകത, ആവർത്തിച്ചു.
സിഒപി-28ൽ നഷ്ട-നാശനഷ്ട ധനസഹായം പ്രവർത്തനക്ഷമമാക്കുന്നതിനെയും യുഎഇ കാലാവസ്ഥാ നിക്ഷേപധനം ഒരുക്കുന്നതിനെയും പ്രധാനമന്ത്രി സ്വാഗതംചെയ്തു.
കാലാവസ്ഥാധനസഹായവുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന വിഷയങ്ങൾ ചർച്ചചെയ്യാൻ പ്രധാനമന്ത്രി സിഒപി-28നോട് ആഹ്വാനംചെയ്തു:
· കാലാവസ്ഥാധനസഹായം സംബന്ധിച്ചു പുതുതായി കൂട്ടായി നിർണയിച്ച ലക്ഷ്യത്തിലെ പുരോഗതി
· ഹരിത കാലാവസ്ഥാനിധിയുടെയും അഡാപ്റ്റേഷൻ ഫണ്ടിന്റെയും കുറവു നികത്തൽ
· കാലാവസ്ഥാപ്രവർത്തനത്തിനായി എംഡിബികൾ താങ്ങാനാകുന്ന ധനസഹായം ലഭ്യമാക്കും
· വികസിതരാജ്യങ്ങൾ 2050നു മുമ്പു കാർബൺ പാദമുദ്രകൾ ഇല്ലാതാക്കണം.