ചെന്നൈയിലുള്ള തമിഴ് മാസിക തുഗ്ലക്കിന്റെ 50ാം വാര്‍ഷികാഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്തു.
ചടങ്ങിനെത്തിയവരെ അഭിസംബോധന ചെയ്യവേ, കഴിഞ്ഞ 50 വര്‍ഷത്തിനിടെ മാസിക നേടിയെടുത്ത ശ്രദ്ധേയമായ പുരോഗതിയെ അദ്ദേഹം അഭിനന്ദിച്ചു.
വസ്തുതകളും ബൗദ്ധിക തര്‍ക്കങ്ങളും ഹാസ്യവും ഉള്‍പ്പെട്ടതാണു മാസികയുടെ ഉള്ളടക്കമെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
തമിഴ്‌നാടിന്റെ ഊര്‍ജസ്വലത
തമിഴ്‌നാടിന്റെ ഊര്‍ജസ്വലതയെ കുറിച്ചു പരാമര്‍ശിക്കവേ നൂറ്റാണ്ടുകളായി രാജ്യത്തിനു മാര്‍ഗ ദീപമായി സംസ്ഥാനം നിലകൊള്ളുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
‘തമിഴ്‌നാടിന്റെയും തമിഴ് ജനതയുടെയും ഊര്‍ജസ്വലത എന്നെ അദ്ഭുതപ്പെടുത്തുന്നു. തമിഴ്‌നാട് നൂറ്റാണ്ടുകളായി നമ്മുടെ രാജ്യത്തിന്റെ മാര്‍ഗദീപമായി നിലകൊള്ളുകയാണ്. ഇവിടെ സാമ്പത്തിക വിജയം സാമൂഹ്യ പരിഷ്‌കരണവുമായി ഭംഗിയായി ഇഴുകിച്ചേരുന്നു. ഈ പ്രദേശം ലോകത്തിലെ ഏറ്റവും പഴയ ഭാഷയുടെ ആസ്ഥാനമാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യുമ്പോള്‍ ഏതാനും വരികള്‍ തമിഴില്‍ പറയാന്‍ എനിക്കു ഭാഗ്യമുണ്ടായി’, അദ്ദേഹം പറഞ്ഞു.
തമിഴ്‌നാടിനായുള്ള പ്രതിരോധ ഇടനാഴി
സംസ്ഥാനത്തിന്റെ വികസനത്തെ കുറിച്ചു പരാമര്‍ശിക്കവേ, രണ്ടു പ്രതിരോധ ഇടനാഴികളില്‍ ഒന്ന് തമിഴ്‌നാട്ടില്‍ സ്ഥാപിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് ഒട്ടേറെ നടപടികള്‍ കൈക്കൊണ്ടുവരുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
‘കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തമിഴ്‌നാടിന്റെ പുരോഗതിക്കായി മുന്‍പില്ലാത്ത തരത്തിലുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. രണ്ടു പ്രതിരോധ ഇടനാഴികള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യബോധത്തോടെയുള്ള തീരുമാനം കൈക്കൊള്ളുമ്പോള്‍ അതിലൊന്ന് തമിഴ്‌നാട്ടില്‍ ആയിരിക്കണമെന്നു സ്വാഭാവികമായും ചിന്തിച്ചു. ഈ ഇടനാഴി സംസ്ഥാനത്തു കൂടുതല്‍ വ്യവസായങ്ങളെ എത്തിക്കുകയും തമിഴ്‌നാട്ടിലെ യുവാക്കള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും’.
തുണി, മല്‍സ്യബന്ധന മേഖലകള്‍ക്കു പ്രോല്‍സാഹനം
സംസ്ഥാനത്തെ തുണിവ്യവസായം ആധുനികവല്‍ക്കരിക്കാന്‍ പ്രത്യേക ശ്രമങ്ങള്‍ നടത്തിവരുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
‘തുണിവ്യവസായം തമിഴ്‌നാടിന്റെ പുരോഗതിയില്‍ ശ്രദ്ധേയമായ പങ്കുവഹിക്കുന്നു. പൗരന്‍മാരെ സഹായിക്കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് ഈ മേഖല ആധുനികവല്‍ക്കരിക്കുകയാണ്. ദേശീയ കൈത്തറി വികസന പദ്ധതി പ്രകാരം സാമ്പത്തിക സഹായം ലഭ്യമാക്കിയിട്ടുണ്ട്. രണ്ടു വലിയ കൈത്തറിസംഘങ്ങള്‍ രൂപീകരിക്കും. യന്ത്രസംവിധാനം ആധുനികവല്‍ക്കരിക്കാന്‍ വിഭവങ്ങള്‍ ലഭ്യമാക്കിയിട്ടുമുണ്ട്.’
മല്‍സ്യബന്ധ മേഖലയെ പ്രോല്‍സാഹിപ്പിക്കാന്‍ ഗവണ്‍മെന്റ് പ്രത്യേക നടപടികള്‍ കൈക്കൊണ്ടുവരുന്നതായും ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.
ഇക്കാലത്തു വളര്‍ച്ച നേടുന്ന മേഖലകളില്‍ ഒന്നാണ് മല്‍സ്യബന്ധനം. നാം ഈ മേഖലയെ കൂടുതല്‍ ഊര്‍ജസ്വലമാക്കും.
