16-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ ( ഇ എ എസ് ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴി ഇന്ന് പങ്കെടുത്തു. 16-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചത് ഇഎഎസിന്റെയും ആസിഎന്റെയും അധ്യക്ഷ പദവിയിലുള്ള ബ്രൂണെ ആയിരുന്നു. ആസിയാൻ രാജ്യങ്ങളിൽ നിന്നും ഓസ്‌ട്രേലിയ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, റഷ്യ, യുഎസ്എ, ഇന്ത്യ എന്നിവയുൾപ്പെടെയുള്ള മറ്റ് ഇഎഎസ് പങ്കാളിത്ത രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും ഉച്ചകോടിയിൽ പങ്കെടുത്തു. ഇ.എ.എസിന്റെ സജീവ പങ്കാളിയാണ് ഇന്ത്യ. പ്രധാനമന്ത്രിയുടെ ഏഴാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയായിരുന്നു ഇത്.
ഉച്ചകോടിയെ അഭിസംബോധന ചെയ്യവേ , പ്രധാനപ്പെട്ട തന്ത്രപരമായ വിഷയങ്ങൾ ചർച്ച ചെയ്യാൻ രാഷ്ട്രങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന, ഇന്തോ-പസഫിക്കിലെ പ്രധാന നേതാക്കൾ നയിക്കുന്ന ഫോറം എന്ന നിലയിൽ ഇഎഎസിന്റെ പ്രാധാന്യം പ്രധാനമന്ത്രി ആവർത്തിച്ചു. വാക്സിനുകളിലൂടെയും മെഡിക്കൽ സപ്ലൈകളിലൂടെയും കോവിഡ്-19 മഹാമാരിക്കെതിരെ പോരാടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മഹാമാരിക്ക് ശേഷമുള്ള വീണ്ടെടുക്കലിനും ആഗോള മൂല്യ ശൃംഖല ഉറപ്പ് വരുത്തുന്നതിനുമുള്ള "ആത്മനിർഭർ ഭാരത്" കാമ്പെയ്‌നെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.സമ്പദ്‌വ്യവസ്ഥയും പരിസ്ഥിതിയും കാലാവസ്ഥയും സുസ്ഥിരമായ ജീവിതശൈലിയും തമ്മിൽ മികച്ച സന്തുലിതാവസ്ഥ സ്ഥാപിക്കുന്നതിന് അദ്ദേഹം ഊന്നൽ നൽകി.
ഇന്തോ-പസിഫ്, ദക്ഷിണ ചൈനാ കടൽ, സമുദ്ര നിയമങ്ങൾ സംബന്ധിച്ച ഐക്യ രാഷ്ട്ര കൺവെൻഷൻ (യു എൻ സി എൽ ഓ എസ് ), ഭീകര വ്രവാദം, കൊറിയൻ ഉപഭൂഖണ്ടത്തിലെയും മ്യാൻമറിലെയും സ്ഥിതിഗതികൾ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലാ , അന്തർദേശീയ വിഷയങ്ങളും 16-ാമത് ഇ എ എസ് ചർച്ച ചെയ്തു. പ്രധാനമന്ത്രി ഇന്തോ-പസഫിക്കിലെ "ആസിയാൻ കേന്ദ്രീകരണം" ആവർത്തിച്ച് ഉറപ്പിക്കുകയും ആസിയാൻ ഔട്ട്‌ലുക്ക് ഓൺ ഇൻഡോ-പസഫിക് (AOIP) ഉം ഇന്ത്യയുടെ ഇന്തോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവും (IPOI) തമ്മിലുള്ള സമന്വയത്തെ എടുത്തുകാട്ടുകയും ചെയ്തു.
മാനസികാരോഗ്യം, വിനോദസഞ്ചാരത്തിലൂടെയുള്ള സാമ്പത്തിക വീണ്ടെടുക്കൽ, സുസ്ഥിര വീണ്ടെടുക്കൽ എന്നിവയെക്കുറിച്ചുള്ള , ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ പിന്തുണച്ച , മൂന്ന് പ്രമേയങ്ങൾ ഇ എ എസ് നേതാക്കൾ അംഗീകരിച്ചു. മൊത്തത്തിൽ, ഉച്ചകോടിയിൽ പ്രധാനമന്ത്രിയും മറ്റ് ഇഎഎസ് നേതാക്കളും തമ്മിലുള്ള ഫലപ്രദമായ വീക്ഷണ വിനിമയവും നടന്നു.