‘സാങ്കേതിക വിദ്യ, സാമ്പത്തിക സഹായം, മനുഷ്യവിഭവ ശേഷി വികസനം എന്നിവയിലാണു നമ്മുടെ ശ്രദ്ധ. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് തമിഴ്‌നാട്ടിലെ മല്‍സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മല്‍സ്യ ബന്ധന ബോട്ടുകളും ട്രാന്‍സ്‌പോണ്ടറുകളും കൈമാറി. നമ്മുടെ മല്‍സ്യത്തൊഴിലാളികളെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ക്കായി പുതിയ മല്‍സ്യബന്ധന തുറമുഖങ്ങള്‍ നിര്‍മിച്ചു. ബോട്ടുകള്‍ ആധുനികവല്‍ക്കരിക്കാന്‍ സഹായം നല്‍കിവരികയുമാണ്.’
വിനോദസഞ്ചാരത്തിനു പ്രോല്‍സാഹനം
അടുത്ത രണ്ടു വര്‍ഷത്തിനകം 15 സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്ന് എല്ലാവരോടും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഗവണ്‍മെന്റ് വിനോദസഞ്ചാര മേഖലയ്ക്കു പ്രാധാന്യം കല്‍പിച്ചുവരികയാണെന്നും ലോക സാമ്പത്തിക ഫോറത്തിന്റെ ഗതാഗത-വിനോദസഞ്ചാര മല്‍സരക്ഷമതാ സൂചികയില്‍ ഇന്ത്യക്ക് 34ാമതു റാങ്കാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014ല്‍ എന്‍.ഡി.എ. ഗവണ്‍മെന്റ് അധികാരമേല്‍ക്കുമ്പോള്‍ ഇന്ത്യയുടെ റാങ്ക് 65 ആയിരുന്നു എന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
‘കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യയിലേക്കുള്ള വിദേശ വിനോദസഞ്ചാരികളുടെ വരവു ഗണ്യമായി വര്‍ധിച്ചിട്ടുണ്ട് എന്ന വിവരം പങ്കുവെക്കുന്നതില്‍ സന്തോഷമുണ്ട്. വിനോദ സഞ്ചാരത്തില്‍നിന്നുള്ള വിദേശനാണ്യ വരുമാനവും വര്‍ധിച്ചിട്ടുണ്ട്’, അദ്ദേഹം പറഞ്ഞു.
‘കേന്ദ്ര ഗവണ്‍മെന്റിന്റെ സ്വദേശ് ദര്‍ശന്‍, പ്രസാദ് പദ്ധതികള്‍ തമിഴ്‌നാടിനു ഗുണകരമായിട്ടുണ്ട്. ചെന്നൈ, കന്യാകുമാരി, കാഞ്ചീപുരം, വേളാങ്കണ്ണി തീരദേശ പാത കൂടുതല്‍ വിനോദസഞ്ചാര സൗഹൃദപരമാക്കും.’
നവ ഇന്ത്യ- നവ ദശാബ്ദം
‘ഇന്ത്യ പുതിയ ദശാബ്ദത്തിലേക്കു കടക്കുമ്പോള്‍ ഇന്ത്യന്‍ ജനത രാജ്യത്തിന്റെ വളര്‍ച്ചയെ കുതിപ്പിലേക്കും പുതിയ ഉയരങ്ങളിലേക്കും എത്തിക്കും. നമ്മുടെ മഹത്തായ സംസ്‌കാരം അഭിവൃദ്ധിപ്പെടാന്‍ രണ്ട് അടിസ്ഥാനപരമായ കാരണങ്ങള്‍ ഉണ്ടെന്നാണു ഞാന്‍ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നത്. അതില്‍ ആദ്യത്തേത് ഇന്ത്യ ഐക്യത്തെയും നാനാത്വത്തെയും സാഹോദര്യത്തെയും ആഘോഷമാക്കുന്നു എന്നതാണ്. രണ്ടാമത്തെ കാരണം ഇന്ത്യന്‍ ജനതയുടെ നിശ്ചയദാര്‍ഢ്യവും ആവേശവുമാണ്. ഇന്ത്യന്‍ ജനത ഒരു കാര്യം ചെയ്യാന്‍ തീരുമാനിച്ചാല്‍ ഒരു ശക്തിക്കും അവരെ തടുക്കാന്‍ സാധ്യമല്ല’.
ഈ ആവേശത്തെ ആദരിക്കാനും അതിനൊപ്പം നിലകൊള്ളാനും പ്രധാനമന്ത്രി മാധ്യമങ്ങളോട് ആഹ്വാനം ചെയ്തു.
‘ഗവണ്‍മെന്റിനും മാധ്യമങ്ങള്‍ക്കും ഈ ആവേശത്തെ ബഹുമാനിക്കുകയും അതിനെ പിന്‍തുണയ്ക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തമുണ്ട്. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ശുചിത്വമാവട്ടെ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുറച്ചുകൊണ്ടുവരുന്നതാകട്ടെ, പരിസ്ഥിതി സംരക്ഷണമാവട്ടെ, രാഷ്ട്രനിര്‍മാണത്തിനായുള്ള മഹത്തായ ദൗത്യം അവര്‍ മുന്നോട്ടു കൊണ്ടുപോയിട്ടുണ്ട്. വരുംകാലങ്ങളില്‍ ഈ ആവേശം ശക്തിപ്പെടുമെന്നു ഞാന്‍ കരുതുന്നു’, അദ്ദേഹം പറഞ്ഞു.
Here is my message at the programme marking 50 years of Thuglak. Paid tributes to the versatile and indomitable Cho, highlighted how the spirit of 130 crore Indians is powering transformations and some of the Centre’s efforts for Tamil Nadu’s progress. https://t.co/6mnUz0wZsO
— Narendra Modi (@narendramodi) January 14, 2020